വെള്ളപ്പൊക്കം നേരിടാൻ ഡച്ച്‌ മാതൃക


ഡോ. ജി.എസ്‌. ശ്രീദയ

2 min read
Read later
Print
Share

പ്രളയത്തെ തടഞ്ഞുനിർത്തിയ ‘റൂം ഫോർ റിവർ’ പദ്ധതി കേരളത്തിലും മാതൃകയാക്കാവുന്നതാണ്‌

നെതർലൻഡ്‌സ്‌ എന്നാൽ താഴ്‌ന്നുകിടക്കുന്ന പ്രദേശം എന്നാണർഥം. രാജത്തിന്റെ മൂന്നിലൊരു ഭാഗവും 25 ശതമാനം ജനങ്ങളും സമുദ്രനിരപ്പിന്‌ താഴെയാണ്‌. മണൽക്കൂനകൾ, താഴ്‌ന്ന പ്രദേശങ്ങൾ അഥവാ പോഡ്‌ലേർസ്‌, കിഴക്കുഭാഗത്തുള്ള ഉയർന്ന പ്രദേശങ്ങൾ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്ന നെതർലൻഡ്‌സിൽ 2500 കിലോമീറ്ററോളം ഭിത്തികൾ/ബണ്ടുകൾ നിർമിച്ചാണ്‌ വെള്ളപ്പൊക്കത്തിൽനിന്ന്‌ പരമ്പരാഗതമായി രക്ഷനേടിക്കൊണ്ടിരിക്കുന്നത്‌.

കേരളത്തോളംമാത്രം വിസ്തൃതിയുള്ള നെതർലൻഡ്‌സിന്‌ കാർഷികോത്‌പന്നങ്ങളുടെ കയറ്റുമതിയിൽ ലോകത്തിൽ രണ്ടാംസ്ഥാനമാണുള്ളത്‌. യൂറോപ്പിലെ ഒരുപക്ഷേ, ലോകത്തിലെത്തന്നെ ഏറ്റവും സുരക്ഷിതമായ കുടിവെള്ളമാണ്‌ നെതർലൻഡ്‌സിലെ പൈപ്പ്‌വെള്ളം. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽപ്പോലും വെള്ളം ശുദ്ധീകരിക്കാൻ ക്ലോറിൻ ചേർക്കുമ്പോൾ ഓസോൺ, കാർബൺ, അൾട്രാവയലറ്റ്‌ രശ്മികൾ തുടങ്ങിയവ ഉപയോഗിച്ചുള്ള ജലശുദ്ധീകരണവും വിവിധതരം ഫിൽട്രേഷനുമാണ്‌ നെതർലൻഡ്‌സ്‌ അവലംബിക്കുന്നത്‌.

എന്നാൽ, നെതർലൻഡ്‌സ്‌ ജനതയെ (ഡച്ചുകാരെ) അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാനപ്രശ്നമാണ്‌ ഇസ്സെൽ, ലേക്‌, റൈൻ, മാസ്‌ എന്നിങ്ങനെ വടക്കൻ കടലിലേക്ക്‌ ഒഴുകിയിറങ്ങുന്ന നാല്‌ നദികൾമൂലമുണ്ടാകുന്ന വെള്ളപ്പൊക്കം. ഒട്ടേറെ വെള്ളപ്പൊക്കങ്ങൾ നേരിടേണ്ടിവന്നെങ്കിലും 1995 ജനുവരിയിൽ റൈൻ നദിയിലുണ്ടായ വെള്ളപ്പൊക്കമായിരുന്നു ഏറ്റവും വലുത്‌. മുൻകൂട്ടി സുരക്ഷാമാർഗങ്ങളെടുത്ത്‌ 25 ലക്ഷത്തോളം ജനങ്ങളെ മാറ്റിപ്പാർപ്പിച്ചതിനാൽ ആളപായം അധികമുണ്ടായില്ല. തുടർന്നാണ്‌ വെള്ളപ്പൊക്കം പാടേ നിർമാർജനം ചെയ്യുന്നതിനായുള്ള ‘റൂം ഫോർ റിവർ പ്രോജക്ട്‌’ എന്ന പുനഃസജ്ജീകരണപഠനത്തിലേക്ക്‌ ഡച്ച്‌ സർക്കാർ ശ്രദ്ധപതിപ്പിച്ചത്‌.

വിജയിച്ച പദ്ധതി

സിമുലേഷൻ പഠനത്തിലൂടെ (കൃത്രിമമായ അവസ്ഥ സംജാതമാക്കിക്കൊണ്ടുള്ള പഠനം) നദികളിൽ കൂടുതൽ വെള്ളമെത്തിയാൽ എത്രമാത്രമാണ്‌ നദീതടങ്ങളിലേക്കും പോഷകനദികളിലേക്കും ഒഴുകുക, തടസ്സങ്ങളുണ്ടെങ്കിൽ എന്താവും സംഭവിക്കുക തുടങ്ങിയ കാര്യങ്ങൾ ഈ പഠനത്തിൽ ഉൾപ്പെടുത്തി വിവിധ കംപ്യൂട്ടർ മാതൃകകൾ നിർമിച്ച്‌ അവയുടെ താരതമ്യപഠനം നടത്തി.
വെള്ളപ്പൊക്കസാധ്യതയുള്ള നദീതടങ്ങളുടെ ആഴം വർധിപ്പിക്കുക, അധികവെള്ളത്തെ ഉൾക്കൊള്ളുന്നതിനായി വൻ നദികളുടെ വശങ്ങളിൽ തോടുകൾ നിർമിക്കുക, ബണ്ടുകൾ നിർമിക്കുക, പോഷകനദികളുടെ വീതികൂട്ടുക എന്നീ പരിഹാരമാർഗങ്ങൾ സൃഷ്ടിച്ചുകൊണ്ട്‌ അവയുടെ ശാസ്ത്രീയ വിശകലനത്തിലൂടെയും സമൂഹത്തിലെ നാനാവിഭാഗങ്ങളിൽപ്പെട്ട സമൂഹത്തിലെ ജനങ്ങളുമായുള്ള ചർച്ചകളിലൂടെയുമാണ്‌ വിവിധ റൂം ഫോർ റിവർ പ്രോജക്ടുകൾ നടപ്പാക്കിയത്‌.

റൈൻനദി/വാൽനദി പ്രധാന പട്ടണമായ നജ്‌മെനിൽ കുപ്പിക്കഴുത്തോടുകൂടി വളഞ്ഞൊഴുകുകയാണ്‌. 350 മുതൽ 400 മീറ്റർവരെ വീതിയുള്ള നദി, ലെന്റ്‌ ഗ്രാമത്തിലെത്തുമ്പോൾ വളരെയധികം കുറയുന്നു. ഗ്രാമവാസികൾ വെള്ളപ്പൊക്കഭീഷണിയിലായിരുന്നു ജീവിച്ചിരുന്നത്‌. വെള്ളപ്പൊക്കം തടയുന്നതിനുള്ള ഭിത്തിമാത്രമായിരുന്നു ഏക ആശ്വാസം. റൂം ഫോർ റിവർ പ്രോജക്ടിന്റെ ഭാഗമായി ഈ ഭിത്തി ഏകദേശം 350 മീറ്റർ കരയ്ക്കുള്ളിലേക്ക്‌ കയറ്റി നിർമിക്കുകയും അധികജലത്തെ ഉൾക്കൊള്ളുന്നതിനായി ഒരു പുതിയ തോടുതന്നെ സൃഷ്ടിക്കുകയും ചെയ്തു. മാത്രമല്ല പഴയ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുള്ള ഭിത്തിയിൽ ഏകദേശം ഒരു കിലോമീറ്റർ ഒരു ദ്വീപായി മാറുകയും ഈ ദ്വീപ്‌ മനോഹരമായ ഒരു നദീപാർക്കായി മാറ്റുകയും ചെയ്തു.

പ്രോജക്ടിന്റെ ഭാഗമായി അമ്പതോളം വീടും കുറെയധികം ബിസിനസ്‌ സ്ഥാപനങ്ങളും പൊളിച്ചുമാറ്റേണ്ടിവന്നുവെന്നത്‌ നേരാണ്‌. പക്ഷേ, പുതുതായി നിലവിൽവന്ന ഇൗ ചെറിയ ദ്വീപ്‌ വിനോദസഞ്ചാരമേഖലയ്ക്ക്‌ ഒരു മുതൽക്കൂട്ടായി മാറിയെന്നുമാത്രമല്ല പുതുതായി നിർമിക്കപ്പെട്ട തോട്ടിലൂടെ വെള്ളപ്പൊക്കത്തിന്‌ ശാശ്വതപരിഹാരവും ഉണ്ടാക്കി. ഇപ്പോൾ അല്ലെങ്കിൽ ഒരിക്കലുമില്ല എന്ന സിദ്ധാന്തത്തിലൂന്നിയുള്ള ഇത്തരത്തിലുള്ള വികസനം ഇനിയുമൊരു പൊള്ളപ്പൊക്കം നേരിടേണ്ടിവരാത്ത രീതിയിൽ കേരളത്തിലും നടപ്പാക്കേണ്ടതുണ്ട്‌. മുഖ്യമന്ത്രിയുടെ നെതർലൻഡ്‌സ്‌ സന്ദർശനത്തിനിടയ്ക്ക്‌ അദ്ദേഹം റൂം ഫോറം റിവർ പ്രോജക്ടുകൾ സന്ദർശിച്ച്‌ ഇത്തരത്തിലുള്ളൊരു വികസനത്തിലേക്ക്‌ നയിക്കുമെന്ന്‌ പ്രതീക്ഷിക്കാം.

(വെള്ളായണി കാർഷിക സർവകലാശാലയിലെ അസി. പ്രൊഫസറായ ലേഖികയ്ക്ക്‌ ഡച്ച്‌ സർക്കാറിന്റെ ഫെലോഷിപ്പ്‌ ലഭിച്ചിട്ടുണ്ട്‌)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram