ഐ.എസ്സും ഇന്ത്യന്‍ മുസ്‌ലിങ്ങളും


കെ.എം.ഷാജി

3 min read
Read later
Print
Share

ഇസ്‌ലാമിന്റെ പേരില്‍ ഐ.എസ്സിനെ പോലുള്ള മതരാഷ്ട്രവാദികള്‍ ഭാവന ചെയ്യുന്ന 'മതസ്വര്‍ഗ'ത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുന്നവര്‍ ജീവിതത്തിലെ മഹത് കര്‍ത്തവ്യങ്ങളില്‍നിന്ന് ഒളിച്ചോടുകയും സഹജീവികളെ നിഷ്‌കരുണം കൊന്നുതള്ളുകയും മാത്രമാണു ചെയ്യുന്നത്

ഈയടുത്തകാലത്ത് കേരളത്തിലുണ്ടായ വലിയ തമാശകളിലൊന്ന് മതരാഷ്ട്രവാദത്തെ താലോലിക്കുന്ന ഒരു ഇസ്‌ലാമിസ്റ്റ് സംഘടനാസ്വരൂപം, ഇറാഖിലെയും സിറിയയിലെയും വലിയ പ്രദേശങ്ങള്‍ നരമേധം നടത്തി വെട്ടിപ്പിടിച്ചെടുത്ത് 'മതപ്രദേശം'(രാഷ്ട്രം എന്നുപറഞ്ഞുകൂടാ) സ്ഥാപിച്ച ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ രംഗത്തുവന്നുവെന്നതാണ്.
ഈ മാനവവിരുദ്ധപ്പട ഇറാഖിലും സിറിയയിലും രണതാണ്ഡവം തുടങ്ങിയിട്ട് രണ്ടുവര്‍ഷത്തിലേറെയായി. ഇതിനിടെ ഷിയാമുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും യസീദികളെയും തങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ജിഹാദി ഇസ്‌ലാമിസത്തെ അംഗീകരിക്കാത്ത മറ്റു മുസ്‌ലിങ്ങളെയും പരസ്യമായി ഗളച്ഛേദംചെയ്‌തോ പച്ചയ്ക്ക് തീകൊളുത്തിയോ ഈ ദുഷ്ടസംഘം കൊന്നുതള്ളിയപ്പോഴൊന്നും കേരളത്തില്‍മാത്രമല്ല, ഇന്ത്യാ ഉപഭൂഖണ്ഡത്തിലാകമാനം പ്രവര്‍ത്തിക്കുന്ന പരാമൃഷ്ടസംഘടന 'ഐ.എസ്. ഇസ്‌ലാമല്ല' എന്ന മുദ്രാവാക്യമുയര്‍ത്തി രംഗത്തുവരികയുണ്ടായില്ലെന്നത് ശ്രദ്ധേയമത്രെ. വൈകിയുദിച്ച ഈ'വിവേക'ത്തിന് കാരണമെന്തായാലും മലബാറിലെ തെരുവീഥികളില്‍ത്തന്നെ അവര്‍ക്ക് ചുട്ടമറുപടി ലഭിച്ചിരിക്കുന്നു. 'ഐ.എസ്സിന്റേത് മതരാഷ്ട്രവാദികളുടെ ഇസ്‌ലാം' എന്ന പ്രതികരണം ഇതര മുസ്‌ലിം സംഘടനകളില്‍നിന്നുതന്നെയാണുണ്ടായിരിക്കുന്നത്.

തന്ത്രപരമായ കാരണങ്ങളാല്‍ ഇന്ത്യയിലെ മൂന്നിടങ്ങളില്‍ മൂന്ന് വ്യത്യസ്തഭാവങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മതരാഷ്ട്രവാദാധിഷ്ഠിത സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുമായി ഒരുബന്ധവുമില്ല. കശ്മീരില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുമില്ല. അതേസമയം, ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ 'വിശുദ്ധയുദ്ധ'ത്തിലേര്‍പ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പോഷക സായുധവിഭാഗവുമാണ്. കശ്മീരില്‍നിന്ന് കേരളത്തിലേക്കുവന്നാല്‍ ഒരു മധുരമനോജ്ഞ മതേതരമുഖമാണ് ജമാഅത്തെ ഇസ്‌ലാമിക്ക്. പരിസ്ഥിതിതൊട്ട് ദളിത്ആദിവാസി പ്രശ്‌നങ്ങള്‍വരെയും ടോള്‍വിരുദ്ധപ്രക്ഷോഭം തൊട്ട് മനുഷ്യാവകാശപ്പോരാട്ടങ്ങള്‍വരെയുമുള്ള സകല ഇടങ്ങളിലും പുരോഗമനമുഖംമൂടിയണിഞ്ഞ് കേരളത്തിലവര്‍ രംഗത്തുണ്ട്. ഈ വ്യതിരിക്ത കേരള അജന്‍ഡ നടപ്പാക്കാന്‍ പല മേഖലകളിലും പ്രശസ്തരായ എഴുത്തുകാരെയും ബുദ്ധിജീവികളെയും ആക്ടിവിസ്റ്റുകളെയും അവര്‍ വിലയ്‌ക്കെടുത്തിട്ടുമുണ്ട്. കേരളത്തിന്റെ സവിശേഷസാഹചര്യത്തില്‍ ആദ്യപടിയായി ഇങ്ങനെയൊക്കെയേ മുന്നോട്ടുപോവാനാവൂ എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മനംമയക്കുന്ന മുഖംമൂടി അവര്‍ അണിയുന്നതെന്നകാര്യം ഇന്നത്ര രഹസ്യമൊന്നുമല്ല. കശ്മീരില്‍നിന്നും കേരളത്തില്‍നിന്നും ഭിന്നമായ ഒരു മധ്യനിലപാടാണ് ഇന്ത്യയിലെ മറ്റിടങ്ങളില്‍ അവര്‍ സ്വീകരിക്കുന്നത്. എന്നാലും ഈ നിലപാടിന്റെ സാരാംശം 'മതേതര ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കു രക്ഷയില്ല' എന്നതാണ്.

ഐ.എസ്. ഇസ്‌ലാമല്ല എന്ന് വൈകിയവേളയില്‍ ഗിരിപ്രഭാഷണം നടത്തുന്നവര്‍ മതേതരത്വവും ജനാധിപത്യവും അംഗീകരിക്കുന്നുണ്ടോ എന്നും അവ ഇസ്‌ലാം മതവിശ്വാസവുമായി ഒത്തുപോകുന്നവയാണോ എന്നും ആദ്യം വ്യക്തമാക്കണം. ഇതുപറയാന്‍ കാരണം ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനായ മൗലാനാ മൗദൂദിയുടെ രചനകളിലുടനീളം ഏറ്റവും രൂക്ഷമായി ആക്രമിക്കപ്പെടുന്നതും ഭര്‍ത്സിക്കപ്പെടുന്നതും മതേതരജനാധിപത്യവ്യവസ്ഥിതിയാണ് എന്നതാണ്.

മതേതരജനാധിപത്യത്തെ സര്‍വശക്തിയുമുപയോഗിച്ച് ആക്രമിക്കുന്ന ആ ഗ്രന്ഥങ്ങളില്‍ മിക്കവയും കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസിദ്ധീകരണസ്ഥാപനം വള്ളിപുള്ളിവിടാതെ പുറത്തിറക്കിയിട്ടുമുണ്ട്. മതംമാറിയ മുസ്‌ലിമിനെ (മുര്‍ത്തദ്) വധിക്കണമെന്നു സമര്‍ഥിക്കുന്ന മൗദൂദിയുടെ ഉറുദുവിലെഴുതിയ ഗ്രന്ഥം മാത്രമാണ് അവര്‍ പ്രസിദ്ധീകരിക്കാന്‍ മടിച്ചുനിന്നത്. അത് മാലോകര്‍ വായിച്ചാല്‍ ഈയിടെ അവര്‍ നടത്തിയ വധശിക്ഷാവിരുദ്ധപ്രചാരണങ്ങളുടെ കള്ളി വെളിച്ചത്താവുമല്ലോ!
അപ്പോള്‍ ചോദ്യമിതാണ്: ഐ.എസ്. ഇസ്‌ലാമല്ല എന്നുപറയുന്നവര്‍ ഇന്ത്യയിലെ മതേതരത്വവും ജനാധിപത്യവും തങ്ങള്‍ ഭാവനചെയ്യുന്ന ഇസ്‌ലാമുമായി ഒത്തുപോകുന്നതാണെന്ന് അംഗീകരിക്കുന്നുണ്ടോ? ഇവിടെ അല്പാല്പം പോറലുകളോടെയാണെങ്കിലും നിലനിന്നുപോരുന്ന മതേതരജനാധിപത്യത്തെ ശക്തിപ്പെടുത്താനാണോ നിങ്ങളുടെ പ്രവര്‍ത്തനം അതോ നിങ്ങള്‍ വിഭാവനം ചെയ്യുന്ന മതരാഷ്ട്രസ്ഥാപനത്തിനുവേണ്ടിയോ? ഇനി ഇന്ത്യാമഹാരാജ്യത്തെങ്ങാനും നിങ്ങള്‍ ഏതാനും വര്‍ഷംമുമ്പ് രൂപവത്കരിച്ച രാഷ്ട്രീയപ്പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ ഇന്ത്യയുടെ ഭരണഘടനാടിസ്ഥാനങ്ങളായ ജനാധിപത്യവും മതേതരത്വവും കണ്ണിലെ കൃഷ്ണമണിപോലെ നിങ്ങള്‍ കാത്തുസൂക്ഷിക്കുമോ? പോട്ടെ, മുസ്‌ലിങ്ങള്‍ക്കു ഭൂരിപക്ഷമുള്ള പാകിസ്താന്‍, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളില്‍ (ഇന്ത്യയിലേതിനെക്കാള്‍ ശക്തവും ഹിംസോന്മുഖവുമാണല്ലോ അവിടങ്ങളിലെ ജമാഅത്തെ ഇസ്‌ലാമി) നിങ്ങള്‍ അധികാരത്തില്‍ എപ്പോഴെങ്കിലും വന്നാല്‍ അവിടെ പ്രാവര്‍ത്തികമാക്കുന്ന ഭരണക്രമം എവ്വിധത്തിലുള്ളതായിരിക്കും? മതേതരജനാധിപത്യമോ അതോ സ്ഥാപകനേതാവ് മൗദൂദിയുടെ സങ്കല്പത്തിലുണ്ടായിരുന്ന മതരാഷ്ട്രമോ? ഈ ചോദ്യത്തിന് മതേതരജനാധിപത്യം എന്നല്ല ഉത്തരമെങ്കില്‍ ഐ.എസ്സിന്റെ മതരാഷ്ട്രരഥയാത്രയെ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്കെന്താണര്‍ഹത?

ഭാഗ്യവശാല്‍, ഇന്ത്യന്‍ മുസ്‌ലിങ്ങളിലെ വലിയൊരുവിഭാഗം ഈ മതരാഷ്ട്രാധിഷ്ഠിതസംഘടനയെ നഖശിഖാന്തം എതിര്‍ക്കുന്നവരാണ്. അവര്‍ ഇന്ത്യയില്‍ മതേതരത്വവും ജനാധിപത്യവും കൂടുതല്‍ ആഴത്തില്‍ പുലര്‍ന്നുകാണണമെന്നാഗ്രഹിക്കുന്നവരാണ്.
കഴിഞ്ഞ ഏതാനും ദശകങ്ങളായി ലോകത്തിന്റെ വ്യത്യസ്തഭാഗങ്ങളില്‍ മതരാഷ്ട്രസൃഷ്ടിക്കായി ചോരപ്പുഴയൊഴുക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദസ്വരൂപങ്ങള്‍ 'മതത്തിനുവേണ്ടി മരിക്കുക' എന്ന തലതിരിഞ്ഞ ആശയം അനവരതം അവതരിപ്പിച്ചുപോരുന്നുണ്ട്. 'മതത്തിനുവേണ്ടി ജീവിക്കുക' എന്നതാണ് അതിന്റെ ബദല്‍.

മതത്തിനുവേണ്ടി ജീവിക്കുമ്പോള്‍ വര്‍ഷാവര്‍ഷം നല്ലൊരുതുക സക്കാത്ത് കൊടുക്കേണ്ടിവരും, അയല്‍ക്കാരന്റെ സുഖദുഃഖങ്ങള്‍ പങ്കിടേണ്ടിവരും, അനാഥരെ പരിപാലിക്കേണ്ടിവരും, പട്ടിണികിടക്കുന്ന മനുഷ്യരെ പരിഗണിക്കേണ്ടിവരും, പ്രകൃതിയോടും സമസ്തജീവജാലങ്ങളോടും സമഭാവം പുലര്‍ത്തേണ്ടിവരും, സര്‍വോപരി കള്ളത്തിന്റെയും ചതിയുടെയും ഹിംസയുടെയും എതിര്‍മുഖത്തും നീതിയുടെ നേര്‍മുഖത്തും നില്‍ക്കേണ്ടിയും വരും.

അങ്ങനെ മതത്തിനുവേണ്ടി ജീവിക്കുക ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇസ്‌ലാമിന്റെപേരില്‍ ഐ.എസ്സിനെപ്പോലുള്ള മതരാഷ്ട്രവാദികള്‍ ഭാവനചെയ്യുന്ന 'മതസ്വര്‍ഗ'ത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുന്നവര്‍ ജീവിതത്തിലെ മഹത് കര്‍ത്തവ്യങ്ങളില്‍നിന്ന് ഒളിച്ചോടുകയും സഹജീവികളെ നിഷ്‌കരുണം കൊന്നുതള്ളുകയും മാത്രമാണു ചെയ്യുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
.

5 min

ജനകീയാസൂത്രണം കാണാം, ഈ ലോകമാതൃകകൾ

Sep 27, 2021


mathrubhumi

3 min

ആശയുണ്ട്‌, പക്ഷേ, ആശ്വാസം അകലെ

Nov 30, 2016