ജയ്ദീപ് ഗുപ്ത (സംസ്ഥാന സർക്കാർ)
വിധി പുനഃപരിശോധിക്കാൻ കാരണമൊന്നുമില്ല. ഒഴിച്ചുകൂടാനാവാത്ത ആചാരങ്ങൾ എന്നത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. മതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ആചാരങ്ങളും ക്ഷേത്രത്തിന്റെ ആചാരങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ഓരോ ക്ഷേത്രത്തിന്റെയും സവിശേഷതകൾ നോക്കിയാൽ ഓരോന്നിനും അത്തരം ആചാരങ്ങളുണ്ടാകും. അതിനാൽ ഓരോരോ ക്ഷേത്രത്തിന്റെയും ആചാരങ്ങൾ മതപരമായി ഒഴിച്ചുകൂടാനാവാത്തതാണെന്നു വിലയിരുത്താനാവില്ല. ശബരിമലയിലെ വിലക്കിൽ രണ്ടു മൗലികാവകാശങ്ങളാണ് ലംഘിക്കപ്പെടുന്നത്. അവിടെ വിവേചനവും ഒരുവിഭാഗത്തെ ഒഴിവാക്കലും നടക്കുന്നുണ്ട്.
രാകേഷ് ദ്വിവേദി (ദേവസ്വം ബോർഡ്)
ആരാധനയ്ക്കുള്ള തുല്യസ്വാതന്ത്ര്യം ലംഘിക്കുന്ന ഏത് ആചാരവും ഭരണഘടനയുടെ 25-ാം വകുപ്പിനെതിരാണ്. യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള വിധി പുനഃപരിശോധിക്കാൻ കാരണമൊന്നുമില്ല. വിധിയെ എതിർത്തുകൊണ്ടുള്ള റിട്ടുഹർജികൾ നിലനിൽക്കുന്നതല്ല. ഭരണഘടനാ ധാർമികതയുമായി ചേർന്നുപോകുന്നതാവണം ക്ഷേത്രത്തിലെ ധാർമികത. തുല്യതാ തത്ത്വത്തിലൂന്നിയാണ് ഭരണഘടന മുന്നോട്ടുപോകുന്നത്.
കെ. പരാശരൻ (എൻ.എസ്.എസ്.)
ഭരണഘടനയുടെ 15-ാം വകുപ്പുപ്രകാരം പൊതുസ്ഥാപനങ്ങൾ എല്ലാവർക്കുമായി തുറന്നുകൊടുക്കുന്നതിൽ ക്ഷേത്രങ്ങൾ ഉൾപ്പെടില്ല. മതേതരസ്ഥാപനങ്ങൾക്കു മാത്രം ബാധകമാകുന്നതാണ് ആ വകുപ്പ്. അങ്ങേയറ്റം അനിഷ്ടകരമല്ലാത്ത ആചാരങ്ങളിൽ കോടതികൾ സാധാരണ ഇടപെടാറില്ലെന്ന് യഹോവാ സാക്ഷികളുടെ കേസിൽ നിരീക്ഷിച്ചതാണ്. തൊട്ടുകൂടായ്മ നിരോധിക്കുന്ന 17-ാം വകുപ്പും ഇവിടെ ബാധകമല്ല.
അഭിഷേക് മനു സിംഘ്‌വി (പ്രയാർ ഗോപാലകൃഷ്ണൻ)
ശാരീരികസവിശേഷതകളുടെ അടിസ്ഥാനത്തിൽ യുവതികൾക്കു നിയന്ത്രണമേർപ്പെടുത്തുന്നത്, അതിനു പ്രതിഷ്ഠയുടെ സ്വഭാവവുമായി ബന്ധമുള്ളതുകൊണ്ടാണ്. പ്രതിഷ്ഠ നൈഷ്ഠികബ്രഹ്മചാരിയാണെന്ന വിഷയം സെപ്റ്റംബർ 28-ലെ വിധിയിൽ പരിഗണിച്ചിട്ടില്ല. തൊട്ടുകൂടായ്മ വിലക്കുന്ന 17-ാം വകുപ്പ് ജാതിയും മതവുമായി ബന്ധപ്പെട്ടാണ്. വിശ്വാസങ്ങളിൽ പലതും യുക്തിരഹിതമായിരിക്കാം. ശബരിമലയിലേതു ക്ഷേത്രമാണ്, സയൻസ് മ്യൂസിയമല്ല. അതിനാൽ ഭരണഘടനാ ധാർമികത അവിടെ പ്രയോഗിക്കാനാവില്ല.
വി. ഗിരി (തന്ത്രി)
ഭരണഘടനപ്രകാരം ആരാധനയ്ക്കുള്ള വ്യക്തിയുടെ അവകാശം പ്രതിഷ്ഠയുടെ സ്വഭാവവുമായി യോജിച്ചുപോകുന്നതാവണം. പ്രതിഷ്ഠയുടെ സവിശേഷതയുമായി ബന്ധപ്പെട്ടാണ് ശബരിമലയിൽ യുവതികളെ നിയന്ത്രിക്കുന്നത്. അതിനു തൊട്ടുകൂടായ്മയുമായി ബന്ധമില്ല. അതു സ്ത്രീകളോടുള്ള വിവേചനമല്ല. ആർത്തവസമയത്ത് സാധാരണമായി സ്ത്രീകൾ ക്ഷേത്രത്തിൽ പോകാറില്ല. ശബരിമലയിൽ മാത്രമാണ് നിയന്ത്രണം. അത് അവിടത്തെ പ്രതിഷ്ഠ നൈഷ്ഠികബ്രഹ്മചാരിയായതുകൊണ്ടാണ്.
ശേഖർ നഫാഡെ (ബ്രാഹ്മണ സഭ)
പൊതുധാരയിൽ നിൽക്കുന്ന വിഷയമല്ലിത്. മറിച്ച്, ഒരു സമുദായത്തിനകത്തെ വിശ്വാസത്തിന്റെ വിഷയമാണ്. സതി പോലുള്ള ക്രിമിനൽ നിയമങ്ങൾക്കു കീഴിൽ വരുന്ന നടപടികളില്ലാത്തപക്ഷം കോടതികൾ ഇടപെടരുത്.
സായി ദീപക് (പന്തളം രാജകുടുംബം)
സുപ്രീംകോടതി റദ്ദാക്കിയ കേരള ഹിന്ദു പൊതു ആരാധനാ സ്ഥല പ്രവേശനനിയന്ത്രണ ചട്ടത്തിലെ 3(ബി)യിൽ ശബരിമലയിലെ യുവതീവിലക്ക് ഉൾപ്പെടില്ല. രണ്ടു വിജ്ഞാപനങ്ങളിൽ മാത്രമാണ് നിശ്ചിത പ്രായപരിധിക്കുള്ളിലെ യുവതികളെ വിലക്കുന്നതിനെക്കുറിച്ച് പറയുന്നത്. ഒരു സമുദായത്തിലെ ആചാരം ഒഴിച്ചുകൂടാനാവാത്തതാണോ എന്നു കോടതി പരിശോധിക്കുമ്പോൾ ആ സമുദായത്തിന്റെ വാക്കുകൾ അംഗീകരിക്കണം.
വി.കെ. ബിജു (ശബരിമല കസ്റ്റം പ്രൊട്ടക്‌ഷൻ ഫോറം)
പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകളെ ശബരിമലയിൽ വിലക്കുന്നത് ആർത്തവം കാരണമാണെന്ന തന്ത്രിയുടെ സത്യവാങ്മൂലം തെറ്റാണ്. തന്ത്രത്തിൽ അങ്ങനെ പറയുന്നില്ല. തന്ത്രത്തിലെ പത്താമധ്യായത്തിൽ പറയുന്ന അശുദ്ധിയിൽ ആർത്തവം വരുന്നില്ല. എന്നിരിക്കേ, ആർത്തവമാണ് സ്ത്രീവിലക്കിനു കാരണമെന്ന തന്ത്രിയുടെ സത്യവാങ്മൂലത്തെ സ്ത്രീപ്രവേശ വിധിയിലേക്കെത്താൻ സുപ്രീംകോടതി ആശ്രയിച്ചത് തെറ്റാണ്. വിധി പുനഃപരിശോധിക്കണം.
ഇന്ദിര ജെയ്‌സിങ് (ബിന്ദു, കനകദുർഗ)
പൊതുസ്ഥലങ്ങളിൽ എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന ഭരണഘടനയുടെ 15(2) വകുപ്പിൽ ക്ഷേത്രങ്ങൾ ഉൾപ്പെടില്ലെന്ന പരാശരന്റെ (എൻ.എസ്.എസ്.) വാദം ശരിയല്ല. പൊതുജനം ഉപയോഗിക്കുന്ന എല്ലാ സ്ഥലവും എന്ന് പ്രസ്തുത വകുപ്പിന്റെ അവസാനം പറയുന്നുണ്ട്. വിധി എതിരാണ് എന്ന കാരണത്താൽ കലാപമുണ്ടാക്കുകയല്ല വേണ്ടത്.
Content Highlights: important arguments in Sabarimala review plea, Sabarimala Malayalam news, Sabarimala supreme court verdict