പൗരത്വം: എന്‍പിആറും എന്‍.ആര്‍.സിയും വരുമ്പോള്‍ ചേരിതിരിഞ്ഞ് ആക്രോശിക്കുന്നവര്‍ അറിയാന്‍


സ്വന്തം ലേഖകന്‍

5 min read
Read later
Print
Share

ഇതിന് പിന്നാലെയാണ് എന്‍പിആര്‍ പുതുക്കാന്‍ കേന്ദ്രം തീരുമാനിക്കുന്നത്. എന്‍.ആര്‍.സി.യും എന്‍.പി.ആറും തമ്മില്‍ ബന്ധമില്ലെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്. ജനസംഖ്യാപട്ടിക മാത്രമാണ് എന്‍.പി.ആര്‍. സെന്‍സസിന്റെ ഭാഗമായുള്ള ജനസംഖ്യാ കണക്കെടുപ്പായി മാത്രമേ അതിനെ കാണേണ്ടതുള്ളു. തുടങ്ങിയവയാണ് സര്‍ക്കാരിന്റെ വാദങ്ങള്‍.

പുതുവര്‍ഷം പിറന്നുവീഴാന്‍ തുടങ്ങുമ്പോഴും ഇന്ത്യയില്‍ കാര്യങ്ങള്‍ പ്രശ്‌നകലുഷിതമാണ്. ആശങ്ക, അവിശ്വാസം, ഭയം തുടങ്ങിയ വികാരങ്ങള്‍ സമൂഹത്തില്‍ പരസ്പരം പങ്കുവെക്കപ്പെടുകയാണ്. പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപ സമാനമായ സാഹചര്യം ഒട്ടൊക്കെ അവസാനിച്ചുവെങ്കിലും ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തുടങ്ങിയവയുടെ പേരില്‍ സമൂഹത്തില്‍ നിരവധി ആശങ്കകളും ഭയവും നിലനില്‍ക്കുന്നു.

ആരൊക്കെയാണ് ഇന്ത്യന്‍ പൗരന്മാര്‍?

 • 1955-ലെ നിയമപ്രകാരം, രാജ്യം പരമാധികാര റിപ്പബ്ലിക്കായി മാറിയ 1950 ജനുവരി 26 വരെയും അതിനുശേഷം 1987 ജൂലായ് ഒന്നുവരെയും രാജ്യത്ത് ജനിച്ചവര്‍ ഇന്ത്യന്‍ പൗരന്മാരാണ്.
 • 1987 ജൂലായ് ഒന്നിനുശേഷം 2003-ലെ ഭേദഗതിനിയമത്തിനുമുമ്പ് ജനിച്ചവര്‍ക്ക് അവരുടെ മാതാപിതാക്കളില്‍ ഒരാളെങ്കിലും ഇന്ത്യന്‍ പൗരനാണെങ്കില്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കും.
 • 2003-നുശേഷം ജനിച്ചവര്‍ അവരുടെ മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരന്മാരാണെങ്കിലോ മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനും മറ്റൊരാള്‍ അനധികൃത കുടിയേറ്റക്കാരനല്ലാതിരിക്കുകയും ചെയ്താല്‍ ഇന്ത്യന്‍ പൗരന്മാരാകും.
എന്‍പിആര്‍ അഥവാ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍

 • രാജ്യത്ത് താമസിക്കുന്നവരുടെ ബയോമെട്രിക് വിവരശേഖരണം, ജനസംഖ്യാനിരക്കു ശേഖരണം ലക്ഷ്യമിട്ടാണ് എന്‍.പി.ആര്‍ കൊണ്ടുവരുന്നത്.
 • 2020 ഏപ്രില്‍മുതല്‍ സെപ്റ്റംബര്‍വരെയാണ് എന്‍.പി.ആര്‍. രജിസ്‌ട്രേഷന്‍ നടത്തുന്നത്.
 • രാജ്യത്തു താമസിക്കുന്ന എല്ലാവരും എന്‍.പി.ആറില്‍ രജിസ്റ്റര്‍ ചെയ്യണം.
 • 1955-ലെ പൗരത്വനിയമം, 2003-ലെ പൗരത്വചട്ടം എന്നിവ പ്രകാരം രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ വില്ലേജ്, താലൂക്ക്, ജില്ല, സംസ്ഥാന, ദേശീയ തലത്തില്‍ തയ്യാറാക്കുന്നതാണ് എന്‍.പി.ആര്‍.
 • എന്‍പിആറിനൊപ്പം കനേഷുമാരി കണക്കെടുപ്പ് അഥവാ സെന്‍സസ് തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കും.
 • സെന്‍സസിന്റെ ഭാഗമായുള്ള ജനസംഖ്യാ കണക്കെടുപ്പായി മാത്രമേ അതിനെ കാണേണ്ടതുള്ളൂവെന്നാണ് കേന്ദ്രം പറയുന്നത്.
 • എന്‍.പി.ആറില്‍ പ്രദേശവാസിയെന്നു വിശേഷിപ്പിക്കുന്നത്, ആറുമാസമായി ഒരിടത്തു താമസിക്കുന്നയാള്‍, അല്ലെങ്കില്‍ അടുത്ത ആറുമാസത്തേക്ക് അവിടെ താമസിക്കാന്‍ പോകുന്നയാളെയാണ്.
 • ജനസംഖ്യാ രജിസ്റ്ററില്‍ പേര് ചേര്‍ക്കാന്‍ തെളിവോ രേഖകളോ ബയോമെട്രിക് വിവരങ്ങളോ ആവശ്യമില്ല.
 • എന്‍.പി.ആര്‍. ഫോമിലെ വിവരങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തേണ്ടവയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
 • ആധാര്‍, പാന്‍ നമ്പറുകള്‍ മുതലായവ വേണമെങ്കില്‍ നല്‍കിയാല്‍ മതി.
 • മാതാപിതാക്കളുടെ ജനനസ്ഥലം, തീയതി തുടങ്ങിയ ചോദ്യങ്ങള്‍ ഉണ്ടാവുമെങ്കിലും ആ വിവരങ്ങള്‍ നല്‍കണമെന്നു നിര്‍ബന്ധമില്ല.
 • എന്‍.പി.ആറിലേക്ക് അവസാനം വിവരശേഖരണം നടത്തിയത് 2010-ല്‍ പുതുക്കിയത് 2015 ലും.
എന്‍ആര്‍സി അഥവാ ദേശീയ പൗരത്വ രജിസ്റ്റര്‍

 • പൗരന്മാരുടെ പേര്, ജനന-പൗരത്വവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയുടെ ഡിജിറ്റല്‍ രജിസ്റ്റര്‍.
 • ഈ പട്ടികയ്ക്ക് അടിസ്ഥാനമാക്കുക ഇന്ത്യന്‍ പൗരത്വ നിയമം.
 • ഇന്ത്യന്‍ പൗരത്വനിയമം പലതവണ ഭേദഗതിചെയ്തിട്ടുണ്ട്. ഈ നിയമങ്ങളെ അടിസ്ഥാനമാക്കിയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുക. ഇത്രയുമാണ് സാങ്കേതിക വിവരങ്ങള്‍.
 • പൗരത്വ രജിസ്റ്ററിന് വേണ്ട ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ല
 • വിഷയം മന്ത്രിസഭയുടെ പരിഗണനയില്‍ നിലവിലില്ല
 • നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പലതവണ പറഞ്ഞു
എന്‍ആര്‍സിയും, എന്‍പിആറും കാലങ്ങള്‍ കടന്നുവന്ന വില്ലനോ?

 • എന്‍ആര്‍സി ആദ്യം കൊണ്ടുവരാന്‍ ശ്രമിച്ചത് യുപിഎ സര്‍ക്കാര്‍
 • 2012ല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എന്‍പിആര്‍ കൊണ്ടുവരുന്നത് എന്‍ആര്‍സി നടപ്പിലാക്കാനാണെന്ന് ലോക്‌സഭയെ അറിയിക്കുന്നു.
 • എന്‍.ആര്‍.സി.ക്ക് അടിസ്ഥാനമാക്കുക എന്‍.പി.ആര്‍. ആണെന്ന് മുന്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു 2014-ല്‍ പര്‍ലമെന്റില്‍ രേഖാമൂലം മറുപടി നല്‍കുന്നു.
 • അന്ന് രാജ്യം ഭരിക്കുന്നത് മോദി സര്‍ക്കാര്‍.
 • രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി 2019ല്‍ ലോക്‌സഭയില്‍ പ്രഖ്യാപിക്കുന്നു.
ആശങ്കകള്‍ എന്തൊക്കെ?

 • എന്‍പിആര്‍ എന്‍ആര്‍സിക്ക് വഴിയൊരുങ്ങിയാല്‍ അസ്സം ആവര്‍ത്തിക്കുമോ?
 • അസമിലേതുപോലെ രേഖകളില്ലാത്ത മുസ്ലീങ്ങള്‍ മാത്രം പൗരത്വത്തില്‍ നിന്ന് പുറത്താകുമോ ?
 • രാജ്യമൊട്ടുക്കും എന്‍.ആര്‍.സി. കൊണ്ടുവരുമ്പോള്‍ അടിസ്ഥാനവര്‍ഷവും തീയതിയും നിശ്ചയിക്കണം. അത് ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല.
 • രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി ലോക്‌സഭയില്‍ പറയുമ്പോഴും എന്‍ആര്‍സിയേപ്പറ്റി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് പിന്നീട് പറയുന്നു
 • അസമില്‍ അടിസ്ഥാനമാക്കാന്‍ 1951-ലെ പൗരത്വപട്ടികയുണ്ടായിരുന്നു. അതുപോലെ ദേശീയതലത്തില്‍ പട്ടികയില്ല.
പക്ഷെ ആശങ്കകള്‍ വന്ന വഴി ഇങ്ങനെയാണ്

1950 ജനുവരി 26-നുശേഷം വിദേശത്ത് ജനിച്ചവര്‍ ആവശ്യമായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നുണ്ടെങ്കില്‍ അവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കും. 1946-ലെ വിദേശിനിയമം, പാസ്‌പോര്‍ട്ട് നിയമം തുടങ്ങിയവപ്രകാരം അത്തരക്കാരെ പിടികൂടി നാടുകടത്തും. ഇതാണ് ഇന്ത്യയുടെ പൗരത്വ നിയമം. എന്നാല്‍ അസമിന്റെ കാര്യത്തില്‍ മാത്രം പൗരത്വ നിയമം ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

1985ല്‍ അന്നത്തെ പ്രധാനമന്ത്രി രാജിവ് ഗാന്ധി ഒപ്പുവെച്ച അസം ഉടമ്പടി പ്രകാരം സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് 2019ല്‍ എന്‍ആര്‍സിയുടെ പട്ടിക പ്രസിദ്ധീകരിച്ചത്. അന്നത്തെ ഉടമ്പടി പ്രകാരം 1971 മാര്‍ച്ച് 24 അടിസ്ഥാനതീയതിയായി നിശ്ചയിച്ച് അതുവരെ കുടിയേറിയ വിദേശികള്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനിച്ചു. മറ്റ് എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇത് 1950 ജനുവരി 26 ആണ്.

സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് 3.3 കോടി അപേക്ഷകരുടെ രേഖകള്‍ ഒത്തുനോക്കി പരിശോധിച്ച് പട്ടിക 2019 ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അസമിലെ 19 ലക്ഷം ആളുകള്‍ പുറത്തായി. അപേക്ഷയില്‍ മതം രേഖപ്പെടുത്തേണ്ടതില്ലാത്തതിനാല്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ ഏതൊക്കെ മതക്കാരാണെന്നത് ഔദ്യോഗികമായി അറിയാനാവില്ല. 19-ല്‍ 14 ലക്ഷം ഹിന്ദുക്കളും ബാക്കി മുസ്ലീങ്ങളും ആണെന്നത് പേരുകള്‍ നോക്കിയുള്ള ഏകദേശ അനൗദ്യോഗികകണക്ക്‌.

പട്ടികയില്‍ ഇടംപിടിക്കാത്തവര്‍ വിദേശികള്‍ക്കുവേണ്ടി രൂപവത്കരിച്ച ട്രിബ്യൂണലുകളെ സമീപിക്കണം. അസമില്‍ പുതുതായി 200 ട്രിബ്യൂണലുകള്‍ തുറന്നു. ട്രിബ്യൂണല്‍ വിധിക്കെതിരേ അപ്പില്‍പോകാം. പൗരത്വമില്ലാത്തവരെ പാര്‍പ്പിക്കാന്‍ ആറുകേന്ദ്രങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്ത് തുറന്നിട്ടുണ്ട്. ട്രിബ്യൂണലിനെ സമീപിച്ചശേഷവും പൗരത്വം തെളിയിക്കാനാവാത്ത 800-ലധികംപേരെ ഈ തടവുകേന്ദ്രങ്ങളില്‍ താമസിപ്പിച്ചിട്ടുമുണ്ട്.

ഈ സാഹചര്യത്തിലാണ് പാര്‍ലമെന്റ് പാസാക്കിയ പൗരത്വനിയമ ഭേദഗതിബില്‍ നിയമമായത്. ഇതനുസരിച്ച് 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയിലെത്തിയിട്ടുള്ള മുസ്ലിം ഇതരര്‍ക്ക് പൗരത്വം ലഭിക്കും. ഇപ്പോള്‍ എന്‍.ആര്‍.സി.യില്‍നിന്ന് പുറത്തായ വലിയൊരു വിഭാഗം(മുഖ്യമായും ഹിന്ദുക്കള്‍)പട്ടികയില്‍ ഇടംപിടിക്കും.

ഇതേ തുടര്‍ന്നാണ് രാജ്യമെമ്പാടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെ രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കുമെന്ന് ബിജെപി നേതാക്കളും ആഭ്യന്തര മന്ത്രിയും പലപ്പോഴായി വെളിപ്പെടുത്തിയതോടെ അസമിലേപോലെ ഓരോ ഇന്ത്യക്കാരനും പൗരത്വം തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കേണ്ടിവരുമെന്നും അതില്‍ പരാജയപ്പെടുന്ന മുസ്ലീങ്ങള്‍ തടവുകേന്ദ്രങ്ങളില്‍ അടക്കപ്പെടുമെന്നും വ്യാപക പ്രചാരണമുണ്ടായി.

ആളുകള്‍ തങ്ങളുടേതായ രീതിയിലും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ച സന്ദേശങ്ങളും പ്രശ്‌നങ്ങള്‍ ആളിക്കത്തിച്ചു. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കിയാല്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത മുസ്ലീങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വത്തിന് അര്‍ഹതയുണ്ടാകുന്ന തരത്തിലാണ് പൗരത്വ നിയമ ഭേദഗതി നിലനില്‍ക്കുന്നത്. അതും പ്രതിഷേധം ആളിക്കത്താന്‍ കാരണമായി.

ഇതിന് പിന്നാലെയാണ് എന്‍പിആര്‍ പുതുക്കാന്‍ കേന്ദ്രം തീരുമാനിക്കുന്നത്. എന്‍.ആര്‍.സി.യും എന്‍.പി.ആറും തമ്മില്‍ ബന്ധമില്ലെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്. ജനസംഖ്യാപട്ടിക മാത്രമാണ് എന്‍.പി.ആര്‍. സെന്‍സസിന്റെ ഭാഗമായുള്ള ജനസംഖ്യാ കണക്കെടുപ്പായി മാത്രമേ അതിനെ കാണേണ്ടതുള്ളു. തുടങ്ങിയവയാണ് സര്‍ക്കാരിന്റെ വാദങ്ങള്‍. എന്നാല്‍ എന്‍.ആര്‍.സി.ക്ക് അടിസ്ഥാനമാക്കുക എന്‍.പി.ആര്‍. ആണെന്ന് മുന്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു 2014-ല്‍ പര്‍ലമെന്റില്‍ രേഖാമൂലം മറുപടി നല്‍കിയിട്ടുമുണ്ട്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ എന്‍ആര്‍സി നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. 2012ല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എന്‍പിആര്‍ കൊണ്ടുവരുന്നത് എന്‍ആര്‍സി നടപ്പിലാക്കാനാണെന്ന് സര്‍ക്കാര്‍ അന്ന് ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ഇതാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിരോധത്തിനായി ഉയര്‍ത്തിക്കാണിക്കുന്നത്. അതായത് എല്ലാം തുടങ്ങിവെച്ചത് കോണ്‍ഗ്രസ് ആണെന്നും തങ്ങളത് നടപ്പിലാക്കുന്നുവെന്നുമുള്ള വിധേയത്വം. പൗരത്വ നിയമ ഭേദഗതി വന്നപ്പോഴും അവര്‍ ഇങ്ങനെയാണ് പ്രതികരിച്ചത്

രാജ്യത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററും എന്‍ആര്‍സിയും വരുന്നതല്ല പ്രശ്‌നം. പക്ഷെ ആശങ്കകള്‍ക്ക് അടിസ്ഥാനം പൗരത്വ നിയമ ഭേദഗതിയാണ്. എന്‍ആര്‍സിയുടെ ഭാഗമായി പുറത്താക്കപ്പെടുന്നവരില്‍ മതവിശ്വാസത്തിന്റെ പേരില്‍ ഒരു വിഭാഗം മാത്രം പൗരത്വത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതാണ് വിമര്‍ശകര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍ പ്രതിഷേധങ്ങളും ആശങ്കകളും നിലനില്‍ക്കുമ്പോഴും സര്‍ക്കാര്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആശങ്ക പരിഹരിക്കാന്‍ തക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നതാണ് പ്രതിഷേധാര്‍ഹമായിരിക്കുന്നത്.

സര്‍ക്കാര്‍ പറയുന്നത് നോക്കു, രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി ലോക്‌സഭയില്‍ പറയുമ്പോഴും എന്‍ആര്‍സിയേപ്പറ്റി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് പിന്നീട് പറയുന്നു. രാജ്യമൊട്ടുക്കും എന്‍.ആര്‍.സി. കൊണ്ടുവരുമ്പോള്‍ അടിസ്ഥാനവര്‍ഷവും തീയതിയും നിശ്ചയിക്കണം. അത് ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. അസമില്‍ അടിസ്ഥാനമാക്കാന്‍ 1951-ലെ പൗരത്വപട്ടികയുണ്ടായിരുന്നു. അതുപോലെ ദേശീയതലത്തില്‍ പട്ടികയില്ല. 2021-ലെ സെന്‍സസ് പൂര്‍ത്തിയാവുമ്പോള്‍ ദേശീയ ജനസംഖ്യാരജിസ്റ്റര്‍ നിലവില്‍വരും. എന്‍.ആര്‍.സി.ക്ക് ഒരുപക്ഷേ അത് അടിസ്ഥാനമാക്കിയേക്കുമെന്ന ആശങ്ക ശക്തമായി നിലനില്‍ക്കാന്‍ കാരണങ്ങളുണ്ടുതാനും.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ ജനസംഖ്യാ രജിസ്റ്ററിനുള്ള ഫോമില്‍ ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഇപ്പോള്‍ എന്‍പിആറിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയതാണ്‌ ഈ രീതിയിലേക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. 2020ലേക്കുള്ള എന്‍പിആറിനായി മാതാപിതാക്കളുടെ ജനന സ്ഥലം,അവസാനം താമസിച്ച സ്ഥലം, ആധാര്‍ നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍,വോട്ടര്‍ ഐഡി, മൊബൈല്‍ നമ്പര്‍ തുടങ്ങിയവയാണ് അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും വിവരങ്ങള്‍ ശേഖരിക്കുന്നത് ഫലത്തില്‍ എന്‍ആര്‍സി നടപടികള്‍ക്കുള്ള വിവര ശേഖരണമായാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇവയൊന്നും നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നുമുണ്ട്. പിന്നെന്തിന് ഇവ ശേഖരിക്കുന്നുവെന്നതാണ് ഉയരുന്ന ചോദ്യം.

അതേസമയം 2010ലെ എന്‍പിആറിനായി വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ചിരുന്നു. പുതിയ എന്‍പിആറിനുള്ള ഫോമില്‍ ഈ ചോദ്യം എടുത്തുകളഞ്ഞിട്ടുമുണ്ട്. അതെന്തിനെന്നും വ്യക്തതയില്ല. ദേശീയ എന്‍.ആര്‍.സി. അസം മാതൃകയിലാവുമോ അല്ലയോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. തെളിവായി സ്വീകരിക്കുന്ന രേഖകള്‍ ഏതൊക്കെയാണെന്ന് അറിയേണ്ടതുണ്ട്. ഇത്രയധികം ആശങ്കകളാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.

Content Highlights: Citizenship, NPR and NRC Know what you wan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

3 min

റേഡിയോ ഒരു നൊസ്റ്റാള്‍ജിയ ആകുമ്പോള്‍

Feb 13, 2016


mathrubhumi

3 min

നോക്കിയിരുന്നാൽ പുകഞ്ഞ്‌ തീരും

Jan 12, 2017