ആധാർ: പതിയിരിക്കുന്ന അപകടങ്ങൾ


ജോസഫ്‌ സി. മാത്യു

4 min read
Read later
Print
Share

ഇപ്പോഴും ഈ പദ്ധതി വിൽക്കപ്പെടുന്നത്‌ ജനങ്ങൾക്ക്‌ നൽകുന്ന സബ്‌സിഡിയുടെ പേരിലും അതിന്റെ ചോർച്ച ഒഴിവാക്കുന്നതിന്റെ പേരിലുമാണ്‌. വലിയ നേട്ടങ്ങളുടെ കണക്കാണ്‌ സർക്കാർ അവതരിപ്പിക്കുന്നത്‌

സുപ്രീംകോടതിയുടെ വിധിയെ അവഗണിച്ചും പാർലമെന്റിന്റെ നിയമനിർമാണത്തിനുള്ള അവകാശത്തെയും ഭരണഘടന പൗരന്മാർക്ക്‌ നൽകുന്ന അവകാശത്തെയും കവർന്നെടുത്തുംകൊണ്ടാണ്‌ കേന്ദ്രസർക്കാർ ആധാർ അടിച്ചേൽപ്പിക്കുന്നത്‌.

യു.പി.എ. സർക്കാറാണ്‌ ഈ പദ്ധതി നടപ്പാക്കാൻ ശ്രമമാരംഭിച്ചത്‌. അവരുടെ പ്രധാന ഉദ്ദേശ്യം ‘കാഷ്‌ ഫോർ സബ്‌സിഡി’ എന്നതായിരുന്നു. യു.പി.എ. പിന്തുടർന്നുവന്ന സാമ്പത്തികനയങ്ങളുമായി വളരെ ഒത്തുപോകുന്നതാണ്‌ ഈ പദ്ധതി.

സർക്കാർ ഉപയോഗത്തിനുവേണ്ടിമാത്രം എന്നുപ്രഖ്യാപിച്ച്‌ പൊതുപണം ചെലവഴിച്ച്‌ ശേഖരിച്ചുവെയ്ക്കുന്ന പൗരന്മാരെക്കുറിച്ചുള്ള വിവരമാണ്‌ ഈ വ്യവസായ സാധ്യതയായി പദ്ധതിയുടെ ഉപജ്ഞാതാവുതന്നെ വെളിപ്പെടുത്തുന്നത്‌. ചുരുക്കത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക്‌ ഈ വിവരം വിട്ടുകൊടുക്കുകയെന്നത്‌ തുടക്കം മുതൽ ഈ പദ്ധതിയുടെ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്‌.

സുരക്ഷാമാനദണ്ഡങ്ങൾ എവിടെ?

പൗരന്മാരുടെ വിവരം ശേഖരിച്ചുവെക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ്‌ ഈ പദ്ധതി ആരംഭിച്ചത്‌. ഇത്‌ സുരക്ഷാഭീഷണിയും വെറും രാഷ്ട്രീയത്തട്ടിപ്പുമാണെന്നായിരുന്നു അന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ നിലപാട്‌. എന്നാൽ, അദ്ദേഹം പ്രധാനമന്ത്രിയായതോടെ ഈ പദ്ധതി കൂടുതൽ ഊർജസ്വലമായി തുടരാൻ തീരുമാനിച്ചു. ഇത്‌ രാഷ്ട്രീയ ‘ഗിമ്മിക്‌’ അല്ല. മറിച്ച്‌, താൻ ആഗ്രഹിക്കുന്ന ഒരു സർവയലൻസ്‌ സ്റ്റേറ്റിനുള്ള പ്രധാന ഉപകരണം എന്നനിലയിലാണ്‌.

ഇപ്പോഴും ഈ പദ്ധതി വിൽക്കപ്പെടുന്നത്‌ ജനങ്ങൾക്ക്‌ നൽകുന്ന സബ്‌സിഡിയുടെ പേരിലും അതിന്റെ ചോർച്ച ഒഴിവാക്കുന്നതിന്റെ പേരിലുമാണ്‌. വലിയ നേട്ടങ്ങളുടെ കണക്കാണ്‌ സർക്കാർ അവതരിപ്പിക്കുന്നത്‌. രാജസ്ഥാനിൽ പെൻഷൻതുക കൈപ്പറ്റുന്ന 68.6 ലക്ഷം പേരാണ്‌ കഴിഞ്ഞ ജൂണിലെ കണക്കുപ്രകാരം ഉണ്ടായിരുന്നത്‌. ഇതിൽ 10.5 ലക്ഷം അനർഹരുടെ പെൻഷൻ നിർത്തലാക്കിയതുവഴി 600 കോടി രൂപ ലാഭിക്കാനായി എന്നാണ്‌ അവകാശവാദം. ഈ വാദത്തിന്റെ നിജസ്ഥിതി പരിശോധിച്ചപ്പോൾ കണ്ടെത്തിയത്‌ ഒരു പഞ്ചായത്തിൽ മരിച്ചതായി രേഖപ്പെടുത്തി ഒഴിവാക്കിയ 44 പേരിൽ 25 പേർ ജീവനോടെയുണ്ടെന്നാണ്‌.

ഇവർക്ക്‌ പെൻഷൻ നിഷേധിക്കുകയാണ്‌. 80-ലേറെ വയസ്സുള്ള ഹുക്കുംസിങ്‌-കമലാദേവി ദമ്പതിമാരും അതിൽപ്പെടും. അവർക്ക്‌ മാസംതോറും കിട്ടിയിരുന്ന 750 രൂപ നിഷേധിക്കപ്പെട്ടത്‌ ഫെബ്രുവരി മാസത്തിലായിരുന്നു. ശയ്യാവലംബിയായ കമലാദേവിയോടൊപ്പം ഹുക്കുംസിങ്‌ ബാങ്ക്‌ അക്കൗണ്ട്‌ തുറക്കാൻ ശ്രമിച്ചതാണ്‌. എന്നാൽ, അദ്ദേഹത്തിന്റെ വിരലടയാളം പതിയുന്നുണ്ടായിരുന്നില്ല. ഇത്‌ ഹുക്കുംസിങ്ങിന്റെ കുഴപ്പമാണോ സാങ്കേതികവിദ്യയുടെ പരാജയമാണോ സർക്കാറിന്റെ പിടിവാശിയാണോ എന്നതിന്‌ കാത്തുനിൽക്കാതെ കമലാദേവി ഓഗസ്റ്റിൽ മരണമടഞ്ഞു.

യഥാർഥത്തിൽ സബ്‌സിഡിത്തുക ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ നേരിട്ടയക്കണമെങ്കിൽത്തന്നെ അതിന്‌ ആധാർ ആവശ്യമില്ല. മാർച്ച്‌ 2015-ലെ കണക്കുപ്രകാരം തൊഴിലുറപ്പുപദ്ധതി തൊഴിലാളികളുടെ തുകയുടെ 98.3 ശതമാനം തുക എൻ.ഇ.എഫ്‌.ടി.വഴിയാണ്‌ നൽകുന്നത്‌. ആധാർ ബന്ധിപ്പിച്ച അക്കൗണ്ടുവഴി കൈമാറിയത്‌ വെറും 1.6 ശതമാനംമാത്രം. സാമൂഹികപെൻഷനുകളിൽ 92.6 ശതമാനം എൻ.ഇ.എഫ്‌.ടി.വഴിയാണ്‌ വിതരണംചെയ്യുന്നത്‌. പിന്നെയെന്തിനാണ്‌ ആധാർ പദ്ധതി? ആധാർ ഇല്ലാതെയും അക്കൗണ്ടിൽ നേരിട്ട്‌ പണമെത്തിക്കാം. കെ.വൈ.സി. (Know your customer) പ്രകാരം എല്ലാ അക്കൗണ്ട്‌ ഉടമകളുടെയും വിവരങ്ങൾ ബാങ്കുകളിലുണ്ട്‌. പിന്നെ എന്തിന്‌ ഇവയെല്ലാം ഒരു കേന്ദ്രീകൃത സിസ്റ്റത്തിലെത്തണം. എന്തിന്‌ വിരലടയാളവും മറ്റും ശേഖരിക്കണം.

വിവരങ്ങൾ ആർക്കാണ്‌ വേണ്ടത്‌ ?

ഈ പദ്ധതിയുടെ ഉപജ്ഞാതാവ്‌ എന്നറിയപ്പെടുന്ന നന്ദൻ നിലേക്കനി ‘credit Suisse’ റിപ്പോർട്ടിന്റെ അവതാരികയിൽ എഴുതിയത്‌ ആധാറിന്റെ ഉപയോഗം സാമ്പത്തികമേഖലയ്ക്ക്‌ 600 ശതകോടി ഡോളറിന്റെ പുതിയ വ്യവസായസാധ്യതയാണ്‌ തുറന്നുകൊടുക്കുന്നത്‌ എന്നാണ്‌. സർക്കാർ ഉപയോഗത്തിനുവേണ്ടിമാത്രം എന്നുപ്രഖ്യാപിച്ച്‌ പൊതുപണം ചെലവഴിച്ച്‌ ശേഖരിച്ചുവെയ്ക്കുന്ന പൗരന്മാരെക്കുറിച്ചുള്ള വിവരമാണ്‌ ഈ വ്യവസായ സാധ്യതയായി പദ്ധതിയുടെ ഉപജ്ഞാതാവുതന്നെ വെളിപ്പെടുത്തുന്നത്‌.

ചുരുക്കത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക്‌ ഈ വിവരം വിട്ടുകൊടുക്കുകയെന്നത്‌ തുടക്കം മുതൽ ഈ പദ്ധതിയുടെ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്‌. ഈ സ്വകാര്യസ്ഥാപനങ്ങൾ അവയ്ക്ക്‌ ലഭിക്കുന്ന authentication logs(വ്യക്തിയെ തിരിച്ചറിഞ്ഞ്‌ സാക്ഷ്യപ്പെടുത്തുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ഫയലുകൾ) രണ്ടുവർഷംവരെ സൂക്ഷിക്കുന്നു. ഹാഷ്‌ മാപ്പ്‌, ബിഗ്‌ േഡറ്റ തുടങ്ങിയ സാങ്കേതികവിദ്യയിലൂടെ ഈ ഫയലുകൾതന്നെ പൗരന്മാരെക്കുറിച്ചും അവരുടെ ക്രയവിക്രയങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ സ്വകാര്യസ്ഥാപനങ്ങൾക്ക്‌ നൽകുന്നു. നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ ഓൺലൈനിൽ എത്ര വ്യക്തിഗതമായ പരസ്യങ്ങൾ ലഭിക്കുന്നുണ്ടെന്നും നിങ്ങളുടെ ഫോണിലും ഇ-മെയിലിലും നിങ്ങൾക്കറിയാത്ത എത്ര ബിസിനസ്‌ കോളുകളും മെയിലുകളും ലഭിക്കുന്നെന്നും പരിശോധിച്ചാൽ ഈ ഒളിഞ്ഞുനോട്ടത്തിന്റെ വ്യാപ്തി മനസ്സിലാകും.

ഇല്ലാതാവുന്ന അവകാശങ്ങൾ

സർക്കാറിന്‌ പൗരന്മാരെ നിരീക്ഷണത്തിൽവെയ്ക്കാനുള്ള അവകാശം ഇപ്പോഴുമുണ്ട്‌. എന്നാൽ, ഇതിന്‌ മതിയായ കാരണമുണ്ടാവണം. അതൊരു നിശ്ചിതകാലയളവിലേക്കുമാകണം. എന്നാൽ, നിരന്തരം ഒരു സമൂഹത്തെ, അതും കാരണങ്ങളില്ലാതെ നിരീക്ഷണത്തിൽവെയ്ക്കാൻ ഒരു സർക്കാരിനെയും അനുവദിക്കാനാവില്ല. ഇതൊക്കെ നമ്മൾ നീണ്ടകാലയളവിലെ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്‌. ഓരോ പുതിയപദ്ധതി വരുമ്പോഴും പുതിയ സാങ്കേതികവിദ്യ പ്രയോഗത്തിലാവുമ്പോഴും നമ്മൾ നേടിയെടുത്ത ഈ അവകാശങ്ങൾ നഷ്ടപ്പെടാതെ നോക്കേണ്ടത്‌ പൗരാവകാശസംരക്ഷണത്തിന്‌ ആവശ്യമാണ്‌.

നമ്മുടെ കോടതികൾ പലപ്പോഴും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ ശിക്ഷ വിധിക്കുക. നമ്മുടെ യാത്രകൾ, സംഭാഷണങ്ങൾ, ക്രയവിക്രയങ്ങൾ എല്ലാം നിരീക്ഷിക്കാം. അവയുടെ രേഖകൾ കൈവശമിരിക്കുകയും ചെയ്യുന്ന സർക്കാർ തങ്ങളുടെ അധികാരത്തെയും അഴിമതിയെയും ചോദ്യംചെയ്യുന്നവർക്കെതിരേ ഈ വിവരങ്ങൾ ഉപയോഗപ്പെടുത്തി സാഹചര്യത്തെളിവുകൾ സൃഷ്ടിച്ച്‌ തുറുങ്കിലടയ്ക്കും. അല്ലെങ്കിൽ വായടപ്പിക്കും. ഈ വിവരശേഖരണം ‘വിസിൽ ബ്ലോവേഴ്‌സി’ന്റെ കുലം ഇല്ലാതാക്കും. ഇത്‌ സർക്കാർ ഈ വിവരങ്ങൾ ദുരുപയോഗിക്കുന്ന കാര്യം. എന്നാൽ, ഈ വിവരങ്ങൾ സർക്കാറും സ്വകാര്യ ബിസിനസ്‌ സംരംഭകരും മാത്രമല്ല ഉപയോഗിക്കുക.

ഏതു സൈബർചർച്ചകളിലും ആധാർ ഒഴികെ സൈബർ ലോകത്ത്‌ പതിയിരിക്കുന്ന അപകടകാരികളെക്കുറിച്ച്‌ അധികാരികൾ ഓർമപ്പെടുത്തും. ഇവിടെ എല്ലാ ചതിക്കുഴികളിൽനിന്നുമുള്ള പ്രതിവിധിയായാണ്‌ ആധാറിനെ ഉയർത്തിക്കാട്ടുന്നത്‌. മറ്റുപദ്ധതികളിൽ എടുക്കുന്ന മുൻകരുതൽപോലും സ്വീകരിച്ചിട്ടുമില്ല. നുഴഞ്ഞുകയറി വിവരം ചോർത്തിയതിന്റെ വാർത്തകളല്ല, മറിച്ച്‌ വെബ്‌സൈറ്റുകളിലും ഗൂഗിൾ ​െസർച്ചിലും പ്രസിദ്ധീകരിക്കുന്ന ‘രഹസ്യവിവരങ്ങളുടെ’ വാർത്ത മാത്രംമതി ഇതിനുതെളിവായി.

മഹാരാഷ്ട്രയിലെ അമരാവതിയിൽ സ്കോളർഷിപ്പിന്‌ അപേക്ഷിച്ച കോളേജ്‌ വിദ്യാർഥികളുടെ വിവരങ്ങളും ആറുലക്ഷത്തിലധികം പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളുടെ വിവരങ്ങളും വെബ്‌സൈറ്റ്‌ പുറത്തുവിട്ടതും വീട്ടിൽ വിതരണം ആവശ്യപ്പെട്ട 2.2 ദശലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങൾ മക്‌ഡൊണാൾഡ്‌ പുറത്തുവിട്ടതും 35 ലക്ഷം പെൻഷൻകാരുടെ വിവരം കേരളത്തിൽ പുറത്തായതും ഈ വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്‌ എത്ര ലാഘവത്തോടെയാണെന്ന്‌ തെളിയിക്കുന്നു. ഇവ ചോർന്നാൽ എന്താണ്‌ പ്രശ്നമെന്ന്‌ ചോദിക്കുന്നവരുണ്ടാകും.

2017 ഫെബ്രുവരിയിൽ യു.ഐ.ഡി.എ.ഐ. ആക്സിസ്‌ ബാങ്ക്‌ ഉൾപ്പെടെ മൂന്നുസ്ഥാപനങ്ങൾക്കെതിരേ പോലീസിൽ പരാതി നൽകി. ഒരേ വിരലടയാളമുപയോഗിച്ച്‌ 2016 ജൂലായ്‌ 14-നും 2017 ഫിബ്രവരി 19-നും ഇടയിൽ 397 ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ്‌ ഈ നടപടിയുണ്ടായത്‌. ചുരുക്കത്തിൽ വിരലടയാളമുപയോഗിച്ചും ഇടപാടുകൾ നടത്താൻ വിരൽ വേണമെന്നില്ല. അത്‌ ഡാറ്റാബേസിൽ സൂക്ഷിച്ചിരിക്കുന്നത്‌ എങ്ങനെയെന്ന്‌ അറിഞ്ഞാൽ മതി.

ഈ വിവരങ്ങളാണ്‌ ഇങ്ങനെ യഥേഷ്ടം പറന്നുനടക്കുന്നതും. ഹുക്കുംസിങ്ങിന്‌ വിരലുണ്ടായിട്ടും ലഭിച്ചുകൊണ്ടിരുന്ന 750 രൂപ നിഷേധിക്കപ്പെടുന്നു. ഇവിടെ വിരലില്ലാതെ വിരലടയാളം പകർത്തി 397 ഇടപാടുകൾ നടക്കുന്നു. പക്ഷേ, രേഖകളിൽ വിരലടയാളം പതിച്ചാണ്‌ ഓരോ ഇടപാടും നടന്നിരിക്കുന്നത്‌. സർക്കാറിന്‌ ഒരു ഉത്തരവാദിത്വവുമില്ല. എല്ലാം രേഖകളിൽ യഥാർഥ അവകാശിതന്നെ.

(ഐ.ടി. വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകൻ)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram