ഏറ്റുമുട്ടിയത് കേന്ദ്ര-സംസ്ഥാന ഏജൻസികൾ ;കോടതി കണക്കിലെടുത്തത് നിയമവശങ്ങൾ


വി.എസ്.സിജു

4 min read
Read later
Print
Share

ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിയെങ്കിലും ഹൈക്കോടതി വിധി പൂർണമായും എതിരല്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന സർക്കാർ. അതിനാൽത്തന്നെ തുടർനടപടിയുടെ കാര്യത്തിൽ ആലോചിച്ചായിരിക്കും തീരുമാനം എടുക്കുക

പ്രതീകാത്മക ചിത്രം

ഒരു കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരേ സംസ്ഥാന സർക്കാരിന് കീഴിലുള്ള അന്വേഷണ ഏജൻസി കേസെടുത്ത് അന്വേഷണം നടത്തിയ സംഭവത്തിൽ നിയമവശങ്ങൾ കണക്കിലെടുത്താണ് ഹൈക്കോടതി തീരുമാനം. ക്രിമിനൽ നടപടിക്രമം പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തതെന്നതാണ് എഫ്.ഐ.ആർ. റദ്ദാക്കാൻ കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്. വാദത്തിനിടെ ഇരുപക്ഷവും പ്രധാനമായും ഉന്നയിച്ചതും നിയമപരമായ വിഷയമായിരുന്നു. ഇത്തരത്തിലൊരു കേസ് കോടതിയുടെ പരിഗണനയ്ക്ക് എത്തിയതുപോലും അപൂർവമായിരുന്നു. ഇ.ഡി.യുടെ ഹർജിയിൽ വാദം കേൾക്കവേ കോടതിയും കേസിന്റെ അപൂർവതയെക്കുറിച്ച് പ്രതികരിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന വാദം ഉന്നയിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത അടക്കമുള്ളവർ കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരേ സംസ്ഥാന ഏജൻസി അന്വേഷണം നടത്തുന്നത് ഫെഡറൽ സംവിധാനത്തിനുപോലും വെല്ലുവിളിയാണെന്ന് വാദിച്ചു. എന്നാൽ, അത്തരം വിഷയങ്ങളിൽ കോടതി നിഗമനങ്ങളിലേക്ക് കടന്നില്ല.

ഹർജി നിലനിൽക്കില്ലെന്ന വാദം തള്ളി
അതേസമയം ഹർജി നിലനിൽക്കില്ലെന്ന ക്രൈംബ്രാഞ്ച് വാദം കോടതി തള്ളി. രാധാകൃഷ്ണൻ ഇ.ഡി.യുടെ ഉദ്യോഗസ്ഥൻ എന്നനിലയിൽ തന്നെയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നതെന്ന് കേസിൽ സോളിസിറ്റർ ജനറൽ ഹാജരായതിൽനിന്ന് വ്യക്തമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ, ഹർജിയോടൊപ്പം ഔദ്യോഗിക രേഖകൾ ഹാജരാക്കിയതിൽ അപാകമുണ്ടെന്ന ക്രൈംബ്രാഞ്ച് അഭിഭാഷകന്റെ വാദത്തിൽ കഴമ്പുണ്ടെന്നും കോടതി വിലയിരുത്തി. ഇ.ഡി കോടതിയിൽ നൽകിയ കുറ്റപത്രത്തിൽനിന്നുള്ള വിവരങ്ങളാണ് ഹർജിക്കൊപ്പം നൽകിയതെന്ന വിശദീകരണമാണ് ഹർജിക്കാരൻ നൽകിയത്. അങ്ങനെയെങ്കിൽ മുഴുവൻ രേഖകളും ഹാജരാക്കണമായിരുന്നു. ഹർജിക്കാരൻ തന്റെ ഇഷ്ടപ്രകാരം ചില രേഖകൾമാത്രം ഹാജരാക്കിയത് വിമർശിക്കപ്പെടേണ്ട നടപടിയാണ്. എന്നാൽ, ഹർജികൾ തള്ളാൻ ഇതു മതിയായ കാരണമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹാജരായത് സോളിസിറ്റർ ജനറൽ അടക്കമുള്ളവർ
ഇ.ഡി.ക്കായി ഹൈക്കോടതിയിൽ ഹാജരായത് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അടക്കമുള്ള പ്രമുഖരായിരുന്നു. ഇ.ഡി.ക്കെതിരായ കേസിനെ കേന്ദ്ര സർക്കാരും ഏറെ ഗൗരവത്തിലാണ് കാണുന്നതിനുള്ളതിന്റെ തെളിവായിരുന്നു അത്. സോളിസിറ്റർ ജനറലിനുപുറമേ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു, കെ.എം. നടരാജ് എന്നിവരും ഹാജരായി. ക്രൈം ബ്രാഞ്ചിനായി സുപ്രീംകോടതി അഭിഭാഷകനായ ഹരേൻ പി. റാവലായിരുന്നു ഹാജരായത്. മൂന്ന് ദിവസമായി മണിക്കൂറോളമായിരുന്നു കേസിൽ ഹൈക്കോടതിയിൽ വാദംനടന്നത്.
രാഷ്ട്രീയ പോരാട്ടവും
ഇ.ഡി.ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തതിൽ രാഷ്ട്രീയവും ഉണ്ടായിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന നിഗമനമായിരുന്നു ഈ നീക്കത്തിന് പിന്നിൽ. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടായിരുന്നു ആ നീക്കമെന്നും വിലയിരുത്തലുണ്ടായിരുന്നു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കേസിൽ വാദം കേൾക്കവേ ഇ.ഡി. ശക്തമായി ഉന്നയിച്ചതും അതിന്റെ രാഷ്ട്രീയനേട്ടം കണക്കിലെടുത്താണ്. പക്ഷേ, കോടതി അത് അംഗീകരിച്ചിരുന്നില്ല.
സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിനെ തുടർന്ന് ഇ.ഡി. ഉദ്യോഗസ്ഥർതന്നെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണവും എഫ്.ഐ.ആറും. അന്വേഷണത്തിൽ സ്വപ്നയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട വനിതാ പോലീസ് ഉദ്യോഗസ്ഥരും ഉന്നതർക്കെതിരേ മൊഴി നൽകാൻ ഇ.ഡി. ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എടുത്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സന്ദീപ് നായർ കോടതിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലും കേസ് രജിസ്റ്റർ ചെയ്തത്. സ്വപ്നയുടെ ശബ്ദരേഖയുടെ അടിസ്ഥാനത്തിലുള്ള കേസിനെക്കാൾ ബലമുള്ളതാണ് സന്ദീപ് നായരുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള കേസെന്നതായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ രണ്ട് എഫ്.ഐ.ആറും റദ്ദാക്കിയത് ഈ കണക്കുകൂട്ടൽ തെറ്റിച്ചു.

ആലോചിച്ച് നീങ്ങാൻ സർക്കാർ, പൂർണ വിജയമെന്ന് ഇ.ഡി.
ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിയെങ്കിലും ഹൈക്കോടതി വിധി പൂർണമായും എതിരല്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന സർക്കാരും. അതിനാൽത്തന്നെ തുടർനടപടിയുടെ കാര്യത്തിൽ ആലോചിച്ചായിരിക്കും സർക്കാർ തീരുമാനം എടുക്കുക. അപ്പീൽ നൽകുന്നതടക്കം സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്. അതേസമയം അന്വേഷണം റദ്ദാക്കിയ കോടതിയുടെ തീരുമാനം പൂർണമായും അനുയോജ്യമാണെന്ന വിലയിരുത്തലിലാണ് ഇ.ഡി. പ്രത്യേക കോടതിയിലെ തുടർനടപടികൾക്ക് സാധാരണ നടപടിക്രമങ്ങൾക്ക് അപ്പുറത്ത് പ്രാധാന്യമില്ലെന്നും അവർ വിലയിരുത്തുന്നു.

ക്രൈംബ്രാഞ്ചിന്റെ ഇ.ഡി. വഴികൾ

2020 നവംബർ-18 : മുഖ്യമന്ത്രിക്കെതിരേ മൊഴിനൽകാൻ സമ്മർദം ചെലുത്തുന്നു എന്ന സ്വർണക്കടത്ത് പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ പുറത്ത്
നവംബർ-20: ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കഴിയുന്ന പ്രതിയുടെ ശബ്ദരേഖ പുറത്തുവന്നതിൽ അന്വേഷണമാവശ്യപ്പെട്ട് ജയിൽ ഡി.ജി.പിക്ക് ഇ.ഡി. കത്ത് നൽകി. ജയിൽ വകുപ്പ് ഇത് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി.
നവംബർ-21: പോലീസ് മേധാവി ക്രൈംബ്രാഞ്ചിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.
നവംബർ-22: ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അന്വേഷണം തുടങ്ങി. ഹൈടെക് ക്രൈം എൻക്വയറി സെൽ അഡീഷണൽ എസ്.പി. ഇ.എസ്. ബിജുമോന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ശബ്ദം തന്റേതാണെന്ന് സ്വപ്ന ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തോട് സമ്മതിച്ചു.
മാർച്ച്-13: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും പേരുകൾ പറയാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമ്മർദം ചെലുത്തിയതായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് കോടതിയെ അറിയിച്ചു.
2021 മാർച്ച്-17: മുഖ്യമന്ത്രിക്കെതിരേ വ്യാജമൊഴി പറയാൻ സമ്മർദം ചെലുത്തിയെന്ന കുറ്റം ചുമത്തി ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരേ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. 2020 ഓഗസ്റ്റ്-12, 13 തീയതികളിലെ ചോദ്യം ചെയ്യലുകളിൽ ഇ.ഡി. ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയത് കേട്ടെന്ന് സ്വപ്നയുടെ സുരക്ഷയ്ക്കായി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവിൽ പോലീസ് ഓഫീസർമാരായ സിജി വിജയനും റെജിമോളും ക്രൈംബ്രാഞ്ചിന് രേഖാമൂലം മൊഴി നൽകി.
2021 മാർച്ച്-20: കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്. അമ്മിണിക്കുട്ടനെ ഏൽപ്പിച്ചു.
മാർച്ച്-22: വനിതാ സിവിൽ പോലീസ് ഓഫീസർമാരായ സിജി വിജയൻ, റെജിമോൾ എന്നിവരിൽനിന്നും ക്രൈംബ്രാഞ്ച് അന്വേഷണസംഘം മൊഴിയെടുത്തു.
മാർച്ച്-23: ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകി.
മാർച്ച്-24: കേസിൽ ആദ്യവാദം നടന്നു. സ്റ്റേ വേണമെന്ന ഇ.ഡി. ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. കേസിൽ കടുത്ത നടപടികൾ പാടില്ലെന്ന് ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിർദേശം നൽകി.
മാർച്ച്-27: സന്ദീപ് നായർ കോടതിക്കയച്ച പരാതിയിലും ഇ.ഡി.ക്കെതിരേ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു.
മാർച്ച്-31: ഹൈക്കോടതിയിലെ കേസിൽ വിശദമായ വാദം നടന്നു. വാദം പൂർത്തിയായില്ല.
ഏപ്രിൽ -5: കൃത്രിമ തെളിവുണ്ടാക്കാൻ ഇ.ഡി. ശ്രമിച്ചതായി പ്രതി സന്ദീപ് നായർ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി കെ.ടി. ജലീൽ, സി.പി.എം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി എന്നിവർക്കെതിരേ മൊഴി നൽകാൻ ഇ.ഡി. ഭീഷണിപ്പെടുത്തി. സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ ഇ.ഡി. സെഷൻസ് കോടതിയെ സമീപിച്ചു. കീഴ്‌ക്കോടതി
അനുവദിച്ചെങ്കിലും ഹൈക്കോടതി അനുമതി നൽകിയില്ല.
ഏപ്രിൽ -9: ഇരുവിഭാഗത്തിന്റെ വാദങ്ങൾ
പൂർത്തിയായി വിധി പറയാനായി കേസ് 16-ലേക്ക്
മാറ്റി
ഏപ്രിൽ-13: സ്വപ്നയെ ജയിൽ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ഹർജി നൽകി. ഇ.ഡി. എതിർത്തു. കേസുകൾ റദ്ദാക്കാനുള്ള ഹർജിയിൽ 16-ന് ഹൈക്കോടതി വിധി പറയുമെന്ന് ചൂണ്ടിക്കാട്ടി. ഇതോടെ ക്രൈംബ്രാഞ്ചിന്റെ ആവശ്യം പരിഗണിക്കുന്നത് മാറ്റിവെച്ചു.
ഏപ്രിൽ-16: ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരേ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ ഹൈക്കോടതി റദ്ദാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
kulathoor bhaskaran nair Producer of Kodiyettam Swayamvaram Movie passed away

3 min

കുളത്തൂർ ഭാസ്‌കരൻ നായർ ഒരാത്മമിത്രത്തിന്റെ വിയോഗം

Jun 15, 2020


mathrubhumi

3 min

കരുണ കാണിക്കേണ്ടിയിരിക്കുന്നു

Oct 4, 2017