കൊല്ലരുത്‌ പൊന്മുട്ടയിടുന്ന താറാവിനെ


4 min read
Read later
Print
Share

ആലപ്പുഴയ്ക്ക് പേരുംപെരുമയും വരുമാനവും നൽകിയ ഈ വ്യവസായത്തിന് പ്രധാന വില്ലൻമാർ ഇടനിലക്കാരാണ്. ഡി.ടി.പി.സി.യും ടൂറിസം വകുപ്പും എന്തിന് പുരവഞ്ചിയുടമകൾ പോലും ഇവർക്കുമുന്നിൽ മിണ്ടാട്ടമില്ലാതെ നിൽക്കും. പുരവഞ്ചിയെന്ന പൊന്മുട്ടയിടുന്ന താറാവിനെ രക്ഷിക്കാൻ ആർക്ക് കഴിയും?

പുരവഞ്ചി വ്യവസായം ആരംഭിച്ച് 25 വർഷം പിന്നിടുന്പോൾ, 1512 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള വേമ്പനാട്ട് കായലിനെക്കാളും വലുതായി ഈ മേഖല. വളർന്നുപന്തലിച്ച
ഈ വ്യവസായത്തിന്റെ നിലവിലുള്ള സാഹചര്യങ്ങളിലേക്ക്‌ ഒരന്വേഷണം

ആലപ്പുഴ കാണാനെത്തുന്ന സഞ്ചാരികളുടെ കണ്ണെന്നും പുരവഞ്ചിക്കൊപ്പമാണ്. ഇവിടെ വിദേശികളിൽ 99 ശതമാനവും എത്തുന്നത് പുരവഞ്ചിയിലെ യാത്രയ്ക്കാണ്. വിനോദസഞ്ചാര ഭൂപടത്തിൽ ആലപ്പുഴയ്ക്ക് സ്ഥാനമുറപ്പിച്ചതും പുരവഞ്ചികൾതന്നെ. ആലപ്പുഴയുടെ പൊന്മുട്ടയിടുന്ന താറാവ് എന്ന്‌ പുരവഞ്ചികളെ വിശേഷിപ്പിക്കാം. പക്ഷെ പെട്ടെന്നു പണംവാരാൻ ശ്രമിക്കുന്ന ഒരു വിഭാഗം അതിനെ ഞെക്കിക്കൊല്ലുമോ എന്നാണ് ആശങ്ക.

പിടിച്ചുപറിക്കാൻ കാത്തുനിൽക്കുന്നവർ

25 കൊല്ലമായി ആലപ്പുഴയ്ക്ക് പേരുംപെരുമയും വരുമാനവും നൽകിയ ഈ വ്യവസായത്തിന് പ്രധാന വില്ലൻമാർ ഇടനിലക്കാരാണ്. ഡി.ടി.പി.സി.യും ടൂറിസം വകുപ്പും എന്തിന് പുരവഞ്ചിയുടമകൾ പോലും ഇവർക്കുമുന്നിൽ മിണ്ടാട്ടമില്ലാതെ നിൽക്കും. പുരവഞ്ചിയെന്ന പൊന്മുട്ടയിടുന്ന താറാവിനെ രക്ഷിക്കാൻ ആർക്ക് കഴിയും?

നിങ്ങൾ ഒരു കാറിൽ ആലപ്പുഴയിലെത്തുന്നെന്നു കരുതുക. അതിൽ നാലഞ്ചു യാത്രികർ കൂട്ടിനുണ്ടെന്നുമിരിക്കട്ടെ. കായലിൽ പുരവഞ്ചികൾ നങ്കൂരമിട്ടുകിടക്കുന്ന ഭാഗത്തേക്കാണ് യാത്ര. വഴിയോരത്തു പല ഭാഗത്തുനിന്ന്‌ വണ്ടി നിർത്താനാവശ്യപ്പെട്ട് കൈകൾ നീളും. നിർത്തിയാൽ വണ്ടിക്കുസമീപം എത്തുന്നയാൾ (ചിലപ്പോൾ ആളുകൾ) യാത്രയുടെ ഉദ്ദേശ്യമറിഞ്ഞതുപോലെ സംസാരം തുടങ്ങും. അത് സഞ്ചാരിയുടെ സ്വഭാവമനുസരിച്ച് ഏതു ഭാഷയിലുമാകാം. ഇര വലയിലായാൽ തോന്നിയതുപോലെ തുക പറയും. പിന്നെ വിലപേശൽ. ഒറ്റമുറി പുരവഞ്ചി ഉടമയ്ക്ക് കൊടുക്കേണ്ടത് 8000 രൂപയാണെങ്കിൽ അതിന്റെ ഇരട്ടിയായിരിക്കും ഇടനിലക്കാരൻ പറഞ്ഞുറപ്പിക്കുക. മറ്റു പലരിൽനിന്നുമായി ഇവിടുത്തെ നിരക്കിനെപ്പറ്റി അറിഞ്ഞുകഴിയുമ്പോഴാകും വഞ്ചിക്കപ്പെട്ടെന്ന് സഞ്ചാരി അറിയുക. പിന്നെ ഉടമയുമായിട്ടായിരിക്കും വാക്തർക്കം. യഥാർഥത്തിൽ ഉടമയ്ക്കു കിട്ടിയിരിക്കുന്നത് ചെറിയ തുക മാത്രമായിരിക്കും. പക്ഷേ, പഴികേൾക്കേണ്ടതും അയാൾതന്നെ. ലാഭം ഇടനിലക്കാരന്.

മുൻകൂട്ടി ബുക്കുചെയ്യാതെ നേരിട്ടെത്തുന്നവരെയാണ് ഇടനിലക്കാർ പിഴിയുന്നത്. സഞ്ചാരികളെ എത്തിക്കുന്നതിനാൽ പുരവഞ്ചിയുടമകളും ഇത് കണ്ടില്ലെന്ന് നടിക്കും. ഇടനിലക്കാരെ നിയന്ത്രിക്കുന്നതിന് സർക്കാരിനോ ടൂറിസംവകുപ്പിനോ ഡി.ടി.പി.സി.ക്കോ സാധിക്കാത്ത അവസ്ഥയാണ്.

സഹകരിക്കാത്തവരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചുമാണ് ഇവർ കാര്യങ്ങൾനേടുന്നത്. ഇടനിലക്കാരുടെ അമിതനിരക്കുകേട്ട് കായൽയാത്രപോലും വേണ്ടെന്നുവെച്ച് പോയ സഞ്ചാരികളുണ്ടെന്ന് ഒരു ഹൗസ് ബോട്ടുടമ പറയുന്നു. അംഗീകാരമില്ലാത്ത നൂറുകണക്കിന് ഗൈഡുമാരാണ് സഞ്ചാരികളെ ചൂഷണം ചെയ്യാനായി ചുറ്റിത്തിരിയുന്നത്.

ആലപ്പുഴയിൽ ആയിരങ്ങൾക്ക് അന്നവും ആദായവും നൽകുന്നതാണ് പുരവഞ്ചി വ്യവസായം. എങ്ങനെയാണ് ഈ പുരാതന വ്യവസായനഗരം വിനോദസഞ്ചാരത്തിലേക്കു കടന്നതെന്നു നോക്കാം.

വളർച്ചയുടെ തുഴവേഗങ്ങൾ

1991 നവംബർ 15. ആദ്യ ഹൗസ് ബോട്ട് അഥവാ പുരവഞ്ചി പുന്നമടയിലെ കായൽപ്പരപ്പിൽ മുത്തമിട്ട ആദ്യദിവസം. ചരക്കുകൾ കൈമാറ്റംചെയ്തിരുന്ന കെട്ടുവള്ളങ്ങളെ കെട്ടുംമട്ടും മാറ്റി അണിയിച്ചൊരുക്കുകയായിരുന്നു. അത് ഒരു പുതിയ കായൽവ്യവസായത്തിന്റെ പിറവിയായി - അങ്ങനെ ആലപ്പുഴ പുരവഞ്ചി വിനോദസഞ്ചാരത്തിലേക്കു ചുവടുവെച്ചു.

ഒരു ഒറ്റമുറി പുരവഞ്ചിയിൽനിന്നു നടന്നുതുടങ്ങിയ വ്യവസായം ‌വിദേശത്തും സ്വദേശത്തുമുള്ള സഞ്ചാരികളെ ആലപ്പുഴയിലേക്ക് എത്തിച്ചു. ഇന്ന് ആലപ്പുഴയിലേക്ക് വരുന്ന സഞ്ചാരികൾ ആദ്യം അന്വേഷിക്കുന്നത് പുരവഞ്ചികളാണ്.
ഈ വ്യവസായം ആരംഭിച്ച് 25 വർഷം പിന്നിടുന്പോൾ, 1512 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള വേമ്പനാട്ട് കായലിനെക്കാളും വലുതായി പുരവഞ്ചി മേഖല. ഇന്ന് ആലപ്പുഴ കേന്ദ്രീകരിച്ചുമാത്രം 1500-ലേറെ പുരവഞ്ചികളുണ്ട്.
പുരവഞ്ചിയുടെ വരവ് ഒരു ‘ബോട്ടിലൂ’ടെയായിരുന്നു. അതും വിദേശസഞ്ചാരികൾക്കായുള്ള ഒരു ബോട്ടിലൂടെ. ആലപ്പി ടൂറിസം ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (എ.ടി.ഡി.സി.)കീഴിലാണ് ആദ്യത്തെ പുരവഞ്ചി ആലപ്പുഴ പുന്നമടക്കായലിൽ ഇറങ്ങുന്നത്.

1987 ൽ വിദേശികൾക്കായി ആലപ്പുഴ- കൊല്ലം ബോട്ട് സർവീസുകൾ നടത്തിയുള്ള മുൻപരിചയം ഈ സൊസൈറ്റിക്കുണ്ടായിരിന്നു. സൊസൈറ്റി ഒരു വള്ളം വിലയ്ക്കുവാങ്ങി വീടു കണക്കെ മോടിപിടിപ്പിച്ചു. അതിന് വിളിപ്പേര് ‘ഹൗസ് ബോട്ട് അഥവാ പുരവഞ്ചി’യെന്നായി. ഒരാൾതന്നെ ഊന്നിനീക്കുന്ന തരത്തിലായിരുന്നു പ്രവർത്തനം. ആലപ്പുഴ-കൊല്ലം ബോട്ടിൽ കയറാൻവരുന്ന വിദേശികളെ പുതിയ പുരവഞ്ചിയുടെ ചിത്രങ്ങൾ കാണിച്ചായിരുന്നു ആദ്യ പ്രചാരണം. പുതിയ വള്ളംകണ്ട് ഇഷ്ടപ്പെട്ട വിദേശികൾ നാട്ടിൽച്ചെന്ന് അതിന് നല്ല പ്രചാരണം നൽകി. പിന്നീടങ്ങോട്ട് വിദേശങ്ങളിൽനിന്ന് അന്വേഷണങ്ങളുംതുടങ്ങി. തുടർന്നാണ് സഞ്ചാരികളുടെ വരവാരംഭിച്ചതെന്ന് എ.ടി.ഡി.സി. സെക്രട്ടറിയായിരുന്ന ടി.ജി. രഘു പറയുന്നു.

അധികം കഴിയുംമുമ്പ് വള്ളത്തിൽ മോട്ടോർ ഘടിപ്പിച്ചതോടെ കായൽ യാത്രയ്ക്കു വേഗവുമായി. കാലത്തിനനുസരിച്ച് പിന്നീട് പുരവഞ്ചികളുടെ മുഖം മിനുക്കി. നാടൻ മുതൽ ഫൈവ് സ്റ്റാർ സൗകര്യമുള്ള പുരവഞ്ചികൾ വരെ ഇന്ന് കിട്ടും. രണ്ടുനിലയുള്ളത്, മുകൾത്തട്ടിൽ നീന്തൽക്കുളമുള്ളത്, ശീതീകരിച്ച സമ്മേളനഹാൾ ഉള്ളത് എന്നുതുടങ്ങി ഏതാവശ്യത്തിനും പറ്റിയ പുരവഞ്ചികൾ കായൽപ്പരപ്പിൽ നിരന്നുകിടപ്പുണ്ടിപ്പോൾ.
വൻ കമ്പനികളുടെ സുപ്രധാന യോഗങ്ങൾ കായലിലൂടെ ഒഴുകിനടക്കുന്ന പുരവഞ്ചികളിൽ നടക്കുന്നത് ഇന്ന് ഇവിടെ പുതിയ കാഴ്ചയല്ല.

ലോകത്തിന്റെ ശ്രദ്ധയിലേക്ക്‌

അടുത്തകാലത്ത് ലോകബാങ്കിന്റെ സാമ്പത്തികവിദഗ്‌ധരുടെ യോഗം നടന്നത് പുരവഞ്ചിയിലായിരുന്നു. വിദേശികൾ വിവാഹവേദിയായും പുരവഞ്ചിയെ ഉപയോഗിച്ചുതുടങ്ങി. എത്രയോ വിവാഹങ്ങൾക്കാണ് പുരവഞ്ചി കതർമണ്ഡപമായിരിക്കുന്നത്.

ഹണിമൂൺ പാക്കേജുകൾ ഒരുക്കി ടൂർ ഓപ്പറേറ്റർമാർ നവദമ്പതിമാരെയും ആലപ്പുഴയിലേക്ക് ക്ഷണിക്കുന്നുണ്ട് . മൺസൂൺ സീസണിൽ മഴയുടെ സൗന്ദര്യംകാണിച്ചാണ് വിനോദസഞ്ചാരികളെ മാടിവിളിക്കുന്നത്.
ഒരു ബെഡ്‌റൂം ഉള്ള പുരവഞ്ചി ഒരു ദിവസത്തിന് 5500- മുതൽ 8000 രൂപ വരെയാണ് സാധാരണനിരക്ക്. സീസണിൽ 11,000 രൂപയ്ക്ക് മുകളിലാകും. ഈ നിലവാരമുള്ള പുരവഞ്ചികൾ പണിയുന്നതിന് 20-25 ലക്ഷം വരെയാകും. ഒരു ബെഡ്‌റൂമുള്ള ആഡംബര പുരവഞ്ചിക്ക് 12,000- മുതൽ 14,000 വരെയാണ് നിരക്ക്.

എ.സി.യും കോൺഫറൻസ്ഹാളും മികച്ച ഇന്റീരിയറും ഒരുക്കി സഞ്ചാരികളെ ആകർഷിക്കുന്ന ആഡംബര ഹൗസ് ബോട്ടുകൾ ഏറെയുണ്ടിവിടെ. മുറികൾക്കനുസരിച്ചാണ് ബോട്ടുകൾ നിർമിക്കുന്നതിനുള്ള തുക ഉയരുന്നത്. കോടികൾ വിലവരുന്ന വൻ ആഡംബരബോട്ടുകൾ ഇന്ന് ധാരാളം. മൂന്നു കോടിയോളം രൂപമുടക്കി നിർമിച്ച ആഡംബര പുരവഞ്ചി ഈയിടെ പുന്നമടയിൽ ഇറങ്ങി. 11 മുറികളുള്ള ഈ പുരവഞ്ചിയിൽ മുന്നൂറുപേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ രണ്ടാം നിലയിലുണ്ട്.

രാജകീയമായ ആന്തരികാലങ്കാരം ആഡംബരമാളികകളെപ്പോലും നാണിപ്പിക്കും. ശരീര ഊഷ്മാവ് വ്യത്യസ്തരീതിയിൽ ക്രമീകരിക്കുന്ന സംവിധാനം ആഡംബര പുരവഞ്ചികളിലെ സവിശേഷതയാണ്. വളരെ ഹൈടെക്കായാണ് കുളിമുറി ഒരുക്കുന്നത്. ബാത്ത് ടബ്ബും സ്റ്റീംബാത്തും ആകർഷണീയം. ആഡംബരപ്രിയർക്കായി കുറച്ചുനാൾക്ക് മുമ്പുവരെ നീന്തൽക്കുളവും പുരവഞ്ചിക്കകത്ത് ഒരുക്കിയിരുന്നു - ഓൾകേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ്‌കുട്ടി ജോസഫ് പറഞ്ഞു.

കരിമീനും കൊഞ്ചും കുട്ടനാടൻ താറാവുകറിയും നൽകി സഞ്ചാരികളുടെ രസച്ചരട് മുറുക്കുന്ന തന്ത്രംകൂടി അടങ്ങുന്നതാണ് ഈ വ്യവസായം. അതുകൊണ്ടുതന്നെ നല്ല നാടൻഭക്ഷണം തേടി ഹൗസ് ബോട്ടിലെത്തുന്നവരും ധാരാളം.
ഫ്രഞ്ച് പ്രസിഡന്റായിരുന്ന നിക്കോളാസ് സർക്കോസിയെയും കാറോട്ടത്തിൽ വേഗപ്പോരിന്റെ രാജാവ് മൈക്കൽ ഷുമാർക്കറിനെയും പോെലയുള്ള പ്രമുഖ വിദേശികളും പുരവഞ്ചി ആസ്വദിക്കാൻ ആലപ്പുഴയിലെത്തിയവരിൽപ്പെടും. പുരവഞ്ചികൾ സ്വന്തമാക്കിയവരിൽ സിനിമാരംഗത്തുള്ളവരുൾപ്പെടെ പ്രമുഖർ നിരവധിയുണ്ട്.
ഈ പുരവഞ്ചികളെയെല്ലാം ഉൾക്കൊള്ളാനുള്ള ശേഷി കായലിനില്ല എന്നതാണ് വർത്തമാനകാല സ്ഥിതി. പാരിസ്ഥിതികപ്രശ്നങ്ങൾ പുറമേ... (തുടരും)

​െതാഴിൽ നൽകുന്ന യാനങ്ങൾ

8000 പേർക്ക് സ്ഥിരംതൊഴിൽ നൽകുന്ന വ്യവസായം കൂടിയാണിത്. ഒരു ബോട്ടിൽ ശരാശരി മൂന്നു മുതൽ ഏഴ് വരെ ജോലിക്കാർ ഉണ്ടാകും. ശരാശരി ഇവർക്ക് 15000 മുതൽ 20,000 രൂപവരെ മാസവരുമാനം ലഭിക്കുമെന്ന് കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോമോൻ കൊന്നയ്ക്കാപള്ളി പറയുന്നു. ഹൗസ് ബോട്ട് അനുബന്ധ മേഖലകളിലും ഒട്ടേറെപ്പേരാണ് തൊഴിലെടുക്കുന്നത്.
തുണി അലക്ക്, മത്സ്യം, മാംസം, പലവ്യഞ്ജനം, പച്ചക്കറി മേഖലകളിലും പുരവഞ്ചി വ്യവസായം ഒട്ടേറെപ്പേർക്ക് ജീവിക്കാൻ വരുമാനംനൽകുന്നുണ്ട്. ഒരു മുറിയുള്ള പുരവഞ്ചിക്ക് ഒരുദിവസത്തേക്ക് അതിഥികൾക്കായി 1000 രൂപയുടെ പച്ചക്കറി, പലവ്യഞ്ജനം എന്നിവയാണ് വേണ്ടത്. 700 രൂപയുടെ മത്സ്യവും മാംസവും വേണ്ടിവരും. അരക്കിലോ ചിക്കനും 400 ഗ്രാം മീനുമാണ് വേണ്ടത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram