പ്രണയവും ജാതിയും അംബേദ്കറും


കെ എ ജോണി

4 min read
Read later
Print
Share

ജാതിയുടെ അള്‍ത്താരയില്‍ പ്രണയം ബലികഴിക്കപ്പെടുമ്പോള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ജാതിക്കെതിരെ പോരാട്ടം തുടരേണ്ടതുണ്ടെന്ന അംബേദ്കറുടെ നിരീക്ഷണത്തിന് പ്രസക്തിയേറുകയാണ്

കഴിഞ്ഞ മാര്‍ച്ച് 13ന് ഞായറാഴ്ച ഉദുമല്‍പെട്ടയിലെ പൊതുനിരത്തില്‍ പട്ടാപ്പകല്‍ ഒരു യുവാവിനെ വെട്ടിക്കൊല്ലുന്ന ദൃശ്യം ഞെട്ടിപ്പിക്കുന്നതായിരുന്നു. തുടര്‍ന്നുള്ള ദിനങ്ങളില്‍ ആ കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പുകളും അത്രയോളമോ അതിലേറെയോ ഞെട്ടിപ്പിക്കുന്നതായിരുന്നു. ജാതിയുടെ പേരില്‍ 22 കാരനായ ഒരു ചെറുപ്പക്കാരനെ എന്നെന്നേക്കുമായി ഇല്ലാതാക്കുകയും ആ കൊലപാതകത്തെ പരസ്യമായി ന്യായീകരിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.

കഴിഞ്ഞ വര്‍ഷമാണ് നാമക്കലില്‍ ഗോകുല്‍രാജ് എന്ന ദളിത് യുവാവ് സമാനമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടത്. ആ കേസ് അന്വേഷിച്ച പോലീസ് സംഘത്തിലെ ഡിവൈഎസ്പി വിഷ്ണുപ്രിയയുടെ ആത്മഹത്യയും മറക്കാനാവില്ല. അതിനും മുമ്പ് ധര്‍മ്മപുരിയില്‍ 2013 ജൂലായ് 4ന് ഇളവരശന്‍ എന്ന ചെറുപ്പക്കാരന്റെ മരണവും ഇതേ പ്രശ്‌നപരിസരങ്ങളിലേക്കാണ് വിരല്‍ ചൂണ്ടിയത്. ജാതിയുടെ അള്‍ത്താരയില്‍ പ്രണയം ബലികഴിക്കപ്പെടുമ്പോള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ജാതിക്കെതിരെ പോരാട്ടം തുടരേണ്ടതുണ്ടെന്ന അംബേദ്കറുടെ നിരീക്ഷണത്തിന് പ്രസക്തിയേറുകയാണ്.

'ജാതിയുടെ ഉന്മൂലനം' എന്ന ലേഖനം 1935 ലാണ് ബി ആര്‍ അംബേദ്കര്‍ എഴുതിയത്. പഞ്ചാബിലെ സാമൂഹിക സംഘടനയായ ജാട് പട് തൊടക് മണ്ഡല്‍ അവരുടെ വാര്‍ഷികസമ്മേളനത്തില്‍ അദ്ധ്യക്ഷനായി അംബേദ്ക്കറെ ക്ഷണിച്ചു. സമ്മേളനത്തില്‍ ചെയ്യാന്‍ പോവുന്ന പ്രസംഗത്തിന്റെ പകര്‍പ്പ് അംബേദ്കര്‍ ആ സംഘടനയ്ക്ക് അയച്ചുകൊടുത്തു. പ്രസംഗത്തില്‍ അംബദ്കറുടെ ചില പരാമര്‍ശങ്ങള്‍ പ്രകോപനം സൃഷ്ടിക്കുമെന്ന പേടിയില്‍ സംഘാടകര്‍ സമ്മേളനം മാറ്റിവെച്ചു. പ്രസ്തുത പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന സംഘാടകരുടെ നിര്‍ദ്ദേശം അംേബദ്കര്‍ തള്ളി.

സമ്മേളനത്തില്‍ അദ്ധ്യക്ഷനാവുന്നതിനായി പ്രസംഗം തിരുത്താനാവില്ലെന്ന് വ്യക്തമാക്കിയ അംേബദ്കര്‍ ഈ പ്രസംഗം പിന്നീട് 'ജാതിയുടെ ഉന്മൂലനം' എന്ന പേരില്‍ അച്ചടിച്ചു പ്രസിദ്ധികരിച്ചു. ഒരുപക്ഷേ, അന്ന് അംബേദ്ക്കര്‍ക്ക് ഈ പ്രസംഗം നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇത് ചിലപ്പോള്‍ അച്ചടിമഷി പുരളുമായിരുന്നില്ല. ജാതിയെ അടിമുടി വിശകലനം ചെയ്യുന്ന ആ കുറിപ്പ് അടുത്തിടെ വീണ്ടും പുറത്തിറങ്ങിയപ്പോള്‍ അരുന്ധതി റോയിയാണ് അതിന് ആമുഖമെഴുതിയത്.

ജാട് പട് തൊടക് മണ്ഡല്‍ യോഗം റദ്ദാക്കിയതിനെ നിശിതമായി വിമര്‍ശിച്ചവരില്‍ ഒരാള്‍ ഗാന്ധിജിയായിരുന്നു. ജാതിയുമായി ബന്ധപ്പെട്ട് അംേബദ്കര്‍ ഉയര്‍ത്തിയ നിലപാടുകളെ എതിര്‍ത്തിരുന്ന ഗാന്ധിജി പക്‌ഷേ, അംേബദ്കറുടെ പ്രസംഗം അനുവദിക്കണമായിരുന്നു എന്ന നിലപാടുകാരനായിരുന്നു. എതിരാളികളുടെ അഭിപ്രായങ്ങള്‍ക്കിടം കിട്ടാത്ത ഒരു സമൂഹം ഗാന്ധിജിയുടെ മനസ്സില്‍ ഒരിക്കലുമുണ്ടായിരുന്നില്ല.

ഇപ്പോഴും ജാതിയെ ന്യായീകരിക്കാനും സംരക്ഷിക്കാനും നിരവധി പേരുണ്ടെന്നത് പരിതാപകരമാണെന്ന് ജാതിയുടെ ഉന്മൂലനത്തില്‍ അംബേദ്കര്‍ എഴുതുന്നുണ്ട്. ജാതിയെന്നാല്‍ തൊഴില്‍വിഭജനം മാത്രമല്ലെന്നും തൊഴിലാളികളുടെ വിഭജനം കൂടിയാണെന്നും അംേബദ്കര്‍ ഈ കുറിപ്പില്‍ എടുത്തു പറയുന്നു. ഈ കുറിപ്പ് പ്രസിദ്ധികരിക്കപ്പെട്ട് 80 കൊല്ലങ്ങള്‍ക്കു ശേഷവും ജാതി ഇന്ത്യയില്‍ കടുത്ത യാഥാര്‍ത്ഥ്യമായി തുടരുകയാണ്. ദിനപ്പത്രങ്ങളിലെ വൈവാഹിക കോളങ്ങളില്‍, വിദ്യാലയങ്ങളില്‍, തൊഴിലിടങ്ങളില്‍ - എന്നിങ്ങനെ ജിവിതത്തിന്റെ എല്ലാ മേഖലകളിലും ജാതിയുടെ കോമ്പല്ലുകള്‍ ഒളിഞ്ഞും തെളിഞ്ഞും നമുക്കു നേരെ തിരിയുന്നു.

എത്രമാത്രം ആഴത്തിലാണ് ജാതിയുടെ വേരുകള്‍ നമ്മുടെ സാമൂഹവ്യവസ്ഥയില്‍ ഇറങ്ങിയിട്ടുള്ളത് എന്നറിയാന്‍ തിരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥി പട്ടികകള്‍ നോക്കിയാല്‍ മതി. കേരളത്തിലായാലും തമിഴ്‌നാട്ടിലായാലും ജാതി സമവാക്യങ്ങളാണ് പലപ്പോഴും സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥികളെ തേടുമ്പോള്‍ പോലും ജാതി മറികടക്കാന്‍ നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ലെന്നതാണ് വാസ്തവം.

കേരളത്തില്‍ ജാതിയുടെ കളികള്‍ അറിയണമെങ്കില്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥികളില്‍ നിന്നു തുടങ്ങാം. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ വന്നത് എഴുത്തുകാരനെന്ന നിലയിലോ ഐക്യരാഷ്ട്രസഭയില്‍ കഴിവു തെളിയിച്ചിട്ടുള്ള ഉദ്യോഗസ്ഥനെന്ന നിലയിലോ മാത്രമല്ല. മറിച്ച് അദ്ദേഹം നായര്‍ സമുദായത്തില്‍ പെട്ടയാളാണെന്നതു കൊണ്ടുകൂടിയാണ്. അപ്പുറത്ത് സിപിഐ രംഗത്തിറക്കിയ ഡോക്ടര്‍ ബെന്നറ്റ് എബ്രഹാം സ്ഥാനാര്‍ത്ഥിയായത് അറിയപ്പെടുന്ന ഡോക്ടര്‍ എന്ന നിലയ്ക്ക് മാത്രമല്ല, മറിച്ച് അദ്ദേഹം നാടാര്‍ സമുദായക്കാരനാണ് എന്നതുകൊണ്ടു കൂടിയാണ്.

ചാലക്കുടിയില്‍ സ്വതന്ത്രനെ തേടിയപ്പോള്‍ അതൊരു സുറിയാനി കത്തോലിക്കന്‍ തന്നെയായിരിക്കണം എന്ന് സിപിഎമ്മിനെപ്പോലൊരു പാര്‍ട്ടിക്കും ഉറപ്പാക്കേണ്ടി വന്നുവെന്നതാണ് ഇന്നസന്റിന് ഗുണകരമയത്. എറണാകുളത്ത് ലത്തീന്‍ കത്തോലിക്കാ സമുദായക്കാര്‍ തന്നെ വേണമെന്ന് ഇരുപാര്‍ട്ടികളും ശഠിക്കുന്നതും കാണാതിരിക്കാനാവില്ല. ആര്യാടന്‍ മുഹമ്മദ് തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നിന്നും മാറുകയാണെന്നു പറയുമ്പോള്‍ പകരം ഒരു മുസ്ലിം തന്നെ വേണമെന്ന നിഗമനത്തിലേക്ക് കോണ്‍ഗ്രസ് എത്തുന്നതും ഇതേ പരിസരത്തിലാണ്.

വി എസ് അച്ച്യുതാനന്ദനെപ്പോലെ സിപിഎമ്മിന്റെ സമുന്നതനായ നേതാവ് ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് 2011ല്‍ തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനെതിരെ ചെറിയാന്‍ ഫിലിപ്പിനെ നിര്‍ത്തിയത് ശരിയായില്ലെന്നും അവിടെ ഭൂരിപക്ഷ സമുദായക്കാരനെ തന്നെ നിര്‍ത്തണമായിരുന്നുവെന്നുമാണ്. സഹനസമരങ്ങളുടെ തീച്ചൂളയിലൂടെ നടന്നു വന്നിട്ടുള്ള വി എസ്സിനെപ്പോലൊരു നേതാവിന് പോലും ഇത്തരമൊരു ചിന്ത ഉടലെടുത്തുവെന്നത് ജാതിയുടെ പിടി എത്രമാത്രം ശക്തമാണെന്നതിന്റെ സൂചനയാണ്. പൊയ്കയില്‍ അപ്പച്ചനെപ്പോലൊരു സാമൂഹിക പരിവര്‍ത്തനവാദിക്ക് മതംമാറി ക്രിസ്ത്യാനിയായപ്പോഴും നീതിലഭിച്ചില്ല എന്ന് പറയേണ്ടിവന്നത് ജാതിയുടെ സ്വാധീനം ഒരു മതത്തില്‍ മാത്രം ഒതുങ്ങുന്നതല്ല എന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഈ യാഥാര്‍ത്ഥ്യത്തിന്റെ പരിസരത്തില്‍ നിന്നുകൊണ്ടാണ് സാമ്പത്തിക പരിഷ്‌ക്കാരത്തിന് സാമൂഹിക പരിഷ്‌ക്കരണം അനിവാര്യമാണെന്ന് അംേബദ്കര്‍ വാദിക്കുന്നത്. ജാതി ഇല്ലാതാക്കുന്നതില്‍ ഗാന്ധിജി എന്തുകൊണ്ടാണ് പരാജയപ്പെടുന്നതെന്നും ഈ കുറിപ്പില്‍ അംബദ്കര്‍ പറയുന്നുണ്ട്. ഒരു മതത്തിന്റെ ഉപോല്‍പ്പന്നമാണ് ജാതിയെങ്കില്‍ ആ മതത്തെ ചോദ്യം ചെയ്യാതെ ജാതി ഉന്മൂലനം ചെയ്യാനാവില്ലെന്ന് അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജാതിയുടെ ഉന്മൂലനത്തിന് മിശ്രവിവാഹം പോലെ ഒരായുധം വേറെയില്ലെന്നും അംബേദ്കര്‍ പറയുന്നു. രക്തവും രക്തവും തമ്മില്‍ ഇടകലരുന്നതിലൂടെ മാത്രമേ ആഴമാര്‍ന്ന ബന്ധം ഉടലെടുക്കുകയുള്ളുവെന്നും, അതിലൂടെ മാത്രമേ ജാതിയെ മറികടക്കാനാവുകയുള്ളുവെന്നും അംേബദ്കര്‍ വ്യക്തമാക്കുന്നു. മിശ്രഭോജനമല്ല മിശ്രവിവാഹമാണ് വേണ്ടതെന്നാണ് അംബേദ്കര്‍ പറഞ്ഞത്.

അംബേദ്കര്‍ എങ്ങിനെയാണ് ദളിതരുടെ ജീവിതത്തില്‍ ഒരിക്കലും അസ്തമിക്കാത്ത വെളിച്ചമായതെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഇന്റര്‍നാഷനല്‍ മോണിറ്ററിഫണ്ടിന്റെ ഉപദേഷ്ടാവുമായിരുന്ന നരേന്ദ്ര യാദവ് വ്യക്തമാക്കുന്നുണ്ട്. 1956ല്‍ അറുപത്തിയഞ്ചാം വയസ്സില്‍ അംബദ്കര്‍ മരിച്ചപ്പോള്‍ നരേന്ദ്ര യാദവിന് മൂന്നു വയസ്സായിരുന്നു പ്രായം. അന്ന് തന്നെയും എടുത്തുകൊണ്ട് തന്റെ പിതാവ് ബാബാസാഹെബ്ബിനെ അവസാനമായി കാണാന്‍ മണിക്കൂറുകളോളം കാത്തുനിന്നത് നരേന്ദ്ര യാദവ് ആത്മകഥാസ്പര്‍ശമുള്ള ഗ്രന്ഥമായ OUTCASTE ( ഭ്രഷ്ടന്‍ ) ല്‍ വിവരിക്കുന്നുണ്ട്.

ഗാന്ധിജിക്കു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ മഹാനാരെന്ന് കുറെ നാള്‍ മുമ്പ് ഒരു ഇംഗ്‌ളീഷ് മാസിക നടത്തിയ സര്‍വ്വെയില്‍ ഭൂരിപക്ഷം പേരും തിരഞ്ഞെടുത്തത് അംബേദ്കറെയായിരുന്നുവെന്നത് യാദൃശ്ചികമല്ല. ജാതിക്കെതിരായ പോരാട്ടവും അംേബദ്കറുടെ ചിന്തകളും നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ കൂടുതല്‍ പ്രസക്തമാണെന്നു തന്നെയാണ് ഉദുമല്‍പെട്ടയിലെ നിരത്തില്‍ നിന്നുയര്‍ന്ന ആ ചെറുപ്പക്കാരന്റെ നിലവിളി നമ്മോടു പറയുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram