2001 -ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ മൂന്നാംവാര്‍ഷികത്തില്‍ ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലാ (ജെ.എന്‍.യു.) കാമ്പസിലെ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയനില്‍ (ഡി.എസ്.യു.) നിന്ന് വിട്ടുപോയ പത്തുപേര്‍ ചേര്‍ന്ന് 'ദി കണ്‍ട്രി വിത്തൗട്ട് പോസ്റ്റ് ഓഫീസ്' എന്ന സാംസ്‌കാരികസായാഹ്നം സംഘടിപ്പിക്കുന്നു. കവിതയും പാട്ടും നാടകവും ഉള്‍പ്പെട്ട പ്രതിഷേധ സായാഹ്നമാണ് ഇവര്‍ ലക്ഷ്യമിട്ടത്. കാമ്പസിലെ സബര്‍മതി ധാബയില്‍ പരിപാടിക്കായി അനുമതിവാങ്ങുകയും ചെയ്തു.
ഫിബ്രവരി 9 - 2016 ദി കണ്‍ട്രി വിത്തൗട്ട് പോസ്റ്റ് ഓഫീസ്
1997-ല്‍ കശ്മീരി-അമേരിക്കന്‍ കവിയായ ആഗാ ഷാഹിദ് അലി പ്രസിദ്ധീകരിച്ച കവിതാസമാഹാരമാണ് 'ദി കണ്‍ട്രി വിത്തൗട്ട് പോസ്റ്റ് ഓഫീസ്'. സ്വന്തംനാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കശ്മീരിയുടെ സാമൂഹികമായ അനുഭവങ്ങളാണ് കവിതാസമാഹാരത്തിന്റെ ഉള്ളടക്കം. തൊണ്ണൂറുകളിലെ കശ്മീര്‍ ജീവിതത്തിന്റെ ചരിത്രംകൂടി ഇതിലുണ്ട്. ഇതേപേരിലുള്ള നാടകം മൂന്നുവര്‍ഷം മുമ്പ് ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ നാടകോത്സവത്തില്‍ പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ചിരുന്നു. കശ്മീര്‍ ജനതയുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും കോടതികളുടെ വധശിക്ഷയെ എതിര്‍ക്കുകയുമായിരുന്നു ജെ.എന്‍.യു.വിലെ പരിപാടിയുടെ പ്രധാന ലക്ഷ്യം. ഡി.എസ്.യു.വിനെ നേരത്തേയും എ.ബി.വി.പി. കാമ്പസില്‍ എതിര്‍ത്തിട്ടുണ്ട്. പരിപാടിയുടെ സംഘാടകര്‍ ദേശവിരുദ്ധരാണെന്നായിരുന്നു ആരോപണം. പരിപാടി നടക്കുന്നതിന് പത്തുമിനിറ്റ് മുമ്പ് എ.ബി.വി.പി.യുടെ പരാതി പ്രകാരം ജെ.എന്‍.യു. അധികൃതര്‍ അനുമതി റദ്ദാക്കി. എന്നാല്‍, അത് കണക്കിലെടുക്കാതെ സാംസ്‌കാരികസായാഹ്നവുമായി പ്രവര്‍ത്തകര്‍ മുന്നോട്ടുപോയി. ഇതോടെ വേദിയിലേക്കുള്ള വൈദ്യുതി എ.ബി.വി.പി. പ്രവര്‍ത്തകര്‍ വിച്ഛേദിച്ചു. ഇതാണ് കൈയാങ്കളിക്കിടയാക്കിയത്. കൈയാങ്കളിയായതോടെ ജെ.എന്‍.യു. വിദ്യാര്‍ഥിയൂണിയന്‍ നേതാവ് കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള ഇടതുവിദ്യാര്‍ഥിസംഘടനാപ്രവര്‍ത്തകരും ഇവിടെയെത്തി. ഇതിനിടയിലാണ് ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് പറയുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍, എ.ബി.വി.പി. പ്രവര്‍ത്തകരും ദേശവിരുദ്ധമുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വീഡിയോയും പുറത്തുവന്നു. 'കശ്മീരിന്റെ സ്വാതന്ത്ര്യംവരെ പോരാട്ടം തുടരും' പോലെയുള്ള മുദ്രാവാക്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. വ്യക്തമായ തെളിവുകള്‍ കൈവശമുണ്ടെന്നാണ് പോലീസ് അവകാശപ്പെടുന്നത്. പരിപാടി സംഘടിപ്പിച്ചവര്‍ ഒളിവിലാണ്.
ഫിബ്രവരി 10 - പ്രതിഷേധം, അന്വേഷണസമിതി
സാംസ്‌കാരികസായാഹ്നം നടത്തിയവരെ കൈയേറ്റം ചെയ്തതിനെതിരെ എ.ഐ.എസ്.എഫ്., എസ്.എഫ്.ഐ., ഐസ, ഡി.എസ്.എഫ്. സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകലാശാല അച്ചടക്കസമിതി അന്വേഷണസമിതിയെ നിയോഗിച്ചു. അഭിപ്രായസ്വാതന്ത്ര്യം തടയുന്ന എ.ബി.വി.പി.യുടെ നടപടിക്കെതിരെ എ.ഐ.എസ്.എഫ്. നേതാവുകൂടിയായ കനയ്യകുമാര്‍ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് ദീര്‍ഘമായ പ്രസംഗം നടത്തി. അംബേദ്കറെയും മാര്‍ക്‌സിനെയും ഉദ്ധരിച്ചും സ്വാതന്ത്ര്യസമരകാലത്തെ ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുമായിരുന്നു പ്രസംഗം. ഇതില്‍ ഇങ്ങനെ പറയുന്നുണ്ട്: ''എന്റെ മൊബൈല്‍ഫോണ്‍ നോക്കൂ സുഹൃത്തുക്കളെ. അമ്മയെയും സഹോദരിയെയും അധിക്ഷേപിക്കുന്ന വാചകങ്ങളാണ് ഇതില്‍വരുന്നത്. ഏതു ഭാരതമാതാവിനെക്കുറിച്ചാണ് ഇവര്‍ പറയുന്നത്? നിങ്ങളുടെ മാതൃഭാരതത്തില്‍ എന്റെ അമ്മയില്ലേ? ഇത്തരമൊരു ഭാരതമാതാ സങ്കല്പം എനിക്ക് സ്വീകരിക്കാനാവില്ല. പാവങ്ങളുടെയും ദളിത് കര്‍ഷകരുടെയും അമ്മമാരെ ഉള്‍ക്കൊള്ളാനാകാത്ത ഭാരതമാതാവിനെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു''.
ഫിബ്രവരി 11 - പോലീസില്‍ പരാതി
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പേരറിയാത്ത വിദ്യാര്‍ഥികള്‍ക്കെതിരെ വസന്ത് കുഞ്ജ് പോലീസ് കേസെടുത്തു. ബി.ജെ.പി.യുടെ മഹേഷ് ഗിരി എം.പി.യും എ.ബി.വി.പി.യും പോലീസില്‍ പരാതിനല്‍കി. ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെയും മാനവശേഷിമന്ത്രി സ്മൃതി ഇറാനിയുടെയും പ്രസ്താവനകള്‍.
ഫിബ്രവരി 12 - കനയ്യയുടെ അറസ്റ്റ്
പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി സര്‍വകലാശാല എട്ടുവിദ്യാര്‍ഥികളെ പഠനപ്രവര്‍ത്തനങ്ങളില്‍നിന്ന് വിലക്കി. പോലീസ് പരാതിയുടെ അടിസ്ഥാനത്തില്‍ കനയ്യകുമാറിനെ അറസ്റ്റുചെയ്തു. രാജ്യദ്രോഹം, ഗൂഢാലോചന എന്നിവയായിരുന്നു കുറ്റം.
ഫിബ്രവരി 13 - പ്രതിഷേധം, രാഹുലിന് കരിങ്കൊടി
അറസ്റ്റില്‍ പ്രതിഷേധിച്ച് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.ഐ. നേതാവ് ഡി. രാജയും ജെ.ഡി.യു. നേതാവ് കെ.സി. ത്യാഗിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ടു. വൈകിട്ട് വിദ്യാര്‍ഥിപ്രതിഷേധത്തില്‍ അണിചേരാനെത്തിയ രാഹുല്‍ ഗാന്ധിക്കുനേരേ എ.ബി.വി.പി. കരിങ്കൊടി കാട്ടി. കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മയ്ക്കുനേരേ ആക്രമണമുണ്ടായി; പരിക്കേറ്റു. വിദ്യാര്‍ഥികളെ വിട്ടുതരണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിന് പോലീസ് കത്തെഴുതി. ദേശവിരുദ്ധപ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ബിരുദങ്ങള്‍ തിരിച്ചേല്പിക്കുമെന്ന് വിമുക്തഭടന്മാരുടെ സംഘടന.
ഫിബ്രവരി 14 - സി.പി.എം. ഓഫീസിനുനേരേ അക്രമം
ന്യൂഡല്‍ഹി ഗോള്‍മാര്‍ക്കറ്റിലുള്ള സി.പി.എം. ആസ്ഥാനത്തിനുനേരേ ആം ആദ്മി സേന എന്ന സംഘടനയുടെ നേതൃത്വത്തില്‍ കല്ലെറിയുകയും ബോര്‍ഡില്‍ 'പാകിസ്താന്‍ കെ ഭാരത് ഓഫീസ്' എന്നെഴുതുകയും ചെയ്തു. ബി.ജെ.പി.യുടെയും ആര്‍.എസ്.എസ്സിന്റെയും മുഖംമൂടിസംഘടനയാണ് ആം ആദ്മി സേന.
സംഭവത്തില്‍ ലഷ്‌കര്‍ ഇ തൊയ്ബയ്ക്ക് പങ്കുണ്ടെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. ജമാഅത്തുദ്ദവ നേതാവ് ഹാഫിസ് സയീദിന്റെ ട്വീറ്റ് ഉണ്ടെന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസ്താവന. എന്നാല്‍, ഈ സന്ദേശം വ്യാജമാണെന്ന് പിന്നീട് ഹാഫിസ് തന്നെ വ്യക്തമാക്കി. ഡല്‍ഹി പോലീസിന്റെ സൃഷ്ടിയാണ് ഇതെന്നും ആരോപണമുയര്‍ന്നു. ഈ ട്വിറ്റര്‍ അക്കൗണ്ടുതന്നെ പിന്നീട് അപ്രത്യക്ഷമായി. ജെ.എന്‍.യു.വില്‍ വിദ്യാര്‍ഥികളും അധ്യാപകരും കൂറ്റന്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.
ഫിബ്രവരി 15 - കോടതിയില്‍ അക്രമം
കനയ്യയുടെ റിമാന്‍ഡ് തീര്‍ന്നതിനെത്തുടര്‍ന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി. ഇത് റിപ്പോര്‍ട്ടുചെയ്യാന്‍പോയ മാധ്യമപ്രവര്‍ത്തകര്‍ക്കും ഇടതുപക്ഷപ്രവര്‍ത്തകര്‍ക്കും നേരേ ബി.ജെ.പി. എം.എല്‍.എ. ഒ.പി. ശര്‍മയുടെയും ഒരുകൂട്ടം അഭിഭാഷകരുടെയും നേതൃത്വത്തില്‍ ക്രൂരമര്‍ദനമുണ്ടായി. കനയ്യയുടെ റിമാന്‍ഡ് രണ്ടുദിവസംകൂടി നീട്ടി.
ഫിബ്രവരി 16- വീണ്ടും പ്രതിഷേധം
ജെ.എന്‍.യു.വില്‍ വിദ്യാര്‍ഥികളുടെ പഠിപ്പുമുടക്കും പ്രതിഷേധവും. സുപ്രീംകോടതിയിലേക്ക് നാനൂറോളം മാധ്യമപ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ച്. പ്രധാനമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സംഭവം അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ജെ.എന്‍.യു. ലൈബ്രറിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു.
ഫിബ്രവരി 17 - പട്യാല ഹൗസ് കോടതിയില്‍ വീണ്ടും സംഘര്‍ഷം
കോടതിയില്‍ ഹാജരാക്കുന്നതിനിടെ കനയ്യകുമാറിനെ ഒരുകൂട്ടം അഭിഭാഷകര്‍ മര്‍ദിച്ചു. റിമാന്‍ഡ് മാര്‍ച്ച് രണ്ടുവരെ നീട്ടി. കനയ്യയ്‌ക്കെതിരെ ആവശ്യത്തിന് തെളിവുണ്ടെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബസ്സി. സംഭവത്തില്‍ സുപ്രീംകോടതി ഇടപെട്ടു. അഞ്ചംഗ അഭിഭാഷകസംഘത്തെ സ്ഥിതി വിലയിരുത്താന്‍ നിയോഗിച്ചു.