പൗരത്വനിയമ ഭേദഗതി ജനങ്ങളെ ബോധ്യപ്പെടുത്തും- കുമ്മനം രാജശേഖരന്‍| അഭിമുഖം


3 min read
Read later
Print
Share

പൗരത്വനിയമ ഭേദഗതിയുടെപേരിൽ ഇല്ലാത്ത പ്രശ്‌നം ഉണ്ടെന്ന് കള്ളപ്രചാരണം നടത്തി ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനും അതുവഴി രാഷ്ട്രീയ മുതലെടുപ്പിനുമാണ് ഒരുവിഭാഗം ശ്രമിക്കുന്നതെന്നു ബി.ജെ.പി.യുടെ മുൻ അധ്യക്ഷനും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ. ‘‘ആപത്കരമായ തീക്കളിയാണ് കോൺഗ്രസും സി.പി.എമ്മും ഇപ്പോൾ നടത്തുന്നത്. നിയമം എങ്ങനെയാണ് ഭാരതത്തിലെ മുസ്‌ലിംസഹോദരങ്ങൾക്ക് പ്രതികൂലമാകുന്നതെന്നു കോൺഗ്രസോ സി.പി.എമ്മോ ഇതുവരെ വിശദീകരിച്ചുകണ്ടില്ല. മുസ്‌ലിം വിഭാഗങ്ങൾക്കെന്നല്ല, ആർക്കും ഒരാശങ്കയും വേണ്ട’’ -കുമ്മനം പറയുന്നു. മാതൃഭൂമി പ്രതിനിധി എം.കെ. സുരേഷുമായി നടത്തിയ അഭിമുഖത്തിൽനിന്ന്

മതത്തിന്റെപേരിൽ പൗരത്വം നിഷേധിക്കുന്നു എന്നാണ് പൗരത്വനിയമ ഭേദഗതിക്കെതിരേ ഉയരുന്ന പ്രധാന ആക്ഷേപവും ആശങ്കയും. നിയമം ഭരണഘടനാ തത്ത്വങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടുന്നു
=നിലവിലെ നിയമത്തിൽ ഭേദഗതിമാത്രമാണിപ്പോഴുണ്ടായത്. 1955-ലെ സിറ്റിസൺഷിപ്പ് ആക്ടിൽ പൗരത്വം നൽകേണ്ടത് എങ്ങനെയെന്നു പറഞ്ഞിട്ടുണ്ട്. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ അതിർത്തി രാജ്യങ്ങളിൽനിന്ന് മതപീഡനത്തെത്തുടർന്ന് ഇവിടെ വന്നിട്ടുള്ളവർക്ക് പൗരത്വം നൽകുന്നത് മറ്റൊരാളുടെ അവകാശത്തെ ഇല്ലാതാക്കുന്നില്ല. മൂന്നുരാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, പാഴ്‌സി, ബുദ്ധ, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവരെ നിയമവിധേയമല്ലാത്ത താമസക്കാരായി കണക്കാക്കില്ല. അവർക്ക് മോചനം നൽകുകയാണ് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ പീഡനം അനുഭവിക്കുന്നവർക്ക് അഭയംനൽകുന്ന പാരമ്പര്യം ഭാരതത്തിനുണ്ട്. ‘ലജ്ജ’ എന്ന നോവൽ എഴുതിയ തസ്‌ലിമയ്ക്ക് ഇന്ത്യ അഭയം നൽകിയില്ലേ? ദലൈലാമയ്ക്കും അഭയമേകി. ഇതാണ് നമ്മുടെ പാരമ്പര്യം, പൈതൃകം. ഇവിടെ മതം നോക്കിയല്ല, മറിച്ച് മതപീഡനമാണ് പരിഗണിച്ചത്. അതുകൊണ്ട് മതവിവേചനമില്ല. പൗരത്വം നേടാൻ ആർക്കും തടസ്സവുമില്ല.

പിന്നെന്തുകൊണ്ട് ഇത്രവലിയ പ്രതിഷേധം ഉയരുന്നു
=അതിലാണ് രാഷ്ട്രീയക്കളികളും കുതന്ത്രങ്ങളും. അതാണ് തിരിച്ചറിയേണ്ടതും. മതപീഡനംകാരണം അല്ലെങ്കിൽ നിർബന്ധിത മതപരിവർത്തനംകാരണം അഫ്ഗാനിസ്താനിലെയും ബംഗ്ലാദേശിലെയും പാകിസ്താനിലെയും ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. അവരെ സഹായിക്കാനോ പ്രത്യേക പരിഗണന നൽകാനോ ആ രാജ്യങ്ങളിലെ ഭരണാധികാരികൾ തയ്യാറായിട്ടില്ല. പക്ഷേ, ന്യൂനപക്ഷങ്ങളെ എന്നെന്നും പരിരക്ഷിച്ച ചരിത്രമാണ് ഇന്ത്യയുടേത്. അത് തുടരുകതന്നെ ചെയ്യും.
ഇന്ത്യയുടെ സമൂഹമനസ്സ് എപ്പോഴും ന്യൂനപക്ഷങ്ങളോട് ജീവകാരുണ്യപരമായ സമീപനം കാട്ടിയിട്ടുണ്ട്. അതുകൊണ്ട് സമീപരാജ്യങ്ങളിലെ ദുഃഖിക്കുന്ന, വേദനിക്കുന്ന ന്യൂനപക്ഷങ്ങളോട് സഹാനുഭൂതിയും പരിഗണനയും സ്വാഭാവികമാണ്. ഇതിൽ മതവിവേചനമോ വിദ്വേഷമോ ഇല്ല, ഉണ്ടാവുകയുമില്ല. പീഡിതരോടുള്ള കാരുണ്യവും സഹവർത്തിത്വത്തിന്റെ ഉദാത്തമൂല്യങ്ങളും ഉയർത്തിപ്പിടിക്കുമെന്നതിൽ ആർക്കും സംശയം വേണ്ട. ഇന്ത്യയിൽ മുസ്‌ലിം സഹോദരങ്ങളുടെ ജനസംഖ്യ ഉയർന്നു. അവർക്ക് യാതൊരുവിധ പീഡനങ്ങളും നേരിടേണ്ടിവന്നിട്ടില്ല. ഹജ്ജ് യാത്ര, വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിടം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റാൻ ഒട്ടേറെ കാര്യങ്ങളാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഇത് മതവിവേചനമാണെന്നോ വർഗീയമാണെന്നോ ആരും പ്രചരിപ്പിക്കുന്നില്ല. ആരും എതിർക്കുന്നതുമില്ല. അവകാശങ്ങൾ നിഷേധിക്കുന്നുമില്ല. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പ്രത്യേകമായി പരിഗണിച്ച് സഹായപദ്ധതികൾ നടപ്പാക്കുന്ന അധികൃതരുടെ സാമൂഹികനീതിയുടെ മനസ്സുതന്നെയാണ് പൗരത്വനിയമ ഭേദഗതിയുടെ പിന്നിലും പ്രവർത്തിക്കുന്നത്. അയൽരാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഉളവ് നൽകുന്നത് എങ്ങനെയാണ് ഇന്ത്യയിലെ മുസ്‌ലിം സഹോദരങ്ങൾക്ക് ദോഷകരമാകുന്നതെന്ന് കോൺഗ്രസുകാരോ കമ്യൂണിസ്റ്റുകാരോ പറയുന്നതുമില്ല.

ഇത്തരം വിശദീകരണങ്ങളുണ്ടാകാം. എന്നിട്ടും മുസ്‌ലിം വിഭാഗങ്ങളടക്കമുള്ളവരുടെ ഭീതി അകലുന്നില്ല. അവർക്ക് ബോധ്യപ്പെടുന്നില്ല
=കോൺഗ്രസും സി.പി.എമ്മുമൊക്കെ, വർഗീയമുതലെടുപ്പ് നടത്തുകയാണ്. മുസ്‌ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളെ തങ്ങൾക്കൊപ്പം നിർത്താമെന്ന കണക്കുകൂട്ടലിലാണ് അവരെ ഇപ്പോൾ വലിയ പ്രക്ഷോഭത്തിന് പ്രേരിപ്പിച്ചത്. ഇതുവഴി ആശങ്ക പെരുപ്പിക്കുകയാണ്. ന്യൂനപക്ഷങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ ഉപദ്രവം ഉണ്ടാകുമായിരുന്നെങ്കിൽ മറ്റുള്ളവരും സമരത്തിന് ഇറങ്ങേണ്ടതായിരുന്നില്ലേ? അവർക്ക് സത്യം ബോധ്യപ്പെട്ടിരിക്കുന്നു എന്നുവേണം കരുതാൻ.

രാജ്യമൊട്ടുക്ക് പ്രക്ഷോഭവും പ്രതിഷേധവും പടരുന്നു. ഓരോദിവസവും പ്രതിഷേധത്തിന് ശക്തിയും കൂടുന്നു. എത്രനാൾ ഈ പ്രതിഷേധത്തെ കണ്ടില്ലെന്നു നടിക്കാനാവും
=കള്ളപ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ശ്രമങ്ങളുടെ ഭാഗമായി ഇപ്പോഴത്തെ പ്രക്ഷോഭങ്ങളെ കാണണം. പച്ചക്കള്ളവും നുണകളും പ്രചരിപ്പിക്കുകയാണ്. സത്യത്തിന്റെയും ധർമത്തിന്റെയും നീതിയുടെയും ഭാഗത്താണ് കേന്ദ്രസർക്കാർ. സാമൂഹികനീതിയും സാമൂഹികസമത്വവും ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ട് നിയമത്തെപ്പറ്റി ഒരാൾക്കും പരിഭ്രാന്തിവേണ്ട.
സമരത്തിന് അധികംകാലം ആയുസ്സുണ്ടാകില്ല. സമരത്തിന് യുക്തിയോ ന്യായമോ ഇല്ല. ശരിയുമില്ല. അതിനാൽ സമരം നടത്തുന്നവർ ഒറ്റപ്പെടും.
മുസ്‌ലിംലീഗ് വെറുതേ ഭയപ്പെടുകയാണ്. മതേതര ഭാഗത്താണ് ലീഗിന്റെ സ്ഥാനം. ലീഗിന് ഒരുതരത്തിലുമുള്ള ആശങ്കയുടെയും ആവശ്യമില്ല. ആപത്കരമായ നീക്കങ്ങളെ എതിർത്ത് വിശാല കാഴ്ചപ്പാട് തെളിയിക്കാൻ പലർക്കുമുള്ള സന്ദർഭമാണിത്. ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാർക്ക് അവിടെ പൗരത്വം നൽകുന്നില്ല. അനധികൃതമായി ഇന്ത്യയിലെത്തുന്ന എല്ലാവർക്കും പൗരത്വം നൽകണമെന്നാണ് ലീഗും പി.കെ. കുഞ്ഞാലിക്കുട്ടിയും പറയുന്നത്? അയൽരാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്കുവേണ്ടി വാചാലനായ മൻമോഹൻസിങ് ഇപ്പോൾ തകിടംമറിഞ്ഞിരിക്കുന്നു. ചരിത്രം പരിശോധിക്കട്ടെ. പീഡിതരോട് കേന്ദ്രസർക്കാർ മനുഷ്യത്വം കാട്ടുന്നു. അത്രമാത്രം.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിയമം നടപ്പാക്കില്ലെന്നു പറയുന്നതിനെ എങ്ങനെ കാണുന്നു. ദേശീയതലത്തിൽ എൻ.ഡി.എ.യിലും ഭിന്നതയുണ്ട്.
=പാർലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്. പൗരത്വബിൽ ലോക്‌സഭയിൽ മുമ്പ്‌ അവതരിപ്പിച്ചപ്പോൾ അന്നാരും എതിർത്തില്ല. ഭയാശങ്കകൾ പ്രകടിപ്പിച്ചില്ല. പിന്നീടെത്രയോ തവണ കേരളത്തിൽ നിയമസഭ ചേർന്നു. അന്നൊന്നും ഉണ്ടാകാത്ത പ്രതിഷേധം ബിൽ നിയമമായപ്പോൾ കോൺഗ്രസിനും സി.പി.എമ്മിനും ഉണ്ടായതിന്റെ കാരണമെന്താണ്.

ജനങ്ങളെ ബോധവത്കരിക്കുമെന്നു ബി.ജെ.പി. പറയുന്നു. അതെങ്ങനെയാണ് സാധ്യമാക്കുക.
=അക്രമവും കൊള്ളിവെപ്പും നടത്തുന്നവരെ അതേ നാണയത്തിൽ നേരിടാനല്ല കേന്ദ്രസർക്കാർ തയ്യാറായത്. പാർട്ടി എല്ലാം നിരീക്ഷിച്ച് സമാധാനപരമായി നേരിടുകയാണ് ചെയ്തത്. കള്ളപ്രചാരണങ്ങളെ തടയാൻ വ്യാപകമായി ബോധവത്കരണത്തിന് ശ്രമിക്കും. ഇതിന് കർമപരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇന്ത്യയൊട്ടാകെ ആയിരം യോഗങ്ങൾ നടത്തും. നിയമത്തിന്റെ പകർപ്പ് നൽകും. സത്യാവസ്ഥ തുറന്നുപറയും. തെറ്റിദ്ധാരണ മാറ്റും. നിരപരാധികളെ പ്രക്ഷോഭത്തിന്റെ കെണിയിൽ വീഴ്‌ത്തിയ കുതന്ത്രങ്ങൾ തുറന്നുകാട്ടും. കേരളത്തിലും ജില്ലാ കേന്ദ്രങ്ങളിൽ ജനജാഗ്രതാ സമ്മേളനങ്ങളുണ്ടാകും. മണ്ഡലങ്ങളിൽ ബോധവത്കരണ പദയാത്രകളും നടത്തും.

കേരളത്തിൽ വിരുദ്ധ ചേരികളിലുള്ള കോൺഗ്രസും സി.പി.എമ്മും നിയമത്തിനെതിരേ ഒന്നിച്ചു. വീണ്ടും ഈ ഒന്നിക്കൽ വേണമെന്നാണ് സി.പി.എം. ആവശ്യപ്പെട്ടത്.
=വിലക്കയറ്റം, മിച്ചഭൂമി പ്രശ്‌നം, നവകേരള നിർമാണം തുടങ്ങിയ ജീവൽപ്രശ്‌നങ്ങളിൽ ഒന്നിക്കാത്തവരാണ് പച്ചനുണപറഞ്ഞ് കൈകോർത്തത്. ഇവരുടെ ലക്ഷ്യം അടുത്ത തിരഞ്ഞെടുപ്പുകളാണ്. കേരളഭരണത്തിലാണ് അവരുടെ നോട്ടവും. ഈ കൂട്ടുകൂടൽ ദുരന്തമായി മാറും. ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ജനത എല്ലാം തിരിച്ചറിയും.
ഒരുകാര്യംകൂടി. പൗരത്വനിയമ ഭേദഗതിയിൽ വ്യാപക പ്രചാരണത്തിന് പാർട്ടി ഒരുങ്ങുമ്പോഴും കേരളത്തിൽ ബി.ജെ.പി.യുടെ അധ്യക്ഷന്റെ നിയമനം വൈകുകയാണ്.

എന്താണ് അനിശ്ചിതത്വം.
=പാർട്ടിയുടെ താഴേത്തട്ടുകളിൽ പുനഃസംഘടന നടക്കുകയാണ്. അതിനുശേഷം സമവായത്തോടെ പാർട്ടിക്ക്‌ അധ്യക്ഷൻ വരും. ഊഹാപോഹങ്ങൾക്ക് അടിസ്ഥാനമില്ല. എല്ലാം കേന്ദ്രനേതൃത്വം തീരുമാനിക്കും.

Content Highlights; we will convinced the people about citizenship amendment act says kummanam

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

3 min

ഇന്ത്യ ചൈന യുദ്ധവും നെഹ്രു കെന്നഡിക്കയച്ച കത്തും

Nov 25, 2015


ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ദെഹ്‌റാദൂണിലെ ഔദ്യോഗികവസതി

2 min

മുഖ്യന്മാരെ ‘ഉറക്കാത്ത’ ദേവഭൂമിയിലെ ബംഗ്ലാവ്

Feb 15, 2022