ഇന്‍വെസ്റ്റ്‌മെന്റിന്റെ നവരസങ്ങള്‍


മുരളി തുമ്മാരുകുടി

6 min read
Read later
Print
Share

പണം മാത്രമല്ല, സമയവും ഇന്‍വെസ്റ്റ്‌മെന്റാണ്. ലോകത്തെ ഏറ്റവും ബെസ്റ് നിക്ഷേപം സ്വയം നമ്മില്‍ നടത്തുന്നതാണെന്ന് ലേഖകന്‍ പറയുന്നു

'ചേട്ടാ, ഈ ഇന്‍വെസ്റ്റ്‌മെന്റിനെപ്പറ്റി ഒന്നെഴുതണം കേട്ടോ' ദുബായില്‍വച്ച് ഒരു സുഹൃത്ത് പറഞ്ഞതാണ്.

അപ്പോള്‍ ഞാന്‍ പറയുന്നത് ആളുകള്‍ ശ്രദ്ധിക്കുന്നുണ്ട്. സര്‍ വിളി മിക്കവാറും തീര്‍ന്നു. നന്ദി!

വാസ്തവത്തില്‍ പണമെറിഞ്ഞ് പണമുണ്ടാക്കിയിട്ടുള്ള ആളൊന്നുമല്ല ഞാന്‍. അങ്ങനെ വേണമെന്ന് ആഗ്രഹിക്കുന്ന ആളും അല്ല. എന്നാലും ഇന്‍വെസ്റ്റ്മെന്റിനെപ്പറ്റി എനിക്ക് എന്റെ ചില രീതികള്‍ ഉണ്ട്. അതു നിങ്ങളുമായി പങ്കുവെക്കാം.

എല്ലാ നിക്ഷേപങ്ങളില്‍ നിന്നും ഉള്ള വരുമാനം (return) ഒരുപോലെ അല്ല. ആഗോള വ്യാപകമായി ഇന്‍വെസ്റ്റ്‌മെന്റിന്റെ ഒരു അടിസ്ഥാന തത്വം മൂലധനം തിരിച്ചുകിട്ടാന്‍ സാധ്യത കുറവുള്ള എന്തെങ്കിലും പ്രസ്ഥാനത്തില്‍ നിക്ഷേപിക്കുമ്പോള്‍ ആണ് അതില്‍ നിന്നും വരുമാനം കൂടുതല്‍ കിട്ടാന്‍ സാധ്യത എന്നതാണ്. നമ്മുടെ ഇന്‍വെസ്റ്റ്മെന്റുകള്‍ എന്നുപറയുന്നത് ഒരു പിരമിഡ് പോലെ പലതരം നിക്ഷേപങ്ങള്‍ അടുക്കിവെച്ച ഒന്നായിരിക്കണം. അതില്‍ ഏറ്റവും റിസ്ക് കുറഞ്ഞതില്‍ ഏറ്റവും കൂടുതല്‍ പണം- അതാണ് പിരമിഡിന്റെ അടിസ്ഥാനം. അതിന്റെ തൊട്ടുമീതെ റിസ്ക് അല്പം കൂടിയത് എന്നിങ്ങനെ.

നിങ്ങളുടെ സമ്പാദ്യത്തിന്റെ നാല്‍പ്പത് ശതമാനമെങ്കിലും റിസ്‌ക് ഏറ്റവും കുറഞ്ഞ ഏതെങ്കിലും സംവിധാനത്തില്‍ നിക്ഷേപിക്കണം. സ്വിറ്റ്സര്‍ലാന്‍ഡില്‍ അത് ഇവിടുത്തെ കറന്‍സിയാണ്. ബാങ്കില്‍ നിക്ഷേപിച്ചാല്‍ അര ശതമാനം പോലും പലിശ കിട്ടില്ല, പക്ഷെ ആവശ്യം വരുമ്പോള്‍ അതേ വിലയില്‍ തിരിച്ചുകിട്ടും എന്നുറപ്പുണ്ട്. നമ്മുടെ പെന്‍ഷന്‍ ഫണ്ട് എല്ലാം ഇങ്ങനെ ഏറ്റവും റിസ്‌ക് കുറഞ്ഞ പ്രസ്ഥാനത്തില്‍ നിക്ഷേപിക്കപ്പെടേണ്ടതാണ്. മറ്റുരാജ്യങ്ങളില്‍ അവിടുത്തെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയസ്ഥിതിയനുസരിച്ച് ഡോളര്‍ ഒക്കെ ആകാം.

ഇതിന്റെ തോട്ടുമീതെ നമ്മുടെ സമ്പാദ്യത്തിന്റെ മുപ്പത് ശതമാനം അല്പംകൂടി റിസ്‌കുള്ള എന്തെങ്കിലും പ്രസ്ഥാനത്തില്‍ (സ്ഥലം, ഫ്‌ളാറ്റ്, സ്വര്‍ണം എന്നിങ്ങനെ) നിക്ഷേപിക്കുക. മറ്റുനാടുകളിലെ കാര്യമാണ് പറഞ്ഞത്. അവിടെ വീടിന്റെയും സ്വര്‍ണത്തിന്റെയും വില മുകളിലേക്കും താഴേക്കും പോകാറുണ്ട്. നാട്ടില്‍ ഏറെക്കാലമായി സ്ഥലവും ഫ്‌ളാറ്റും സ്വര്‍ണവും ഒക്കെ മുകളിലേക്ക് മാത്രം പോയിരുന്നതിനാല്‍ ആളുകള്‍ ഇതിനെ ഏറ്റവും സുരക്ഷിതമായാണ് കരുതിയിരുന്നത്. ഇത് മാറിത്തുടങ്ങി.

ഇനി മൊത്തം സമ്പാദ്യത്തിന്റെ ഇരുപത് ശതമാനം ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുക. ഇതിന് ലാഭസാധ്യത കൂടുതലാണ്. അതേസമയം റിസ്‌ക്കും ഉണ്ട്. നിങ്ങള്‍ക്ക് അത്യാവശ്യം സമയവും അറിവും താല്പര്യവും ഒക്കെയുണ്ടെങ്കില്‍ സ്വന്തമായി ഷെയറുകള്‍ വാങ്ങി മാനേജ് ചെയ്യുക. ഇല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുക.

ഇനിയുമുണ്ടല്ലോ പത്തുശതമാനം. ഇതില്‍ ഒന്‍പത് ശതമാനം ശരിക്കും റിസ്‌കുള്ള എന്തെങ്കിലും സംരംഭത്തില്‍ ഇറക്കാം. സാമ്പത്തിക നടത്തിപ്പിന്റെ അടിസ്ഥാന തത്വം റിസ്‌ക് കൂടുംതോറും ലാഭവും കൂടുമെന്നാണെന്ന് പറഞ്ഞല്ലോ. അപ്പോള്‍ ആരെങ്കിലുമൊക്കെ ബാങ്ക് പലിശയുടെ ഇരട്ടി തരാം എന്നു പറഞ്ഞു വന്നാല്‍ അത് ഒന്നുകില്‍ ശുദ്ധ തട്ടിപ്പായിരിക്കും, അല്ലെങ്കില്‍ ഏറെ റിസ്‌ക്കുള്ള എന്തെങ്കിലും പ്രസ്ഥാനമായിരിക്കും (ഉദാഹരണത്തിന് പുതുതായി എന്തെങ്കിലും ബിസിനസ്സ് തുടങ്ങുന്നതില്‍ ഷെയര്‍ എടുക്കുക, വേണമെങ്കില്‍ ഒരു സിനിമ തന്നെ എടുക്കുക, ആരെങ്കിലും ബ്‌ളേഡ്ബാങ്കില്‍ ഇരുപത് ശതമാനം പലിശ ഓഫര്‍ ചെയ്താല്‍ അതില്‍ നിക്ഷേപിക്കുക എന്നിങ്ങനെ). പൊതുവെ പറഞ്ഞാല്‍ കാശു പോകാനാണ് സാധ്യതയെന്ന് മനസ്സില്‍ കൂട്ടണം.

അതേസമയം ഫേസ്ബുക്കുണ്ടാക്കാന്‍ സുക്കര്‍ബര്‍ഗിന് പതിനായിരം ഡോളര്‍ കൊടുത്ത ആള്‍ക്ക് രണ്ടായിരത്തി അഞ്ഞൂറ് കോടി തിരിച്ചു കിട്ടി എന്ന് വായിച്ചിട്ടുണ്ട്. ചില സിനിമ എടുത്തവരുടെ കാര്യവും ഇങ്ങനെയൊക്കെത്തന്നെ. എന്താണെങ്കിലും നമ്മുടെ ആസ്തിയുടെ പത്തു ശതമാനം അല്ലേ, അല്‍പ്പം കൂടുതല്‍ റിസ്‌ക് എടുക്കുന്നതില്‍ ഒരു കുഴപ്പവും ഇല്ല. കറന്‍സി ട്രേഡിങ്ങും ഷെയറിന്റെ പ്രതിദിനമുള്ള വില്‍ക്കല്‍ വാങ്ങലും കമ്മോഡിറ്റി ഫ്യൂച്ചര്‍ ട്രേഡിങ്ങും ഒക്കെ ഈ ഗണത്തില്‍ പെടുത്താം.

ഇനിയുമുണ്ട് ഒരു ശതമാനം. അത് നിയമവിധേയമായ ഏത് ലോട്ടറിയിലും നിക്ഷേപിക്കാവുന്നതാണ്. ദുബായ് എയര്‍പോര്‍ട്ടിലെ മില്യനെയര്‍ ലോട്ടറി, അബുദാബിയിലെ സൂപ്പര്‍ കാര്‍, യൂറോപ്പിലെ യൂറോ മില്യണ്‍ എന്നിങ്ങനെ ഏതും. മക്കാവുവിലെ കാസിനോയിലോ ലാസ് വേഗാസിലെ സ്ലോട്ട് മെഷീനിലോ ഒക്കെ ധൈര്യമായി ഈ ഒരു ശതമാനം അടിച്ചു പൊളിക്കാം (ഇന്റര്‍നെറ്റില്‍ അയച്ചുതരുന്ന മുപ്പത് മില്യണ്‍ ഫ്രീ ലോട്ടറിയില്‍ മാത്രം വേണ്ട). ഇതിലൊക്കെ ലാഭം കിട്ടാനുള്ള സാധ്യത തീരെ കുറവാണ്. പക്ഷെ കിട്ടിയാല്‍ നിങ്ങളുടെ ജീവിതം മാറിമറിയും. ലോട്ടറി കിട്ടുമോ ഇല്ലയോ എന്നത് നമുക്ക് പറയാന്‍ കഴിയില്ലെങ്കിലും ലോട്ടറിയെടുക്കാത്ത ആള്‍ക്ക് ഒരിക്കലും കിട്ടില്ല എന്നുറപ്പാണ്. അതുകൊണ്ടുതന്നെ തീരെ ചാന്‍സ് കുറവാണെങ്കിലും നമ്മുടെ സമ്പാദ്യത്തിന്റെ ഒരുശതമാനം ഇതില്‍ നിക്ഷേപിക്കുന്നതില്‍ ഒരുതെറ്റുമില്ല. മാസത്തില്‍ ഒരു ലോട്ടറി മേടിച്ച് പലയാളുകളും ലക്ഷപ്രഭുക്കളോ കോടീശ്വരന്മാരോ ആയിട്ടുണ്ട്. പക്ഷെ ആരും അതുകൊണ്ട് നശിച്ചുപോയിട്ടില്ല.

ഇത്രയും കാര്യങ്ങള്‍ അടിസ്ഥാനപരമായി ചെയ്തുകഴിഞ്ഞാല്‍ ഇനിയാണ് ശ്രദ്ധിക്കേണ്ട കാര്യം. നമ്മുടെ പിരമിഡിലെ ഓരോ നിലയുടെയും പുരോഗതിയനുസരിച്ച് പണം പുനര്‍നിക്ഷേപിക്കണം. ഉദാഹരണത്തിന്, നാട്ടിലെ സ്ഥലത്തിന്റെ വില ഇരട്ടിച്ച് എന്റെ കൈയ്യിലുള്ള ഡോളറിന്റെ മുകളില്‍ പോയാല്‍ പതുക്കെ അതുവിറ്റ് അടിസ്ഥാനം വീണ്ടും ശക്തിപ്പെടുത്തണം. അതുപോലെതന്നെ ഷെയറിന്റെ കാര്യവും. ഷെയര്‍ വില കൂടിവന്നാല്‍ അതുവിറ്റ് ഷെയറിലുള്ള മൊത്തം തുക കുറച്ച് സ്വര്‍ണമോ ഫ്‌ളാറ്റോ ഒക്കെ ആക്കാം.

ഇനി ഒരിക്കലും ചെയ്യരുതാത്ത കാര്യവുമുണ്ട്. നമ്മുടെ റിസ്‌ക് കൂടിയ ഇന്‍വെസ്‌റ്‌മെന്റില്‍ നല്ല റിട്ടേണ്‍ കണ്ടാല്‍ റിസ്‌ക് കുറഞ്ഞ ഇന്‍വെസ്റ്റ്‌മെന്റ് മുകളിലേക്ക് മാറ്റരുത്. ഫിക്‌സഡ് ഡെപ്പോസിറ്റ് എടുത്ത് ഷെയര്‍ മേടിക്കരുത്. ഭൂമി വിറ്റ് സിനിമപിടിക്കുകയോ ബ്ലേഡിലിടുകയോ ചെയ്യരുത്. റിയല്‍ എസ്റ്റേറ്റിന്റെ വില കുതിക്കുകയും ഷെയര്‍ മാര്‍ക്കറ്റ് തിളങ്ങുകയുമൊക്കെ ചെയ്യുന്ന കാലത്ത് ഫിക്‌സഡ് ഡിപ്പോസിറ്റ് പൊട്ടിച്ചോ, സ്വര്‍ണ്ണം വിറ്റോ പണയം വെച്ചോ, എന്തിന് ബാങ്ക് ലോണെടുത്ത് വരെ ഷെയറിലും ഭൂമിയിലും ഇടാന്‍ തോന്നുന്നത് സ്വാഭാവികമാണ്. ജീവിതത്തില്‍ പൊട്ടിപ്പാളീസാകുന്നവര്‍ മുഴുവന്‍ മുകളിലേക്ക് ഇത്തരം നിക്ഷേപങ്ങള്‍ പാസ് ചെയ്യുന്നവരാണ്.

ഈപ്പറഞ്ഞ അഞ്ചു രസങ്ങള്‍ കൂടാതെ ഞാന്‍ തന്നെ ഗവേഷണം ചെയ്തു കണ്ടുപിടിച്ചു നടപ്പാക്കുന്ന നാലു നിക്ഷേപങ്ങള്‍ വേറെയുമുണ്ട്. നിക്ഷേപിക്കാന്‍ നമുക്കുള്ളത് പണം മാത്രമല്ല, സമയവും കൂടിയാണ് എന്നതാണ് ആദ്യത്തെ കണ്ടുപിടുത്തം. നമ്മുടെ പണം എവിടെ നിക്ഷേപിക്കുന്നു എന്നതുപോലെ തന്നെയാണ് നമ്മുടെ സമയം എവിടെ നിക്ഷേപിക്കുന്നു എന്നതും. നമ്മുടെ പണം വര്‍ദ്ധിപ്പിക്കാന്‍ അധികം സമയം നിക്ഷേപിക്കേണ്ട കാര്യമില്ല. പക്ഷെ, ഇനി പറയുന്ന നാല് നിക്ഷേപങ്ങളില്‍ പണത്തിലുമധികം സമയമാണ് നിക്ഷേപിക്കേണ്ടി വരുന്നത്. പക്ഷേ, വരുമാനം ഗംഭീരമാണ്.

നമ്മില്‍ നിക്ഷേപിക്കുക: ലോകത്തെ ഏറ്റവും ബെസ്‌റ് നിക്ഷേപം സ്വയം നമ്മില്‍ നടത്തുന്നതാണ്. അത് പുതിയ എന്തെങ്കിലും പഠിക്കുന്നതിലാവാം, ഒരു സര്‍ട്ടിഫിക്കേഷന്‍ എടുക്കുന്നതില്‍ ആകാം, യാത്ര ചെയ്യുന്നതിലാകാം, ആരോഗ്യപരിപാലനത്തിലാകാം. നമ്മള്‍ നമ്മുടെ കഴിവും നെറ്റ്‌വര്‍ക്കും വികസിപ്പിക്കാന്‍ ചെലവാക്കുന്ന സമയത്തിന്റെയും തുകയുടെയും അത്രയും സ്ഥിരതയുള്ളതും വരുമാനസാധ്യതയുള്ളതുമായ ഒരു നിക്ഷേപവും വേറെയില്ല. കാരണം, ഒരു പ്രധാനമന്ത്രിക്കും യുദ്ധത്തിനും ഇത് അടിച്ചുമാറ്റാന്‍ പറ്റില്ല.

ഒരുദാഹരണം പറയാം. ഞാന്‍ ബ്രൂണെയില്‍ ജോലിചെയ്യുന്ന കാലത്ത് ഐക്യരാഷ്ട്രസഭയുടെ നേതൃത്വ പരിശീലനകേന്ദ്രത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിശീലനപരിപാടിക്ക് എനിക്ക് അവസരം കിട്ടി. അയ്യായിരം ഡോളറാണ് ഫീസ്. യാത്രയും താമസസൗകര്യവും ചേര്‍ന്ന് അത്രതന്നെ വേറെയും വരും. ഇതെന്റെ രണ്ടുമാസത്തെ ശമ്പളത്തോളം വരും. ഞാന്‍ എന്റെ ഹ്യൂമന്‍ റിസോഴ്‌സസ് മാനേജരോട് കാര്യം പറഞ്ഞു.

'But Muralee, you are on a short term contract with us. So we can’t invest in you'

ഏതാണെങ്കിലും കോഴ്‌സിന് പോകുവാന്‍ ഞാന്‍ തീരുമാനിച്ചു. ഒരുമാസത്തെ അവധിക്ക് അപേക്ഷയുമായി ചെന്ന എന്നോട് അദ്ദേഹം ചോദിച്ചു.

'This is too much money. Do you really want to spend it?'

അദ്ദേഹത്തോട് ഭവ്യമായി ഞാന്‍ പറഞ്ഞു.

'Sir, Im on a long term contract with myself, so this is my investment in me'

ഐക്യരാഷ്ട്രസഭയെപ്പറ്റി അറിയാനും ലോകത്തിലെ നൂറോളം രാജ്യങ്ങളിലെ സമപ്രായക്കാരുമായി അടുത്തിടപഴകാനും ലോകനേതാക്കളുമായി താരതമ്യം ചെയ്യാനുമൊക്കെ അന്നുകിട്ടിയ അവസരമാണ് പില്‍ക്കാലത്ത് എനിക്ക് കരിയറിലും ശമ്പളത്തിലുമൊക്കെ വന്‍നേട്ടങ്ങള്‍ തന്നത്. അന്നത്തെ പതിനായിരം ഡോളര്‍ ബാങ്കിലോ സ്വര്‍ണത്തിലോ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് ഒരു ലക്ഷം ഡോളറായേനെ. എന്നാല്‍ എന്നില്‍ ഇന്‍വെസ്റ്റ് ചെയ്തപ്പോള്‍ അതിന്റെ മൂല്യം എത്രയോ മടങ്ങായി. അതാണ് സെല്‍ഫില്‍ ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യുക എന്ന് പറയുന്നത്.

രണ്ടാമത്തെ ഇന്‍വെസ്റ്റ്‌മെന്റ് നമ്മുടെ കുട്ടികളിലാണ്. വിദ്യാഭ്യാസത്തില്‍ നടത്തുന്ന നിക്ഷേപം ഏറെ ലാഭകരമാണെന്ന് ലോകത്ത് അനവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ കുട്ടികള്‍ക്ക് പറ്റാവുന്നത്ര മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് ചെലവാക്കുന്ന പണവും സമയവും ഉഗ്രന്‍ നിക്ഷേപമാണ്.

മൂന്നാമത്തേത് ബന്ധുക്കളിലും ബന്ധങ്ങളിലുമാണ്. ഇത് പണം കൊണ്ടുതന്നെ ആകണമെന്നില്ല. നിങ്ങളുടെ സമയമാണ് പലപ്പോഴും ബന്ധുക്കള്‍ ആഗ്രഹിക്കുന്നതും ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടതും. ബന്ധുക്കളിലും സുഹൃത്തുക്കളിലും നടത്തുന്ന ഇന്‍വെസ്റ്റ്‌മെന്റ് ഏതാണ്ട് ഷെയര്‍ കച്ചവടം പോലെയാണ്. ചിലതില്‍ നിന്നൊന്നും തിരിച്ചുകിട്ടില്ല. ചെലവാക്കിയ പണവും സമയവും പോയതുതന്നെ. നന്നായിവരുന്ന പത്തുശതമാനം ബന്ധങ്ങള്‍ മതി നഷ്ടപ്പെട്ട തൊണ്ണൂറു ശതമാനത്തിലും മുടക്കിയ മുതല്‍ തിരിച്ചുപിടിക്കാന്‍.

ഇനിയുള്ളത് നമ്മുടെ സമൂഹത്തില്‍ നമ്മള്‍ നിക്ഷേപിക്കുന്നതാണ്. നമ്മള്‍ സ്വന്തമായിട്ടോ കുട്ടികളിലോ എന്തൊക്കെ ഇന്‍വെസ്റ്റ്‌മെന്റ് നടത്തിയാലും സമൂഹത്തില്‍ അസ്ഥിരത ഉണ്ടായാല്‍ അതിനൊന്നും അര്‍ത്ഥമില്ലാതാകും. ചിലപ്പോള്‍ എല്ലാമിട്ടെറിഞ്ഞ് ഓടിപ്പോകേണ്ടിയും വരാം. അതുകൊണ്ടുതന്നെ നമ്മള്‍ ജീവിക്കുന്ന സമൂഹത്തിലെ നിക്ഷേപം പ്രധാനമാണ്.

സമൂഹത്തില്‍ നിക്ഷേപിക്കാന്‍ പണം മാത്രമല്ല, നമ്മുടെ അറിവും ബന്ധങ്ങളും ഉപയോഗിക്കാം. അത് രണ്ടുതരത്തില്‍ ചെയ്യാം. ഒന്നുകില്‍ സമൂഹത്തില്‍ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി പണം ചെലവാക്കാം, ഉച്ചനീചത്വങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കാം, അങ്ങനെ അസ്ഥിരത ഒഴിവാക്കാം. പക്ഷെ ഇത് വ്യക്തിഗതമായി ശ്രമിക്കുന്നതിന് പരിധിയുണ്ട്. നമ്മള്‍ വിചാരിച്ചാല്‍ പത്തുകുട്ടികളെ പഠിപ്പിക്കാം. അല്ലെങ്കില്‍ ഒരാള്‍ക്ക് വീടുവെച്ചുകൊടുക്കാം. നൂറുകുട്ടികള്‍ക്ക് ട്യൂഷന്‍ കൊടുക്കാം -എന്നിങ്ങനെ. ഇതൊക്കെ നല്ലതും ചെയ്യേണ്ടതുമാണ്. പക്ഷെ അതുകൊണ്ട് സമൂഹം മാറുമെന്ന് പ്രതീക്ഷിക്കാന്‍ പറ്റില്ല.

പക്ഷെ സമൂഹത്തില്‍ നിക്ഷേപിക്കാന്‍ മറ്റൊരു മാര്‍ഗ്ഗം കൂടിയുണ്ട്. നമ്മുടെ ചുറ്റും സമൂഹത്തില്‍ ഇടപെടുന്ന മാറ്റത്തിന്റെ പോരാളികള്‍ ഉണ്ട്. ഇവര്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആകാം, സിവില്‍ സെര്‍വന്റ്‌സ് ആകാം, മാധ്യമ പ്രവര്‍ത്തകര്‍ ആകാം, സ്ത്രീ ശാക്തീകരണത്തിന് പ്രവര്‍ത്തിക്കുന്നവര്‍ ആകാം. അവരില്‍ നിക്ഷേപിക്കുക. ഉദാഹരണത്തിന് എന്റെ കൈയില്‍ രണ്ടുലക്ഷം രൂപയുണ്ടെങ്കില്‍ എനിക്കൊരു എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ നാലുവര്‍ഷം സ്‌പോണ്‍സര്‍ ചെയ്യാം. എന്നാല്‍ ഇതേ പഠനം നമ്മുടെയൊരു എംഎല്‍എയോ വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉഗസ്ഥനെയോ നെതര്‍ലാന്‍ഡ്‌സില്‍ വിദ്യാഭ്യാസ വായ്പാ സമ്പ്രദായത്തെപ്പറ്റി മനസ്സിലാക്കാന്‍ വേണ്ടി പത്തുദിവസം ഹോളണ്ടിലയച്ച് പരീശീലിപ്പിക്കാം. അവിടെ കാണുന്ന പാഠങ്ങള്‍ ചിലതെങ്കിലും ഇവര്‍ നാട്ടില്‍ നടപ്പിലാക്കിയാല്‍ പതിനായിരക്കണക്കിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ പഠനത്തിന് അത് സഹായമാകും. ഇതിനാണ് കൂടുതല്‍ ലിവറേജ് കിട്ടുന്നത്.

ഗള്‍ഫിലും യൂറോപ്പിലുമൊക്കെയുള്ള മലയാളി അസോസിയേഷനൊക്കെ നാട്ടില്‍പോയി നൂറു കുട്ടികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പും നാലുപേര്‍ക്ക് വീടും വെച്ചുകൊടുക്കുന്ന സമയത്ത് ഹോങ്കോങ്ങിലെ പബ്ലിക് ഹൗസിംഗിനെപ്പറ്റിയോ ജര്‍മ്മനിയിലെ സൗജന്യ വിദ്യാഭ്യാസത്തെപ്പറ്റിയോ നാട്ടിലെ നേതാക്കളെയോ മാധ്യമപ്രവര്‍ത്തകരെയോ സിവില്‍ സെര്‍വന്റസിനെയോ ഒക്കെ അവിടെ കൊണ്ടുപോയി പഠിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ചിലപ്പോള്‍ ആഗ്രഹിക്കാറുണ്ട്.

(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ ആണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്).

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram