ആഗോള ഭീകരവാദം പിച്ചിച്ചീന്തിയ യൗവ്വനവുമായി തളരാതെ, ഒരേസമയം ഭീകരവാദത്തിനെതിരെയും ക്രൂര ലൈംഗിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കു വേണ്ടിയും ജീവിതം പോരാട്ടമാക്കിമാറ്റിയ നാദിയ മുറാദിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം. ഏതാണ്ട് ഇതേ മേഖലയില്‍ വൈദ്യശാസ്ത്രത്തെ കൂടി പ്രയോജനപ്പെടുത്തി പോരാടുന്ന കോംഗൊ വംശജനായ ലോകപ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഡെന്നിസ് മുക്‌വേഗുമായി നാദിയ വിഖ്യാത സമ്മാനം പങ്കിടുമ്പോള്‍ ഇനിയും ഐസിസ് താവളങ്ങളില്‍ ക്രൂരപീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന അറബ് പെണ്‍കുട്ടികളുടെ മനസില്‍ സന്തോഷത്തിന്റെയും പ്രതീക്ഷയുടേയും വെളിച്ചം വീണിട്ടുണ്ടാകും.
മരുഭൂമിയില്‍ പെയ്യുന്ന ഒരു മഴ പോലെ ഭീകരവാദ പീഡിത സ്ത്രീത്വത്തെ അത് സ്ഫുടം ചെയ്യുന്നുണ്ടാകും. നാദിയ മുറാദിനെ മണിക്കൂറുകള്‍ക്ക് മുമ്പ് നൊബേല്‍ സമ്മാന പ്രഖ്യാപന വേദിയില്‍ വെച്ച് കേട്ടവര്‍ കോടിക്കണക്കിനുവരും. മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ നാദിയ മുറാദിന്റെ ജീവിതവും ചിത്രവും പ്രചരിക്കുകയാണ് ഇപ്പോള്‍.
ഇനിയും കണ്ണീര് തോര്‍ന്നിട്ടില്ലാത്ത കണ്ണുകളുമായാണ് നാദിയ ലോകത്തെ നോക്കുന്നത്. ഈ ജന്‍മം അവള്‍ കരഞ്ഞുതീരില്ല. അവളുടെ മുഖത്ത് വിഷാദത്തിന്റെ ഒരു കരിമ്പടമുണ്ട്. ലോകം മുഴുവന്‍ അവളെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുമ്പോഴും കാതുകളില്‍ ഇപ്പോഴും ഐസിസ് ഭീകരരുടെ ഗര്‍ജനമാണ്. തന്റെ യൗവ്വനത്തെ മൂന്നു മാസം നിരന്തരമായി പിച്ചിച്ചീന്തിയ ഭീകരരുടെ തടവില്‍ ഇപ്പോഴും സുന്ദരികളായ നൂറു കണക്കിന് അറബ് പെണ്‍കുട്ടികളുണ്ട്- നാദിയ മുറാദ് പറയുന്നു. അവരുടെ മോചനത്തിനു വേണ്ടിയാണ് ഇറാഖിലെ കുര്‍ദ് വംശജയായ ഈ 25കാരിയുടെ പ്രക്ഷോഭം. മാനസികമായും ശാരീരികമായും പീഡിപ്പിച്ച ശേഷം മനുഷ്യകടത്തുകാര്‍ക്ക് വില്‍ക്കപ്പെടുന്ന സഹോദരിമാരെക്കുറിച്ചാണ് നാദിയ വിചാരപ്പെടുന്നത്. രക്ഷപ്പെട്ടുവരുന്ന അപൂര്‍വം പെണ്‍കുട്ടികളുടെ പുനരധിവാസമാണ് അവളുടെ ലക്ഷ്യം.
ഇതിനിടയില്‍ 2016 മുതല്‍ ഐക്യരാഷ്ട്രസഭയെക്കൊണ്ട് മനുഷ്യക്കടത്തിനെതിരെ ആഗോളശ്രദ്ധ തിരിക്കുന്ന നടപടികള്‍ സ്വീകരിപ്പിക്കാന്‍ നാദിയക്ക് സാധിച്ചു. ഇതോടെ നാദിയ ഐക്യരാഷ്ട്രസഭയുടെ മനുഷ്യക്കടത്തിനെതിരെയുള്ള പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ആദ്യത്ത ഗുഡ് വില്‍ അംബാസഡറായി. ഇപ്പോള്‍ ഇതാ ഇരുപത്തിയഞ്ചാം വയസില്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്ന ആദ്യത്തെ ഇറാഖി വനിതയായി നാദിയ. ലോകപ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയായ നാദിയ മുറാദിന് ഇത് അര്‍ഹിക്കുന്ന അംഗീകാരമാണ്.
നമ്മുടെ ആക്ടിവിസ്റ്റുകള്‍ക്ക്, പ്രത്യേകിച്ച് വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് നാദിയ പരിചിതയാണോ എന്ന് അറബ് നാട്ടിലിരുന്ന് ഇത് എഴുതുമ്പോള്‍ കൃത്യമായി അറിയില്ല. അവരുടെയൊക്കെ ഫേയ്‌സ്ബുക്ക് പോസ്റ്റുകളില്‍ പക്ഷെ, അധികമൊന്നും നാദിയയെ കണ്ടിട്ടില്ല. ഐസിസ് ഭീകരതയുടെ ചോരമണക്കുന്ന കഥകള്‍ മലയാളിക്ക് അത്ര പരിചിതവുമല്ല. ആടുമേയ്ക്കാന്‍ പോയവരെക്കുറിച്ച് അന്വേഷിക്കുന്ന നമ്മുടെ പോലീസിനും നാദിയ മുറാദിനെക്കുറിച്ച് അറിവുണ്ടാവില്ല. മതപരിവര്‍ത്തന തര്‍ക്കങ്ങളിലേക്കും ഘര്‍വാപസിയിലേക്കും ചുരുക്കിയെഴുതപ്പെടുകയാണ് നമ്മുടെ ഭീകരവാദത്തെക്കുറിച്ചുള്ള പഠനങ്ങള്‍.
നമ്മുടെ വനിതാ ആക്ടിവിസ്റ്റുകള്‍ മുന്‍കൈയെടുത്ത് നാദിയ മുറാദിനെ കേരളത്തില്‍ കൊണ്ടുവന്ന് ഒരു ചടങ്ങില്‍ ആദരിക്കണം. പക്ഷെ, ഇതിനെ സൂഷ്മതയോടെ സമീപിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും മത തീവ്ര സംഘടനകള്‍ തന്നെ അവരെ അതിഥിയാക്കിയെന്നിരിക്കും. എന്നിട്ട് പുരോഗനവും പരിസ്ഥിതിവാദവും കൂട്ടിക്കെട്ടി ആഘോഷിക്കും. അതിന് ഇടവരാതെ നാദിയ മുറാദിനെ നിങ്ങള്‍ അറിഞ്ഞ് ആദരിക്കണം.
Content Highlights: nadia murad, nobel peace prize 2018, ISIS, sexual violence