ലോകത്തിലെ പല നേതാക്കന്മാർക്കും ക്ഷതമുണ്ടാകുകയും ചെറുപ്പക്കാർ അധികാരത്തിൽ വരുകയും ചെയ്യുന്ന ഈ സമയത്ത് പ്രായംകൊണ്ടും അനുഭവ സമ്പത്തുകൊണ്ടും അംഗീകരിക്കപ്പെട്ട രണ്ട് നേതാക്കന്മാർ പൂർവാധികം ശക്തിയോടെ വീണ്ടും അധികാരത്തിൽ വന്നിരിക്കുന്നു. ചൈനയിൽ ഷി ജിൻ പിങ്ങും ജപ്പാനിൽ ഷിൻസോ ആബെയും അടുത്ത കാലാവധി വരെ തുടരുമെന്ന് തീർച്ചയായി. രണ്ടുപേരും നീണ്ടകാലം നേതൃത്വത്തിൽ തുടർന്ന് രണ്ട് വ്യത്യസ്ത പഥങ്ങളിലൂടെ അംഗീകാരം നേടിയിരിക്കുന്നു.
ചൈനയിൽ ഷി പത്തു വർഷത്തിനുശേഷവും അധികാരത്തിൽ തുടരുമെന്ന് സൂചനകളുണ്ട്. ആബെ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിൽ അടുത്ത നാലുവർഷത്തേക്ക് കൂടി തിരഞ്ഞെടുക്കപ്പെട്ടു. സ്വന്തം പാർട്ടിക്ക് മാത്രമായി ഭരിക്കാനുള്ള ഭൂരിപക്ഷം അദ്ദേഹത്തിനു ലഭിച്ചു.
അമേരിക്കയിലും ഫ്രാൻസിലും ജർമനിയിലും ഇന്ത്യയിലും അധികാരത്തിലുള്ള നേതാക്കന്മാർക്ക് ജനപിന്തുണ കുറയുന്ന സമയത്താണ് ഷിയും ആബെയും വീണ്ടും അധികാരത്തിൽ വരുന്നത്. അതിനാൽ അവരുടെ സ്വാധീനവും ശക്തിയും ലോക വ്യാപകമായിത്തന്നെ പ്രതിഫലിക്കും. മറ്റു രാജ്യങ്ങൾ വളരെ ശ്രദ്ധയോടെയായിരിക്കും ഇവരുടെ പുതിയ നീക്കങ്ങൾ വിലയിരുത്തുന്നത്.
ചൈനയുടെ പുതിയ ശില്പി
പത്തൊമ്പതാമത് ചൈനീസ് പാർട്ടി കോൺഗ്രസിൽ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കിലും ഷിയുടെ പുതിയ കിരീട ധാരണം ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കമായി അംഗീകരിക്കപ്പെട്ടത് അസാധാരണമായിരുന്നു. അഞ്ചുവർഷം മുമ്പ് അദ്ദേഹം നേതൃത്വം ഏറ്റെടുത്തപ്പോൾത്തന്നെ ഡെങ് സിയാവോ പിങ്ങിനുശേഷം ഉണ്ടായ ഏറ്റവും വലിയ നേതാവായി അദ്ദേഹം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഇത്തവണത്തെ പാർട്ടി കോൺഗ്രസ് കഴിഞ്ഞപ്പോൾ അദ്ദേഹം മാവോയെയും ഡെങ്ങിനെയും പോലെ പുതിയ ചൈനയുടെ ഒരു ശില്പിയായി ഉയരുമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.
അദ്ദേഹത്തിന്റെ പേരും ആശയങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണഘടനയിൽ എഴുതിച്ചേർത്തു എന്നതാണ് പ്രധാനമായ ഒരു സംഭവവികാസം. പോരെങ്കിൽ 2022-നുശേഷം അധികാരത്തിൽ വരുന്നത് ആരായിരിക്കണമെന്ന് ഒരു സൂചനയും ഉണ്ടായില്ല. ഇത് സാധാരണ നടപടി ക്രമത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു. അതിന്റെ അർഥം ഷി തന്നെ തുടരും എന്നുള്ളതാണ്.
പ്രായപരിധിയും ആചാരവും മറികടക്കുന്നതായിരിക്കും ഇതിന്റെ പരിണതഫലം. അടുത്ത നേതാവിന് വേണ്ടത്ര പരിശീലനം നൽകാനുള്ള അവസരവും അനാവശ്യമാണെന്നാണ് പാർട്ടിയുടെ തീരുമാനം. പുതിയ പൊളിറ്റ് ബ്യൂറോയിലെ അംഗങ്ങളെല്ലാം 60 വയസ്സു കഴിഞ്ഞവരായതിനാൽ അവർക്കാർക്കും നേതൃത്വം ലഭിക്കാനിടയില്ലെന്നും അഭിപ്രായമുണ്ട്.
ഷിയുടെ മൂന്നര മണിക്കൂർ നീണ്ടു നിന്ന പ്രസംഗത്തിൽ ‘പുതിയ കാലഘട്ടം’ എന്ന ആശയം മുപ്പത്താറുതവണ ആവർത്തിച്ചിരുന്നു. മാവോയുടെ വിപ്ളവത്തിനും ഡെങ്ങിന്റെ സാമ്പത്തികപരിഷ്കാരങ്ങൾക്കുംശേഷം ഷിയുടേതായ ഒരു പുതിയ കാലഘട്ടം ആയിരിക്കും വരുക എന്നാണ് പ്രതീക്ഷ. സാമ്പത്തികവികസനം കൂടാതെ ലോകത്ത് ആധിപത്യം സ്ഥാപിക്കുക എന്നതും ഷിയുടെ അജൻഡയിലുണ്ട്. ചൈനയെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കുന്നതിനും ചൈനീസ് സൈന്യത്തെ അതിനനുസരിച്ച് ശക്തിപ്പെടുത്തുന്നതിനും ഷിയുടെ തുടർച്ചയായ ഭരണം ആവശ്യമാണെന്നാണ് തീരുമാനം.
കരുതിയിരിക്കണം ഇന്ത്യ
ചൈനയുടെ സമാധാനപരമായ ഉയർച്ചയുടെ കാലഘട്ടത്തിനുശേഷം അക്രമസ്വഭാവമുള്ള ഒരു വിദേശനയം സ്വീകരിക്കാനാണ് ചൈന തയ്യാറാകുന്നത്. അതേസമയംതന്നെ ചൈനയ്ക്കുള്ളിൽ ഷിയുടെ പ്രഭാവം വർധിപ്പിക്കേണ്ടതും ആവശ്യമാണ്. ഇതിന്റെ ഫലമായി അയൽരാജ്യങ്ങളോടുള്ള നയം കടുപ്പത്തിലാകാൻ സാധ്യതയുണ്ട്. ഇന്ത്യയ്ക്കും ജപ്പാനുമായിരിക്കും ഈ നയത്തെ നേരിടേണ്ടിവരിക. ഉത്തരകൊറിയയുടെ കാര്യത്തിലും ചൈന കൂടുതൽ ശക്തമായി പ്രതികരിക്കാനും ഇടയുണ്ട്. അമേരിക്കയെയായിരിക്കും ചൈന ഏറ്റവും വലിയ എതിരാളിയായി കാണുക. ഇതിലെല്ലാം ഉള്ള വെല്ലുവിളികളെ നേരിടാൻ തയ്യാറെടുക്കുകയാണ് ഷി.
അയൽരാജ്യങ്ങളെപ്പറ്റി പറയുമ്പോൾ ഷി പ്രശ്നങ്ങൾ പരിഹരിക്കാൻ സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ഭാവിയിലെ നിലപാടുകൾ കർക്കശമാക്കാനാണ് സാധ്യത. ഇന്ത്യ-ചൈന അതിർത്തിയിലും ദക്ഷിണ ചൈനാ സമുദ്രത്തിലും ആയിരിക്കും അദ്ദേഹം ശ്രദ്ധിക്കുക. ഡോക് ലാം സംഭവത്തിനുശേഷം ചൈന-ഇന്ത്യ അതിർത്തിയിൽ സങ്കീർണത വർധിക്കാനാണ് സാധ്യത. ‘ബെൽറ്റ് റോഡ്’ പദ്ധതി ലോകത്തെ അടിച്ചേൽപ്പിക്കാനുള്ള പ്രവണതയും ഇന്ത്യയെ കൂടുതൽ അലോസരപ്പെടുത്തും.
ആഭ്യന്തരപ്രശ്നങ്ങളും പരിസ്ഥിതിപ്രശ്നങ്ങളും ഷിയുടെ വെല്ലുവിളികളായി തുടരുമെങ്കിലും ഇന്നത്തെ സ്ഥിതിയിൽ ചൈന പുരോഗതിനേടാനുള്ള സാധ്യതകളാണ് കൂടുതൽ. അഴിമതിക്കും അച്ചടക്കരാഹിത്യത്തിനുമെതിരേ ശക്തമായി പ്രവർത്തിക്കുമെന്ന് ഷി പ്രതിജ്ഞയെടുത്തിരിക്കുകയാണ്. സുദൃഢമായ നേതൃത്വം ചൈനയ്ക്ക് സഹായകരമാകുമെന്ന് സംശയമില്ല. അധികാരത്തിൽ തുടർന്നില്ലെങ്കിൽപ്പോലും ഷി ചൈനയുടെ അനിഷേധ്യനേതാവായിരിക്കും. മറ്റു രാജ്യങ്ങൾ അദ്ദേഹത്തിനോട് സഹകരിച്ചു പ്രവർത്തിക്കാനായിരിക്കും. ശ്രമിക്കുക.
ആബെ എന്ന സുഹൃത്ത്
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഷിൻസോ ആബെയുടെ വിജയം വളരെ അനുകൂലമാണ്. ഇന്ത്യയുമായുള്ള ബന്ധത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന നയമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ആണവക്കരാർ, പ്രതിരോധസഹകരണം മുതലായ കാര്യങ്ങളിൽ ആബെ ഇന്ത്യയോടുള്ള നയത്തിൽ പുതിയ അധ്യായങ്ങൾ തുറന്നിരിക്കയാണ്. ചൈനയുടെ വെല്ലുവിളി നേരിടാൻ ഇന്ത്യ ജപ്പാനെയായിരിക്കും ആശ്രയിക്കുക. അമേരിക്ക ഏഷ്യയിൽനിന്ന് പിന്മാറുകയാണെങ്കിൽ ഇന്ത്യ, ജപ്പാൻ സഖ്യമായിരിക്കും ചൈനയെ അഭിമുഖീകരിക്കുക.
ഉത്തരകൊറിയപ്രശ്നമാണ് ആദ്യമായി പരിഹരിക്കേണ്ടത് എന്നായിരുന്നു ആബെ തിരഞ്ഞെടുപ്പിനുശേഷം ആദ്യ പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ ചൈനയുടെ സഹകരണവും ആവശ്യമായി വരും. സൈന്യം ആവശ്യമില്ല എന്ന ജാപ്പനീസ് നയം ആബെ നേരത്തേത്തന്നെ നിരാകരിച്ചിരുന്നു. ജപ്പാൻ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ സൈനികശക്തി, നയതന്ത്ര പ്രാഗല്‌ഭ്യം, സാമ്പത്തികശക്തി മുതലായ കാര്യങ്ങൾ ആവശ്യമാണെന്ന് ആബെ മനസ്സിലാക്കുന്നുണ്ട്. അമേരിക്കയുമായും ഇന്ത്യയുമായും ബന്ധങ്ങൾ മെച്ചപ്പെടുത്താനും ആബെ പ്രതിജ്ഞാബദ്ധമാണ്.
അദ്ദേഹത്തിന്റെ ഗുജറാത്ത് സന്ദർശനം ഇന്ത്യയുമായുള്ള ബന്ധങ്ങളെ പുതിയതലങ്ങളിലേക്ക് ഉയർത്തുകയുണ്ടായി. സാങ്കേതിക കാര്യങ്ങളിൽ ഇന്ത്യയോടുചേർന്ന് ഒരു വിപ്ലവം സൃഷ്ടിക്കാൻ തന്നെയാണ് ജപ്പാൻ ശ്രമിക്കുന്നത്. പ്രസിഡന്റ് ട്രംപിന്റെ ആദ്യത്തെ ഏഷ്യൻ സന്ദർശനസമയത്ത് വ്യക്തമായ അമേരിക്കൻ നയം രൂപവത്‌കരിക്കപ്പെടുമെന്നാണ് ജപ്പാന്റെ പ്രതീക്ഷ.
എന്നാലും ട്രംപിന്റെ നയപരിപാടികളെ വിശ്വസിക്കാനാവില്ല. എന്നതുകൊണ്ട് ഇന്ത്യയുമായുള്ള ബന്ധം സ്വാഭാവികമായും ശക്തിപ്പെടും. ആ ബന്ധത്തിലൂടെയാണ് പസഫിക്കിലെ സമാധാനവും സ്ഥിരതയും നിലനിർത്താൻ കഴിയുക എന്ന് രണ്ടുരാജ്യങ്ങളും വിശ്വസിക്കുന്നു. ജപ്പാന്റെ വിശേഷിച്ചും ആബെയുടെ ഉയർച്ചയിൽ ഇന്ത്യക്ക് ആശ്വസിക്കാൻ കഴിയും. ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങൾ സഹകരിച്ച് മുന്നോട്ടുപോകണമെന്നാണ് ആബെ ആഗ്രഹിക്കുന്നത്.
ഷി ജിൻ പിങ്ങിന്റെയും ഷിൻസോ ആബെയുടെയും ശക്തമായ നേതൃത്വം ചൈനയുടെയും ജപ്പാന്റെയും നയങ്ങളിൽ പ്രവചനീയത സൃഷ്ടിക്കുമെന്നുള്ളത് ആശ്വാസജനകമാണ്. ചൈനയുടെ പിടിവാദവും അധീശാധികാരവാദവും ലോകത്തിന് നേരിടേണ്ടിവരുമ്പോൾ ജപ്പാൻ, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങൾ മുന്നോട്ടുവരുമെന്നും ലോകം പ്രതീക്ഷിക്കുന്നു.
(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്നു ലേഖകൻ)