സീതാറാം യെച്ചൂരിയാവുമോ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ?


വഴിപോക്കന്‍

3 min read
Read later
Print
Share

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുകയും കോണ്‍ഗ്രസ്സിന് സുവ്യക്തമായ മേല്‍ക്കൈ ലഭിക്കാതിരിക്കുകയും ചെയ്താല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരുന്നതില്‍ നിന്ന് രാഹുല്‍ഗാന്ധി സ്വയം ഒഴിവാകുന്നതിനുള്ള സാദ്ധ്യത വിരളമല്ല. അത്തരമൊരു ഘട്ടത്തില്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സ്വീകാര്യനായ നേതാവ് യെച്ചൂരിയായിരിക്കും.

മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവവികാസം ശ്രദ്ധേയമായിരുന്നു. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാവുന്നതിനെ എതിര്‍ത്തുകൊണ്ട് പ്രസംഗിച്ച ജയപ്രകാശ് സിങിനെ പാര്‍ട്ടിസ്ഥാനത്തു നിന്നും

മായാവതി പുറത്താക്കിയ സംഗതിയാണത്. സോണിയാഗാന്ധിയുടെ വിദേശ ഉത്പത്തി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ബിഎസ്പി വൈസ്പ്രസിഡന്റ് കൂടിയായ ജയപ്രകാശ് രാഹുലിനെതിരെ തിരിഞ്ഞത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷം മായാവതിയെ ഉയര്‍ത്തിക്കാട്ടണമെന്നായിരുന്നു ജയപ്രകാശിന്റെ ആവശ്യം. ബിഎസ്പിയെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിശാല പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ്സ് തയ്യാറെടുക്കുന്നതിനിടെ ബിഎസ്പി കൂടാരത്തില്‍ നിന്നുയര്‍ന്ന ഈ അഭിപ്രായപ്രകടനം അപ്രതീക്ഷിതമായിരുന്നു. മായാവതിയുടെ പ്രതികരണം പ വേഗത്തിലായിരുന്നു. ജയപ്രകാശ് വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്തായി. കത്തിപ്പടരുമായിരുന്ന ഒരു വിവാദത്തിന് അതോടെ വിരാമമാവുകയും ചെയ്തു.

മായാവതിയുടെ നടപടി കോണ്‍ഗ്രസ്സിനെയും രാഹുലിനെയും ആശ്വസിപ്പിച്ചേക്കാം. പക്ഷേ, ബിജെപിക്കെതിരെയുള്ള വിശാല പ്രതിപക്ഷ ഐക്യനിര എപ്പോള്‍ വേണമെങ്കിലും നേരിടാവുന്ന വലിയൊരു വെല്ലുവിളിയുടെ മുന്നറിയിപ്പാണ് ജയപ്രകാശിന്റെ വാക്കുകളിലുണ്ടായിരുന്നത്. സഖ്യകക്ഷികളോട് ആജ്ഞാപിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല കോണ്‍ഗ്രസ്സ് ഇന്നുള്ളത്. മായാവതിക്കും മമതാബാനര്‍ജിക്കും ശരത്പവാറിനും എം കെ സ്റ്റാലിനും മുന്നില്‍ അനുരഞ്ജനത്തിന്റെ വഴികള്‍ മാത്രമേ കോണ്‍ഗ്രസ്സിനു മുന്നിലുള്ളൂ. ഓരോ സംസ്ഥാനത്തും ബിജെപിക്ക് ഏറ്റവും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് പ്രാമുഖ്യം നല്‍കണമെന്ന് മമതാബാനര്‍ജി ശഠിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്. ബംഗാളില്‍ തൃണമൂലും തമിഴ്നാട്ടില്‍ ഡിഎംകെയും ഒഡിഷയില്‍ ബിജു ജനതാദളും നയിക്കുന്ന പ്രതിപക്ഷ മുന്നണിയാണ് മമതയുടെ മനസ്സില്‍.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിലകൊണ്ടാല്‍ മോദിയും ഷായും വിയര്‍ക്കുമെന്ന കാര്യത്തില്‍ രാഹുലിനോ മമതയ്ക്കോ മായാവതിക്കോ സംശയമില്ല. സംശയം പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന കാര്യത്തിലാണ്. ഇവിടെയാണ് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി കടന്നുവരുന്നതെന്നാണ് രാഷ്ട്രീയ നിരിക്ഷകനായ ജയപ്രകാശ് ഓജ ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ട് ഞാന്‍ യെച്ചൂരിയുടെ മേല്‍ ബെറ്റുവെയ്ക്കുന്നു എന്ന ശീര്‍ഷകത്തില്‍ അടുത്തിടെ ഓജ എഴുതിയ കുറിപ്പ് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയുടെ വിശകലനം കൂടിയാണ്. രാഹുലിനെ അംഗീകരിക്കാന്‍ മറ്റ് പ്രതിപക്ഷ നേതാക്കള്‍ മടിച്ചാല്‍ സ്വാഭാവികമായും യെച്ചൂരിയാവും വിശാല പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നാണ് ഓജ പറയുന്നത്.

ബംഗാളില്‍ തൃണമൂലും തമിഴ്നാട്ടില്‍ ഡിഎംകെയും ഒഡിഷയില്‍ ബിജു ജനതാദളും നയിക്കുന്ന പ്രതിപക്ഷ മുന്നണിയാണ് മമതയുടെ മനസ്സില്‍.

ഓജയുടെ നിരീക്ഷണം അങ്ങിനെയങ്ങ് തള്ളിക്കളയേണ്ട കാര്യമില്ല. യെച്ചൂരിയെപ്പോലെ പ്രതിപക്ഷത്തെ ഒന്നടങ്കം മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയുന്ന മറ്റൊരു നേതാവ് ഇന്നിപ്പോള്‍ പ്രതിപക്ഷ നിരയിലില്ല എന്നതാണ് വാസ്തവം. ദേശീയ തലത്തില്‍ സിപിഎം ഇപ്പോള്‍ വലിയ ശക്തിയൊന്നുമല്ലായിരിക്കാം. പക്ഷേ, സീതാറാം യെച്ചൂരിയെപ്പോലൊരു നേതാവ് സിപിഎമ്മിന്റെ വലിയൊരു ശക്തികേന്ദ്രം തന്നെയാണ്. 1990 ല്‍ ചന്ദ്രശേഖറിനെ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് നിര്‍ബ്ബന്ധിതമായ സാഹചര്യമാണ് ഓര്‍മ്മയിലേക്കോടിയെത്തുന്നത്. അന്ന് രാജീവിന്റെ മനസ്സില്‍ ആദ്യമുണ്ടായിരുന്നത് ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവാണ്. പക്ഷേ, സിപിഎം ആ നീക്കം അംഗീകരിച്ചില്ല. 1996 ല്‍ ഐക്യമുന്നണിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായും ആദ്യം പരിഗണിക്കപ്പെട്ടത് ജ്യോതിബസുവായിരുന്നു. അന്നും സിപിഎം മുഖംതിരിഞ്ഞു നിന്നു. ഈ തീരുമാനത്തെയാണ് ജ്യോതിബസു ചരിത്രപരമായ വിഡ്ഡിത്തം എന്നു വിശേഷിപ്പിച്ചത്.

ഇതിപ്പോള്‍ 22 വര്‍ഷങ്ങള്‍ക്കുശേഷം സിപിഎമ്മും സിപിഎമ്മിന്റെ സമുന്നതനായ നേതാവ് സീതാവാം യെച്ചൂരിയും ഓജ അഭിപ്രായപ്പെട്ടതുപോലെ രാഷ്ട്രത്തിന്റെ ശ്രദ്ധാകേന്ദ്രമാവുന്ന തലത്തിലേക്കാണ് കാര്യങ്ങള്‍ വികസിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുകയും കോണ്‍ഗ്രസ്സിന് സുവ്യക്തമായ മേല്‍ക്കൈ ലഭിക്കാതിരിക്കുകയും ചെയ്താല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരുന്നതില്‍ നിന്ന് രാഹുല്‍ഗാന്ധി സ്വയം ഒഴിവാകുന്നതിനുള്ള സാദ്ധ്യത വിരളമല്ല. അത്തരമൊരു ഘട്ടത്തില്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സ്വീകാര്യനായ നേതാവ് യെച്ചൂരിയായിരിക്കും. സോണിയഗാന്ധിയുമായും കോണ്‍ഗ്രസ്സിലെ സീനിയര്‍ നേതാക്കളായ അഹ്മദ്പട്ടേല്‍ , മോത്തിലാല്‍ വോറ, ചിദംബരം , എ കെ ആന്റണി എന്നിവരുമായൊക്കെ യെച്ചൂരിക്ക് അടുത്ത സൗഹൃദമുണ്ട്. ഇതര പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും യെച്ചൂരിയെ എതിര്‍ക്കാനിടയില്ല. സിപിഎമ്മിനോട് കടുത്ത ശത്രുതയുള്ളപ്പോഴും മമതാബാനര്‍ജിക്ക് പോലും യെച്ചൂരിയുമായി ആശയവിനിമയ ബന്ധത്തിന്റെ ഒരു കണ്ണിയുണ്ട് എന്നത് കാണാതെ പോവരുത്.

ഒരു പ്രാദേശിക നേതാവായല്ല ദേശീയ നേതാവായാണ് യെച്ചൂരി അറിയപ്പെടുന്നത്. ഈ പ്രതിച്ഛായയും യെച്ചൂരിക്ക് അനുകൂലമാവുമെന്നാണ് ഓജ പറയുന്നത്. പാര്‍ലമെന്റില്‍ ബിജെപിയെ കൈകാര്യം ചെയ്യുന്നതില്‍ പ്രകടിപ്പിച്ച മികവും യെച്ചൂരിയുടെ തുണയ്ക്കുണ്ട്. 1977 ലും 1989 ലും കോണ്‍ഗ്രസ്സിനെതിരെ വിശാല പ്രതിപക്ഷമാണ് കളത്തിലിറങ്ങിയത്. ആ രണ്ടു തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നു പുറത്താവുകയും ചെയ്തു. സമാനമായ രീതിയില്‍ ബിജെപിക്കെതിരെയുള്ള പടയൊരുക്കമാണ് ഇന്നിപ്പോള്‍ പ്രതിപക്ഷ നിരയില്‍ നടക്കുന്നത്.

യെച്ചൂരിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് ഏറ്റവുമധികം വെല്ലുവിളി ഉയരുക ഒരു പക്ഷേ, സിപിഎമ്മില്‍ നിന്നുതന്നെയാവും എന്ന രസകരമായ അവസ്ഥയുമുണ്ട്. പാര്‍ട്ടിക്ക് മേല്‍ക്കെ ഇല്ലാത്ത ഒരു രാഷ്ട്രീയ സമവാക്യം അംഗീകരിക്കാനാവില്ല എന്ന സിപിഎം നിലപാടാണ് ജ്യോതിബസുവിന് സുവര്‍ണ്ണാവസരം നിഷേധിച്ചത്.

'ചരിത്രപരമായ മണ്ടത്തരം' സിപിഎം ആവര്‍ത്തിച്ചാല്‍ യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തന്നെ തുടരും. അങ്ങിനെ വരുമ്പോള്‍ പന്ത് ആത്യന്തികമായി സിപിഎമ്മിന്റെ കളത്തില്‍ തന്നെയാണെത്തുക. അവിടെ പ്രകാശ്കാരാട്ടും കൂട്ടരും കാര്യങ്ങള്‍ തലനാരിഴകീറി വിശകലനം ചെയ്യുകയും പ്രത്യയശാസ്ത്രത്തിന്റെ ഉരുക്കുചൂളയില്‍ യെച്ചൂരിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിത്വം പരീക്ഷിക്കപ്പെടുകയും ചെയ്യും. ചരിത്രം സിപിഎമ്മിനു മുന്നില്‍ ഒരു അവസരം കൂടി സുവര്‍ണ്ണതാലത്തില്‍ വെച്ചു നല്‍കിയേക്കാം. അത് ദുരന്തമാവുമോ പ്രഹസനമാവുമോ അതോ വിപ്ലവകരമാവുമോയെന്നത് കണ്ടറിയുക തന്നെ വേണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram