രാജീവ് ഉണ്ടായിരുന്നെങ്കില്‍...


സാം പിത്രോഡ

4 min read
Read later
Print
Share

ആധുനികീകരണത്തിന് യഥാർഥപാത ആവശ്യമുണ്ടെങ്കിൽ, യഥാർഥ ഇന്ത്യ നിർമിക്കേണ്ടതുണ്ടെങ്കിൽ രാജ്യം രാജീവ്ഗാന്ധിയുടെ യുഗത്തിലേക്ക്, വീക്ഷണത്തിലേക്ക് തിരിച്ചുപോകണമെന്നാണ് എന്റെ അഭിപ്രായം

രാജീവ് ഗാന്ധി

ഭാവിയെക്കുറിച്ച് കൃത്യമായ വീക്ഷണം സൂക്ഷിച്ചിരുന്ന, തികഞ്ഞ പ്രൊഫഷണലായിരുന്നു രാജീവ് ഗാന്ധി. ഒരു രാഷ്ട്രീയകുടുംബത്തിലാണ് വളര്‍ന്നത്. ഗാന്ധിയന്‍ മൂല്യങ്ങളില്‍ വേരൂന്നിയ ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു. അദ്ദേഹത്തിന് ശാസ്ത്രവും സാങ്കേതികവിദ്യയും മനസ്സിലാകുമെന്നതായിരുന്നു എന്നെപ്പോലെയുള്ള അന്നത്തെ ചെറുപ്പക്കാരുടെ പ്രതീക്ഷയുടെ അടിസ്ഥാനം. പരിശീലനം ലഭിച്ച ഒരു പൈലറ്റായിരുന്നു രാജീവ് എന്നതായിരുന്നു ആ വിശ്വാസത്തിന് കാരണം. രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ശാസ്ത്രീയ മനോഭാവം(സയന്റിഫിക് മൈന്‍ഡ്‌സെറ്റ്) കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ഞങ്ങള്‍ കരുതി. അതുകൊണ്ടാണ് എന്നെപ്പോലുള്ളവര്‍ അക്കാലത്ത് അന്യരാജ്യങ്ങളില്‍നിന്ന് സ്വന്തം രാജ്യത്ത് മടങ്ങിയെത്തി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഞാന്‍ മാത്രമായിരുന്നില്ല. എന്നെപ്പോലെ നിരവധി പേരുണ്ടായിരുന്നു.

ഇന്ത്യക്കുകിട്ടിയ മികച്ച അവസരം

എനിക്ക് രാജീവ് ഗാന്ധി ഒരു പ്രധാനമന്ത്രി എന്നതിനപ്പുറമായിരുന്നു. ആധുനികീകരണം വേഗത്തിലാക്കാനായി ഇന്ത്യക്കുലഭിച്ച മികച്ച അവസരമായിരുന്നു രാജീവ്. യുവഊര്‍ജത്തിന്റെ പ്രതീകം. പണം സമാഹരിക്കാനുള്ള ഒരു സംവിധാനത്തിന്റെയും ഭാഗമായിരുന്നില്ല അദ്ദേഹം. രാജ്യത്തെ ചിലരെങ്കിലും ആരോപിക്കുന്നതുപോലെ ഒരു അഴിമതിക്കാരനായിരുന്നില്ല. ആ ആരോപണങ്ങളൊക്കെ വ്യാജമായിരുന്നു. ബൊഫോഴ്‌സിനെച്ചൊല്ലി ഉയര്‍ന്ന ആരോപണങ്ങളൊക്കെ പൂര്‍ണമായും കെട്ടിച്ചമച്ചതായിരുന്നു.

രാജീവ്ഗാന്ധി അധികാരത്തില്‍വന്നപ്പോള്‍ ജനങ്ങള്‍ക്ക് അധികാരം കിട്ടിയെന്ന തോന്നലായിരുന്നു പരന്നത്. എന്നാല്‍, നിക്ഷിപ്ത താത്പര്യങ്ങളാല്‍ നിര്‍മിക്കപ്പെട്ട നിലവിലുള്ള ഘടനയെ ഈ പുതിയ മാര്‍ഗം തകര്‍ക്കാന്‍ പോകുന്നു എന്നതായിരുന്നു ചിലരുടെ ആശങ്ക. ഉദാഹരണത്തിന്, ടെലികോം രംഗത്ത് ഇറക്കുമതിലോബി എതിര്‍പ്പുമായി രംഗപ്രവേശംചെയ്തു. രാഷ്ട്രീയത്തിലെ പഴയ നേതാക്കള്‍ ആശയക്കുഴപ്പത്തിലായി. കംപ്യൂട്ടറുകളുടെ കടന്നുവരവോടെ ഉദ്യോഗസ്ഥമേധാവിത്വം തുറന്നുകാട്ടപ്പെട്ടു. അവര്‍ എതിര്‍പ്പുയര്‍ത്തി. ഇങ്ങനെ പലരീതിയില്‍ പ്രതിസന്ധികള്‍ രൂപപ്പെട്ടു. അജ്ഞാതമായ ഭയങ്ങള്‍ ഉടലെടുത്തു. എന്നാല്‍, ഞങ്ങള്‍ ഈ പ്രശ്‌നങ്ങളെ മുഴുവന്‍ കൈകാര്യംചെയ്തു.

നിക്ഷിപ്ത താത്പര്യക്കാരായ ചിലര്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ ചോദ്യംചെയ്തപ്പോള്‍ ഞങ്ങളതിനെ അവഗണിച്ചു. എന്തിനാണ് രാജീവ് ഗാന്ധി രാജ്യത്തിന് പുറത്തുനിന്ന് ഈ ആളുകളെ കൊണ്ടുവന്നതെന്ന് ചിലര്‍ ചോദ്യമുയര്‍ത്തി. സാം പിത്രോഡയെപ്പോലെയുള്ളവരെ എന്തിന് കൊണ്ടുവരുന്നു. അവര്‍ക്ക് ഇന്ത്യയെക്കുറിച്ച് എന്തറിയാം. അവര്‍ക്ക് ഇന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ച് എന്തറിയാം എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. എന്നാല്‍, അവര്‍ക്കാര്‍ക്കും ഞാനൊരു ഇന്ത്യന്‍ ഗ്രാമത്തില്‍നിന്നാണ് വരുന്നതെന്ന കാര്യമറിയില്ലായിരുന്നു. എന്റെ അച്ഛന് നാലാംക്ലാസ് വിദ്യാഭ്യാസംമാത്രമേയുള്ളൂവെന്ന് അവര്‍ മനസ്സിലാക്കിയില്ല. അതിനെല്ലാമപ്പുറം, പാവപ്പെട്ട ഇന്ത്യക്കാരെ ഉള്‍ക്കൊള്ളണമെങ്കില്‍ നിങ്ങള്‍ പാവപ്പെട്ടവനാകണമെന്നില്ല. നിങ്ങള്‍ക്ക് നല്ലൊരു മനസ്സുണ്ടായാല്‍ മതി. നിങ്ങള്‍ നിസ്വാര്‍ഥനായാല്‍ മതി എന്ന കാര്യം അവര്‍ തിരിച്ചറിഞ്ഞില്ല.

രാജ്യത്തെ നിര്‍മിച്ച കാല്പനികത

ഒരു രാജ്യത്തെ നിര്‍മിക്കാനുള്ള കാല്‍പ്പനികത അദ്ദേഹത്തിനുചുറ്റുമുണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകളിലും എല്ലാ മനസ്സുകളിലും ഉണ്ടായിരുന്നു. ഭരണത്തിന്റെ ആദ്യത്തെ രണ്ടുമൂന്ന് വര്‍ഷങ്ങളില്‍ പ്രവര്‍ത്തനം വളരെ മികച്ചതായിരുന്നു. പിന്നീട് ഷബാനു കേസ് വന്നു. അത് ഭരണത്തെ ബാധിച്ചു. ഷബാനു വിഷയം കൈകാര്യം ചെയ്തതില്‍ തെറ്റുപറ്റി എന്നതില്‍ സംശയമില്ല. പക്ഷേ, ഒരു തെറ്റ് സംഭവിച്ചാല്‍ അത് തിരുത്താം. എന്നാല്‍, അതിന് സാവകാശം ലഭിക്കാത്തനിലയില്‍ ചിലര്‍ ആ പിഴവിനുമേല്‍ ചാടിവീണ് ബഹളം സൃഷ്ടിക്കുകയും ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്തു.

അതോടെ കാര്യങ്ങള്‍ അദ്ദേഹത്തിന് എതിരായിത്തിരിഞ്ഞു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. അതോടെ ഇന്ത്യയുടെ വളര്‍ച്ച പാളംതെറ്റി. വികസനത്തെ ബാധിച്ചു. നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് മേധാവിത്വം ലഭിച്ചു. ഇന്ത്യ അതുവരെ വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയുടെ പാതയിലായിരുന്നു. ടെലികോം മേഖലയില്‍ എനിക്ക് അതുറപ്പിച്ച് പറയാന്‍ കഴിയും. നമ്മള്‍ ഇന്ത്യയില്‍ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് അഥവാ സീ-ഡോട്ട് തുടങ്ങിയപ്പോള്‍ ഹുവാവെ ചൈനയില്‍ നിലവിലുണ്ടായിരുന്നില്ല. ടെലികോം രംഗത്ത് നമ്മള്‍ ചൈനയെക്കാള്‍ വളരെ മുന്നിലായിരുന്നു. ആ വേഗം തുടര്‍ന്നിരുന്നെങ്കില്‍ നമ്മള്‍ ചൈനയെപ്പോലെ വളരുമായിരുന്നു. വന്‍കിട നിര്‍മാണങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് പുറത്തുകൊണ്ടുവരുന്നതിന്റെ അടിസ്ഥാനത്തില്‍.

ടെലികോംവിപ്ലവം എന്ന് വിളിക്കുന്ന അന്നത്തെ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞത് രാജീവ് അവസരം നല്‍കിയതുകൊണ്ടാണ്. രാജീവ് ഗാന്ധി എന്നെ വിശ്വസിച്ചു. ഞാന്‍ ആഗ്രഹിക്കുന്നത് പ്രവര്‍ത്തിക്കാന്‍ എന്നെ അനുവദിച്ചു. ഞാന്‍ ചെയ്യുന്നതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. വളരെ വിപുലവും ശക്തവുമായ ടെക്‌നോളജി മിഷനുകള്‍ രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് രൂപവത്കരിച്ചു. വികസനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. പ്രതിരോധരംഗം, വ്യവസായം, ഫാര്‍മസ്യൂട്ടിക്കല്‍രംഗം, ഓട്ടോമൊബൈല്‍ വ്യവസായമേഖല അങ്ങനെ വിവിധ മേഖലകളില്‍ മികച്ച ശ്രമങ്ങള്‍ തുടങ്ങി. രാജീവിനൊപ്പംനിന്ന എല്ലാവരും അവരവരുടെ പരിശ്രമങ്ങള്‍ നടത്തി. രാഹുല്‍ ബജാജായാലും മുകേഷ് അംബാനിയായാലും സാം പിത്രോഡയായാലും വി.കൃഷ്ണമൂര്‍ത്തിയായാലും അശോക് ഗാംഗുലിയായാലും അവരവരുടെ പരിശ്രമങ്ങള്‍ നിര്‍വഹിച്ചു. ഞങ്ങളെല്ലാവരും ഇന്ത്യയെ നിര്‍മിക്കാനായി ഒരേ പാതയില്‍ സഞ്ചരിച്ചവരായിരുന്നു. എന്നാല്‍, ആ വേഗം നമുക്ക് പിന്നീട് നഷ്ടമായി.

വാക്‌സിന്‍നേട്ടത്തിന് അവകാശി

കോവിഡ് വ്യാപനത്തിന്റെ ഈ കാലഘട്ടത്തില്‍ രാജീവ് ഗാന്ധി അധികാരത്തിലുണ്ടായിരുന്നെങ്കില്‍ എന്തൊക്കെ ചെയ്യുമായിരുന്നുവെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. രാജ്യത്ത് വാക്‌സിനേഷനുവേണ്ടി ഇമ്യുണൈസേഷന്‍ മിഷന്‍ തുടങ്ങിയത് രാജീവ് ഗാന്ധിയാണ്. രാജ്യത്തുനിന്ന് പോളിയോ നിര്‍മാര്‍ജനം ചെയ്തത് ഈ ഇമ്യുണൈസേഷന്‍ മിഷനിലൂടെയാണെന്ന് എത്രപേര്‍ക്ക് ഓര്‍മയുണ്ട് എന്നറിയില്ല; 35 വര്‍ഷംമുമ്പ്. ബയോ ടെക്‌നോളജി മേഖല വികസിച്ചത് അക്കാലത്താണ്. രാജീവ് ഗാന്ധിയുടെ കാലത്ത് പ്രവര്‍ത്തിച്ച ഇമ്യുണൈസേഷന്‍ മിഷന്‍, വാക്‌സിന്‍ നിര്‍മാണത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയതുകൊണ്ടാണ് ഇന്ത്യ ഇന്ന് ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദകരായി വളര്‍ന്നത്. അന്ന് അധികാരം പൂര്‍ണമായും വികേന്ദ്രീകരിച്ചു. ഒരേയൊരു കേന്ദ്രത്തില്‍നിന്ന്, പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ആജ്ഞാപിക്കുകയായിരുന്നില്ല അന്ന് ചെയ്തത്.

ഈ കോവിഡിന്റെ കാലത്ത് രാജീവിന്റെ ഭരണകാലത്തുണ്ടായിരുന്നതുപോലെയുള്ള ജനാധിപത്യസംവിധാനമാണ് രാജ്യത്തിന് വേണ്ടത്. നമുക്ക് ടീമിനെ നിര്‍മിക്കണം. കോവിഡ് കൈകാര്യംചെയ്യുന്ന ഉന്നതസമിതിയില്‍നിന്ന് കഴിഞ്ഞ ദിവസം ഒരു ശാസ്ത്രജ്ഞന്‍ രാജിവെച്ചതായി അറിഞ്ഞു. ശാസ്ത്രീയമായ മനോഭാവത്തിന് ഒരു പ്രാധാന്യവും നല്‍കുന്നില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് അദ്ദേഹം രാജിവെക്കുകയായിരുന്നു. ഇന്ന്‌ േഡറ്റകള്‍ വ്യാജമായി നിര്‍മിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഭവിക്കുന്നു. ഇത് രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് ഒരിക്കലും സംഭവിച്ചിട്ടില്ല.

അദ്ദേഹം പല കാര്യങ്ങളിലും ആശങ്കപ്പെടുമായിരുന്നു, ദേഷ്യപ്പെടുമായിരുന്നു. എന്നാല്‍, അദ്ദേഹം ശാസ്ത്രകാരന്‍മാരെ കേള്‍ക്കുമായിരുന്നു. അന്ന് ശാസ്‌ത്രോപദേശക കൗണ്‍സിലുണ്ടായിരുന്നു. ഞാനും അതില്‍ അംഗമായിരുന്നു. രാജീവ് ഞങ്ങളെ നിരന്തരം കാണുമായിരുന്നു. മണിക്കൂറുകള്‍ ഞങ്ങള്‍ക്കൊപ്പം ചെലവിടുമായിരുന്നു. പഠനം, കേള്‍ക്കല്‍, സംസാരിക്കല്‍ എന്നിങ്ങനെയായിരുന്നു അന്നത്തെ ആ കൂടിക്കാഴ്ചകള്‍. അതുപോലെത്തന്നെ രാജ്യത്തെ സന്നദ്ധ സംഘടനകളെയും അദ്ദേഹം കേള്‍ക്കുമായിരുന്നു. പൗരസമൂഹത്തെ മുഴുവന്‍ കേള്‍ക്കുമായിരുന്നു. എന്നാല്‍, ഇന്നത്തെ ഇന്ത്യയില്‍ പൗരസമൂഹം കൊല്ലപ്പെട്ടിരിക്കുന്നു. ഫണ്ട് ലഭിക്കുന്നതിന്റെ പേരില്‍ സന്നദ്ധസംഘടനകള്‍ക്കുനേരെ ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തുന്നു. ശാസ്ത്രസ്ഥാപനങ്ങളൊന്നും ഇന്ന് സ്വതന്ത്രമല്ല. ശാസ്ത്രീയമനോഭാവം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. ചില ആളുകള്‍ രോഗശമനത്തിന് ഗോമൂത്രം കുടിക്കുന്നു. ചാണകത്തില്‍ കുളിച്ചാല്‍ കൊറോണ പോകുമെന്ന് ചില രാഷ്ട്രീയക്കാര്‍ പറയുന്നു.

ജനാധിപത്യമൂല്യങ്ങള്‍ തിരിച്ചുവരണം

ഇന്നത്തെ കാലം രാജീവ് ഗാന്ധിയെപ്പോലൊരു നേതാവിനെ ആഗ്രഹിക്കുന്നു. അദ്ദേഹം ജനങ്ങളെ ഒരുമിച്ചുചേര്‍ക്കുമായിരുന്നു. യഥാര്‍ഥ ആളുകളെ കണ്ടെത്തി ഒപ്പം നിര്‍ത്തുമായിരുന്നു. അവരെ വിശ്വസിക്കുകയും അവരെ ശാക്തീകരിക്കുകയും ചെയ്യുമായിരുന്നു. ആധുനികവത്കരണത്തിന് യഥാര്‍ഥപാത ആവശ്യമുണ്ടെങ്കില്‍, യഥാര്‍ഥ ഇന്ത്യ നിര്‍മിക്കേണ്ടതുണ്ടെങ്കില്‍ രാജ്യം രാജീവ്ഗാന്ധിയുടെ യുഗത്തിലേക്ക്, വീക്ഷണത്തിലേക്ക് തിരിച്ചുപോകണമെന്നാണ് എന്റെ അഭിപ്രായം.

ധഇന്ത്യയുടെ വിവരസാങ്കേതിക-ടെലികോം മേഖലകളിലെ കുതിച്ചുചാട്ടത്തിന്റെ മുഖ്യശില്പിയായ സത്യനാരായണ്‍ ഗംഗാറാം പിത്രോഡ എന്ന സാം പിത്രോഡ രാജീവ് ഗാന്ധിയുടെ സുഹൃത്തും ഉപദേശകരില്‍ ഒരാളുമായിരുന്നു.

Content highlight: Sam Pitroda remembers Rajiv Gandhi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram