മെർസൽ എന്ന സിനിമയാണ് കഴിഞ്ഞ കുറച്ചുനാളായി തമിഴകത്തെ ചൂടുള്ള വാർത്ത. രജനീകാന്തായാലും കമൽഹാസനായാലും തമിഴ്‌നാട്ടിൽ സൂപ്പർസ്റ്റാറുകളുടെ ചിത്രങ്ങൾ പുറത്തിറങ്ങുമ്പോൾ വിവാദങ്ങളുണ്ടാകുന്നത് പുത്തരിയല്ല.
ഇത്തവണ നറുക്കുവീണത് ഇളയദളപതി വിജയിന്റെ ചിത്രത്തിനാണെന്നുമാത്രം.
മോദി സർക്കാരിന്റെ നയങ്ങളെ പരിഹസിക്കുന്നെന്ന് പറഞ്ഞ തമിഴ്‌നാട് ബി.ജെ.പി. ഘടകമാണ് മറ്റൊരു വിജയ് തട്ടുപൊളിപ്പൻ ചിത്രം മാത്രമായി ഒതുങ്ങുമായിരുന്ന മെർസലിന് രാജ്യാന്തരപ്രശസ്തി നേടിക്കൊടുത്തത്. ബി.ജെ.പി. സർക്കാരിനെ വിമർശിക്കാൻ കൊതിച്ചിരുന്നവർക്ക് ഇത് വീണുകിട്ടിയ വടിയായി. ചിത്രം സൂപ്പർ ഹിറ്റാണെന്ന് പ്രഖ്യാപിച്ച വിജയ് പിന്തുണച്ച ‘എല്ലാവരെയും’ അഭിനന്ദിച്ചു.
വിമർശനങ്ങൾക്ക് നടുവിൽ
ചലച്ചിത്ര നിർമാതാവായ എ. രാജേന്ദ്രനാണ് ചിത്രത്തിനെതിരേ ആദ്യം രംഗത്തുവന്നത്. താൻ ട്രേഡ് മാർക്ക് നേടിയ പേരുമായി സാമ്യമുള്ള പേരാണ് മെർസൽ എന്നുപറഞ്ഞ് അദ്ദേഹം കോടതിയെ സമീപിച്ചു. കേസിൽ അനുകൂലനടപടിയുണ്ടായി. എന്നാൽ, സെൻസറിങ് വൈകിയത് വീണ്ടും അനിശ്ചിതത്വമുണ്ടാക്കി.
മൃഗസംരക്ഷണ ബോർഡിന്റെ മുൻകൂട്ടിയുള്ള അനുമതി നേടാതെ പക്ഷികളെയും മൃഗങ്ങളെയും ഉൾപ്പെടുത്തി ചിത്രീകരണം നടത്തിയെന്ന പരാതിയിലാണ് സെൻസറിങ് വൈകിയത്. ഇതിനിടെ തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിൽ ചിത്രത്തിന്റെ തിയേറ്റർ പകർപ്പ് പുറത്തുവരികയും രണ്ടുലക്ഷത്തോളം പേർ ഡൗൺലോഡ് ചെയ്യുകയും ചെയ്തു.
ആ പ്രശ്നവും ഒരുവിധം അവസാനിച്ചെന്ന് കരുതിയപ്പോഴാണ് ബി.ജെ.പി.യുടെ രംഗപ്രവേശം. മെർസലിൽ വിജയിന്റെ കഥാപാത്രം ചരക്ക്-സേവന നികുതിയെയും വടിവേലുവിന്റെ കഥാപാത്രം ഡിജിറ്റൽ ഇന്ത്യ പദ്ധതിയെയും വിമർശിച്ചുനടത്തുന്ന സംഭാഷണമാണ് ബി.ജെ.പി.യെ പ്രകോപിപ്പിച്ചത്. ഗൂഢ രാഷ്ട്രീയലക്ഷ്യംവെച്ച് കേന്ദ്ര സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമായി ബി.ജെ.പി. ഇത് വിലയിരുത്തി.
തുടർന്ന് ബി.ജെ.പി.ക്കെതിരേ രൂക്ഷവിമർശവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഡി.എം.കെ. വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിനും ഇടതുകക്ഷികളും നടികർസംഘം ജനറൽ സെക്രട്ടറിയും നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റുമായ വിശാലും രംഗത്തെത്തി. സൂപ്പർസ്റ്റാർ രജനീകാന്തും കമൽഹാസനും വിജയിനെ പിന്തുണച്ചു.
മെർസലിൽ തലയിട്ട് തമിഴരുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യരുതെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രത്തിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെടാൻ ആർക്കും അധികാരമില്ലെന്ന് വിശാൽ പറഞ്ഞു. ഹോളിവുഡ് സിനിമകളിൽ അമേരിക്കൻ പ്രസിഡന്റിനെ രൂക്ഷമായി വിമർശിക്കുന്നത് ചൂണ്ടിക്കാട്ടിയ വിശാൽ ബി.ജെ.പി.യുടെ നടപടി അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ആരോപിച്ചു. പ്രതികാരമെന്നോണം വിശാലിന്റെ പ്രൊഡക്ഷൻ ഹൗസിൽ ആദായനികുതിവകുപ്പിന്റെ റെയ്ഡ് നടന്നു.
പ്രതിരോധത്തിലായ ബി.ജെ.പി. പരിധികടന്ന് പ്രതികരിച്ചതും പ്രശ്നമായി. ക്രിസ്ത്യാനിയായ വിജയ്‌യുടെ മോദിസർക്കാർ വിരുദ്ധ പ്രചാരണത്തിനുകാരണം മതപരമാണെന്നും രാജ ആരോപിച്ചു. ജോസഫ് വിജയ് എന്ന പേരുപറഞ്ഞുകൊണ്ടാണ് രാജ ആരോപണം ഉന്നയിച്ചത്. ക്ഷേത്രങ്ങൾക്കുപകരം ആസ്പത്രികൾ നിർമിക്കണമെന്ന സംഭാഷണത്തിനുപകരം പള്ളികളെക്കുറിച്ചുപറയാൻ വിജയിന് ധൈര്യമുണ്ടോയെന്നും രാജ ചോദിച്ചു.
മെർസൽ വിഷയത്തിൽ തമിഴ് സ്നേഹം പ്രകടിപ്പിക്കുന്ന രാഹുൽ ഗാന്ധി, ശ്രീലങ്കയിൽ തമിഴർ കൂട്ടക്കൊലയ്ക്ക് ഇരയായപ്പോൾ എവിടെയായിരുന്നെന്നാണ് ബി.ജെ.പി. തമിഴ്‌നാട് അധ്യക്ഷ തമിഴിസൈ സൗന്ദർരാജൻ ചോദിച്ചത്. ബി.ജെ.പി. ദേശീയ സെക്രട്ടറി എച്ച്. രാജയാകട്ടെ, താൻ മെർസലിന്റെ വ്യാജപകർപ്പ് കണ്ടെന്ന് പരസ്യമാക്കി.
ഇതിനിടെ തമിഴ്‌നാട്ടിലെ ഡോക്ടർമാരും മെർസലിനുനേരേ വടിയോങ്ങി എത്തി. ചിത്രം അനധികൃതമായി പ്രദർശിപ്പിക്കുന്ന വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങളും ലിങ്കുകളും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് ഇവർ പക തീർത്തത്. സർക്കാർ ആസ്പത്രികളെക്കുറിച്ചും ഡോക്ടർമാരെക്കുറിച്ചുമുള്ള സിനിമയിലെ സംഭാഷണങ്ങളാണ് ഡോക്ടർമാരെ പ്രകോപിതരാക്കിയത്.
കോടികൾ നേടി മെർസൽ
ഉർവശീശാപം ഉപകാരം എന്നതാണ് ചിത്രത്തിന്റെ അവസ്ഥ. വിവാദം കാരണം കോടികൾ വാരിക്കൂട്ടി ചിത്രം ജൈത്രയാത്ര തുടരുകയാണ്. ഈ നേട്ടത്തിന് പ്രധാന പങ്കുവഹിച്ച ബി.ജെ.പി.യോട് നിർമാതാക്കൾ മനസ്സിൽ നന്ദി പറയുന്നുണ്ടാകും. ചിത്രത്തിലെ വെട്ടിമാറ്റിയ ഭാഗങ്ങളുടെ ഉള്ളടക്കം പ്രേക്ഷകർക്ക് മനഃപാഠമാക്കാനും ബി.ജെ.പി. സഹായിച്ചെന്നാണ് വിലയിരുത്തൽ. റിലീസായി ആദ്യ അഞ്ചുദിവസത്തിനുള്ളിൽ കളക്ഷൻ നൂറുകോടി കവിഞ്ഞു.
ഇതാദ്യമായി വിജയ് ചിത്രം 200 കോടി കടക്കുമെന്നും റിപ്പോർട്ടുണ്ട്. നിർമാതാക്കൾക്ക് അപ്രതീക്ഷിതമായി അടിച്ച ലോട്ടറിയായി ബി.ജെ.പി.യുടെ എതിർപ്പും വിമർശങ്ങളും. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യോട് പൊരുതാൻ നിന്നാൽ രക്ഷയില്ലെന്ന തിരിച്ചറിവുകൊണ്ടാണ് വിമർശനവിധേയമായ രംഗങ്ങൾ വെട്ടിമാറ്റാൻ നിർമാതാക്കൾ തീരുമാനിച്ചതെന്നാണ് കോടമ്പാക്കത്തുനിന്ന് കേൾക്കുന്ന രഹസ്യ വർത്തമാനം. യു.പി.എ. സർക്കാരിന്റെകാലത്ത് വിജയ് കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്ന കാര്യവും ഇവിടെ ചേർത്തുവായിക്കേണ്ടിവരും.