രാജീവിനെ ഓർക്കുമ്പോൾ


ജി. പ്രമോദ്

4 min read
Read later
Print
Share

രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ഇന്ന്‌

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ, മൺമറഞ്ഞ ഇന്ത്യൻ രാഷ്ട്രീയനേതാക്കളിൽ ഏറ്റവുംമധികം അധിക്ഷേപിക്കപ്പെട്ടത് മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയായിരുന്നു. രാഹുൽ ഗാന്ധിയുടെ റഫാൽ ആക്രമണങ്ങളെ പ്രതിരോധിക്കാനായിട്ടായിരുന്നെങ്കിലും നരേന്ദ്രമോദി അഴുക്കിലേക്ക് വലിച്ചിഴച്ചത് ചെറുപ്രായത്തിൽത്തന്നെ ദാരുണമായി കൊല്ലപ്പെട്ട രാജീവിന്റെ പേരായിരുന്നു. അദ്ദേഹത്തിന്റെ കണ്ണിൽ രാജീവ് ‘ഒന്നാം നമ്പർ അഴിമതിക്കാരൻ’ മാത്രം.

ഡൽഹിയിലെയും പഞ്ചാബിലെയും വോട്ടുകളിൽ കണ്ണുെവച്ച് ബി.ജെ.പി. സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണങ്ങളിൽ രാജീവിന് ഒരു വിശേഷണം കൂടിയുണ്ടായിരുന്നു-സിഖ് കൂട്ടക്കൊലയ്ക്ക് കൂട്ടുനിന്നയാൾ. രാജീവിന്റെ ‘വന്മര’ പരാമർശമടങ്ങിയ പ്രസംഗമായിരുന്നു ബി.ജെ.പി. നാടെങ്ങും പ്രചരിപ്പിച്ചത്. ചുരുക്കിപ്പറഞ്ഞാൽ, ബി.ജെ.പി.യുടെ കണ്ണിൽ അദ്ദേഹം വെറും അഴിമതിക്കാരനും വർഗീയ കൂട്ടക്കൊലയ്ക്ക് ഒത്താശ ചെയ്തയാളും.

ഇതായിരുന്നോ രാജീവ് ഗാന്ധി
പക്ഷേ, ഇതായിരുന്നോ രാജീവ് ഗാന്ധി? അതാണ് ഇന്ന് അദ്ദേഹത്തിന്റെ മറ്റൊരു ചരമവാർഷികം കൂടി കടന്നു പോകുമ്പോൾ സാധാരണ ജനങ്ങളും ചരിത്രവിദ്യാർഥികളും ചോദിക്കേണ്ടത്. ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിൽ രാജീവ് ഗാന്ധിയുടെ ജീവിതം സാമ്യമില്ലാത്തതാണ്. അപ്രതീക്ഷിതവും ദുരന്തപൂർണവുമായ സാഹചര്യങ്ങളിൽ രാഷ്ട്രീയത്തിൽ എത്തപ്പെടുകയും വളരെച്ചുരുങ്ങിയ കാലം കൊണ്ടുതന്നെ (വെറും ഏഴു വർഷം) നല്ലതും ചീത്തയുമായ ധാരാളം സംഭാവനകൾ നൽകി കാലയവനികയ്ക്കുള്ളിൽ മറയുകയും ചെയ്ത അപൂർവവ്യക്തിത്വം.

ഇന്ത്യയിലെ എന്നല്ല, ലോകചരിത്രത്തിലെ തന്നെ രാഷ്ട്രീയ വ്യക്തി ജീവിതങ്ങളോടൊപ്പം (ചിലരൊക്കെ അദ്ദേഹത്തെ കെന്നഡിയോട് ഉപമിച്ചിട്ടുണ്ട്) താരതമ്യം ചെയ്യപ്പെടാനുംവണ്ണം ദീർഘമല്ല അദ്ദേഹത്തിന്റെ ഭരണകാലം, എങ്കിലും അത് ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളിൽ സമഗ്രമായ മാറ്റങ്ങളുടെ കാലമായിരുന്നു. ബി.ജെ.പി. പറയുന്നതിന് വിരുദ്ധമായി, ഇന്ന് കാണുന്ന നവ ഇന്ത്യയുടെ തുടക്കംകുറിച്ചത് ഇതേ മനുഷ്യനായിരുന്നു. അഴിമതിക്കാരൻ എന്നത് ഇന്നും വ്യക്തമല്ലാത്ത ബൊഫോഴ്‌സ് ഇടപാട് സമ്മാനിച്ച തെളിയിക്കപ്പെടാത്ത ഒരാരോപണവും. ഒരു പക്ഷേ, കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ ചരിത്രത്തിന്റെ കണ്ണിൽ അദ്ദേഹത്തിന് കുറച്ചുകൂടി നീതി ലഭിക്കുമായിരുന്നു.

ഉയർച്ചകളുടെ രാഷ്ട്രീയ ജീവിതം, താഴ്ചകളുടെയും
അതിഗംഭീരമായ തുടക്കവും അല്പമെങ്കിലും നിരാശാജനകമായ അവസാനവും ആയിരുന്നു രാജീവിന്റെ രാഷ്ട്രീയഭരണ ജീവിതത്തിന്റെ ബാക്കിപത്രം. ചുരുങ്ങിയ കാലത്തിനുള്ളിലാണെങ്കിലും ഉയർച്ചയും താഴ്ചയും പ്രത്യാശയും നിരാശയും എല്ലാ രംഗങ്ങളിലും ഒരുപോലെ തന്നെ നിഴലിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. വളരെ കൗതുകമുണർത്തുന്ന ഒരു ചരിത്രമാണത്. ഒരുതരത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു ദുരന്തനാടകം.

1984-ൽ ഇന്ദിരാഗാന്ധിയുടെ കൊലപാതകമുണ്ടാക്കിയ സഹാനുഭൂതി തരംഗത്തിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ (50 ശതമാനം വോട്ടു വിഹിതവും 80 ശതമാനത്തിലേറെ സീറ്റുകളും) അധികാരത്തിൽവന്ന രാജീവ് ഗാന്ധി അക്കാലത്ത് ദിശ നഷ്ടപ്പെട്ട ഇന്ത്യൻ ജനതയുടെ ഏക പ്രത്യാശയായിരുന്നു. ‘മിസ്റ്റർ ക്ലീൻ’ എന്നും ഇന്ത്യയെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു നയിക്കുന്ന നവയുഗ പ്രതിഭാസമെന്നും ലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചു. തുടക്കം അതിഗംഭീരമായിരുന്നു എങ്കിലും അഞ്ചുകൊല്ലം കഴിഞ്ഞ്‌ അദ്ദേഹം അധികാരത്തിന്റെ പടിയിറങ്ങിയത് അതിഭീകരമായ പരാജയത്തിന്റെ അകമ്പടിയോടെയാണ്. ലോക്‌സഭയിൽ കോൺഗ്രസിന് ഇരുനൂറിലേറെ സീറ്റുകളാണ് നഷ്ടമായത്. തിരിഞ്ഞുനോക്കുമ്പോൾ, ഇന്നുകാണുന്ന കോൺഗ്രസിന്റെ തകർച്ചയുടെ തുടക്കമായിരുന്നു അത് എന്ന് കരുതേണ്ടിയിരിക്കുന്നു.

ഇന്ത്യയെ മാറ്റിമറിച്ച സങ്കല്പങ്ങൾ
രാജീവ്ഗാന്ധിയെ അദ്ദേഹത്തിന്റെ കാലത്തെ ജനതയും പ്രത്യേകിച്ചും മധ്യവർഗവും യുവതയും ഓർക്കുന്നത് സാങ്കേതിക, സാമ്പത്തിക രംഗങ്ങളിൽ അദ്ദേഹം കൊണ്ടുവന്ന വൻമാറ്റങ്ങളുടെ പേരിലാണ്. രാജ്യത്തെ അടിമുടി മാറ്റിയ ടെലികോം വിപ്ലവം (സിഡോട്ട്, MTNL, PCO തുടങ്ങിയവ അദ്ദേഹത്തിന്റെ സംഭവനകളായിരുന്നു), അടിസ്ഥാന മേഖലകളിൽ അദ്ദേഹം ആരംഭിച്ച ആറ്‌്‌ ടെക്‌നോളജി മിഷനുകൾ, വ്യാപകമായി നടപ്പാക്കിയ കംപ്യൂട്ടർവത്‌കരണം, യന്ത്രവത്‌കരണം, വ്യവസായനവീകരണം, സാങ്കേതിക മേഖലകൾക്ക് നൽകിയ ഊന്നൽ എന്നിവ ഇന്ത്യയുടെ രൂപംതന്നെ മാറ്റിമറിച്ചു. രാജ്യത്തിന്റെ വരുംകാല രൂപാന്തരത്തിൽ ഇത്തരം മാറ്റങ്ങൾ വരുത്തിയ പങ്ക്‌ അസാധാരണമായിരുന്നു. വിദ്യാസമ്പന്നരായ യുവജനങ്ങൾക്ക് ആദ്യമായി പുതിയ ജീവിതാഭിലാഷങ്ങൾ ഉണ്ടാകുന്നതിൽ തെറ്റില്ലെന്ന് തോന്നിത്തുടങ്ങിയ കാലം.

1991-ൽ നരസിംഹറാവുവിന്റെ കാലത്താണ് ഔദ്യോഗികമായി സാമ്പത്തിക നവീകരണം തുടങ്ങുന്നതെങ്കിലും 1984-ൽ അധികാരത്തിലെത്തി അധികം വൈകുന്നതിനുമുമ്പുതന്നെ ലോക സാമ്പത്തികരംഗവുമായി ഇന്ത്യയെ സമന്വയിപ്പിക്കേണ്ടതിന്റെ ആവശ്യകത രാജീവ് മനസ്സിലാക്കിയിരുന്നു. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനും ഉയർന്ന സാമ്പത്തിക, വ്യാവസായിക വളർച്ച നേടുന്നതിനും ‘ലൈസൻസ് രാജ്’ രീതി പൊളിച്ചുമാറ്റുകയും നിയന്ത്രണങ്ങൾ എടുത്തുകളയുകയും ചെയ്യുന്ന നയങ്ങൾ തുടങ്ങിയത് അക്കാലത്താണ്. മധ്യവർഗത്തിനാണ് ഇത് ഏറെ പ്രിയമായതെങ്കിലും ഇന്ത്യൻ സാമ്പത്തികരംഗം മൊത്തത്തിൽ ശക്തമായ വളർച്ച രേഖപ്പെടുത്തിയ കാലമായിരുന്നു അത്. ഉദാഹരണത്തിന് നിർമാണ രംഗത്തെ (Manufacturing sector) വളർച്ച 8.9 ശതമാനമായി ഉയർന്നു. കമ്പോളമൂല്യം (Market capitalisation) പല മടങ്ങ് വർധിച്ചു.

അധികാരത്തിൽ വന്നയുടനെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലും ഭാവനാ സമ്പന്നമായ മാറ്റങ്ങൾകൊണ്ട് ഞെട്ടിച്ച പ്രധാനമന്ത്രിയായിരുന്നു രാജീവ്. ദീർഘകാലമായി തലവേദന സൃഷ്ടിച്ചിരുന്ന പഞ്ചാബ്, അസം, മിസോറം എന്നിവിടങ്ങളിൽ അദ്ദേഹം സമാധാനം പുനഃസ്ഥാപിച്ചത് ഇന്ത്യൻ ജനാധിപത്യത്തിലെ നാഴികക്കല്ലുകളായിരുന്നു. ഇന്ത്യയെക്കുറിച്ചു മനസ്സിലാക്കുന്നതിനായി രാജീവ് നാടെങ്ങും സഞ്ചരിച്ചു. തന്റെ പ്രതീക്ഷകളെക്കുറിച്ച് ജനങ്ങളോട് സംസാരിച്ചു. ഇന്ത്യയുടെ ഭാവിയിൽ എല്ലാവർക്കും വിശ്വാസമുണ്ടായ കാലമായിരുന്നു അത്.

വിപരീതമായി ഭവിച്ച തീരുമാനങ്ങൾ
പക്ഷേ, അതോടൊപ്പം വിപരീത ഫലങ്ങളുണ്ടാക്കിയ തീരുമാനങ്ങളും ധാരാളമുണ്ടായിരുന്നു. ഇപ്പോഴും എല്ലാവരും പ്രത്യേകിച്ച് ബി.ജെ.പി. മുസ്‌ലിം പ്രീണനത്തിന് ഉദാഹരണമായി പറയുന്ന ഷാ ബാനു കേസ് അഥവാ മുസ്‌ലിം വനിതാ ബിൽ, പിന്നീട് അതിന്റെ തിരിച്ചടി നേരിടാനായി അയോധ്യയിലെ ബാബറി മസ്ജിദിന്റെ കാര്യത്തിൽ എടുത്ത മൃദുസമീപനം, (പള്ളി പരിസരത്തു പ്രാർഥന നടത്താൻ ഒരു ജില്ലാ ജഡ്ജി അനുവാദം നൽകിയത് രാജീവിന്റെ ഇഷ്ടപ്രകാരമായിരുന്നു എന്നായിരുന്നു അന്ന് റിപ്പോർട്ടുകൾ) ഹിന്ദുസംഘടനകൾ ശിലാപൂജ നടത്തുന്നതിനെ എതിർക്കാത്തത് തുടങ്ങിയവ ഇന്ത്യയുടെ രാഷ്ട്രീയസാംസ്കാരിക അടിത്തറ തന്നെ തകർത്ത നീക്കങ്ങളായിരുന്നു.
ഷാബാനു കേസിന്റെ കാര്യത്തിൽ മുസ്‌ലിം വികാരം അതിശക്തമായിരുന്നതുകൊണ്ട് മുസ്‌ലിം അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ ഒരുപക്ഷേ, തനിക്ക് ന്യൂനപക്ഷ പിന്തുണ നഷ്ടപ്പെട്ടു പോകുമെന്ന് അദ്ദേഹം കരുതിയിരിക്കാം, പോരാത്തതിന് സുപ്രീംകോടതി നടത്തിയ നിശിതമായ പരാമർശങ്ങൾക്ക് മറുപടി നൽകേണ്ടത് രാഷ്ട്രീയമായി അത്യാവശ്യവുമായിരുന്നു.

പക്ഷേ, അത് കാരണമാണ് വിശ്വഹിന്ദുപരിഷത്ത് തങ്ങളുടെ ‘രാമജന്മഭൂമി’ ആവശ്യങ്ങളുമായി മുന്നോട്ടുവന്നതും നിലപാട് തീവ്രമാക്കുന്നതും. മുസ്‌ലിങ്ങളുടെയും ഹിന്ദുക്കളുടെയും മുന്നിൽ മുട്ടുമടക്കേണ്ടി വന്നപ്പോൾ തുടക്കംകുറിച്ചത് ഹിന്ദുത്വത്തിന്റെ ഉയർച്ചയായിരുന്നു. രാഷ്ട്രീയത്തിലെ പരിചയക്കുറവും അതുപോലെതന്നെ അരുൺ നെഹ്രു പോലുള്ള ഉപദേശികളുടെ സ്വാധീനവുമായിരിക്കാം അദ്ദേഹത്തെ ഈ വഴിക്ക്‌ നയിച്ചത്.
സത്യത്തിൽ തങ്ങളുടെ വളർച്ചയിൽ ബി.ജെ.പി. നന്ദിപറയേണ്ടത് രാജീവിനോടാണ്. ഒരുപക്ഷേ, ഷാബാനു കേസ് ഉണ്ടായിരുന്നില്ലെങ്കിൽ ചരിത്രം മറ്റൊരു വഴിയിൽ സഞ്ചരിച്ചേനെ.

അന്തർദേശീയ രംഗത്തും വിജയങ്ങളെക്കാളേറെ ശ്രീലങ്കപോലുള്ള പരാജങ്ങളായിരുന്നു രാജീവ്ഗാന്ധിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക. കൊടുംവരൾച്ച, പട്ടിണിമരണങ്ങൾ, ഭഗൽപുർ പോലുള്ള വർഗീയലഹളകൾ തുടങ്ങിയവയൊക്കെക്കാരണം സാമൂഹിക രംഗവും കലുഷിതമായിരുന്നു.

ഒരു തരത്തിൽ പറഞ്ഞാൽ നല്ലതും െകട്ടതും കൊണ്ട് അത്യന്തം സംഭവബഹുലമായിരുന്നു രാജീവ് ഗാന്ധിയുടെ കാലം. ധാരാളം പുരോഗമനാത്മക നയങ്ങൾക്കും പ്രവർത്തനങ്ങൾക്കും തുടക്കംകുറിച്ച അഞ്ചുവർഷം, ആധുനിക ഇന്ത്യയുടെ പ്രധാന കാൽവെപ്പുകൾ, ഇന്ത്യയ്ക്ക് ആത്മവിശ്വാസം പ്രദാനംചെയ്ത രാഷ്ട്രീയ നേതൃത്വം, പ്രതീക്ഷയുടെ ഭാഷ സംസാരിച്ച സുന്ദരവ്യക്തിത്വം.

(യു.എൻ.ഡി.പി. ഏഷ്യ-പസഫിക്‌ മുൻഉപദേഷ്ടാവും കോളമിസ്റ്റുമാണ്‌ ലേഖകൻ)

Content Highlights: rajiv gandhi assassination day

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram