ഞാനുമൊരു സ്ത്രീ | പരമ്പര


സൗമ്യ ഭൂഷൺ

3 min read
Read later
Print
Share

-

സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ലോകത്തിനുതന്നെ മാതൃകയാണ് കേരളം. 94 ശതമാനം സാക്ഷരത എന്നത് ഇന്ത്യയിൽത്തന്നെ ഏറ്റവും ഉയർന്നതാണ്. 1000-1084 എന്ന സ്ത്രീ-പുരുഷാനുപാതവും ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കും കേരളത്തെ ലോകശ്രദ്ധയിലെത്തിച്ച ഘടകങ്ങളാണ്. സാമൂഹികക്ഷേമ പദ്ധതികളിലും അവയുടെ നടത്തിപ്പിലും നാം ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു. എന്നാൽ, കേരളം ഇപ്പോഴും മുഖംതിരിച്ചു നിൽക്കുന്ന ഒരു വിഷയമാണ്‌ വിധവകൾ നേരിടുന്ന പ്രശ്‌നങ്ങൾ. ഇത് ഞെട്ടിക്കുന്നതാണ്‌. 60 വയസ്സിനുമുകളിൽ പ്രായമുള്ളവരിൽ 57 ശതമാനവും വിധവകളാണ് എന്ന സെൻസസ് കണക്കുകൾ നമുക്കുമുന്നിലുണ്ട്. ഒരു തരത്തിലുമുള്ള പിന്തുണയില്ലാത്ത 18,399 വിധവകൾ കേരളത്തിലുണ്ട് എന്നതും വസ്തുത. വിവിധതരത്തിലുള്ള സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, മാനസിക, വൈകാരിക, ആരോഗ്യ പ്രശ്നങ്ങളിലൂടെ, സമ്മർദങ്ങളില​ൂടെ കടന്നുപോകുന്ന ഇവരുടെ ജീവിതത്തിലൂടെ...ലോക വിധവാദിനത്തിൽ ഒരു അന്വേഷണം

ന്നൊരു വെള്ളിയാഴ്ചയായിരുന്നു. സാധാരണപോലെ വീട്ടുജോലികളെല്ലാം തീർത്ത് അദ്ദേഹത്തോടൊപ്പം ഇറങ്ങി. മോനെ സ്കൂളിൽവിട്ടു. എന്നെ ഓഫീസ് പടിക്കലിറക്കി പുഞ്ചിരിയോടെ യാത്രപറഞ്ഞുപോകുമ്പോഴും അസ്വാഭാവികമായി ഒന്നുമില്ലായിരുന്നു. 12 മണിയായിക്കാണും വീട്ടിൽനിന്ന് ഫോൺ വന്നു. വേഗം വരണം. ഓട്ടോ പിടിച്ച് വീട്ടിലെത്തി. നിശ്ശബ്ദത. താഴെയുള്ള മുറികളിൽ അദ്ദേഹത്തെ കണ്ടില്ല. മുകളിലേക്കോടി. തൂങ്ങിനിൽക്കുന്ന രണ്ടുകാലുകളല്ലാതെ പിന്നെയൊന്നും ഓർമയില്ല. രണ്ടു സ്ത്രീകൾ വന്ന് എന്നെ താഴെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കട്ടിലിലിരുത്തിയശേഷം അവരാദ്യം ചെയ്തത് ചൂണ്ടുവിരൽകൊണ്ട് എന്റെ പൊട്ട് തെറിപ്പിച്ചുകളയുകയാണ്. എനിക്കവർതന്ന ആദ്യ പാഠം അതായിരുന്നു. നീയിനി വെറും സ്ത്രീയല്ല, വിധവയാണ്. നിന്റെ കാര്യങ്ങളിൽ ഇനി നിന്നെക്കാൾ അധികാരം ഞങ്ങൾക്കുണ്ടാകും!

പിന്നെയുള്ള പതിനാറു ദിവസവും തടവറയ്ക്കുള്ളിലെ കുറ്റവാളിയെപ്പോലെ ഞാൻ വിചാരണനേരിട്ടു. എല്ലാ കണ്ണുകളും എന്നെ കുറ്റക്കാരിയായിക്കണ്ടു. മഴവെള്ളപ്പാച്ചിലിലെന്നപോലെ ജീവിതം ഒലിച്ചുപോയി മുന്നോട്ടുള്ള വഴിനഷ്ടപ്പെട്ട് നിൽക്കുമ്പോഴും സ്വന്തം നിരപരാധിത്വംകൂടി തെളിയിക്കേണ്ട ബാധ്യത! ഭർത്താവ് നേരത്തേ മരിക്കുന്നത് സ്ത്രീകളുടെ എന്തോ കുറ്റംകൊണ്ടോ നിർഭാഗ്യംകൊണ്ടോ ആണെന്ന് കരുതുന്നവരാണ് സമൂഹത്തിലേറെയും, അപ്പോൾ ആത്മഹത്യചെയ്ത ആളുകളുടെ ഭാര്യമാരുടെ കാര്യം എന്താകും?’’ 30-ാം വയസ്സിൽ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ സബിത (യഥാർഥ പേരല്ല) ചോദിക്കുന്നു. ‘‘അത്രനാളും കൂടെനിന്ന് പരിചരിച്ച നമ്മൾ ഒരു നിമിഷത്തോടെ ഒന്നുമല്ലാതായിമാറും. സമൂഹം മുഴുവൻ നമുക്കുനേരെ വിരൽചൂണ്ടും. ആ കാലത്ത് ഓരോ ആളും നോക്കുമ്പോഴും ഇത്തരത്തിലാണോ അവരെന്നെ കാണുന്നത് എന്ന സംശയമായിരുന്നു. രണ്ടുവർഷമെടുത്തു അതിൽനിന്നും പൂർണമായും മോചിതയാകാൻ. സതി എന്ന സമ്പ്രദായം മാത്രമാണ് ഇല്ലാതായത്. ഭർത്താവ് മരിച്ച സ്ത്രീ ‘വിധവ’ എന്നപേരിൽ സദാ തടവറയിൽ തന്നെയാണ്.’’

കുടുംബത്തിനുള്ളിലെ ശാരീരിക, വൈകാരിക പിന്തുണയ്ക്ക് മാതൃകയായി പറയാറുള്ളതാണ് ഇന്ത്യൻ കുടുംബങ്ങൾ. എന്നാൽ, സ്ത്രീകളുടെ ആവശ്യങ്ങളോട്, പ്രത്യേകിച്ചും വിധവകളോടുള്ള സമീപനത്തിന്റെ കാര്യത്തിൽ നമ്മുടെ കുടുംബങ്ങൾ ഇനിയും ഏറെ മാറേണ്ടിയിരിക്കുന്നു എന്നതാണ് വിവിധ അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. വിവിധതരത്തിലുള്ള സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, മാനസിക, വൈകാരിക, ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരാണ് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഈ സ്ത്രീകൾ. അല്പം കരുതലും സ്നേഹവും അംഗീകാരവുമാണ് അവർക്കുവേണ്ടതെന്ന് സമൂഹം പലപ്പോഴും മറക്കുന്നു. ‘വിഗതധവൻ’ അതായത് ധവൻ (ഭർത്താവ്) ഇല്ലാത്തവൾ എന്നതിൽനിന്നാണ് ‘വിധവ’ എന്ന പദം ഉടലെടുക്കുന്നത്. വിധവയ്ക്ക് എതിർപദമായി വിധുരൻ, വിഭാര്യൻ എന്ന വാക്കുകൾ പ്രയോഗിക്കാറുണ്ടെങ്കിലും പൊതു ഉപയോഗത്തിലുള്ളവയല്ല. വിധവ എന്ന വാക്ക് സൂചിപ്പിക്കുന്ന തന്മ(identity)യുടെ ഭാരം സ്ത്രീ പേറുമ്പോൾ ഭാര്യ മരിച്ചുപോയ പുരുഷൻമാർക്ക് അത്തരത്തിലൊരു തന്മയും സമൂഹം കല്പിക്കുന്നുമില്ല.

സ്ത്രീജനസംഖ്യയുടെ 11.56 ശതമാനം

സെൻസസ് 2011 പ്രകാരം, കേരളത്തിൽ 20,10,984 വിവധവകളാണുള്ളത്. അതായത്, കേരളത്തിലെ മൊത്തം സ്ത്രീജനസംഖ്യയുടെ 11.56 ശതമാനവും വിധവകളാണ്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 57 ശതമാനം വിധവകളാണെന്നും കണക്കുകൾ പറയുന്നു. സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ 2018-ലെ പഠനപ്രകാരം കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 7.4 ശതമാനം വിധവകളാണ്. വിവാഹിതരായ പുരുഷൻമാരെക്കാൾ വിവാഹിതരായ സ്ത്രീകളാണ് കൂടുതൽ എന്നു പറയുന്ന പഠനത്തിൽ ഭർത്താവില്ലാത്ത വിവാഹിത(വിധവകൾ, വിവാഹമോചിതർ, ബന്ധം പിരിഞ്ഞവർ)കളുടെ എണ്ണം ഭാര്യ ഇല്ലാത്ത വിവാഹിതരായ പുരുഷൻമാരെക്കാൾ ആറിരട്ടി കൂടുതലാണെന്നും കാണിക്കുന്നു.

പിതൃകേന്ദ്രീകൃത സമൂഹത്തിൽ, സ്ത്രീകൾ അവരുടെ പദവി ഭർത്താവിൽനിന്നാണ് നേടുന്നത്. ഭാര്യാപദവി നഷ്ടപ്പെടുന്നതോടെ അവൾ ഒന്നുമല്ലാതാകുന്നു. മംഗളകർമങ്ങളിൽനിന്നെല്ലാം അവൾ മാറ്റിനിർത്തപ്പെടുന്നു. പരിഷ്‌കാരവും പുരോഗമനവും പറയുമ്പോഴും വിധവകളെ ഭാഗ്യമില്ലാത്തവരായി കണക്കാക്കുന്ന സ്ഥിതിക്ക്‌ ഇപ്പോഴും നമ്മുടെ നാട്ടിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. കല്യാണം ഉൾ​െപ്പടെ കുടുംബത്തിലെ ചടങ്ങുകളിലെ പ്രധാന ആചാരങ്ങളിൽനിന്ന് മാറ്റിനിർത്തുന്നതും മിക്ക കുടുംബങ്ങളിലും തുടർന്നുപോരുന്നുണ്ട്. ഹിന്ദു വിവാഹങ്ങളിൽ പൊതുവേ സഹോദരന്റെ വിവാഹത്തിന്‌ പിന്നിൽനിന്നും താലികെട്ടിക്കൊടുക്കുന്നത് സഹോദരിയാണ്. സ്വന്തം സഹോദരന്റെ വിവാഹത്തിൽ താലികെട്ടൽ ചടങ്ങിൽനിന്നുതന്നെ മാറ്റിനിർത്തിയ അനുഭവമാണ് കോഴിക്കോട്ടെ ഷീബയ്ക്ക് (യഥാർഥ പേരല്ല) പറയാനുള്ളത്. “സ്വന്തം കുടുംബത്തിന്റെപോലും അംഗീകാരം നഷ്ടമാകുന്നത് വലിയ വേദനയാണ്. എന്നാൽ, ആ വിഷമം പങ്കുവെക്കാൻപോലും ആരും ഇല്ലാത്തവരാണ് മിക്കവാറും പേരും. ഇതെല്ലാം നാട്ടുനടപ്പാണ് എന്ന ലാഘവത്തോടെയാണ് ആളുകൾ കാണുന്നത്. നമ്മുടേതല്ലാത്ത ഏതോ കുറ്റംകൊണ്ട് നമ്മൾ സമൂഹത്തിൽനിന്ന്‌ മാറ്റിനിർത്തപ്പെടുകയാണ്”.

പിന്തുണകളൊന്നുമില്ലാത്ത വിധവകൾ 18399

വനിതാ ശിശുവികസനവകുപ്പ് ഐ.സി.ഡി.എസിലൂടെ സമാഹരിച്ച ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് കേരളത്തിൽ 17,43,247 വിധവകളാണുള്ളത്. ഇതിൽ 18-60 പ്രായപരിധിയിലുള്ളവർ 6,59,237 ആണ്. 6,12,867 പേർ 60-70 പ്രായത്തിലും 4,71,143 പേർ 70-ന് മുകളിൽ പ്രായമുള്ളവരുമാണ്. അതേസമയം, കുടുംബശ്രീ ‘സ്നേഹിത കോളിങ്‌ബെൽ’ പദ്ധതിയുടെ ഭാഗമായി ജില്ലകളിൽനിന്ന് ശേഖരിച്ച വിവരങ്ങളനുസരിച്ച് മറ്റ് പിന്തുണകളൊന്നുമില്ലാത്ത 18,399 വിധവകളാണ് കേരളത്തിലുള്ളത്. മലപ്പുറം (4510), കോട്ടയം (1916), വയനാട് (1865), ആലപ്പുഴ (1243) ജില്ലകളിലാണ് ഈ വിഭാഗക്കാർ ഏറ്റവും കൂടുതൽ. അതേസമയം, തിരുവനന്തപുരത്താണ് ഏറ്റവും കുറവ് -346. ദേശീയതലത്തിൽ 121 കോടി വരുന്ന ഇന്ത്യൻ ജനസംഖ്യയുടെ 4.6 ശതമാനം വിധവകളാണ് (5.6 കോടി). 2001 സെൻസസിൽ 18.5 ലക്ഷം (0.7 ശതമാനം) ഉണ്ടായിരുന്നതിൽനിന്നാണ് ഈ വർധന. സംസ്ഥാനങ്ങളിൽ കേരളവും തമിഴ്‌നാടും കർണാടകവുമാണ് കൂടുതൽ വിധവകളുള്ള സംസ്ഥാനങ്ങൾ. ദേശീയതലത്തിൽ സ്ത്രീകളുടെ ശരാശരി വിവാഹപ്രായം 21.2 വയസ്സാണ്. കേരളത്തിലിത് 23.1 ആണ്.

(തുടരും)​

Content Highlights: Circumstances and challenges faced by widows in Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram