തിരുവഞ്ചൂർ രാധാകൃഷ്ണൻ| Photo: Mathrubhumi
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. തനിക്കു ലഭിച്ച ഭീഷണിക്കത്തിന്റെ വിവരങ്ങൾ മാതൃഭൂമി പ്രതിനിധി കെ.ആർ.പ്രഹ്ളാദനുമായി പങ്കുവെക്കുന്നു
കേരളത്തെ ഞെട്ടിച്ച ടി.പി. ചന്ദ്രശേഖരൻ കൊലപാതകത്തിൽ കേസന്വേഷണം ഒരു സിനിമപോലെ ആകാംക്ഷയോടെ മലയാളി കണ്ടിരുന്നതാണ്. രാഷ്ട്രീയ-ഗുണ്ടാ-ക്വട്ടേഷൻ കേസുകളിൽ ഇതേവരെ കണ്ട പലതും മാറ്റിമറിച്ചതിലൂടെ ഈ കേസിൽ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും അദ്ദേഹത്തിന്റെ കീഴിലുള്ള അന്വേഷണസംഘവും ജനത്തിന്റെ കൈയടി സ്വന്തമാക്കി. രാഷ്ട്രീയ ക്വട്ടേഷൻ വീണ്ടും ചർച്ചയാകുന്നതിനിടെയാണ് തിരുവഞ്ചൂരിന് വധഭീഷണി വരുന്നത്.
ഈ ഭീഷണിക്ക് ടി.പി. കേസുമായി ബന്ധമുണ്ടെന്ന് കരുതുന്നുണ്ടോ
= എനിക്കു വന്ന കത്തിലെ ഭാഷയിൽനിന്ന് മനസ്സിലാകുന്നത് പ്രതികാരബുദ്ധിയോടെ നിൽക്കുന്നവരാണെന്നാണ്. ഇവിടെ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ടി.പി. കേസിലെ പ്രതികളിൽ ചിലർ പുറത്തുണ്ടെന്നാണ് അറിയുന്നത്. ഉള്ളിലുള്ളവർക്കും അവർക്കിഷ്ടമുള്ളതുപോലെ കഴിയാനും പുറത്തിറങ്ങാനുമൊക്കെ കഴിയുന്നുണ്ട് എന്ന വിമർശനം നിലനിൽക്കുന്നു. പുറത്തിറങ്ങി ആളെ തട്ടിയാലും ശിക്ഷ ഇപ്പോഴുള്ളതുതന്നെ എന്ന് കത്തിൽ പറയുന്നു. അന്ന് പ്രതികളെ കൊടുംക്രിമിനലുകൾ എന്ന നിലയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. അവരുടെ ജീവിതം നശിപ്പിച്ചു എന്ന മട്ടിലും ആക്ഷേപിക്കുന്നു. ഇതൊന്നും വ്യക്തി എന്ന നിലയിലുള്ള എന്റെ പ്രവർത്തനമല്ല. ഭരണഘടനാപരമായി ഏൽപ്പിച്ച കർത്തവ്യം നിർവഹിക്കുക മാത്രമാണ് ചെയ്തത്. ഇന്നലെ ചെയ്തതു തന്നെ ഇന്നും നാളെയും ചെയ്യും. ഒളിച്ചോടുന്ന പ്രശ്നമേയില്ല.
അന്ന് സ്വീകരിച്ച നടപടികളുടെ തുടർചലനങ്ങൾ പിന്നീട് ഉണ്ടായില്ലേ
= കണ്ണൂർ ജയിൽ ക്ലിയർ ചെയ്യാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല. പക്ഷേ, അതു ചെയ്തേ മതിയാകൂ എന്ന് നിർബന്ധം പിടിച്ചു. കൊടുംക്രിമിനലുകളെ പലയിടത്തേക്ക് മാറ്റി. അതിൽ വാദവിവാദങ്ങൾ ഉണ്ടായി. പുറത്ത് പ്രക്ഷോഭം ചിലർ നടത്തി. ഒരു പ്രതി ഏതു ജയിലിൽ കിടക്കണം എന്ന് തീരുമാനിക്കുന്നത് ജയിൽ മേധാവിയാണ്. ഇത് പുറത്തുനിന്ന് മുദ്രാവാക്യംവിളിച്ച് തീരുമാനിക്കേണ്ടതല്ല. പ്രതികൾ ജയിൽ തിരഞ്ഞെടുക്കുന്ന രീതിതന്നെ മാറ്റാൻ കഴിഞ്ഞു.
കൊലപാതകം കഴിഞ്ഞ് പ്രതികളെ പാർട്ടികൾ കൊടുക്കുന്ന രീതിക്ക് അന്ന് ശ്രമമുണ്ടായോ
= ഉണ്ടായി. പ്രതികളെ ഞങ്ങൾ ഹാജരാക്കിക്കോളാം എന്ന് അറിയിച്ചിരുന്നു. പക്ഷേ, അന്ന് അന്വേഷണം നടത്തിയ മികച്ച ഉദ്യോഗസ്ഥർ അതു വേണ്ടെന്ന് അറിയിച്ചു. പ്രതികളെ കണ്ടെത്തേണ്ടത് പോലീസാണ്. അവർ അത് ചെയ്തു. പാർട്ടി പ്രതികളെ ഹാജരാക്കുന്നത് വലിയ അജൻഡയുടെ ഭാഗമാണ്. ഒന്ന് ഇവർ തിരിച്ചറിയൽ പരേഡിൽ രക്ഷപ്പെടാം. യഥാർഥ ക്രിമിനലുകളെ സ്ഥിരമായി ഒളിപ്പിക്കാം. പ്രതിയായി സമർപ്പിക്കപ്പെടുന്നവന്റെ കുടുംബം നോക്കാൻ പാർട്ടി വേണ്ടതു ചെയ്യുമെന്ന് ഉറപ്പുനൽകുന്നു. ആ അധ്യായം പൊളിച്ചടുക്കി. പിന്നീട് ഞാൻ ആ സ്ഥാനത്ത് ഇരുന്ന 20 മാസത്തേക്ക് ഒരു രാഷ്ട്രീയ കൊലപാതകവും ഉണ്ടായില്ല. എന്നും കേരളം ഇതേപോലെ ആയിരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
അന്നൊരു പറച്ചിലുണ്ടായിരുന്നു. കേസ് മുകളിലുള്ളവരിലേക്ക് പോകാതെ ഒത്തുതീർപ്പാക്കിയെന്ന്
= അത് ശരിയല്ല. ലഭ്യമായ തെളിവുകൾ അനുസരിച്ച് മാത്രമാണ് കേസ് മുന്നോട്ടു പോയത്. 600 സാക്ഷികളെ വിസ്തരിച്ചു.12 പേരെ ശിക്ഷിച്ചു. പ്രതികളുടെ അപ്പീലുകൾ പിന്നീട് തള്ളിപ്പോയിട്ടുണ്ട്. വസ്തുതാപരമായ അന്വേഷണം നടത്തിയതു കൊണ്ടുതന്നെ സി.ബി.ഐ. അടക്കം മറ്റൊരു ഏജൻസിയും ഈ കേസ് അന്വേഷിക്കേണ്ടതില്ലെന്ന നില വന്നു. ഈ കേസിലെന്നല്ല ഒരു കേസിലും എനിക്ക് സമ്മർദത്തിന് വഴങ്ങേണ്ടി വന്നിട്ടില്ല. അതിന് വഴങ്ങിയാൽ പിന്നെ എന്താണ് നമ്മുടെ ജീവിതത്തിൽ ബാക്കിയുണ്ടാവുക.
പ്രതികളെ പോലീസ് പിടിച്ചോളാം എന്ന നിശ്ചയദാർഢ്യത്തിലാണോ മുടക്കോഴിമലയിൽ രാത്രി പ്രതികളുടെ ആസ്ഥാനത്ത് പരിശോധന നടത്തിയത്
= പോലീസ് സാഹസിക നീക്കത്തിലൂടെയാണ് അതു ചെയ്തത്. പാർട്ടിഗ്രാമമാണത്. വെളുപ്പിന് രണ്ടിന് മഴയുള്ള സമയത്ത്. അത്ര മികച്ച പോലീസ് ഓഫീസർമാരാണ് അത് ചെയ്തത്. ഒന്നിനും വഴങ്ങാത്തവർ. ഈ സമീപനം പ്രതികളെ കുടുക്കി. മുംബൈയിലും മറ്റും വിഹരിച്ചിരുന്നവർ ഇതിലുണ്ട്. ഇവിടെ വന്ന് പെട്ടുപോയതിന്റെ വിരോധം അവർക്ക് എന്നോടും ഉണ്ടാകും.
രാഷ്ട്രീയ-ഗുണ്ടാ ബന്ധങ്ങളുടെ ശക്തമായ തെളിവാണ് ടി.പി. കേസ് തന്നത്. അത് പുറത്തുകൊണ്ടുവന്നതിൽ വലിയ പിന്തുണ കിട്ടിയിരുന്നോ
= സ്വാഭാവികമാണത്. സി.പി.എമ്മിനുള്ളിൽപ്പോലും ഈ ശക്തികൾക്ക് എതിരായ നീക്കത്തിന് പിന്തുണ നൽകുന്നവരുണ്ടായി. അവർക്ക് നമ്മളോട് സ്നേഹമുണ്ട്. പിന്നെ ഗുണ്ടകളെ വെച്ച് കളിച്ചുതുടങ്ങിയാൽ പിന്നെ നാം ഗുണ്ടകളുടെ പാവയാകും. അത് ഭയപ്പെടുത്തുന്ന സ്ഥിതിയാണ്. വല്യ ആളുകൾ എന്നു കരുതുന്നവർവരെ അവരുടെ പാവയായിപ്പോയിട്ടുണ്ട്.
ആ വലിയ ആളുകൾ ആരാണ്
= ആ പേരുകൾ പറയാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല.
content highlights: thiruvanchoor radhakrishnan mla interview