അടിച്ചു ജേക്കബ് തോമസ് ഒടുവില്‍, സെല്‍ഫ് ഗോള്‍...!


വഴിപോക്കന്‍

2 min read
Read later
Print
Share

സെല്‍ഫ് ഗോള്‍ എന്നു പറഞ്ഞാല്‍ ഇതാണ് .... സ്വന്തം പോസ്റ്റിലേക്ക് ഇമ്മാതിരി ഒരെണ്ണം അടിച്ചുകയറ്റാന്‍ നമ്മുടെ ജേക്കബ്ബ് തോമസ് അച്ചായനല്ലാതെ ആര്‍ക്കാണ് കഴിയുക. ഓര്‍മ്മയില്ലേ, പണ്ടൊരിക്കല്‍ ചാനലുകള്‍ക്കു മുന്നില്‍ അച്ചായന്‍ നിറഞ്ഞാടിയത്. മഞ്ഞ, ചുവപ്പ് കാര്‍ഡുകളുമായി വെമ്പാലയെപ്പോലെ പത്തിവിടര്‍ത്തിയുള്ള അച്ചായന്റെ ആട്ടം കണ്ട് സാക്ഷാല്‍ സഖാവ് പിണറായി വരെ അന്തം വിട്ടു നിന്നു.

റഫറിയാണെന്നാണ് പറച്ചിലെങ്കിലും കളത്തിലിറങ്ങിയാല്‍ അച്ചായന്റെ കണ്‍ട്രോളു പോവും. ഗോള്‍ പോസ്റ്റ് ഒഴിഞ്ഞുകിടക്കുന്നതു കണ്ടാല്‍ എന്താണെന്നറിയില്ല, കാലുകളിലൂടെ എന്തോ തരിച്ചുകയറുന്നതുപോലെയാണ്. പിന്നെ ഇടതെന്നോ വലതെന്നോ നോക്കില്ല... ഗോള്‍ വല ഭേദിച്ചു കഴിഞ്ഞാലേ് ഒരിരിക്കപ്പൊറുതി കിട്ടൂ.

പൂയില്ല്യം നാളിലായിരുന്നു ജനനം. പേറെടുത്ത വയറ്റാട്ടിയെ പിന്നീടാരും കണ്ടിട്ടില്ല. ചെക്കന്റെ നോട്ടം കണ്ട് പേടിച്ചാണ് വയറ്റാട്ടി കൂലി പോലും വാങ്ങാതെ സ്ഥലം വിട്ടതെന്ന് ് കിംവദന്തികളുണ്ടായി. മുറ്റത്ത് കെട്ടിയിട്ടിരുന്ന നായ തുടലും പൊട്ടിച്ച് ഇറങ്ങിയോടിയതും ചെക്കന്‍ വന്ന തിരക്കില്‍ ആരും ശ്രദ്ധിച്ചില്ല. ചെക്കന് ആശാന്മാര്‍ വാഴില്ലെന്ന് ജാതകം എഴുതിയ കണിയാന്‍ പറഞ്ഞത് അച്ചട്ടായിരുന്നു. മരം കാഞ്ഞിരവും പക്ഷി കാകനുമാണെന്നും കണിയാന്‍ കുറിച്ചുവെച്ചു.

പള്ളിക്കൂടത്തിലായാലും കോളേജിലായിലും പഠിക്കലല്ല, പഠിപ്പിക്കലായിരുന്നു ചെക്കനിഷ്ടം. കാക്കി കണ്ടാല്‍ ബാധ കയറുന്ന പ്രകൃതം ചെറുപ്പത്തിലേയുണ്ടായിരുന്നു. കളരി പോലീസിലായിരിക്കുമെന്ന് കടമറ്റത്ത് കത്തനാരാണ് ആദ്യം പറഞ്ഞത്. ഫസ്റ്റ് ഇംപ്രഷനില്‍ ആളെ വീഴ്ത്താന്‍ ജേക്കബ്ബ് അച്ചായനെപ്പോലൊരാള്‍ അടുത്തകാലത്തെങ്ങും കേരള പോലീസിലുണ്ടായിട്ടില്ല. ആര് മരത്തില്‍ കാണുന്നതും മാനത്ത് കാണാന്‍ കഴിവുള്ള ഉമ്മച്ചനെ പോലും അച്ചായന്‍ വീഴ്ത്തിയത് ഇങ്ങനെയാണ്. പക്‌ഷേ, കാലൊന്നുറപ്പിച്ചു കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ചെയ്യുക ഇരുന്നിടം കുഴിക്കലാണ്. ബാര്‍ കോഴയുടെ മണം തട്ടിയപ്പോഴേ അച്ചായന്‍ സാദ്ധ്യതകള്‍ കണ്ടറിഞ്ഞിരുന്നു. പിന്നെയൊരു കളിയായിരുന്നു. ഉമ്മച്ചനടക്കം സകലവന്മാരെയും വീഴ്ത്തിയിട്ടേ ആ കളി അച്ചായന്‍ അവസാനിപ്പിച്ചുള്ളൂ.

കണ്ണൂരില്‍ നിന്നാണ് നന്മ വരികയെന്ന് ആയിടയ്ക്കാണ് അച്ചായന്‍ തിരിച്ചറിഞ്ഞത്. ഉമ്മച്ചനെ പോലെ സംസാരമില്ല. പ്രവൃത്തിയിലാണ് താലപര്യം. എന്തുപറഞ്ഞാലും ഇങ്ങോട്ടൊന്നും തിരിച്ചുപറയില്ല. എവിടെയായിരുന്നു ഇത്രയും നാളെന്ന സിനിമാ ഡയലോഗ് പലവട്ടം നാവിന്റെ തുമ്പത്തെത്തിയതാണ്. ഏതോ ജന്മസുകൃതം ബാക്കിയുണ്ടായിരുന്നതുകൊണ്ട് അതു മാത്രം ചോദിച്ചില്ല. പിടിച്ചതിലും വലുതായിരുന്നു അളയിലെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്. പുതുപ്പള്ളിയല്ല പിണറായിയെന്നും കോണ്‍ഗ്രസ്സല്ല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്നും മനസ്സിലായപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയി.

ആത്മകഥ നേരത്തെ എഴുതേണ്ടിയിരുന്നില്ല എന്നാണിപ്പോള്‍ തോന്നുന്നത്. ശരിക്കുള്ള സ്രാവുമായി മുട്ടുന്നതിനു മുമ്പാണല്ലോ ദൈവമേ ആത്മകഥ എഴുതിപ്പോയതെന്ന ഖേദമാണിപ്പോള്‍ ഉള്ളിലുള്ളത്. മലപ്പുറത്തെ ചില സെവന്‍സ് ടീമുകള്‍ ആളെ വിട്ടിരുന്നു. എങ്ങിനെയെങ്കിലും എതിര്‍ ടീമില്‍ കയറിപ്പറ്റിയാല്‍ എന്തു വേണമെങ്കിലും തരാമെന്നാണ് ലവന്മാര്‍ പറയുന്നത്. സമയം മുന്നില്‍ കടലു പോലെ കിടക്കുകയാണ്.... പന്തൊന്നു കാലില്‍ തടഞ്ഞാല്‍ മതി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

3 min

ഇന്ത്യ ചൈന യുദ്ധവും നെഹ്രു കെന്നഡിക്കയച്ച കത്തും

Nov 25, 2015


ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ദെഹ്‌റാദൂണിലെ ഔദ്യോഗികവസതി

2 min

മുഖ്യന്മാരെ ‘ഉറക്കാത്ത’ ദേവഭൂമിയിലെ ബംഗ്ലാവ്

Feb 15, 2022