ആര്‍ത്തവം അശുദ്ധിയാണ്. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ആരാധാനാലയങ്ങളില്‍ പോകരുത് എന്ന് പറയുന്നതില്‍ ശാസ്ത്രമുണ്ട്- എം എം ഹസ്സന്‍
സ്ത്രീകള്‍ പൊതു ഇടങ്ങള്‍ കീഴടക്കുകയും പൊതു ഇടങ്ങളിലേക്കുള്ള അവരുടെ പ്രവേശനത്തില്‍ തടയിടുന്നവര്‍ക്കെതിരെ ശക്തമായ ശബ്ദങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്യുന്ന പുതിയ കാലത്താണ് എം എം ഹസ്സനെപ്പോലുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നത്. വെറും ശരീരം മാത്രമല്ല സ്ത്രീയെന്നുള്ള പുരോഗമന സമൂഹത്തിന്റെ നിലപാടുകള്‍ക്കിടയിലും ആര്‍ത്തവവുമായി ബന്ധപ്പെടുത്തി സ്ത്രീയെ ശരീരം മാത്രമാക്കി മാറ്റുകയാണിവിടെ. മതത്തെ വോട്ട് ബാങ്കായി കാണുന്നവരുടെ വികാരമായി നിസ്സാരവത്കരിക്കാവുന്നതല്ല ഈ പ്രസ്താവനയെ. തങ്ങളുടെ മുന്നോട്ടുള്ള കാല്‍വെപ്പിനും സ്വാതന്ത്ര്യത്തിനും തടയിടുന്ന, തങ്ങളുടെ വ്യക്തിത്വത്തെ തന്നെ ഇകഴ്ത്തുന്ന പ്രസ്താവനയോട് സമൂഹത്തില്‍ സ്വന്തമായ ഇടം കണ്ടെത്തിയ ചിലര്‍ പ്രതികരിക്കുന്നു.
ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവില്‍ നിന്ന് വീഴാന്‍ പാടില്ലാത്ത ഏറ്റവും സ്ത്രീ വിരുദ്ധമായ പ്രസ്താവനയാണിത്. സ്ത്രീവിരുദ്ധമെന്നതിലുപരി മനുഷ്യത്വ വിരുദ്ധമാണത്. ആര്‍ത്തവമെന്നത് ഒരു ജൈവ പ്രക്രിയ ആണെന്ന് മനസ്സിലാക്കാനുള്ള വകതിരിവ് അദ്ദേഹം കാണിക്കണമായിരുന്നു.
ശുദ്ധി, അശുദ്ധി എന്ന അളവ് കോല് വെച്ചു കൊണ്ടാണോ സ്ത്രീയെ അളക്കേണ്ടത്. സ്ത്രീയില്ലാതെ പ്രപഞ്ചത്തിന് പോലും നിലനില്‍പില്ല. ഒരമ്മയുടെ മകന് പറയാന്‍ കഴിയുന്ന വാക്കുകളാണോ ഇത്. അനാചാരങ്ങളെ ചോദ്യം ചെയ്യാന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ സുസജ്ജരായിരിക്കേണ്ട കാലഘട്ടത്തിലാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് നിന്ന് ഒരു നേതാവ് ഇത് പറയുന്നത്. ശ്രീ എം എം ഹസ്സന്‍ പറഞ്ഞ വാക്കുകളെ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം സ്ത്രീകളുണ്ടെന്നതും ഗൗരവതരമായ കാര്യമാണ്.
ഇത്തരത്തിലുള്ള എന്തെല്ലാം അബദ്ധങ്ങള്‍ നമ്മള്‍ ഓരോ ദിവസം കേള്‍ക്കുകയും കാണുകയും ചെയ്യുന്നു.എളുപ്പത്തില്‍ തള്ളിക്കളയാവുന്നതേയുള്ളൂ ഇവയെല്ലാം.ഇത്തരം അറപ്പുളവാക്കുന്ന സ്ത്രീവിരുദ്ധത, ആഘോഷിക്കപ്പെടാത്ത ഒരു കാലം ദൂരെയല്ല എന്ന് പ്രത്യാശിക്കുന്നു
പുരോഗമന ആശയങ്ങള്‍ പുലര്‍ത്തേണ്ട ഒരാളായിരിക്കണം ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍. അക്കാദമിക് നിലവാരമില്ലെങ്കില്‍ പോലും പലരെയും ജനങ്ങള്‍ തിരഞ്ഞെടുക്കുന്നതും അംഗീകരിക്കുന്നതും മനുഷ്യരുമായി അവര്‍ വെച്ചു പുലര്‍ത്തുന്ന ബന്ധത്തിന്റെ അടിസ്ഥാനത്തിലോ അവരുടെ പുരോഗമനപരമായ നിലപാടുകൊണ്ടോ ആണ്. ഇത്തരത്തിലുള്ള രാഷ്ട്രീയക്കാരുടെ വാക്കുകള്‍ ശ്രദ്ധിക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ പ്രസ്താവന നടത്തുമ്പോള്‍ സൂക്ഷിക്കണം. ഇനി അവരുടെ അറിവുകളോ നിലപാടുകളോ പ്രതിലോമകരമാണെങ്കില്‍ പോലും അതിനെക്കുറിച്ച് സംസാരിക്കാതിരിക്കാനുള്ള അച്ചടക്കവും വിവേകവും കാണിക്കണം.
മനുഷ്യനെന്ന ജീവ വംശത്തിന്റെ പ്രത്യുത്പാദന ക്ഷമതയുടെ പ്രതീകമാണ് ആര്‍ത്തവം. സാമാന്യമായ പ്രകൃതി ബോധമെങ്കിലും ഉള്ളവര്‍ ആര്‍ത്തവത്തെ അശുദ്ധിയാക്കി തരംതാഴ്ത്തില്ല. വേദം കേള്‍ക്കുന്ന ശൂദ്രരുടെ ചെവിയില്‍ ഈയ്യം ഒഴിക്കണമെന്ന ഏറ്റവും മോശമായ സവര്‍ണ്ണമൂല്യബോധത്തിന്റെ ആവര്‍ത്തനമാണ് ആര്‍ത്തവ വിലക്കും. ഇത് പറയുന്നവര്‍ക്കാണ് അയിത്തം പ്രഖ്യാപിക്കേണ്ടത്.
സ്ത്രീയുടെ എല്ലാതരത്തിലുമുള്ള പൊതു ഇട പ്രവേശനം പരിഹരിക്കപ്പെടുന്നില്ല. അതിന് ആരാധനാലയങ്ങളാണ് ആക്കം കൂട്ടുന്നത്. ഒരു സ്ത്രീ ശരീരം, മതത്തിന്റെയോ ദൈവത്തിന്റെയോ ദൈവവിശ്വാസത്തിന്റെയോ നിലനില്‍പിന്റെ ആവശ്യകതയാവുന്നതെങ്ങനെയാണ്. മതത്തിന്റെയും ആരാധനാലയങ്ങളുടെയും പവിത്രത കാത്തു സൂക്ഷിക്കുന്നതിനുള്ള ഭാരിച്ച ഉത്തരവാദിത്വം സ്ത്രീ ശരീരത്തിന് മേല്‍ വരികയാണ്. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. പുതിയകാല സമൂഹം, മതവും സ്ത്രീ ശരീരവും തമ്മിലുള്ള ബന്ധം പുനരാലോചിച്ചു കഴിഞ്ഞു.
വോട്ടിടാന്‍ പോകേണ്ട ദിവസം ആര്‍ത്തവം വന്നാല്‍ ഞങ്ങള്‍ വീട്ടിലിരിക്കുകയാണോ പുറത്തുപോവുകയാണോ വേണ്ടത്.