Representative Image|Gettyimages.in
സ്ത്രീധന നിരോധന നിയമം പാസാക്കി ഏകദേശം അറുപതാണ്ടു കഴിഞ്ഞിട്ടും ഇന്നും അത് മാധ്യമ ചര്‍ച്ചകളിലുടനീളം നിറഞ്ഞുനില്‍ക്കുന്നു എന്നത് ഒരു സമൂഹത്തിന്റെ ദൗര്‍ഭാഗ്യമാണ്. സ്ത്രീധന നിരോധന നിയമ പ്രകാരം സ്ത്രീധനം വാങ്ങുന്നവരും കൊടുക്കുന്നവരും ഒരു പോലെ കുറ്റക്കാരാണ്. പരിഷ്‌കൃതരെന്നു കരുതുന്ന ഈ സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. ആരുടെയൊക്കെയെങ്കിലും അവകാശങ്ങള്‍ ഹനിക്കുന്നുണ്ടെങ്കില്‍ അത്തരം സമൂഹം പരിഷ്‌കൃത സമൂഹമല്ല. സ്ത്രീധനം, നിയമം മൂലം നിരോധിച്ചിട്ടും ഇന്നും ഇത് നിര്‍ബാധം തുടരുന്നത് അതിശയം തന്നെ. സ്ത്രീകള്‍ പഴയ കാലത്തേക്കാളും വിദ്യാഭ്യസം നേടുകയും മുമ്പുണ്ടായിരുന്നതിനേക്കാളും തൊഴില്‍ രംഗത്തേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്.
പുതിയകാലത്ത് മറ്റു പല രംഗങ്ങളിലും മാറ്റങ്ങള്‍ വന്നുവെങ്കിലും സ്ത്രീധന സമ്പ്രദായം അന്നുമിന്നും ഒരു പോലെ ആളുകള്‍ കൊണ്ടുനടക്കുന്നുണ്ട്. ഇതിനു ചില സാമൂഹ്യപരമായ ചില കാരണങ്ങള്‍ ഉണ്ട്. സ്ത്രീധന സമ്പ്രദായം തഴച്ചു വളര്‍ന്നിട്ടുള്ളത് പുരുഷാധിപത്യ വ്യവസ്ഥിതിക്കുള്ളിലാണ്. സ്ത്രീകള്‍ കൈമാറ്റം ചെയ്യപ്പെടാനുള്ള വസ്തുവാണ് എന്ന നിലയിലാണ് (incest taboo) നിരോധിക്കപ്പെട്ടതും മറ്റു കുടുംബങ്ങളിലേക്ക് സ്ത്രീകളെ കൈമാറ്റം ചെയ്യപ്പെടേണ്ടതാണെന്നുള്ള സംമൂഹിക സാഹചര്യം രൂപപ്പെട്ടതെങ്ങനെയെന്നു നരവംശശാസ്ത്രജ്ഞനായ ക്ലോഡ് ലെവിസ്ട്രൗസ് എടുത്തു പറയുന്നുണ്ട്. കൈമാറ്റം ചെയ്യപ്പെടേണ്ട ഒരു വസ്തുവായി കാണപ്പെട്ട സ്ത്രീ സ്വന്തം ഗൃഹത്തില്‍ പ്രത്യേക ഘട്ടം കഴിഞ്ഞാല്‍ നില്‍ക്കാന്‍ പാടില്ലാത്ത അവസ്ഥയിലേക്ക് സ്വാഭാവികമായും മാറുന്നു. ചെന്നുകയറുന്ന ഗൃഹത്തിലാകട്ടെ അവളുടെ അസ്തിത്വം അംഗീകരിക്കപ്പെട്ടു കിട്ടണമെങ്കില്‍ വര്‍ഷങ്ങള്‍ കഴിയും. ചിലപ്പോള്‍ കഴിഞ്ഞില്ലെന്നും വരും. ഇത്തരം പുരുഷാധിപത്യ വ്യവസ്ഥ തുടങ്ങി വന്നതിനെപറ്റി ഫ്രഡറിക് ഏംഗല്‍സിന്റെ 'ദി ഒറിജിന്‍ ഓഫ് ഫാമിലി'എന്ന പുസ്തകത്തില്‍ വ്യക്തമായി പ്രദിപാദിക്കുന്നുണ്ട്.
സ്ത്രീയെ ഒരു വസ്തു അഥവാ പ്രോപ്പര്‍ട്ടി ആയി കാണുന്നത് പുരുഷന്റെ മനോവ്യാപാരങ്ങള്‍ക്കനുസരിച്ചു രൂപപ്പെട്ട ചിന്തയാണ്. ഈ പുരുഷാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത് കുടുംബം, സമൂഹം, സ്റ്റേറ്റ് എന്നിവ ചേര്‍ന്നാണ്. ഇവ ഓരോന്നും കൂട്ടായിചേര്‍ന്ന് എടുക്കുന്ന തീരുമാനങ്ങള്‍ യാഥാസ്ഥിക വ്യവസ്ഥിതികളെ ഒന്നുകൂടി ബലപ്പെടുത്തുകയും അവ പുനരുല്‍പ്പാദിപ്പിക്കപ്പെട്ടു കൊണ്ടിരിരിക്കുകയും ചെയ്യുന്നു.
കുടുംബങ്ങളില്‍ നിന്നും തുടങ്ങുന്ന സമൂഹവല്‍കരണ പ്രക്രിയ (സോഷ്യലൈസേഷന്‍ പ്രോസസ്സ്) പെണ്‍കുട്ടികളില്‍ വളരെ ചെറുപ്പത്തിലേ തന്നെ പ്രതിലോമകരമായി പ്രവര്‍ത്തിക്കുന്നു. പാവയെക്കൊടുത്ത് പരിശീലിപ്പിക്കുന്ന കുടുംബാംഗങ്ങള്‍ വളരെ ചെറുപ്പത്തിലേ തന്നെ മാനസികവും ശാരീരികമായും താന്‍ ദുര്‍ബലയാണെന്നും തന്റെ ആജീവനാന്ത ലക്ഷ്യം പുരുഷസ്‌നേഹം നേടുന്നതാണെന്നും പെണ്‍കുട്ടി തെറ്റായി ധരിക്കുന്നു. അതിലുപരി വിദ്യാഭ്യാസ കാലത്ത് ചുറ്റുപാടുകളില്‍ കൂടി ആന്തരികവത്കരിക്കപ്പെടുന്ന (internalise) സാമൂഹിക മൂല്യങ്ങളും ചേര്‍ന്ന് ഇത് ഒന്നുകൂടി ബലപ്പെടുന്നു. കലാപരമായും കായികമായും മുന്നില്‍ നില്‍ക്കുന്ന കുട്ടി വിവാഹം എന്ന സാമൂഹിക സ്ഥാപനവുമായി സന്ധിയിലേര്‍പ്പെടുന്നത്തോടെ, അല്ലെങ്കില്‍ തന്റെ ലക്ഷ്യം വിവാഹം ആണ് എന്ന ചിന്തയിലൂടെ താന്‍ അത് വരെ ആര്‍ജിച്ച കഴിവുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറാവുന്നു. ലോകത്തൊരിടത്തും ഇല്ലാത്ത വിധം മറ്റുള്ളവരാല്‍ തീരുമാനിക്കപ്പെടുന്ന ഒരാളുമായി വൈവാഹിക ബന്ധത്തിലേര്‍പ്പെടുന്നു.
ആഫ്രിക്കന്‍ ഗോത്രസമൂഹങ്ങളില്‍ പോലും തന്റെ ഇണയെ അവര്‍ തന്നെ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലവിലിരിക്കുമ്പോള്‍ പരിഷ്‌കൃതര്‍ എന്ന് സ്വയം വിളിക്കുന്ന കേരളീയര്‍ക്ക് സ്വന്തം ഇണയെ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമില്ലാതിരിക്കുകയും മതം, ജാതി, ലിംഗഭേദം എന്നിവയെല്ലാം ഇതില്‍ ഇടപെടുകയും ചെയ്യുന്നു. കമ്പോളത്തില്‍ വില്പനച്ചരക്കാകുന്ന പെണ്ണിനും ചെറുക്കനും ഒരു മനുഷ്യന്‍ എന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുന്നു. കുട്ടിക്കാലം മുതല്‍ ശേഷിയില്ലാത്തവളെന്നും തൊഴിലില്‍ വേണ്ടവിധം ഏര്‍പ്പെടാന്‍ കഴിവില്ലാത്തവളെന്നും തന്റെ അസ്തിത്വം പുരുഷനുമായുള്ള ബന്ധത്തില്‍ നിലനില്‍ക്കുന്നുവെന്നുമുള്ള ധാരണകള്‍ ചെറുപ്പകാലം മുതല്‍ സ്ത്രീയില്‍ സൃഷ്ടിക്കപ്പെടുകയും പെരുമാറ്റം പോലും അതിനനുസരിച്ച് രൂപപ്പെടുകയും ചെയ്യുന്നു.
വിവാഹം എന്ന ഇന്‍ഡസ്ട്രി (ലാഭത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒന്ന്) മുന്‍നിര്‍ത്തി രൂപപ്പെടുത്തിയെടുക്കുന്ന അഭിപ്രായങ്ങളും പെരുമാറ്റരീതികളും എന്നെന്നേക്കുമായി തങ്ങളുടെ അസ്തിത്വത്തില്‍ നിന്നകലുന്നതു അറിയാതെ പോകുന്നു. അത് കൊണ്ടാണ് നമ്മുടെടെ രാജ്യത്തെ ഒരു പെണ്‍കുട്ടി മറ്റു രാജ്യത്തെ പെണ്‍കുട്ടികളുടെയത്ര ആത്മധൈര്യം ഇല്ലാത്തവരായി മാറുന്നത്. വിലകൊടുത്തുവാങ്ങുന്ന വരനെ ജീവിതപങ്കാളിയായി സ്വീകരിക്കുകയും വില കൊടുത്തു വാങ്ങുന്നതിലൂടെ തങ്ങള്‍ക്കു നേരത്തെയില്ലാത്തതെന്തോ വന്നുചേരുന്നതായി അവര്‍ സങ്കല്പിക്കുകയും ചെയ്യുന്നു.
സമൂഹം വികസിച്ചുവന്ന ഘട്ടത്തില്‍ വിദ്യാഭ്യാസം പ്രോത്സാഹിക്കപ്പെട്ടിരുന്നുവെങ്കിലും അത് പുരുഷനെ സന്തോഷിപ്പിക്കുന്ന രീതിയില്‍ മാത്രമായിരിക്കാനാണ് സമൂഹം ശ്രദ്ധിച്ചത്. ഒരു അലങ്കാരത്തിന് വേണ്ടി മാത്രം സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യുന്ന രീതി അല്ലെങ്കില്‍ അടുത്ത തലമുറയ്ക്ക് വിദ്യാഭ്യാസം ചെയ്യുന്ന രീതി നമ്മുടെ നാട്ടില്‍ ഇന്നും നിലവിലുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെയാണ് സ്ത്രീകള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം എന്ന ആശയം പ്രബലമാവുന്നത്. പലപ്പോഴും പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ വിദ്യാഭ്യാസത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയായാല്‍ അവരുടെ സാമൂഹിക സാമ്പത്തികാവശ്യങ്ങള്‍ക്കു പ്രസക്തിയുണ്ടായാല്‍ അവരുടെ സ്‌ത്രൈണതക്കു നഷ്ടം ഉണ്ടാകും എന്നായിരുന്നു പത്തൊമ്പതാം നൂത്തണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും ആണും പെണ്ണും ചിന്തിച്ചിരുന്നത്. സമൂഹം ഒന്നാകെയും ഈ വ്യവഹാരത്തെ ബലപ്പെടുത്തിയിട്ടുണ്ട്. സാമൂഹികമായ ആചാരങ്ങള്‍ എന്നും സ്ത്രീയുടെ തലയില്‍ കെട്ടിവെക്കെപ്പെട്ടു. വിവാഹം, മരണം, നൂലുകെട്ട് എന്നിങ്ങനെ ചെറുതും വലുതുമായ എല്ലാ ചടങ്ങുകളുമായി ബന്ധപ്പെട്ടു ആചാരാനുഷ്ഠാനങ്ങള്‍ നടപ്പാക്കാന്‍ സ്ത്രീകള്‍ തയ്യാറാവണമെന്ന കാര്യത്തില്‍ സമൂഹം എക്കാലവും ശ്രദ്ധിച്ചു പൊന്നു. വെറും ശാരീരികശക്തി കൊണ്ട് മാത്രം ലിംഗരാഷ്ട്രീയ ചര്‍ച്ച ഉണ്ടാകുന്നില്ല. സാമൂഹിക സാഹചര്യങ്ങളില്‍ രണ്ടു വ്യത്യസ്ത അനുഭവങ്ങള്‍ ഉള്ള രണ്ടുതരം ജീവിതങ്ങളാണ് സ്ത്രീക്കും പുരുഷനും ഉള്ളത്. രണ്ടാം തരം പൗര എന്ന നിലയില്‍ സ്ത്രീയെ രൂപപ്പെടുത്തുന്ന ലിംഗ രാഷ്ട്രീയത്തെ ക്കുറിച്ച് വിശദമായ ചര്‍ച്ച ആവശ്യമാണ്.
ലിംഗാധിഷ്ഠിതമായി സമൂഹം രൂപീകരിച്ചിട്ടുള്ള ധാരണകളും മറ്റും രാഷ്ട്രീയപരമായി ധാരാളം പ്രത്യാഘാതങ്ങള്‍ ഉള്ളതാണ്. കുടുംബവ്യവസ്ഥിതിക്കുള്ളില്‍ നടക്കുന്ന സാമൂഹ്യവത്കരണത്തിന്റെ ഭാഗമായി വളര്‍ന്നുവരുന്ന സ്ത്രീകളെ കൂടുതല്‍ നിര്‍ജീവവും ഒന്നുമറിഞ്ഞു കൂടാത്തവരും ആയിരിക്കാന്‍ സമൂഹം പലപ്പോഴും നിര്‍ബന്ധിച്ചിരുന്നു. പുരുഷന്റെ ശാരീരീരിക ബലം ഒന്ന് മാത്രമല്ല പൃരുഷാധിപത്യവാഴ്ചക്ക് കാരണം. സാമൂഹികമായി നിര്‍ണയിക്കപ്പെട്ട ലിംഗാധിഷ്ടിഷ്ടിമായ റോളുകള്‍ പ്രത്യയശാസ്ത്രപരമായി ശക്തിപ്പെടുത്തുകയും അത് പല സാമൂഹിക സ്ഥാപനങ്ങളായ കുടുംബം, വിദ്യാലയങ്ങള്‍, മൂല്യങ്ങള്‍ തുടങ്ങിയവയിലൂടെ അടിച്ചേല്പിക്കപ്പെടുകയും ചെയ്തു.
നമ്മുടെ നാട്ടില്‍ മറ്റുള്ളവരോട് സാദൃശ്യപ്പെടുത്തിയാണ് നാം നമ്മുടെ ജീവിതാവസ്ഥയെ നിര്‍ണയിക്കുന്നത്. ഇത്തരത്തില്‍ മധ്യവര്‍ഗ കുടുംബങ്ങള്‍ പണ്ടവും പണവും വിവാഹം പോലുള്ള ചടങ്ങുകളില്‍ കൈമാറുമ്പോള്‍ തൊട്ടടുത്ത് താമസിക്കുന്നവരും അതെ തരത്തില്‍ ചിന്തിക്കാന്‍ നിർന്ധിതനാവുന്നുണ്ട്. തന്റെ അയല്‍വാസി ചെയ്തത് പോലെ തന്നെ ജീവിച്ചാല്‍ മാത്രമേ സാമൂഹികമായുള്ള ഒരു മാനം ലഭിക്കുകയുള്ളൂവെന്നു ധരിക്കുന്നു. ഇത്തരത്തില്‍ സമൂഹ മാന്യത ലഭിക്കാനായി മറ്റുള്ളവര്‍ ചെയ്യുന്ന എന്തും അപ്പാടെ അനുകരിക്കുന്ന ആളുകള്‍ തങ്ങളുടെ ജീവിത പരിസരങ്ങളെ മറന്നു പോവുകയും താന്താങ്ങളുടെ ജീവിതത്തെ കൂടുതല്‍ ദുരിത പൂര്‍വമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. ഇവിടെ സ്റ്റേറ്റിന്റെ ഇടപെടല്‍ അനിവാര്യമായതും നിര്‍ണായകമായ ഇടപെടല്‍ നടത്താമെന്നുള്ളതും ആണ്.
എന്തുകൊണ്ടാണ് അറിഞ്ഞുകൊണ്ട് മരണക്കയങ്ങളിലേക്കു പെണ്‍കുട്ടികളെ തള്ളിവിടുന്നതെന്നുള്ള ചോദ്യം ആവര്‍ത്തിച്ചുകേള്‍ക്കുന്നുണ്ട്. ഇതെല്ലാം സമൂഹം ഉണ്ടായ കാലം മുതല്‍ക്കെ പുരുഷാധിപത്യ വ്യവസ്ഥ ഊട്ടിയുറപ്പിച്ച ചിന്താഗതിയുടെ ഫലമാണിതെന്നും സ്ത്രീ ശരീരം പൊതുവില്‍ പുരുഷന്മാര്‍ക്കും കുടുംബത്തിനും വഴങ്ങി ജീവിക്കേണ്ടതാണെന്നും അവളെ ഒരു മനുഷ്യനായി പരിഗണിക്കാന്‍ വേണ്ടി മാത്രം സമൂഹം വളര്‍ന്നിട്ടില്ല എന്നതും കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ നമ്മളുടെ സമൂഹത്തില്‍ അവര്‍ത്തിക്കപ്പെടുന്നത്. ഈ ലേഖനത്തില്‍ നേരത്തെ തങ്ങള്‍ വിവാഹത്തിലൂടെ നേടിയ കപട മാന്യത നഷ്ടപ്പെടാതിരിക്കാന്‍ ജീവത്യാഗത്തിനു പോലും കാരണമാകുന്നുണ്ട് എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
അടുത്തതായി സ്റ്റേറ്റ് എങ്ങനെയാണു സ്ത്രീകളെ അടിച്ചമര്‍ത്തുന്നതെന്നു നോക്കാം. അറുപതു പതിറ്റാണ്ടു കഴിഞ്ഞ നിയമ ഇന്നും അതേപടി നിലനിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തീര്‍ച്ചയായും സ്റ്റേറ്റിനു കൂടി ഉള്‍പ്പെട്ടതാണ്. ലാഭേച്ഛയെ മുന്‍നിര്‍ത്തി മാത്രം നടപ്പാക്കുന്ന നയങ്ങള്‍ പൗരന്റെ ജീവിതത്തിലുടനീളം വ്യാപിപ്പിക്കുകയും സ്ത്രീകളെയും കുട്ടികളെയും ഒരു പ്രോപ്പര്‍ട്ടി മാത്രമായി കാണാന്‍ പഠിപ്പിക്കുകയും ഉപഭോഗസംസ്‌കാരം അതെ പടി നിലനിര്‍ത്താന്‍ യത്നിക്കുകയും ചെയ്യുന്നു. കുടുംബവും സമൂഹവും സ്റ്റേറ്റും ഒന്നിച്ചിടപെട്ടാല്‍ മാത്രമേ ഈ പ്രശ്ങ്ങള്‍ക്കു പരിഹാരം കണ്ടെത്താനാവൂ. അല്ലാതെ ഒന്ന് ഒന്നിനെ മാറ്റി നിര്‍ത്തിക്കൊണ്ട് ഇത്തരം സാമൂഹിക വിപത്തിനെ തടയുന്നതു അത്ര എളുപ്പമായുള്ള പണിയല്ല.
ഹേബര്‍മാസ് 'പൊതുമണ്ഡലത്തെ' (പബ്ലിക് സ്ഫിയര്‍)സാമൂഹികവും കാലികവുമായ വിഷയങ്ങളില്‍ അഭിപ്രായം പറയാനുള്ള ഒരു ഇടം എന്ന് നിര്‍വചിപ്പോള്‍ സ്ത്രീകള്‍, മറ്റു പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങള്‍ ഈ പറഞ്ഞ പൊതുമണ്ഡലത്തിനു പുറത്തായിരുന്നു. സ്ത്രീധന നിരോധന നിയമം നിലനില്‍ക്കുന്നുണ്ടെങ്കിലും ഒട്ടും തന്നെ ഫലപ്രദമല്ല. ഒരു പരാതിയുമായി പോലീസിനെയോ മറ്റോ സമീപിച്ചാലും സ്ത്രീകള്‍ക്ക് പരിഹാരം ലഭിക്കാത്തതിന് കാരണം സ്ത്രീകള്‍ പുരുഷനെ അനുസരിക്കേണ്ടവളും പുരുഷന് വഴങ്ങേണ്ടവാളും എന്ന അലിഖിത സാമൂഹിക നിയമം നിലനില്‍ക്കുന്നത് കൊണ്ട് തന്നെയാണ്. ഇവിടെ സ്റ്റേറ്റിന്റെ മൗനം കാണാതിരുന്നു കൂടാ. ഇത്തരം കേസുകളില്‍ ഭരണാധികാരികള്‍ തന്നെ പലപ്പോഴും കണ്ണടക്കാറാണ് പതിവ്.
ഭര്‍ത്താവില്‍ നിന്നും തല്ലു കൊള്ളുക എന്നത് ഭാരതീയ സമൂഹത്തില്‍ അത്രയധികം വേരോടിയ സാമൂഹിക നിയമങ്ങളില്‍ ഒന്നാണ്. അതിനെ മുച്ചൂടും തകര്‍ക്കണമെങ്കില്‍ സമൂഹത്തില്‍ വേരോടിയിറിയിരിക്കുന്ന പുരുഷമേധാവിത്ത നിയമംഗങ്ങളെ പിഴുതെറിഞ്ഞേ മതിയാകൂ. അതിനായി ആദ്യം പരിശോധിക്കേണ്ടത് ഏതു തരത്തിലുള്ള സാമൂഹികവര്‍ക്കരണ പ്രക്രിയയാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നല്‍കികൂടിരിക്കുന്നതെന്നു പരിശോധിക്കുകയും അതിനെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ്. വിവാഹം എന്നത് ആത്യന്തിക ലക്ഷ്യമായി കാണാന്‍ പഠിപ്പിക്കുന്നത് മുളയിലേ നുള്ളിക്കളയേണ്ട ഒന്നാണ്. മറ്റൊരു വീട്ടില്‍ ജീവിക്കേണ്ടവള്‍, അടുത്ത തലമുറയെ വാര്‍ത്തെടുക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ എന്നീ വാചകങ്ങള്‍ മാറ്റിയിട്ടു സ്വന്തം കാലില്‍ നില്‍ക്കുവാനും സ്വതന്ത്രമായി ചിന്തിക്കുവാനും സ്വന്തം ജീവിതം തിരഞ്ഞെടുക്കുവാനും ഉള്ള മനസ്സിന്റെ ഉടമകളായി വാര്‍ത്തെടുക്കുക എന്നതാണ് ഒരു പരിഷ്‌കൃത ലോകത്തെ മാതാപിതാക്കളും സമൂഹവും സ്റ്റേറ്റും ലിംഗഭേദമന്യേ പകര്‍ന്നു നല്‍കേണ്ടത്. ചില പ്രത്യേക സമയങ്ങളില്‍ മാത്രം ഉയര്‍ത്തേണ്ട അല്ലെങ്കില്‍ ഉപരിപ്ലവമായി മാത്രം പറഞ്ഞു നിര്‍ത്തേണ്ട കാര്യങ്ങളൊന്നുംതന്നെ അല്ല ഇതൊന്നും. പകരം സമൂഹത്തില്‍ വളരെ ആഴത്തില്‍ വേരോടിയിരിക്കുന്ന പുരുഷാധിപത്യ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയും സാമൂഹികവത്കരണ പ്രക്രിയയെ വിമർശനബുദ്ധിയോടെ കാണാന്‍ ശ്രമിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇത്തരം അനാചാരങ്ങളെ പിഴുതെറിയാന്‍ സാധിക്കൂ.
(കേരള സര്‍വകലാശാല സമൂഹശാസ്ത്ര വകുപ്പില്‍ അധ്യാപികയും വനിതാ പഠനകേന്ദ്രം ഡയറക്ടറുമാണ് ലേഖിക)