പ്രതീകാത്മ ചിത്രം
പെട്രോളിയം ഉത്‌പന്നങ്ങളുടെ വില ദിനംപ്രതി വർധിപ്പിക്കുന്ന മോദിസർക്കാർ നയം ജനങ്ങൾക്ക് താങ്ങാനാവാത്ത ഭാരമായിമാറിയിരിക്കുകയാണ്. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് തങ്ങൾ അധികാരത്തിൽവന്നാൽ പെട്രോൾ ലിറ്ററിന് 50 രൂപയ്ക്കും ഡീസൽ 40 രൂപയ്ക്കും നൽകുമെന്നായിരുന്നു ബി.ജെ.പി.യുടെ വാഗ്ദാനം. യു.പി.എ. സർക്കാർ പെട്രോൾ വിലനിയന്ത്രണം നീക്കംചെയ്ത നടപടി പുനഃപരിശോധിക്കും എന്നും അവർ വാഗ്ദാനംചെയ്തു. എന്നാൽ, അധികാരത്തിലേറിയ ഉടനെ ഡീസൽ വിലനിയന്ത്രണംകൂടി നീക്കംചെയ്ത് ദിവസേന പെട്രോൾ-ഡീസൽ വില നിശ്ചയിക്കുന്ന ‘ഡൈനാമിക് ഫ്യുവൽ പ്രൈസ് മെത്തേഡ്’ നടപ്പാക്കുകയാണ് ചെയ്തത്. ഇതുമൂലം പെട്രോൾ-ഡീസൽ വില കുറയും എന്നായിരുന്നു മോദി സർക്കാരിന്‍റെ വാദം. പുതിയ നയമനുസരിച്ച് ദിവസേന കാലത്ത് ആറുമണിക്ക് പെട്രോൾ-ഡീസൽ വില പുതുക്കിനിശ്ചയിക്കുന്നു. എണ്ണവില എല്ലാ നിയന്ത്രണവുംവിട്ട് കുതിച്ചുകയറുന്നത് കേന്ദ്രസർക്കാരിന്‍റെ ഈ നയംമൂലമാണ്.
തലതിരിഞ്ഞ വാദങ്ങൾ
സംസ്ഥാനസർക്കാർ സംസ്ഥാന നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന് വാദിക്കുന്നവർ കേന്ദ്രസർക്കാരിന്റെ നികുതിഘടനയെക്കുറിച്ച് മനസ്സിലാക്കുന്നില്ല. പെട്രോൾ-ഡീസലിനുമേൽ കേന്ദ്രസർക്കാർ ചുമത്തുന്ന ‘എക്സൈസ്’ നികുതി സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതാണ്. എന്നാൽ, കേന്ദ്രം ചുമത്തുന്ന അടിസ്ഥാന എക്സൈസ് നികുതി 1.40 രൂപ മാത്രമാണ്. ഈ തുകയുടെ വിഹിതം മാത്രമേ സംസ്ഥാനങ്ങൾക്ക് നൽകേണ്ടതുള്ളൂ. കേന്ദ്രസർക്കാർ ഇപ്പോൾ ചുമത്തുന്ന മൊത്തം നികുതി പെട്രോൾ ലിറ്ററിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ്.
കഴിഞ്ഞ ആറുവർഷത്തിനിടയിൽ പെട്രോൾ-ഡീസൽ കേന്ദ്രനികുതി 300 ശതമാനം വർധിച്ചു. ഇതുവഴി കേന്ദ്രസർക്കാരിന് ലഭിക്കുന്നത് വൻതുകയാണ്.
2020-'21 സാമ്പത്തികവർഷത്തിൽ 2020 ഏപ്രിൽ ഒന്നുമുതൽ ഡിസംബർ 31 വരെ (10 മാസം) കേന്ദ്രത്തിന് പെട്രോൾ-ഡീസൽ എക്സൈസ് നികുതി വരവ് 2.94 ലക്ഷം കോടി രൂപയാണ് (കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ ലോക്‌സഭയിൽ നൽകിയ വിവരം). കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നതിന്റെ സ്വഭാവം ഈ കണക്കുകൾ വ്യക്തമാക്കും.
പെട്രോൾ-ഡീസൽ നികുതികൾ 300 ശതമാനമാണ് കേന്ദ്രസർക്കാർ വർധിപ്പിച്ചത്. പെട്രോളിന്റെ വിൽപ്പനവിലയുടെ 68.84 ശതമാനവും ഡീസൽ വിലയുടെ 56.55 ശതമാനവും നികുതിയാണ്.
സംസ്ഥാന സർക്കാരുകൾ ഈടാക്കുന്നത് വിൽപ്പനനികുതിയാണ്. കേരളം പെട്രോളിന് ലിറ്ററിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും ഈടാക്കുന്നുണ്ട്. 2018-ൽ പെട്രോളിന്മേൽ ലിറ്ററിന് 31.8 രൂപയും ഡീസലിന് 24.52 രൂപയുമായിരുന്നത് താഴ്ത്തിയത് എൽ.ഡി.എഫ്. സർക്കാരാണ്.
2014-നും 2021-നുമിടയിൽ പെട്രോൾ-ഡീസൽ എക്സൈസ് നികുതി കേന്ദ്രം 12 തവണ വർധിപ്പിച്ചു. രണ്ടുതവണ മാത്രം ചെറിയ കുറവുവരുത്തി. പെട്രോൾ എക്സൈസ് ഡ്യൂട്ടിയിൽ 248 ശതമാനവും ഡീസൽ ഡ്യൂട്ടിയിൽ 794 ശതമാനവുമാണ് 2014-നുശേഷം വർധിപ്പിച്ചത്. പെട്രോൾ-ഡീസൽ എന്നിവയുടെ അടിസ്ഥാനവിലയെക്കാൾ ഉയർന്ന തുകയാണ് കേന്ദ്രം എക്സൈസ് നികുതിയായി കൈവശപ്പെടുത്തുന്നത്. അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡോയിലിന്റെ വില കുറയുമ്പോഴും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറച്ചില്ല. ക്രൂഡിന്റെ വിലക്കുറവിന്റെ ആനുകൂല്യം കേന്ദ്രസർക്കാർ തട്ടിയെടുത്തു. അയൽരാജ്യങ്ങളിലേതിനെക്കാളും കൂടിയ വിലയ്ക്കാണ് ഇന്ത്യയിൽ പെട്രോളും ഡീസലും വിൽക്കുന്നത്. നേപ്പാളിൽ പെട്രോൾ ലിറ്ററിന് 69.50 രൂപയ്ക്കും ഡീസൽ ലിറ്ററിന് 58.88 രൂപയ്ക്കും വിൽക്കുന്നു. ശ്രീലങ്കയിൽ പെട്രോൾ വില 51രൂപയാണ്.
കോർപ്പറേറ്റുകൾക്കു വേണ്ടി
പെട്രോളിയം മേഖലയിൽ ഉദാരീകരണനയങ്ങളുടെ ഭാഗമായി പ്രവേശനം നൽകപ്പെട്ട കോർപ്പറേറ്റുകൾക്കുവേണ്ടിയാണ് ബി.ജെ.പി. സർക്കാരിന്റെ മേൽപ്പറഞ്ഞ നയം. പെട്രോൾ-ഡീസൽ വിലവർധന റോഡ് ട്രാൻസ്പോർട്ട് വ്യവസായമേഖലയുടെ നട്ടെല്ലൊടിക്കും. ഒരു ഓട്ടോറിക്ഷ ഒരു പകൽ മുഴുവൻ സർവീസ് നടത്താൻ അഞ്ചുലിറ്റർ ഡീസൽ ഉപയോഗിച്ചാൽ ഇക്കഴിഞ്ഞ 15 മാസം ഉണ്ടായ അധികച്ചെലവ് 27,000 രൂപയായിരിക്കും.
ടാക്സി, ചെറുകിട വാഹനങ്ങൾ ദിവസം ശരാശരി ഒമ്പതുലിറ്റർ ഡീസൽ ഉപയോഗിച്ചാൽ 48,000 രൂപ അധികച്ചെലവുവരും. നാഷണൽ പെർമിറ്റ് ലോറി ദീർഘദൂര സർവീസിന് 150 ലിറ്റർ ഡീസൽ ദിവസേന ഉപയോഗിച്ചാൽ അധികചെലവ് എട്ടുലക്ഷം രൂപയായിരിക്കും. പൊതുമേഖല-സ്വകാര്യ ബസുകളുടെ അവസ്ഥ ഇതുതന്നെയാണ്. ആയിരക്കണക്കിന് വാഹനങ്ങൾ ഓട്ടം നിർത്തി. പതിനായിരക്കണക്കിനു തൊഴിലാളികളുടെ ജോലി നഷ്ടപ്പെട്ടു.
ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ട്രേഡ് യൂണിയനുകളുടെ ഐക്യസമിതി 2021 ജൂൺ 21-ന് എല്ലാ വാഹനങ്ങളും 15 മിനിറ്റ് (11:00-11:15) നിർത്തിയിടുന്ന ഒരു പ്രതിഷേധസമരം നടത്താൻ തീരുമാനിച്ചത്. ഈ സമരം ജനവിരുദ്ധനയങ്ങൾ സ്വീകരിക്കുന്നവർക്ക് ഒരു താക്കീതായിമാറണം.
(രാജ്യസഭാംഗമാണ് ലേഖകൻ)