അസാധാരണ സാഹചര്യങ്ങള്‍ അസാധാരണ നടപടികള്‍ ആ്വശ്യപ്പെടുന്നുണ്ടെന്നും കോണ്‍ഗ്രസ് - ഇടത് സഖ്യം ഇത്തരമൊരു അനിവാര്യതയാണെന്നുമാണ് എഴുത്തുകാരനായ മെയ്തില്‍ രാധാകൃഷ്ണന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. രാഷ്ട്രം ഒരു ദശാസന്ധിയിലൂടെ കടന്നുപോവുമ്പോള്‍ പ്രായോഗികതയും കോമണ്‍സെന്‍സും നിറയുന്ന പ്രവൃത്തികളാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്നു ജനങ്ങള്‍ പ്രതീക്ഷിക്കുക. കടുംപിടിത്തങ്ങളും ശാഠ്യങ്ങളുമല്ല, ഭാവനയും സര്‍ഗ്ഗാത്മകതയുമാണ് ജീവിതത്തിലെന്ന പോലെ രാഷ്ട്രീയത്തിലും നമ്മളെ മുന്നോട്ടുകൊണ്ടുപോവുന്നത്. സീതാറാം യെച്ചൂരി കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് പോവേണ്ടതില്ല എന്ന തീരുമാനത്തില്‍ സി.പി.എം. പോളിറ്റ്ബ്യൂറൊ ഉറച്ചു നില്‍ക്കുമ്പോള്‍ അത് ജനാധിപത്യത്തിന്റെ പരിസരങ്ങളെ ദുര്‍ബ്ബലപ്പെടുത്തുകയാണോയെന്ന ചിന്ത ഉടലെടുക്കുന്നത് ഈ പരിസരത്തിലാണ്.
വലിയൊരു യുദ്ധത്തിനുള്ള ഒരുക്കത്തിലാണ് ബി.ജെ.പിയും ആര്‍.എസ്.എസും. അധികാരത്തിന്റെ രുചി ആര്‍.എസ്.എസ്. ഇത്രയും നന്നായറിഞ്ഞ മറ്റൊരു കാലം ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. മുന്നണി ഭരണത്തോട് പൊതുവെ ആര്‍.എസ്.എസിനും ബി.ജെ.പിക്കും താല്‍പര്യം കുറവാണ്. 1999 മുതല്‍ 2004 വരെ ഭരിച്ച വാജ്‌പേയി സര്‍ക്കാരില്‍ ബി.ജെ.പി. അധികം ഊറ്റം കൊള്ളാത്തത് അതൊരു മുന്നണി ഭരണമായിരുന്നുവെന്നതുകൊണ്ടാണ്. ഇക്കഴിഞ്ഞ ദിവസം വെങ്കയ്യ നായിഡുവിന്റെ പ്രസ്താവനയില്‍ കടന്നുവന്നത് കാഗില്‍ യുദ്ധമല്ല 1971 ലെ ഇന്തോ - പാക്ക് യുദ്ധമായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
മോദി സര്‍ക്കാരിനു മേല്‍ എന്‍.ഡി.എ. എന്ന ശീര്‍ഷകം വെറും അലങ്കാരം മാത്രമാണ്. ഘടകക്ഷികള്‍ സാമന്തന്മാരെപോലെ കഴിഞ്ഞുകൂടുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. സ്വയം പുലികളെന്ന് ഇടയ്ക്കിടെ ആത്മരോദനം നടത്താമെന്നല്ലാതെ ശിവസേനയ്ക്കുപോലും കാര്യമായൊന്നും മോദി സര്‍ക്കാരില്‍ ചെയ്യാനില്ല. 2019-ലെ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടണമെന്നും മുന്നണി സര്‍ക്കാര്‍ എന്ന അലങ്കാരം പഴങ്കഥയാക്കണമെന്നുമാണ് ബി.ജെ.പിയും ആര്‍.എസ്.എസും പദ്ധതിയിടുന്നത്. ജനാധിപത്യരീതിയില്‍ ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് 2019-ലെ തിരഞ്ഞെടുപ്പോടെ കഴിയും എന്ന ആത്മവിശ്വാസം ഇപ്പോള്‍ ഇരുകൂട്ടര്‍ക്കുമുണ്ട്.
വിശാല പ്രതിപക്ഷ ഐക്യത്തിനുവേണ്ടി അഹോരാത്രം പണിയെടുക്കുന്നതിനിടെ സി.പി.എം. എന്തുകൊണ്ട് യെച്ചൂരിയുടെ രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നുവെന്നത് സാമാന്യജനത്തിന് എളുപ്പത്തില്‍ ദഹിക്കുന്ന സംഗതിയല്ല. 21 കൊല്ലം മുമ്പ് 1996-ല്‍ ജ്യോതിബസു വിശേഷിപ്പിച്ച 'ചരിത്രപരമായ മണ്ടത്തര'ത്തിന്റെ ആവര്‍ത്തനമാണോ ഇതെന്ന ചോദ്യമുയരുന്നതും ഈ പശ്ചാത്തലത്തിലാണ്. മൂന്നു തവണയാണ് ബസുവിനെ തേടി പ്രധാനമന്ത്രി പദമെത്തിയതെന്നാണ് മുന്‍ സി.ബി.ഐ. ഡയറക്ടറും ബംഗാള്‍ ഡി.ജി.പിയുമായിരുന്ന അരുണ്‍ പ്രസാദ് മുഖര്‍ജി ഓര്‍മ്മക്കുറിപ്പുകളില്‍ വെളിപ്പെടുത്തിയത്. 1990-ല്‍ രാഷ്ട്രീയ അസ്ഥിരത കത്തി നില്‍ക്കെ രാജീവ് ഗാന്ധിയും കോണ്‍ഗ്രസും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആദ്യം മനസ്സില്‍ കണ്ടത് ബസുവിനെയായിരുന്നു. പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് ബസു രാജീവിനെ അറിയിച്ചു. സി.പി.എം. ഈ നിര്‍ദ്ദേശം തള്ളി. അങ്ങിനെയാണ് ചന്ദ്രശേഖറിലേക്ക് രാജീവെത്തിയത്. അധികം വൈകാതെ ചന്ദ്രശേഖര്‍ സര്‍ക്കാര്‍ വീണപ്പോഴും രാജീവ് ഒരിക്കല്‍ കൂടി ബസുവിലേക്ക് തിരിഞ്ഞു. അപ്പോഴും പാര്‍ട്ടിയുടെ തീരുമാനം ബസുവിന് പ്രധാനമന്ത്രിപദം നിഷേധിച്ചുവെന്നാണ് അരുണ്‍പ്രസാദ് മുഖര്‍ജി പറയുന്നത്.
കോണ്‍ഗ്രസ് ബോഫോഴ്‌സ് അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സമയമായിരുന്നു അത്. സ്വാഭാവികമായും കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കുന്നത് ആത്മഹത്യാപരമാണെന്നായിരുന്നു സി.പി.എമ്മിന്റെ വിലയിരുത്തല്‍. ഈ സമീപനത്തില്‍ കോമണ്‍സെന്‍സുണ്ടായിരുന്നു, യാഥാര്‍ത്ഥ്യത്തിന്റെ തിരനോട്ടമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ ബസു ഈ തീരുമാനത്തിനെതിരെ ഒരക്ഷരം പോലും പ്രതികരിച്ചില്ല. 1996-ല്‍ ഐക്യമുന്നണി നിലവില്‍ വന്നപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ആദ്യപേരുകാരന്‍ ബസു തന്നെയായിരുന്നു. അന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടാണ് ഈ നിര്‍ദ്ദേശം തള്ളിയതെന്നാണറിയുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് ബസു പ്രധാനമന്ത്രിയാവണമെന്ന പക്ഷക്കാരനായിരുന്നു. കേന്ദ്രക്കമിറ്റിയില്‍ സംഗതി വോട്ടിനട്ടപ്പോള്‍ 27 പേര്‍ എതിര്‍ക്കുകയും 22 പേര്‍ അനുകൂലിക്കുകയും ചെയ്തുവെന്നാണ് കൊല്‍ക്കൊത്തയില്‍ നിന്നുള്ള ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.
ഈ തീരുമാനത്തെയാണ് ജ്യോതിബസു ചരിത്രപരമായ മണ്ടത്തരം എന്ന് വിശേഷിപ്പിച്ചത്. ഒരു പക്ഷെ, സി.പി.എം. മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു പരാമര്‍ശമായിരിക്കും ഇത്്. ബസുവിന്റെ നൂറാം ജന്മവാര്‍ഷിക സ്മാരകമായി തപാല്‍ മുദ്ര ഇറക്കണമെന്നാവശ്യപ്പെട്ട് 2013-ല്‍ സി.പി.എം. എം.പി. ശ്യാമള്‍ ചക്രവര്‍ത്തി അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് കത്തെഴുതിയപ്പോള്‍ പ്രധാനമന്ത്രി പദം നിരസിച്ചയാളായിരുന്നു ബസുവെന്ന് രേഖപ്പെടുത്തിയതിനു പിന്നില്‍ പാര്‍ട്ടിയുടെ ഈ സമീപനമായിരിക്കണം ഉണ്ടായിരുന്നത്. ഐക്യമുന്നണി സര്‍ക്കാരിനെ നയിച്ചത് ദേവഗൗഡയും ഐ.കെ. ഗുജ്‌റാളുമാണ്. ഈ രണ്ടു സര്‍ക്കാരുകളും പിന്തുടര്‍ന്ന ഉദാരവത്കരണനയങ്ങള്‍ തടയാന്‍ കഴിയാതിരുന്നതിനെക്കുറിച്ച് സി.പി.എം. പിന്നീട് ഖേദിക്കുകയും ചെയ്തു.
കോണ്‍ഗ്രസ്സുമായി ഒത്തുചേര്‍ന്നാണ് സി.പി.എം. രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഉപരാഷ്പ്രതി തിരഞ്ഞെടുപ്പിലാണെങ്കില്‍ സി.പി.എം. നിര്‍ദ്ദേശിച്ച ഗോപാല്‍ കൃഷ്ണ ഗാന്ധിയെയാണ് കോണ്‍ഗ്രസ് അംഗീകരിച്ചതെന്ന സവിശേഷതയുമുണ്ട്. ബി.ജെ.പിയെ നേരിടണമെങ്കില്‍ ബിഹാര്‍ മോഡല്‍ വിശാല സഖ്യം കൂടിയേ തീരുവെന്ന് സി.പി.എമ്മിന് ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.കേരളത്തില്‍ കോണ്‍ഗ്രസ്സാണ് മുഖ്യ എതിരാളി എന്നതാണ് യെച്ചൂരിയുടെ രാജ്യസഭാ പ്രവേശത്തിന് കോണ്‍ഗ്രസ് പിന്തുണ തേടുന്നതില്‍നിന്നു സി.പി.എമ്മിനെ പിന്നോട്ടുവലിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി അപ്രഖ്യാപിത സഖ്യമുണ്ടാക്കിയതുകൊണ്ട് നേട്ടമൊന്നുമുണ്ടായില്ലെന്നതും ഈ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം. പക്ഷെ, ദേശീയ രാഷ്ട്രീയത്തിന്റെ പ്രായോഗിക തട്ടകത്തില്‍ സോമനാഥ്് ചാറ്റര്‍ജി ലോക്‌സഭ സ്പീക്കറായത് ഇടതുപക്ഷ അനുഭാവികള്‍ തിരസ്‌കരിച്ചില്ല എന്നതാണ് വാസ്തവം.
യെച്ചൂരിയെപ്പോലെ കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കുവാന്‍ സാമര്‍ത്ഥ്യമുള്ള, ഇന്ത്യയുടെ ബഹുസ്വരതയില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരാള്‍ പാര്‍ലമെന്റിലുണ്ടായിരിക്കേണ്ടത് എന്തുകൊണ്ടും ആവശ്യമാണെന്നാണ് പൊതുവെ പ്രതിപക്ഷ നിരയിലുള്ള അഭിപ്രായം. ഈ വീക്ഷണം പാടെ തള്ളിക്കളയുന്നത് ജനാധിപത്യ പരിസരത്തെ എത്രമാത്രം ബാധിക്കുമെന്നതിനെക്കുറിച്ച് സി.പി.എം. നേതൃത്വം ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന അഭിപ്രായം ശക്തമാവുന്നതും കാണാതിരിക്കാനാവില്ല. ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവര്‍ത്തിക്കുന്നുവെന്ന് പറഞ്ഞത് സാക്ഷാല്‍ കാള്‍ മാര്‍ക്‌സാണ്.