മോശം ധനമാനേജ്‌മെന്റും കെടുകാര്യസ്ഥതയും ധൂർത്തും അഴിമതിയുമാണ് സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിക്ക് കാരണമെന്ന് യു.ഡി.എഫിന്റെ ധവളപത്രം. സംസ്ഥാനത്ത് ആദ്യമായാണ് സർക്കാരിന്റെ ധനസ്ഥിതിയെപ്പറ്റി പ്രതിപക്ഷം ധവളപത്രമിറക്കുന്നത്. നികുതിവകുപ്പിനെതിരേ രൂക്ഷവിമർശനമുന്നയിക്കുന്ന ധവളപത്രം പ്രതിസന്ധി പരിഹരിക്കാനുള്ള നിർദേശങ്ങളും മുന്നോട്ടുവെക്കുന്നു. ധവളപത്രത്തിന്റെ കൺവീനർ വി.ഡി. സതീശനാണ്. എം.എൽ.എ.മാരായ കെ. എസ്. ശബരീനാഥൻ, കെ.എൻ.എ. ഖാദർ, എം. ഉമ്മർ, മോൻസ് ജോസഫ്, ഡോ. എൻ. ജയരാജ്, അനൂപ് ജേക്കബ് എന്നിവരായിരുന്നു
സമിതി അംഗങ്ങൾ
ധനസ്ഥിതി
ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ട്രഷറിനിയന്ത്രണം വികസനപ്രവർത്തനങ്ങളെയും ക്ഷേമപദ്ധതികളെയും ബാധിച്ചു. ട്രഷറി തുറക്കുന്നത് ശമ്പളവും പെൻഷനും നൽകുന്നതിനുവേണ്ടി മാത്രം
അനുവദനീയമായ മുഴുവൻതുകയും വായ്പയെടുത്താലും നിത്യനിദാനച്ചെലവുകൾക്ക് മാത്രം
വിഭവസമാഹരണം ദയനീയമായി പരാജയപ്പെട്ടു
ധനക്കമ്മിയും റവന്യൂക്കമ്മിയും കുറച്ചുകൊണ്ടുവരുന്നതിൽ പരാജയപ്പെട്ടു. റവന്യൂക്കമ്മി ഉയരുകയും ധനക്കമ്മി നിയന്ത്രണത്തിൽ നിൽക്കാതെയുമായി
റവന്യൂക്കമ്മിയിൽ 8892 കോടിയും ധനക്കമ്മിയിൽ 9378 കോടിയും കുറച്ചുകാണിച്ചു. ഇതുകൂടിച്ചേർത്താൽ 2017-18ലെ റവന്യൂക്കമ്മി 25,820 കോടിയായി ഉയരും. ധനക്കമ്മി 36,215 കോടിയാകും
നികുതിവളർച്ചനിരക്ക് പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്നായി കുറഞ്ഞു
2016 വരെ 1.57 ലക്ഷം കോടിയായിരുന്ന കേരളത്തിലെ കടബാധ്യത മൂന്നരവർഷംകൊണ്ട് ഒരുലക്ഷം കോടി വർധിച്ച് 2.49 ലക്ഷം കോടിയായി
കഴിഞ്ഞ മൂന്നരവർഷംകൊണ്ട് ആളോഹരി കടം 46,078 രൂപയിൽനിന്ന് 26,352 വർധിച്ച് 72,430 രൂപയായി
കിഫ്ബി സർക്കാരിന് ബാധ്യതയായി
വാർഷിക പദ്ധതി കഴിഞ്ഞവർഷം 20 ശതമാനവും ഈ വർഷം 30 ശതമാനവും വെട്ടിച്ചുരുക്കി
മൂലധനച്ചെലവ് ഗണ്യമായി കുറഞ്ഞത് ആശങ്കയുണ്ടാക്കുന്നു. 2016-17ലെ 10,125.95 കോടിയിൽനിന്ന് 13.60 ശതമാനം കുറഞ്ഞ് 2017-18ൽ 1377.08 കോടി രൂപയായി
വിഭവസമാഹരണത്തിലെ പാളിച്ചകൾ
സർക്കാർ തുടക്കത്തിൽ ലക്ഷ്യമിട്ടത് 30 ശതമാനം നികുതി വർധനയാണ്. അത് 12 ശതമാനത്തിലേക്ക് കൂപ്പുകുത്തി. അതുതന്നെ ജി. എസ്.ടി. നഷ്ടപരിഹാരത്തിന് കേന്ദ്രംതന്ന പണംകൂടി കൂട്ടിയാണ്.
കേന്ദ്രം ഒട്ടേറെ പ്രാവശ്യം പെട്രോളിയം ഉത്‌പന്നങ്ങൾക്ക് വില കൂട്ടിയപ്പോൾ കേരളത്തിന് 771.96 കോടി രൂപ അധികനികുതിയായി ലഭിച്ചു.
565 ബാറുകൾ പുതിയതായി തുറന്നപ്പോൾ ലൈസൻസ് ഫീ ഇനത്തിലും നികുതിയിനത്തിലുമായി കോടികൾ ലഭിച്ചു. ഈ അനുകൂലമായ ഘടകങ്ങൾ ഉണ്ടായിട്ടും പ്രയോജനമുണ്ടായില്ല.
വാറ്റ്, കെ.ജി.എസ്.ടി. എന്നിവയുടെ കുടിശ്ശികയായി 5000 കോടി രൂപ പിരിക്കാനുള്ള അവസരമുണ്ടായിട്ടും കെടുകാര്യസ്ഥതകൊണ്ട് അവസരങ്ങൾ തുലച്ചു
വാറ്റ് കുടിശ്ശിക പിരിച്ചെടുക്കാൻ കൊണ്ടുവന്ന ആംനെസ്റ്റി പദ്ധതി വൻപരാജയമായി
വാറ്റ് കുടിശ്ശികയ്ക്കായി വിചിത്രമായ 52,000 നോട്ടീസ് വ്യാപാരികൾക്കയക്കുകയും പിന്നീട് പിൻവലിക്കേണ്ടിവരികയും ചെയ്തു. ഇത് നികുതി പിരിക്കാൻകഴിയാത്ത അവസ്ഥയുണ്ടാക്കി
വാറ്റ്, കെ.ജി.എസ്.ടി., സി.എസ്.ടി., ലക്ഷ്വറി ടാക്സ് എന്നിവയുടെ കുടിശ്ശിക പിരിച്ചെടുക്കാനുള്ള വിഷയത്തിൽ ഇനിയും 40,000 ഫയലുകളിൽ നികുതിനിർണയംപോലും നടത്തിയില്ല
ജി.എസ്.ടി.യിൽ 14,000 കോടി രൂപയും വാറ്റ്, കെ.ജി.എസ്.ടി. ഇനങ്ങളിൽ 5000 കോടി രൂപയുടെ കുടിശ്ശികയും പിരിച്ചെടുക്കുന്നില്ല
2017-18ൽ പ്രതീക്ഷിച്ച റവന്യൂ വരുമാനം 93,584 കോടിയാണ്. ലഭിച്ചത് 83,020 കോടി. 2018-19ൽ 1,02,801 കോടി പ്രതീക്ഷിച്ചിടത്ത് ലഭിച്ചത് 91,622 കോടി
അനാവശ്യ ചെലവും ധൂർത്തും
മന്ത്രിസഭ സത്യപ്രതിജ്ഞാച്ചടങ്ങിന് 3.17 കോടിയും നൂറുദിവസം തികഞ്ഞ ആഘോഷത്തിന് 2.24 കോടിയും ഒന്നാം വാർഷികത്തിന് 18.6 കോടിയും ആയിരം ദിവസം തികഞ്ഞതിന് 10.27 കോടിയും ചെലവിട്ടു. ഒട്ടേറെപ്പേർക്ക് കാബിനറ്റ് റാങ്ക്. കേസ് നടത്തിപ്പുകൾക്ക് ഡൽഹിയിൽനിന്ന് വക്കീലിനെ കൊണ്ടുവരാൻ ചെലവിട്ടത് 12 കോടി. നിയമസഭയിൽ ലോകകേരള സഭയ്ക്കായി ഹാൾ നവീകരിച്ചത് 16.65 കോടിക്ക്. ഇ നിയമസഭയ്ക്ക് 52 കോടി. പ്രളയശേഷം വാങ്ങിയത് 3.5 കോടിയുടെ വാഹനങ്ങൾ. മുഖ്യമന്ത്രിയുടെ സാമൂഹികമാധ്യമ പരിപാലനത്തിന് 4.32 കോടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകൾ, തസ്തികകൾ സൃഷ്ടിക്കൽ തുടങ്ങിയവയുടെയൊന്നും കണക്ക് സർക്കാർ കൈമാറുന്നില്ല
കേന്ദ്രനിലപാടിനോട് യോജിപ്പില്ല
കേന്ദ്രസർക്കാർ ജി.എസ്.ടി.യുടെ നഷ്ടപരിഹാരം താമസിപ്പിക്കുന്നത്, നോട്ട് അസാധുവാക്കൽ, ജി.എസ്.ടി.യുടെ വികലമായ ആവിഷ്‌കാരം, രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യത്തെ കൃത്യമായി നേരിടാത്തത് എന്നിവ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ധനസ്ഥിതി കൂടുതൽ മോശമാക്കി. മാന്ദ്യകാലത്ത്
വീണ്ടും ജി.എസ്.ടി. നിരക്കുകൾ ഉയർത്താനുള്ള നീക്കം കേന്ദ്രസർക്കാർ ഉപേക്ഷിക്കണം. അതിന് സംസ്ഥാനസർക്കാർ പിന്തുണനൽകരുത്.
പരിഹാരനിർദേശങ്ങൾ
വാറ്റ്, കെ.ജി.എസ്.ടി., സി.എസ്.ടി., ആഡംബരനികുതി എന്നിവ പിരിച്ചെടുത്താൽ 5000 കോടി ലഭിക്കും
ഭരണസംവിധാനത്തെ ജി.എസ്.ടി. കാലത്തേക്ക് യോജിച്ചതരത്തിൽ പുനഃസംഘടിപ്പിക്കണം
നികുതിനിർണയ നോട്ടീസുകൾ നിയമവിധേയമാക്കിയും അപ്പീലുകളിൽ തീരുമാനമെടുത്തും റവന്യൂ റിക്കവറി കേസുകളിൽ റവന്യൂ വകുപ്പുമായി ഏകോപനം ഉണ്ടാക്കിയും പരാജയപ്പെട്ട ആംനെസ്റ്റി പദ്ധതിക്ക് പകരം പുതിയ പദ്ധതി ആവിഷ്‌കരിച്ചും സർക്കാർ 5000 കോടി രൂപയുടെ കുടിശ്ശിക പിരിച്ചെടുക്കണം. നികുതിനിർണയം നടത്താത്ത 40,000 കേസുകളിൽ ഉടൻ തീരുമാനമെടുക്കണം
സേവനമേഖലകളിൽ ജി.എസ്.ടി. വഴി പുതിയ വരുമാനസ്രോതസ്സുകൾ കണ്ടെത്തണം. ജി.എസ്.ടി.യുടെ കുടിശ്ശിക 13,000-ത്തിലധികം കോടി രൂപ പിരിച്ചെടുക്കാനുള്ള പ്രത്യേക മിഷൻ വേണം
അധികച്ചെലവും ധനധൂർത്തും നിയന്ത്രിക്കാൻ ധനകാര്യവകുപ്പിനെ കാര്യക്ഷമമാക്കുക. ധനകാര്യവകുപ്പിന്റെ പരിശോധനയില്ലാതെ സർക്കാർ പണം അനുവദിക്കരുത്
മൂലധനച്ചെലവ് വർധിപ്പിക്കുകയും ചെലവിന്റെ ഗുണനിലവാരം ഉയർത്തുകയും ചെയ്യണം
ബജറ്റിലെ പദ്ധതികൾക്ക് പ്രാധാന്യം കൊടുത്ത് ബജറ്റ് പെർഫോമൻസ് ഓഡിറ്റ് നടപ്പാക്കണം
മുഖ്യമന്ത്രിയും മന്ത്രിമാരും അധികച്ചെലവും ധൂർത്തും ഒഴിവാക്കണം
റീബിൽഡ് കേരളയിൽ ധനവകുപ്പിന്റെ സൂക്ഷ്മപരിശോധനവേണം
ചരിത്രത്തിലില്ലാത്ത പ്രതിസന്ധി
ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. പൊതുസമൂഹം ഇക്കാര്യം ചർച്ചചെയ്യണം. ബജറ്റ് പദ്ധതികളെല്ലാം കടലാസിൽ മാത്രമായി. ധൂർത്തും അഴിമതിയും മുഖമുദ്രയാക്കിയ സർക്കാരാണിത്. അനാവശ്യതസ്തികകൾ സൃഷ്ടിച്ചും ഇഷ്ടക്കാർക്ക് പദവികൾ നൽകിയും ഖജനാവ് കാലിയാക്കുന്നു.
-രമേശ് ചെന്നിത്തല
ധനമന്ത്രിക്ക് അദൃശ്യനിയന്ത്രണം
ചെലവും ധൂർത്തും നിയന്ത്രിക്കുന്നതിൽ ധനമന്ത്രിക്ക് ഒരു നിയന്ത്രണവുമില്ല. ധനവകുപ്പിനുമേൽ മുഖ്യമന്ത്രിയുടെ അദൃശ്യനിയന്ത്രണമുണ്ട്. അത് മറികടക്കാനുള്ള ആർജവം ധനമന്ത്രിക്കില്ല. ധനസ്ഥിതിസംബന്ധിച്ച് പരസ്യസംവാദത്തിന് യു.ഡി.എഫ്. തയ്യാറാണ്.
-വി.ഡി. സതീശൻ
കേന്ദ്രത്തിനെതിരേ പ്രതികരിക്കാതെ സംസ്ഥാനത്തെ കുറ്റപ്പെടുത്തുന്നു
സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് ശരിയാണ്. വായ്പപരിധി കുറച്ചതടക്കമുള്ള കേന്ദ്രനയങ്ങളാണ് അതിനു കാരണം. ഇപ്പോൾ നികുതിവിഹിതവും കുറയ്ക്കുമെന്നറിയിച്ചിട്ടുണ്ട്. 5000 കോടിയുടെ കുറവാണ് ഇതുനിമിത്തമുണ്ടാവുക. ഇതിനെതിരേ പ്രതികരിക്കാതെ സംസ്ഥാനസർക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷശ്രമം. ധവളപത്രത്തിൽത്തന്നെ പ്രതിപക്ഷത്തിനുള്ള മറുപടിയുമുണ്ട്. സംസ്ഥാനത്ത് വികസനസ്തംഭനമില്ല. ധൂർത്ത് എന്നത് പ്രതിപക്ഷത്തിന്റെ ആക്ഷേപം മാത്രമാണ്. ഞങ്ങൾ കട്ടിട്ടില്ല. യു.ഡി.എഫ്. നടത്തിയ കളവിന്റെ കാൽ അംശം വരുമോ അവർ ആരോപിക്കുന്ന ധൂർത്ത്. നിയമസഭയിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ പ്രതിപക്ഷത്തിന്റെ അറിവോടെയാണ്. എൽ.ഡി.എഫ്. കാലത്ത് ധനക്കമ്മി കുറയുകയാണുണ്ടായത്.
ഈ സർക്കാരിന്റെ കാലത്ത് ചെലവ് 16 ശതമാനം വീതം കൂടി. അതു മുഴുവൻ ധൂർത്താണോ. ധനദൃഢീകരണമാണ് ഇക്കാലത്ത് നടന്നത്. ധനവകുപ്പിനെ അദൃശ്യശക്തി നയിക്കുന്നുവെന്നത് ഭാവനാവിലാസമാണ്. വി.ഡി. സതീശൻ വേണമെങ്കിൽ സംവാദം നടത്തിക്കോട്ടെ. എന്തു രാഷ്ട്രീയമാണ് രമേശ് ചെന്നിത്തലയുടേത്. ഈ രാഷ്ട്രീയം കേരളജനത തിരിച്ചറിയും.
-ഡോ. തോമസ് ഐസക് , ധനമന്ത്രി
Content Highlights: UDF Released white paper about kerala financial crisis