ഡോ. എസ്. അയ്യപ്പൻ തയ്യാറാക്കിയ കരടുനയത്തിന് അനുകൂലമായ പ്രതികരണങ്ങളാണ് ഏറെയും ഉയർന്നുവന്നത്. എന്നാൽ, ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന നയത്തിൽ കാതലായ രണ്ട് വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ മാറ്റങ്ങൾ ചെറുകിട മീൻപിടിത്തക്കാരുടെ താത്‌പര്യങ്ങൾക്ക് വിരുദ്ധവും കോർപ്പറേറ്റ് താത്‌പര്യങ്ങളെ പ്രീണിപ്പിക്കുന്നതുമാണ്
ഈ മേയ് ഒന്നിന് ഇന്ത്യാസർക്കാർ ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ ദേശീയ സമുദ്ര മത്സ്യബന്ധനനയം പ്രഖ്യാപിച്ചു. അടുത്ത പത്തുവർഷം ഇന്ത്യയിലെ സമുദ്രമത്സ്യമേഖലയുടെ വികസനത്തിന്റെ ദിശ നിർണയിക്കുന്നത് ഈ നയമായിരിക്കും. ഒരു വിദഗ്‌ധസമിതിയുടെ നേതൃത്വത്തിൽ ഈ മേഖലയിലെ ജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായങ്ങൾ സമാഹരിച്ചുള്ള നീണ്ട പ്രക്രിയ ഈ നയരൂപവത്‌കരണത്തിന്റെ ഭാഗമായി ഒരു വർഷത്തിലേറെ നടന്നിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പുതിയ നയം സമുദ്രമത്സ്യമേഖലയിൽ പുതിയ ഉണർവിന് വഴിതെളിക്കുമെന്ന പ്രതീക്ഷകളെ തകിടംമറിച്ചിരിക്കയാണ്.
2014 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച മീനാകുമാരികമ്മിറ്റി റിപ്പോർട്ട് ഇന്ത്യയിലാകെ, പ്രത്യേകിച്ച് കേരളത്തിൽ മത്സ്യമേഖലയിലുണ്ടാക്കിയ പ്രതിഷേധങ്ങളും കോലാഹലങ്ങളും ഇപ്പോൾ കെട്ടടങ്ങിയിരിക്കയാണല്ലോ. നമ്മുടെ രാജ്യത്തിന് അവകാശപ്പെട്ട ആഴക്കടലിലെ മത്സ്യബന്ധനം സംബന്ധിച്ച നയവും മാർഗനിർദേശങ്ങളും സമഗ്രമായി പുനരവലോകനം ചെയ്ത പ്രസ്തുതകമ്മിറ്റിയുടെ നിർദേശങ്ങളാണ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. യഥാർഥത്തിൽ ആ കമ്മിറ്റിയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നത് 2004-ലെ ദേശീയ സമുദ്ര മത്സ്യബന്ധനനയം വിലയിരുത്തി പുതിയതൊന്നിന് രൂപംനൽകാനാണ്. എന്നാൽ, പുതിയ നയത്തിന് രൂപംനൽകാതെ ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങളും ശുപാർശകളുംമാത്രമാണ് അവർ സമർപ്പിച്ചത്. ഉടനെ ആഴക്കടൽ മത്സ്യബന്ധനത്തിന് വൻകിടകപ്പലുകൾക്ക് അനുകൂലമായ ചില നടപടികൾപോലും സർക്കാറിൽനിന്നുണ്ടായി.
ഇതേത്തുടർന്ന് ശക്തമായ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് മീനാകുമാരികമ്മിറ്റി റിപ്പോർട്ട് മാറ്റിെവച്ച് പുതിയ ദേശീയ സമുദ്ര മത്സ്യബന്ധനനയത്തിന് രൂപംനൽകാനായി കേന്ദ്രസർക്കാർ മറ്റൊരു കമ്മിറ്റി രൂപവത്‌കരിച്ചത്. അതോടെ മീനാകുമാരികമ്മിറ്റിയുടെ നിർദേശങ്ങളെച്ചൊല്ലിയുള്ള പ്രതിഷേധങ്ങളും കെട്ടടങ്ങി. പ്രൊഫ. മീനാകുമാരി ഒരു മലയാളിയായിരുന്നു. പുതിയ കമ്മിറ്റിയുടെ തലപ്പത്തും ഇന്ത്യൻ കാർഷികഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്ന ഡോ. എസ്. അയ്യപ്പൻ എന്ന മലയാളിയാണ്. മാത്രമല്ല, മീനാകുമാരികമ്മിറ്റിയുടെ ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച ശുപാർശകളോട് അയ്യപ്പനും പരസ്യമായി വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നു.
അയ്യപ്പന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽപ്പോയി നിർദേശങ്ങളാരാഞ്ഞും ഓൺലൈനിലൂടെ ഒരു ചോദ്യാവലിനൽകി ഉത്തരങ്ങൾ തേടിയും നന്നായി ജോലിചെയ്തിരുന്നു. പുതിയ നയത്തിന്റെ ആദ്യകരട് പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിച്ചുകൊണ്ട് 2016 ജൂൺ 15-നും അന്തിമകരട് 2016 സെപ്റ്റംബർ ഒന്നിനും കേന്ദ്രമന്ത്രാലയം പ്രസിദ്ധീകരിക്കുകയുണ്ടായി. പൊതുവേ ഈ കരടുനയത്തിന് അനുകൂലമായ പ്രതികരണങ്ങളാണ് ഏറെയും ഉയർന്നുവന്നത്. അതിനാൽ അന്തിമകരടിൽ വലിയ മാറ്റങ്ങളില്ലാതെ ഔദ്യോഗികനയം വരുമെന്നാണ് സ്വാഭാവികമായും ഏവരും പ്രതീക്ഷിച്ചത്. എന്നാൽ, ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന നയത്തിൽ കാതലായ രണ്ട് വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ മാറ്റങ്ങൾ ചെറുകിട മീൻപിടിത്തക്കാരുടെ താത്‌പര്യങ്ങൾക്ക് വിരുദ്ധവും കോർപ്പറേറ്റ് താത്‌പര്യങ്ങളെ പ്രീണിപ്പിക്കുന്നതുമാണ്. ഇത് ശരിക്കും അട്ടിമറിയാണ്. പ്രധാനപ്പെട്ട ഈ മാറ്റങ്ങളാണ് ഇവിടെ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
വിദേശക്കപ്പലുകൾക്ക് തുറന്ന ക്ഷണം
പഴയ മീനാകുമാരി കമ്മിഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സ്വാഭാവികമായും ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകുന്നത് സംബന്ധിച്ച പുതിയ നയം എന്തായിരിക്കുമെന്നാണ് പലരും ഉറ്റുനോക്കുക. കരടിലാകട്ടെ ഇക്കാര്യത്തിലുള്ള നയം രണ്ട് നിർദേശങ്ങളുടെ രൂപത്തിൽ ഖണ്ഡിക 15-ൽ വ്യക്തമായി സൂചിപ്പിച്ചിരുന്നു. ഒന്നാമതായി, നിലവിലുള്ള ലെറ്റർ ഓഫ് പെർമിറ്റ് നിർത്തലാക്കും. രണ്ടാമതായി, തദ്ദേശീയരായ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മീൻപിടിത്തം നടത്താനുള്ള വൈദഗ്ധ്യവും ശേഷിയും വികസിപ്പിക്കും. ഇതിനായി തദ്ദേശീയ മീൻപിടിത്തക്കാരുടെ സഹകരണസംഘങ്ങളെയും സ്വാശ്രയ ഗ്രൂപ്പുകളെയും സഹായിക്കും.
എന്നാൽ, ഇപ്പോൾ പ്രസിദ്ധീകരിച്ച നയത്തിലാകട്ടെ, ലെറ്റർ ഓഫ് പെർമിറ്റ് സമ്പ്രദായം നിർത്തലാക്കുമെന്ന് പറയുന്നെങ്കിലും വിദേശകപ്പലുകൾ ഉൾപ്പെടെ വൻകിടക്കാർക്ക് അനുകൂലമായ ചില കാര്യങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനായി ആധുനിക ഉരുക്കൾ ആവശ്യമാണെന്നും സ്വകാര്യനിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ആവശ്യമാകുന്നിടത്തോളം വിദേശ സാങ്കേതികവിദ്യയുടെ സഹായം ഇതിനായി തേടുമെന്നുമാണ് നയത്തിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. മാത്രമല്ല, ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകുന്നത് എളുപ്പമാക്കാൻ ഏകജാലകസമ്പ്രദായം ഏർപ്പെടുത്തുമെന്നും ഈ രംഗത്ത് പി.പി.പി. മോഡൽ പ്രോത്സാഹിപ്പിക്കുമെന്നും എടുത്തുപറയുന്നുണ്ട്. ഇവയെല്ലാംതന്നെ കരടുനയത്തിൽ ഇല്ലാതിരുന്നതും അതുകൊണ്ടുതന്നെ വലിയ സമ്മർദത്തിന് വിധേയമായി മന്ത്രാലയത്തിലുള്ളവർ കൂട്ടിച്ചേർത്തതുമാണെന്ന് വ്യക്തം. ഫലത്തിൽ ആഴക്കടൽ മത്സ്യബന്ധനത്തിനായി വിദേശ മീൻപിടിത്ത കപ്പലുകൾക്ക് വീണ്ടും കടന്നുവരാനുള്ള വഴി പുതിയ നയത്തിലൂടെ സുഗമമാക്കുകയാണ് ചെയ്തിരിക്കുന്നത്.
തുറമുഖലോബികൾക്ക് അനുകൂലം
കരടുനയം പ്രസിദ്ധീകരിച്ചപ്പോൾ ഏറ്റവും അനുകൂലമായ പ്രതികരണമുണ്ടായ തുറമുഖങ്ങളുടെ വ്യാപകമായ നിർമാണം കടലോരത്തെ ജനങ്ങളുടെ ആവാസത്തിനും മത്സ്യസമ്പത്തിന്റെ നിലനിൽപ്പിനും സൃഷ്ടിക്കുന്ന ദുരിതങ്ങൾ നേരിടുന്നത് സംബന്ധിച്ച നിർദേശത്തിലായിരുന്നു. ചില ദേശീയ ദിനപത്രങ്ങളും ഇക്കാര്യത്തിലുള്ള കരടുനിർദേശത്തിന് വലിയ പ്രാധാന്യംനൽകി വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി.
തുറമുഖങ്ങളുടെ നിർമാണവും വികസനവും ഇന്ത്യയുടെ തീരങ്ങളിൽ വൻതോതിൽ തീരശോഷണത്തിനും മണ്ണടിയലിനും കാരണമാകുന്നതായി കരടുനയം (ഖണ്ഡിക 38) എടുത്തുപറഞ്ഞിരുന്നു. ഇത് മീൻപിടിത്തക്കാരുടെ വാസസ്ഥലങ്ങൾ നശിക്കുന്നതിന് ഇടവരുത്തുന്നതായും മത്സ്യ ആവാസവ്യവസ്ഥകളെ ഇല്ലാതാക്കുന്നതായും മീൻപിടിത്തക്കാരുടെ ഉപജീവനത്തെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയുണ്ടാക്കുന്നതാണ് ഈ പ്രശ്നമെന്നും ഭാവിയിൽ ഇത്തരം പോർട്ട് പദ്ധതികൾ നടപ്പാക്കുന്നതിനുമുമ്പ് മീൻപിടിത്തക്കാരുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കണമെന്നും കരടുനയത്തിലുണ്ടായിരുന്നു. കൂടാതെ മീൻപിടിത്തക്കാരുടെ ഉപജീവനത്തെ ബാധിക്കുന്ന സ്ഥിതിയുണ്ടായെങ്കിൽ അവരെ പദ്ധതിബാധിത ജനതയായി കണക്കാക്കി നഷ്ടപരിഹാരം നൽകേണ്ടതാണെന്നും നയത്തിൽ എടുത്തുപറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ പ്രസിദ്ധീകരിച്ച നയത്തിലാകട്ടെ ഈ നിലപാടിൽ കാര്യമായി വെള്ളം ചേർക്കുകയും മേൽപ്പറഞ്ഞ മിക്ക നിർദേശങ്ങളും ഒഴിവാക്കുകയും ചെയ്തിരിക്കുന്നു.
ശക്തമായ പ്രതിഷേധമുയരണം
ദേശീയതലത്തിൽ സമുദ്ര മത്സ്യമേഖലയ്ക്ക് രാഷ്ട്രീയമായി വലിയ പ്രാധാന്യമില്ലെന്നതിന് തെളിവാണ് ഇത്രയും വലിയ കടലോരമുണ്ടായിട്ടും ഒരു സ്വതന്ത്രമായ ഫിഷറീസ് മന്ത്രാലയമോ ഫിഷറീസ് മന്ത്രിയോ കേന്ദ്രസർക്കാറിൽ ഇതുവരെയും ഉണ്ടായിട്ടില്ലെന്നത്. ഇപ്പോഴും കൃഷിമന്ത്രാലയത്തിന് കീഴിൽ കന്നുകാലി, കോഴിവളർത്തൽ, ക്ഷീരവികസനമുൾപ്പെടെ കൈകാര്യം ചെയ്യുന്ന ഒരു ഉപമന്ത്രിയാണ് മത്സ്യവകുപ്പും കൈകാര്യംചെയ്യുന്നത്. പുതിയ നയംമാറ്റം വ്യക്തമാക്കുന്നത് ഫിഷറീസ് മന്ത്രാലയത്തേക്കാൾ വാണിജ്യമന്ത്രാലയത്തിലെയും തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിലെയും കോർപ്പറേറ്റ് താത്‌പര്യങ്ങൾ ഈ നയത്തിൽ കൈകടത്തൽ നടത്തിയിരിക്കുന്നു എന്നാണ്.
ഒരു നയരൂപവത്‌കരണത്തിൽ, അത് തയ്യാറാക്കിയ വിദഗ്ധസമിതിയുടെ അന്തിമനിർദേശങ്ങളിൽപ്പോലും കൈകടത്തി നയമാകെ മാറ്റിമറിക്കാൻ കോർപ്പറേറ്റുകൾക്ക് കഴിയുമെന്നതിന്റെ ഉദാഹരണംകൂടിയാണ് പുറത്തുവന്നിരിക്കുന്ന പുതിയ സമുദ്ര മത്സ്യബന്ധനനയമെന്ന് പറയാതെവയ്യ. മീനാകുമാരി കമ്മിഷൻ റിപ്പോർട്ടിനെതിരെ ഉയർന്നുവന്ന പ്രതിഷേധത്തെക്കാൾ ശക്തമായ പ്രതിഷേധം ഉയർത്താനും നയത്തിലെ കരടുനിർദേശങ്ങളിൽ വരുത്തിയ മാറ്റങ്ങൾക്കെതിരെ മീൻപിടിത്തസമൂഹത്തെയൊന്നാകെ അണിനിരത്താനും നമ്മുടെ വിവിധ മത്സ്യത്തൊഴിലാളി സംഘടനകൾക്ക് കഴിയട്ടെ എന്നാശിക്കുന്നു.
40വർഷമായി മത്സ്യത്തൊഴിലാളി സംഘടനാരംഗത്തും തീരദേശ പരിസ്ഥിതി സംരക്ഷണമേഖലയിലും പ്രവർത്തിക്കുന്ന ലേഖകൻ മൺസൂൺ ട്രോളിങ് നിരോധനത്തെപ്പറ്റി പഠിക്കാൻ 1981-ൽ സംസ്ഥാനസർക്കാർ
രൂപവത്‌കരിച്ച ഡി. ബാബുപോൾ കമ്മിഷൻ അംഗമായിരുന്നു.