ലോകായുക്ത; ഭേദഗതിനീക്കത്തിന്റെ നിയമവും രാഷ്ട്രീയവും


അഡ്വ. കാളീശ്വരം രാജ്‌

4 min read
Read later
Print
Share
kaleeshwaram raj
അഡ്വ. കാളീശ്വരം രാജ്‌ | Photo: മാതൃഭൂമി ആർക്കൈവ്സ്

അഴിമതിയാരോപണത്തിന്റെതന്നെ അടിസ്ഥാനത്തിൽ ഹൈക്കോടതിയോ സുപ്രീംകോടതിയോ ഒരു മന്ത്രിക്കെതിരേ ‘ക്വോവാറന്റോ’ റിട്ട് പുറപ്പെടുവിച്ചാലും ഒരുമന്ത്രിക്ക് സ്ഥാനം നഷ്ടമാകും. അതിനാൽ ലോകായുക്തിലെ വ്യവസ്ഥ, ഭരണഘടനാവിരുദ്ധമാണെന്ന് വാദിക്കുന്നതിൽ അർഥമില്ല

ലോകായുക്തയ്ക്ക്‌ 14-ാം വകുപ്പനുസരിച്ചുള്ള അപരിമിതവും വർധിതവുമായ അധികാരങ്ങൾ വകവെച്ചുനൽകേണ്ടതുണ്ടോ എന്ന ചോദ്യം ജനാധിപത്യപരമായ സംവാദത്തിനുള്ള വിഷയമാണ്‌

കേരള ലോകായുക്ത നിയമത്തിലെ ചില വ്യവസ്ഥകളിൽ ഓർഡിനൻസിലൂടെ ദേഭഗതി വരുത്താനുള്ള സംസ്ഥാനസർക്കാരിന്റെ നീക്കം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരിക്കുന്നു. 1999 മാർച്ച്‌ നാലാംതീയതി നിലവിൽവന്ന ഈ നിയമം ഭരണതലത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും അധികാരദുർവിനിയോഗത്തിനും എതിരായി ഫലപ്രദമായ സംവിധാനം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു.

കേരളത്തിലെ ലോകായുക്ത നിയമം പലകാരണങ്ങളാലും സവിശേഷമാണ്‌. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാംഗങ്ങളും തൊട്ട്‌ സർക്കാർ-പൊതുമേഖലാ ഉദ്യോഗസ്ഥർവരെ ലോകായുക്തയുടെ അധികാരപരിധിയിൽവരും. നിയമസഭയിൽ ഹാജരായി വോട്ടുചെയ്യുന്ന അംഗങ്ങളിൽ മൂന്നിൽരണ്ടുപേരുടെ പിന്തുണയുണ്ടെങ്കിൽമാത്രമേ ലോകായുക്തയെയോ ഉപലോകായുക്തയെയോ തത്‌സ്ഥാനത്തുനിന്നു നീക്കംചെയ്യാൻ കഴിയൂ. അവരുടെ സ്വതന്ത്രമായ പ്രവർത്തനം ഉറപ്പുവരുത്താനാണ്‌ ഈ വ്യവസ്ഥ എന്നതു വ്യക്തം.

അപാരമായ അധികാരങ്ങൾ
നിയമത്തിലെ 12-ാം വകുപ്പനുസരിച്ച്‌, ഭരണപരമായ അപഭ്രംശം കാരണം ഒരു പരാതിക്കാരന്‌ അനീതി സംഭവിച്ചതായി ലോകായുക്തയ്ക്ക്‌ ബോധ്യപ്പെട്ടാൽ, അതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട്‌ തയ്യാറാക്കി ഉചിതമായ പരിഹാരനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികളോട്‌ നിർദേശിക്കാം. ഈ നടപടികളിൽ തൃപ്തിയില്ലാത്തപക്ഷം ലോകായുക്തയ്ക്ക്‌ വിഷയം ഗവർണറുടെ ശ്രദ്ധയിൽ കൊണ്ടുവരാം. 13-ാം വകുപ്പ്‌ നഷ്ടപരിഹാരം ഉത്തരവിടുന്നത്‌ സംബന്ധിച്ചുള്ളതാണ്‌.

എന്നാൽ, നിയമത്തിലെ 14-ാം വകുപ്പ്‌ ലോകായുക്തയ്ക്ക്‌ നൽകുന്നത്‌ വിപുലമായ അധികാരങ്ങളാണ്‌. ഈ വകുപ്പിന്റെ നിർദിഷ്ട ഭേദഗതിയാണ്‌ ഇപ്പോൾ വിമർശനവിധേയമായിരിക്കുന്നത്‌. ഇതനുസരിച്ച്‌ ലോകായുക്ത മുഖ്യമന്ത്രിക്കോ മന്ത്രിക്കോ പൊതുസേവകനോ എതിരായി കണ്ടെത്തലുകൾ നടത്തിക്കഴിഞ്ഞാൽ അതിന്റെ അടിസ്ഥാനത്തിൽ പദവി വിട്ടൊഴിയാൻ ബന്ധപ്പെട്ടവർക്ക്‌ നിയമപരമായ ബാധ്യതയുണ്ട്‌. ഒരു ഭരണാധികാരി അഥവാ ഉദ്യോഗസ്ഥൻ പദവിയിൽ തുടരാൻ പാടില്ലെന്ന്‌ വിധിക്കാൻ ഈ വ്യവസ്ഥയനുസരിച്ച്‌ ലോകായുക്തയ്ക്ക്‌ അധികാരമുണ്ട്‌. 12-ാം വകുപ്പും ഈ വകുപ്പും തമ്മിൽ ബന്ധമുണ്ട്‌. 12-ാം വകുപ്പനുസരിച്ചുള്ള റിപ്പോർട്ടിൽ ഇപ്പറഞ്ഞ വിധത്തിലുള്ള ഉത്തരവ്‌ ചേർക്കാമെന്നാണ്‌ 14-ാം വകുപ്പ്‌ പറയുന്നത്‌. ഇൗ കണ്ടെത്തൽ അംഗീകരിക്കാൻ ബന്ധപ്പെട്ടവർ ബാധ്യസ്ഥരാണെന്നും ഇതേ വകുപ്പ് പറയുന്നു. ഇങ്ങനെ ഉത്തരവ് അംഗീകരിക്കുന്നതോടെ ആരോപണവിധേയർ, അത് മുഖ്യമന്ത്രിയായാലും മന്ത്രിമാരായാലും ചില വിഭാഗത്തിൽപ്പെട്ട പൊതുമേഖലാ-സർക്കാർ ഉദ്യോഗസ്ഥരായാലും സ്ഥാനം ഒഴിഞ്ഞേപറ്റൂ.

ഈ വ്യവസ്ഥ കണിശവും കർക്കശവുമാണ്. ഇക്കാര്യത്തിൽ അപരിമിതവും അപാരവുമായ അധികാരമാണ് നിയമം ലോകായുക്തയ്ക്ക് നൽകുന്നതെന്ന വാദത്തിൽ കഴമ്പുണ്ട്. ലോകായുക്ത ഉത്തരവിനെതിരേ അപ്പീൽ ഫയൽചെയ്യാൻ വ്യവസ്ഥയില്ലെങ്കിലും ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽചെയ്യാൻ കഴിയും. ലോകായുക്ത ഒരുമന്ത്രിക്ക്‌ സ്ഥാനത്തു തുടരാൻ യോഗ്യതയില്ലെന്നു കണ്ടെത്തിയാൽ, ഹൈക്കോടതി ആ ഉത്തരവ് സ്റ്റേ ചെയ്യാത്തിടത്തോളം ആ മന്ത്രിക്ക് രാജിവെക്കുക മാത്രമേ പോംവഴിയുള്ളൂ.

ഭരണഘടനാവിരുദ്ധമല്ല
ഭരണഘടനയുടെ 164-ാം അനുച്ഛേദമനുസരിച്ച് മന്ത്രിസഭയുടെയും ഗവർണറുടെയും അനുവാദത്തോടെ ഒരു മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാമെന്നിരിക്കേ, ലോകായുക്തയുടെ തീരുമാനത്തെത്തുടർന്ന് രാജിവെക്കേണ്ടിവരുന്ന അവസ്ഥവരുന്നത് അഭികാമ്യമായിരിക്കില്ലെന്നതാണ് സർക്കാർവാദങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. എന്നാൽ, അഴിമതിയാരോപണത്തിന്റെതന്നെ അടിസ്ഥാനത്തിൽ ഹൈക്കോടതിയോ സുപ്രീംകോടതിയോ ഒരു മന്ത്രിക്കെതിരേ ‘ക്വോവാറന്റോ’ റിട്ട് പുറപ്പെടുവിച്ചാലും മന്ത്രിക്ക് സ്ഥാനം നഷ്ടമാകും. അതിനാൽ ലോകായുക്തയിലെ വ്യവസ്ഥ, ഭരണഘടനാവിരുദ്ധമാണെന്ന് വാദിക്കുന്നതിൽ അർഥമില്ല. അങ്ങനെ ഒരു കോടതിയും പറഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ വിശേഷിച്ചും. പരമാവധി, ഭരണഘടനകൾക്കപ്പുറമുള്ള ഒരു അധികാരമാണ് 1999-ലെ നിയമത്തിലൂടെ കേരളത്തിലെ ലോകായുക്ത കൈയാളുന്നതെന്ന് പറയാവുന്നതാണ്.

സംവാദങ്ങൾ നടക്കണം
എന്നാൽ, ലോകായുക്തയ്ക്ക്‌ 14-ാം വകുപ്പനുസരിച്ചുള്ള അപരിമിതവും വർധിതവുമായ അധികാരങ്ങൾ വകവെച്ചുനൽകേണ്ടതുണ്ടോ എന്ന ചോദ്യം ജനാധിപത്യപരമായ സംവാദത്തിനുള്ള വിഷയമാണ്‌. ലോകായുക്തയുടെ തീരുമാനം അപ്പടി അനുസരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ബാധ്യസ്ഥമാകുന്ന അവസ്ഥ ജനാധിപത്യത്തിനെതിരല്ലേ എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്‌. ഭരണഘടനാ കോടതികൾക്ക്‌ ‘ക്വോവാറന്റോ’ റിട്ടുകൾ പുറപ്പെടുവിക്കാൻ അധികാരമുള്ളപ്പോൾ, സമാനമായ അധികാരം സംസ്ഥാനനിയമത്തിലൂടെ രൂപവത്‌കരിക്കപ്പെട്ട മറ്റൊരു സംവിധാനത്തിന്‌ നൽകേണ്ടതുണ്ടോ എന്ന കാര്യത്തിലും ചർച്ചയാകാം. പക്ഷേ, നിയമഭേദഗതി ഓർഡിനൻസിലൂടെ കൊണ്ടുവരാൻ ശ്രമിച്ചതുവഴി ഈ വിഷയത്തിലെ നിയമസഭാ സംവാദങ്ങൾക്കുള്ള സാധ്യത തത്‌കാലത്തേക്കെങ്കിലും സർക്കാർ ഇല്ലാതാക്കിയിരിക്കുന്നു. ഈ നിലയിൽ, ഓർഡിനൻസ്‌ നീക്കം വിമർശിക്കപ്പെടേണ്ടതുതന്നെയാണ്‌. ഭരണത്തിലിരിക്കുന്നവർക്കെതിരേ ഇപ്പോൾ ലോകായുക്തയ്ക്കു മുന്നിൽ പരാതികൾ നിലനിൽക്കുന്നതിനാലാണ്‌ തിടുക്കപ്പെട്ട്‌ ഓർഡിനൻസ്‌ കൊണ്ടുവരുന്നതെന്ന പ്രതിപക്ഷ വിമർശനത്തിൽ കഴമ്പുണ്ട്‌. ഭരണഘടനയുടെ 213-ാം അനുച്ഛേദമനുസരിച്ച്‌ ഓർഡിനൻസ്‌ പുറപ്പെടുവിക്കുന്നത്‌ അത്യാവശ്യഘട്ടങ്ങളിൽ, അപൂർവമായി മാത്രമായിരിക്കണം (ഡി.സി. വാധ്വാ കേസ്‌ (1986).

വേണം, ചില വീണ്ടുവിചാരങ്ങൾ
എന്നാൽ, ലോകായുക്തയ്ക്ക്‌ നൽകുന്ന അധികാരത്തെക്കുറിച്ച്‌ ജനാധിപത്യപരമായ പുനരാലോചനകൾ ഉണ്ടാകണം. നിയമത്തിലെ 3(2) വകുപ്പനുസരിച്ച്‌ സുപ്രീംകോടതിയിൽനിന്നു വിരമിച്ച ന്യായാധിപനോ ഹൈക്കോടതിയിൽനിന്ന്‌ മുഖ്യന്യായാധിപനായി വിരമിച്ചയാളോ ആണ്‌ ലോകായുക്തയായി നിയമിക്കപ്പെടേണ്ടത്‌. ഹൈക്കോടതി ന്യായാധിപനായിരുന്നയാൾക്ക്‌ ഉപലോകായുക്തയാകാനുള്ള യോഗ്യതയുണ്ട്‌. ഇന്ത്യയിലെ ഉന്നതകോടതികളിലെ ന്യായാധിപനിയമന സമ്പ്രദായംതന്നെ തികച്ചും രഹസ്യാത്മകവും ജനാധിപത്യവിരുദ്ധവും അശാസ്ത്രീയവുമാണ്‌. മികച്ച ന്യായാധിപർ നമുക്കുണ്ട്‌. മറിച്ചുള്ളവരും ഉണ്ട്‌. വിരമിച്ചശേഷം രാജ്യസഭയിലെത്തിയ മുൻ ചീഫ്‌ ജസ്റ്റിസ്‌ രഞ്ജൻ ഗൊഗോയിയും ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷസ്ഥാനത്തെത്തിയ അരുൺ മിശ്രയും മികച്ച മാതൃകകൾ അല്ലതന്നെ. ഹൈക്കോടതിന്യായാധിപരായും മികവില്ലാത്ത ഒട്ടേറെപ്പേർ നിയമിക്കപ്പെടുന്നു.

മെച്ചപ്പെട്ടതും കുറ്റമറ്റതുമായ ഒരു സംവിധാനത്തിലൂടെയല്ലാതെ നിയമിക്കപ്പെടുന്നവരെ റിട്ടയർമെന്റിനുശേഷം ലോകായുക്ത-ഉപലോകായുക്ത സ്ഥാനങ്ങളിൽ നിയമിക്കാമോ എന്നും അവർക്ക്‌ എത്രകണ്ട്‌ അധികാരങ്ങൾ നൽകാം എന്നും മറ്റുമുള്ള ചോദ്യങ്ങൾക്ക്‌ പ്രസക്തിയുണ്ട്‌. പക്ഷേ, സർക്കാർ ഇത്തരം പ്രസക്തമായ വീണ്ടുവിചാരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഓർഡിനൻസ്‌ കൊണ്ടുവരുന്നതെന്ന്‌ കരുതാൻ കഴിയില്ല. ചീഫ്‌ ജസ്റ്റിസിനുപകരം ഏതു റിട്ടയർചെയ്ത ന്യായാധിപനെയും ലോകായുക്തയായി നിയമിക്കാനുള്ള സർക്കാർ നീക്കം സദുദ്ദേശ്യപരമാണെന്ന്‌ വിചാരിക്കാനാകില്ല. റിട്ടയർമെന്റിനുശേഷമുള്ള പുനരധിവാസകാര്യത്തിൽ വ്യാമോഹം വെച്ചുപുലർത്തുന്ന ന്യായാധിപരിൽനിന്നു തങ്ങൾക്കിഷ്ടപ്പെട്ടവരെ തിരഞ്ഞെടുക്കാനുള്ള സർക്കാരിന്റെ നീക്കത്തെ രാഷ്ട്രീയമായ കൗശലമായി കാണാമെങ്കിലും ഭരണഘടനയോടോ ജനങ്ങളോടോ ഉള്ള പ്രതിബദ്ധതയായി കാണാൻകഴിയില്ല.

ചില കോടതിവിധികൾ

ലോകായുക്ത പുറപ്പെടുവിച്ച ചില ഉത്തരവുകൾ ശുപാർശ സ്വഭാവത്തോടെമാത്രം ഉള്ളവയാണെന്ന് കേരള ഹൈക്കോടതി പറഞ്ഞത് തികച്ചും വ്യത്യസ്തമായ നിയമസാഹചര്യങ്ങളിലാണ്. സുധാദേവിയുടെ കേസിൽ (2017 (2) കേരള ഹൈക്കോർട്ട് കേസസ്‌ 850) സിവിൽ തർക്കത്തിൽ ഇടപെടാനുള്ള അധികാരം ലോകായുക്തയ്ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അങ്ങനെ നൽകിയ ഉത്തരവിന് നിയമത്തിലെ 12(1) വകുപ്പനുസരിച്ച്‌ ശുപാർശ സ്വഭാവമേയുള്ളൂവെന്ന്‌ ഹൈക്കോടതി പറഞ്ഞു.

ഈ വിധി 14-ാം വകുപ്പിന്റെ പശ്ചാത്തലത്തിൽ ആയിരുന്നില്ല. യൂണിവേഴ്‌സിറ്റി ഓഫ്‌ കേരളയും ശോഭയും തമ്മിലുള്ള കേസിലെ വിധിയിൽ (7.02.2020), സർവീസ്‌ സംബന്ധമായ തർക്കത്തിൽ ലോകായുക്ത പുറപ്പെടുവിച്ച ഉത്തരവ്‌ വെറും ശുപാർശാസ്വഭാവം മാത്രമുള്ളതാണെന്ന്‌ ഹൈക്കോടതി പറഞ്ഞു. ഈ വിധിക്കും 14-ാം വകുപ്പുമായി ബന്ധമൊന്നുമില്ല. അതിനാൽത്തന്നെ ഇത്തരം വിധികളുടെ അടിസ്ഥാനത്തിലാണ്‌ ഭേദഗതി കൊണ്ടുവരുന്നതെന്നു പറയുന്നതിൽ അർഥമില്ല.

(സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്‌ ലേഖകൻ)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram