വേതാളം പതിവിലേറെ ആവേശഭരിതനും ഉന്മേഷവാനുമായി കാണപ്പെട്ടു. ''ഈ ഭാരതം ഒരു വിസ്മയ ദേശം തന്നെ !'' വിക്രമാദിത്യ മഹാരാജാവിന്റെ ചുമലില്‍ ആയാസരഹിതമായി ഇരിക്കവെ വേതാളം അത്ഭുതം കൂറി. മഹാരാജാവിനു ചുറ്റും രൂപപ്പെടുന്ന കെണിയുടെ ആഴവും പരപ്പും വേതാളത്തെ ഒന്നുകൂടി ഉത്സാഹഭരിതനാക്കി.
'' മഹാരാജന്‍, ആലോചിച്ചു നോക്കുമ്പോള്‍ താങ്കളും പ്രതിയാണ്.'' വേതാളത്തിന്റെ വാക്കുകള്‍ വിക്രമാദിത്യനെ മയക്കത്തില്‍ നിന്നുണര്‍ത്തി.
'' പ്രതിയോ ? എന്റെ അറിവില്‍ ഒരു കുറ്റവും ഞാന്‍ അടുത്തെങ്ങും ചെയ്തിട്ടില്ല.'' വേതാളം ഏതു കെണിയിലേക്കാണ് കൊണ്ടുപോവുന്നതെന്ന ആശങ്ക വിക്രമാദിത്യന്റെ വാക്കുകളില്‍ നിറഞ്ഞു.
'' കഴിഞ്ഞ ദിവസം അനന്തപുരിക്ക് പോവാന്‍ റെയില്‍വേസ്റ്റേഷനിലേക്ക് അങ്ങ് വിളിച്ചത് ഊബറാണോ, ഓലയാണോ ? ''വേതാളം പതിവില്ലാതെ കര്‍ക്കശനാവുന്നത് വിക്രമാദിത്യനെ ഒന്നുകൂടി പേടിപ്പിച്ചു.
'' അതിനെന്താണ്? '' ഓലയാണോ ഊബറാണോ വിളിച്ചതെന്നറിയാന്‍ വിക്രമാദിത്യന്‍ മൊബൈല്‍ തുറന്നു.
'' മില്ലെനിയല്‍ മന്ത്രിയുടെ കണ്ടെത്തലനുസരിച്ച് ഈ നാട്ടിലെ വാഹനവിപണി ഇടിയുന്നതിന്റെ കാരണക്കാരില്‍ ഒരാള്‍ അങ്ങാണ്. ''
മില്ലെനിയല്‍ എന്നു കേട്ടതും വിക്രമാദിത്യന്‍ രോഷാകുലനായി.
'' വേതാളം, നിങ്ങളോട് പലതവണ പറഞ്ഞിട്ടുണ്ട്, ഭരണഭാഷ മലയാളമാണെന്ന്.''
മില്ലെനിയലിന് മലയാളം തേടി വേതാളം മൊബൈലിലെ മലയാളം നിഘണ്ഡു തപ്പി.
''മലയാളത്തിന്റെ മറവില്‍ ഈ ചോദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ അങ്ങ് ശ്രമിക്കരുത്. ഭാഷാ ഭ്രാന്ത് ഭരണാധികാരികള്‍ക്ക് ഒരിക്കലും നല്ലതല്ല. ''
മൊബൈലില്‍ ഊബര്‍ ആപ്പ് സ്ഥാപിച്ച നിമിഷത്തെ വിക്രമാദിത്യന്‍ മനസ്സാ ശപിച്ചു. സമയരഥത്തില്‍ യാത്ര ചെയ്ത് ഊബര്‍ ആപ്പിനെ ഓര്‍മ്മയില്‍ നിന്ന് ഇല്ലാതാക്കാനുള്ള വഴിയുണ്ടോയെന്നാലോചിച്ച് മഹാരാജന്‍ തലപുകഞ്ഞു. എത്രപെട്ടെന്നാണ് മനുഷ്യര്‍ കുറ്റവാളികളും പ്രതികളുമാവുന്നതെന്നും ജീവിതം എത്രമാത്രം വിചിത്രമാണെന്നുമുള്ള തിരിച്ചറിവില്‍ തിമിര്‍ത്തുപെയ്യുന്ന കാലവര്‍ഷത്തിനിടയിലും വിക്രമാദിത്യന്‍ നിന്ന് വിയര്‍ത്തു.
'' മഹാരാജന്‍, ഈ പ്രതിക്കൂട്ടില്‍ നിന്ന് അങ്ങേയ്ക്ക് രക്ഷപ്പെടാനാവില്ല.'' ബിവറേജിന് മുന്നില്‍ മണിക്കൂറുകള്‍ കാത്തു നിന്ന് ജവാന്‍ കെപ്പറ്റിയ ഒരു ശരാശരി കേരളീയനെപ്പോലെ വേതാളം ആഹ്ലാദഭരിതനായി.
'' മഹാരാജന്‍, ഒരര്‍ത്ഥത്തില്‍ ഇത് അങ്ങയുടെ കുറ്റമല്ല. എന്റയര്‍ ഇക്കണൊമിക്സില്‍ ബിരുദം നേടാത്തതാണ് അങ്ങയുടെ പ്രശ്നം. എന്റയര്‍ മാത്സും എന്റയര്‍ ഫിസിക്സും പഠിച്ച ഒരു മന്ത്രി കഴിഞ്ഞ ദിവസം ഐന്‍സ്റ്റീനെക്കുറിച്ച് പറഞ്ഞത് അങ്ങെന്തുകൊണ്ടാണ് മറന്നുപോവുന്നത്? ''
'' വേതാളം ഇക്കാര്യത്തില്‍ ഞാന്‍ ഗോയല്‍ജിക്കൊപ്പമാണ്. കണക്കിലൊന്നും ഒരു കാര്യവുമില്ലെന്ന് ഗോയല്‍ജിക്ക് മാത്രമല്ല ഈ നാട്ടിലെ സകലര്‍ക്കുമറിയാം. നേതി , നേതി എന്നു പറയുന്നത് നിങ്ങള്‍ കേട്ടിട്ടില്ലേ? ഇതിലൊന്നും ഒരു കാര്യവുമില്ല. എല്ലാം മായയാണ്. ഇംഗ്ളീഷ് മാത്രമല്ല കണക്കും ഒരു കൊളോണിയല്‍ മായയാണ്. അതുകൊണ്ടാണ് ബ്രീഫ്കെയ്സ് മാറ്റി നമ്മള്‍ പട്ടുതുണിയില്‍ ബജറ്റ് കൊണ്ടുവന്നത്. എന്തിനെയും ഏതിനെയും പട്ടില്‍ കുളിപ്പിച്ചുകിടത്തുക എന്നതാണല്ലോ അതിന്റെ ഒരു രീതി. ''ഒരു പിടിവള്ളി കിട്ടിയ ആശ്വാസത്തില്‍ വിക്രമാദിത്യന്റെ മുഖം പ്രകാശിച്ചു.
'' അപ്പോള്‍ ന്യൂട്ടനല്ല, ഐന്‍സ്റ്റീനാണ് ഭൂഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചതെന്നാണോ അങ്ങ് പറഞ്ഞുവരുന്നത്? '' കാര്യങ്ങള്‍ കൈവിട്ടുപോവുകയാണോയെന്ന ആശങ്കയില്‍ വേതാളം വ്യഥിത ചിത്തനായി.
'' സംസ്‌കൃതം പഠിക്കാത്തിന്റെ കുറവാണിത്. തത്വമസി എന്നു കേട്ടിട്ടുണ്ടോ? അത് നീയാണ്. അതായത് ന്യൂട്ടന്‍ തന്നെയാണ് ഐന്‍സ്റ്റിന്‍. ഐന്‍സ്റ്റിന്‍ തന്നെയാണ് ന്യൂട്ടന്‍. ''
''മഹാരാജന്‍, ഇത് ചതിയാണ്. ചോദ്യം ചോദിക്കുമ്പോള്‍ ഭാഷ കൊണ്ട് കളിക്കരുത്. ഉത്തരമറിയില്ലെങ്കില്‍ പരാജയം സമ്മതിക്കൂ. ഈ നിമിഷം അങ്ങയുടെ ശിരസ്സ് നൂറ് കഷ്ണമായി പൊട്ടിത്തെറിക്കും.'' വേതാളം പതിവ് ഭീഷണി മുഴക്കി.
അപ്പോള്‍ വിക്രമാദിത്യന്റെ വലതുകൈ ളോഹപോലുള്ള കുപ്പായത്തിന്റെ വലത്തേ കീശയിലേക്ക് നീണ്ടു. വിക്രമാദിത്യന്‍ പുറത്തേക്കെടുത്ത ചുവന്ന പട്ടിലേക്ക് വേതാളം ഒരു വട്ടമേ നോക്കിയുള്ളു. കേന്ദ്ര ബജറ്റിന്റെ ഗതിയാണ് തന്നെ കാത്തിരിക്കുന്നതെന്ന തിരിച്ചറിവില്‍ വേതാളം ആദ്യം കണ്ട കാഞ്ഞിരത്തിലേക്ക് വലിഞ്ഞുകയറി. അപ്പോള്‍ അകാലില്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റേജില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കാന്‍ ചുവന്ന പട്ടുടുത്ത ഒരു മനുഷ്യന്‍ തയ്യാറെടുക്കുന്നുണ്ടായിരുന്നു.
വഴിയില്‍ കേട്ടത് : കഴിഞ്ഞ നൂറ് ദിവസങ്ങള്‍ ട്രെയിലര്‍ മാത്രമെന്ന് പ്രധാനമന്ത്രി. സംവിധാനം ആരാണെന്ന് മനസ്സിലായി. തിരക്കഥ മില്ലെനിയല്‍ മാഡമാണോ അതോ ഐന്‍സ്റ്റിന്‍ പുരുഷുവാണോ എന്ന കാര്യമേ ഇനി അറിയേണ്ടതുള്ളു.
Content Highlights: Nirmala Sitharaman's millennial theory