പാതയോരമദ്യനിരോധനവിധി നൽകുന്ന പാഠങ്ങൾ


അഡ്വ. കാളീശ്വരം രാജ്

3 min read
Read later
Print
Share

ദേശീയപാതയിലെ അപകടമരണങ്ങളുടെ പേരിൽ കേന്ദ്രസർക്കാർതന്നെ എടുത്ത തീരുമാനങ്ങളെ യഥാവിധി

ദേശീയ, സംസ്ഥാന പാതകളിലെ മദ്യവിൽപ്പന നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധി പലകാരണങ്ങളാലും ചരിത്രപ്രധാനമാണ്. ഭരണഘടനയുടെ 142-ാം അനുച്ഛേദമനുസരിച്ച്, ഒരു പ്രത്യേക വിഷയത്തിൽ ‘സമ്പൂർണനീതി’ ലക്ഷ്യമാക്കിക്കൊണ്ട് സവിശേഷമായ വിധികൾ പുറപ്പെടുവിക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ട്. അതനുസരിക്കാൻ രാജ്യത്തെ മുഴുവൻ സംസ്ഥാനസർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ അധികാരികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെല്ലാം ബാധ്യതയുണ്ട്. നിക്ഷിപ്തതാത്‌പര്യക്കാരുടെ ആവശ്യങ്ങൾ മുൻനിർത്തിയോ അതിനുതകുന്ന വിധത്തിലുള്ള നിയമോപദേശങ്ങളും വ്യാഖ്യാനങ്ങളും സ്വീകരിച്ചുകൊണ്ടോ ഇത്തരം വിധികളെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർ കോടതിയുടെ മുന്നിൽമാത്രമല്ല, ജനങ്ങളുടെ മുന്നിൽകൂടിയാണ് പരിഹാസ്യരാവുക.

പാതയോരമദ്യനിരോധനം സംബന്ധിച്ച സുപ്രീംകോടതിയുടെ ആദ്യവിധി വന്നത് 2016 ഡിസംബർ 15-ന് ആയിരുന്നു. തമിഴ്നാട് സർക്കാരും ബാലുവും തമ്മിൽ നടന്ന ഈ കേസിലെ വിധി [(2017)2 സുപ്രീംകോർട്ട് കേസസ് 281] പലരെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ഇന്ത്യയിലെ മദ്യലോബിയുടെ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ച വിധി പക്ഷേ, പൊതുജന സുരക്ഷയും പൊതുജനാരോഗ്യവും ലക്ഷ്യമാക്കിക്കൊണ്ടുള്ളതായിരുന്നു. പലരും വിമർശിക്കുംപോലെ ഇക്കാര്യത്തിൽ ന്യായാധിപരുടെ അഭിപ്രായം സർക്കാരുകൾക്കുമേലെ അടിച്ചേൽപ്പിക്കുകയായിരുന്നില്ല, മറിച്ച് ദേശീയപാതയിലെ അപകടമരണങ്ങളുടെ പേരിൽ കേന്ദ്രസർക്കാർതന്നെ എടുത്ത തീരുമാനങ്ങളെ യഥാവിധി വികസിപ്പിക്കുകയും പൗരസുരക്ഷയെക്കരുതി അവ ഫലപ്രദമായി നടപ്പാക്കാനാവശ്യപ്പെടുകയുമാണ് സുപ്രീംകോടതി ചെയ്തത്. ഒരു പ്രത്യേകസാഹചര്യം കൈകാര്യം ചെയ്യാൻ നിലവിലുള്ള നിയമങ്ങൾ മതിയാകാതെവരുമ്പോൾ ഭരണഘടനയുടെ 142-ാം അനുച്ഛേദമനുസരിച്ച് ഒരു പരിധിവരെയുള്ള ആക്ടിവിസം അനുവദിക്കപ്പെട്ടിട്ടുണ്ട് (ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയുടെ കേസ് 1996) നിയമത്തിന്റെ ശൂന്യസ്ഥലികൾ പൂരിപ്പിക്കാൻ കോടതിക്ക് അധികാരം നൽകുന്ന വ്യവസ്ഥയാണിതെന്ന് പ്രേംചന്ദ് ഗാർഗിന്റെ കേസിൽ (1962) സുപ്രീംകോടതി വ്യക്തമാക്കിയതാണ്. നീതിയുടെ ഒഴുക്കിനുള്ള ഏതു പ്രതിബന്ധത്തെയും തടയാനുള്ള സുപ്രീംകോടതിയുടെ നിസ്തുലമായ അധികാരമാണിത് (കല്യാൺചന്ദ്ര സർക്കാർ 2005).

കേന്ദ്ര ഗതാഗതവകുപ്പിന്റെ 2015-ലെ ഒരു പ്രസിദ്ധീകരണത്തിൽ, മദ്യപിച്ച്‌ വാഹനമോടിച്ചതുകാരണം അക്കൊല്ലം 16,298 വാഹനാപകടങ്ങൾ നടന്നതായി പറഞ്ഞിരുന്നു. ഇവയിൽ 6755 പേർ മരിച്ചു. 2014-ൽ ഇതേ കാരണത്താൽ 2591 പേർ മരിച്ചു. 2012-ൽ മദ്യോപയോഗത്താൽ 23,979 വാഹനാപകടങ്ങളാണുണ്ടായത്‌. മരിച്ചത്‌ 7835 പേരും.
ഈ വിഷയത്തിന്റെ ഗൗരവവും പ്രാധാന്യവും വർഷങ്ങൾക്കുമുമ്പുതന്നെ കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ വന്നതാണ്‌. ദേശീയപാതകൾക്കരികിലായി മദ്യവിൽപ്പനയ്ക്കുള്ള ലൈസൻസുകൾ നൽകാൻ പാടില്ലെന്ന്‌ ദേശീയ റോഡ്‌ സുരക്ഷാകൗൺസിൽ തീരുമാനമെടുത്തത്‌ 2004 ജനുവരി 15-നായിരുന്നു. ഈ തീരുമാനം നടപ്പാക്കണമെന്ന്‌ 2007 ഒക്ടോബർ 26 മുതൽ കേന്ദ്ര ഗതാഗതവകുപ്പ്‌ സംസ്ഥാനങ്ങൾക്ക്‌ നിർദേശം നൽകിക്കൊണ്ടേയിരുന്നു. ലോകത്ത്‌ ഏറ്റവുമധികം റോഡപകടങ്ങൾ നടക്കുന്ന രാജ്യമാണ്‌ ഇന്ത്യ-ഓരോ നാലുമിനിറ്റിലും ഒരു വാഹനാപകടമെന്ന നിരക്കിൽ. എന്നിട്ടും കേന്ദ്രം സംസ്ഥാനങ്ങൾക്ക്‌ വർഷങ്ങളായി നൽകിപ്പോന്ന നിർദേശങ്ങൾ ജലരേഖയായി. സമ്മർദഗ്രൂപ്പുകൾ സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിലെ അധികാരികളുടെ കൺകണ്ട ദൈവങ്ങളായപ്പോൾ ദേശീയപാതകൾക്കിരുവശത്തും ബാർഹോട്ടലുകളും മദ്യവിൽപ്പനശാലകളും കച്ചവടം പൊടിപൊടിച്ചു. ലഹരിക്കടിമപ്പെട്ട്‌ വാഹനമോടിക്കരുതെന്ന മോട്ടോർവാഹന നിയമത്തിലെ വ്യവസ്ഥ (185-ാം വകുപ്പ്‌) നോക്കുകുത്തിയായി.

ഒരു ഭരണവ്യവസ്ഥയിൽ സംഭവിക്കാൻപാടില്ലാത്ത, പതിറ്റാണ്ടുകൾനീണ്ട ഈ നിയമലംഘനത്തിന്റെ പശ്ചാത്തലത്തിൽ മേൽവിവരിച്ച വസ്തുതകളെല്ലാം പരിഗണിച്ചശേഷമാണ്‌ സുപ്രീംകോടതി ആദ്യവിധി പുറപ്പെടുവിച്ചത്‌ (വിധിയുടെ നാലുമുതൽ ഏഴുവരെയുള്ള ഖണ്ഡികകൾ കാണുക).മദ്യലഭ്യത കുറയ്ക്കുന്നതുവഴി മദ്യത്തിന്റെ ഉപഭോഗവും കുറയ്ക്കാമെന്നത്‌ ലോകാരോഗ്യസംഘടനതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്‌. ഇത്തരമൊരു പഠനറിപ്പോർട്ട്‌ മദ്യനിയന്ത്രണം സംബന്ധിച്ച ഒരു സൗത്താഫ്രിക്കൻ വിധിയിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്‌ (റബേക്കാ ലോറൻസിന്റെ കേസ്‌ 1997). മദ്യനിയന്ത്രണം സംബന്ധിച്ച ഇന്ത്യൻ നിയമസമീപനം പരിഗണിച്ച ഒരു വിദേശകേസാണിത്‌.

 കേന്ദ്രനയവും അറ്റോർണി ജനറലും
കേന്ദ്രനയത്തിന്റെയും കേന്ദ്ര നിയമത്തിന്റെയും അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച വിധിക്കെതിരേ അറ്റോർണി ജനറൽ മുകുൾറോത്തഗി തന്റേതായനിലയിൽ കോടതിയിൽ വാദിച്ചത്‌ തികച്ചും അനുചിതവും അധാർമികവുമായിപ്പോയി. 2015-ൽ കേരള ബാർഹോട്ടൽ അസോസിയേഷൻ കേസിൽ (എ.ഐ.ആർ. 2016 സുപ്രീംകോർട്ട്‌ 163)
കേരള സർക്കാരിന്റെ മദ്യനയത്തിനെതിരായി ഇദ്ദേഹമൊരു സ്വകാര്യ ബാർ മുതലാളിക്കുവേണ്ടി കോടതിയിൽ വാദിച്ചത്‌ വിവാദമായിരുന്നല്ലോ. 1987-ലെ ലോ ഓഫീസർമാരുടെ ചട്ടങ്ങളനുസരിച്ച്‌ കേന്ദ്രത്തിനുവേണ്ടി മാത്രമല്ല, ആവശ്യമായിവന്നാൽ സംസ്ഥാനങ്ങൾക്കുവേണ്ടികൂടി കോടതിയിൽ ഹാജരാകേണ്ടയാളാണ്‌ അറ്റോർണിജനറൽ. ഇപ്പോഴാകട്ടെ, സുപ്രീംകോടതിയുടെ കഴിഞ്ഞവർഷത്തെ വിധി ബാർഹോട്ടലുകൾക്ക്‌ ബാധകമല്ലെന്ന വിചിത്രമായ നിയമോപദേശം നൽകാനും അദ്ദേഹം തയ്യാറായി. ബാർ ഹോട്ടലുകളിൽ നടക്കുന്നത്‌ മദ്യവിൽപ്പനയല്ല, മദ്യംവിളമ്പൽ മാത്രമാണെന്നുപറഞ്ഞവർ പരിഹാസ്യരായത്‌ തികച്ചും സ്വാഭാവികംമാത്രം.

 സുധീരന്റെ ഇടപെടൽ
ഈ പശ്ചാത്തലത്തിലാണ്‌ അറ്റോർണി ജനറലിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അധാർമികതയുടെ പേരിൽ അദ്ദേഹം രാജിവെയ്ക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ വി.എം. സുധീരൻ, മുകുൾ റോത്തഗിക്ക്‌ കത്തയച്ചത്‌. അഴിമതിക്കെതിരേ പ്രസംഗിക്കുന്ന കേന്ദ്ര സർക്കാരും അഭിഭാഷകവൃത്തിയിലെ മൂല്യസംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ടുള്ള സംവിധാനങ്ങളുമെല്ലാം ഉണ്ടായിട്ടും പരസ്യമായി നടന്ന ഈ പെരുമാറ്റദൂഷ്യത്തെ ചോദ്യംചെയ്യാൻ മറ്റാരും തയ്യാറായില്ലെന്നത്‌ വേദനാജനകമാണ്‌. ഏതായാലും ആദ്യവിധിയെ സംബന്ധിച്ച അറ്റോർണി ജനറൽ മുകുൾറോത്തഗിയുെട വ്യാഖ്യാനത്തെക്കൂടിയാണ്‌ സുപ്രീംകോടതി 31.3.2017-ന്റെ വിധിയിലൂടെ പൂർണമായും നിരാകരിച്ചത്‌. ഈ അർഥത്തിൽ നോക്കുമ്പോൾ, കേവലം ബാർ ഹോട്ടലുകൾക്കെതിരായ വിധിയെന്നതിനേക്കാൾ രാഷ്ട്രീയ, ഭരണ, നിയമമേഖലകളിലെ മൂല്യസംഹിതകൾക്ക്‌ അടിവരയിട്ട വിധികൂടിയാണ്‌ സുപ്രീംകോടതിയിൽനിന്ന്‌ ഉണ്ടായതെന്നുകാണാം.

കോടതിവിധിക്ക്‌ പ്രത്യാഘാതങ്ങളുണ്ടാകാം. തൊഴിലാളികളുടെ പുനരധിവാസം, സർക്കാരിന്റെ നികുതിവരുമാനത്തിലെ ഇടിവ്‌ എന്നിവയ്ക്ക്‌ ശരിയായ പരിഹാരങ്ങൾ തേടേണ്ടതായിവരും. പക്ഷേ, പതിനായിരങ്ങളുടെ ജീവനേക്കാൾ പ്രധാനം മദ്യവ്യവസായത്തിലെ ലാഭവും അതിൽനിന്നുള്ള നികുതിയുമാണെന്ന നിലപാട്‌ ശരിയല്ല. ഇന്ത്യയിലെ ഒരു സംഘടിതമൂലധനശക്തിക്കെതിരേ സുപ്രീംകോടതി ശക്തമായ നിലപാടെടുത്തുവെന്നത്‌ ഈ വിധിയുടെ മാറ്റ്‌ വർധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്‌. എന്നിട്ടും മദ്യമൊരു അവശ്യവസ്തുവാണെന്ന നിലയിലാണ്‌ പല സംസ്ഥാന സർക്കാരുകളും നിലപാടെടുത്തത്‌. മദ്യവിൽപ്പനശാലകൾ മാറ്റാനാവില്ല, വേണമെങ്കിൽ ദേശീയപാതകൾ മാറ്റിപ്പണിതോട്ടേയെന്ന വിധത്തിൽ ‘ഉറച്ചുനിൽക്കാൻ’ ശ്രമിച്ച ചില മദ്യവിൽപ്പനക്കാരും സുപ്രീംകോടതിവിധിയെ എതിർക്കാൻനോക്കി. എന്നാൽ, ഉറച്ചുനിന്നത്‌ സുപ്രീംകോടതിതന്നെയാണ്‌. സങ്കുചിതമായ വാണിജ്യതാത്‌പര്യങ്ങൾക്കും ദുസ്സാമർഥ്യംനിറഞ്ഞ അധാർമികതയ്ക്കുമപ്പുറം നിയമവാഴ്ചയുടെയും പൗരസുരക്ഷയുടെയും പൊതുജനക്ഷേമത്തിന്റെയും വിളക്കുതെളിയിക്കാൻ സുപ്രീംകോടതിക്ക്‌ കഴിഞ്ഞുവെന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ടകാര്യം.
(സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്‌ലേഖകൻ)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

4 min

ചരിത്രം ഉറ്റുനോക്കുന്നു, ഗുംനാമി ബാബയുടെ പെട്ടികളിലേക്ക്

Mar 11, 2016


afgan

2 min

അമേരിക്കയെ പരിഹസിച്ച് ഐ.എസ്.

Aug 27, 2021


mathrubhumi

2 min

എന്തിനാണ് ഈയൊരാളോട് ഇങ്ങനെ?

Jun 21, 2019