സിംഹാസനമേറാൻ സ്റ്റൈൽമന്നൻ


2 min read
Read later
Print
Share

രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം കുട്ടിക്കളിയാണെന്ന തരത്തിലുള്ള വിലയിരുത്തലുകൾ പതുക്കെ മായുകയാണ്.

താരമെന്ന നിലയിൽനിന്ന് രാഷ്ട്രീയ നേതാവിലേക്കു രജനീകാന്ത്‌

രൂപാന്തരം പ്രാപിക്കുന്ന കാഴ്ചയാണ് തമിഴകം കാണുന്നത്‌. തിങ്കളാഴ്ച ചെന്നൈയിലെ മധുരവയലിൽ എം.ജി.ആർ.പ്രതിമ അനാവരണം ചെയ്യാനെത്തിയ രജനി പണ്ടത്തെ രജനിയായിരുന്നില്ല. രാഷ്ട്രീയനേതാവിനെപോലെ തൂവെള്ള മുണ്ടും ഷർട്ടും ധരിച്ചായിരുന്നു വരവ്. മുഖത്ത് ആകർഷണീയമായ പുഞ്ചിരി. തൊഴുതുകൊണ്ടായിരുന്നു നടന്നുനീങ്ങിയത്. ശരീരഭാഷയിൽപ്പോലുമുണ്ട് പ്രകടമായ മാറ്റം. പ്രസംഗം ‘അതുക്കും മേലെ’. കടുപ്പമേറിയ വാക്കുകൾ കൊണ്ട് അമ്മാനമാടാതെ ജനഹൃദയങ്ങളിലേക്ക് നേരിട്ടു അമ്പുതൊടുത്തു. അനാവശ്യമായി ഒരു വാക്കു പോലുമില്ല. പറയാനുറപ്പിച്ച കാര്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. ആടിയും ഉലഞ്ഞുമിരുന്ന രജനിയുടെ രാഷ്ട്രീയ മനസ്സ് നേർദിശയിൽ സഞ്ചരിക്കാൻ തുടങ്ങിയതിന്റെ ലക്ഷണമായിരുന്നു തിങ്കളാഴ്ചത്തെ അദ്ദേഹത്തിന്റെ തകർപ്പൻ പ്രകടനം.

കഴിഞ്ഞ വർഷം ഡിസംബർ 31-നായിരുന്നു രജനി രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചത്. ആരാധകരുമായി നേരത്തേ പലപ്പോഴും വേദികൾ പങ്കിട്ടിട്ടുണ്ടെങ്കിലും പൊതുവേദിയിലെ രജനിയുടെ ഗംഭീരപ്രകടനം ആദ്യമായിരുന്നു. വേദിയിലേക്കു നടന്നടുത്ത രജനിയെ ആരതിയുഴിയാൻ ആരാധകർ ഊഴം കാത്തുനിന്നു. പൂർണകുംഭത്തോടെയായിരുന്നു സ്വീകരണം. പാട്ടും നൃത്തവും പടക്ക ശബ്ദവും വേദിയെ ആഘോഷലഹരിയിലാക്കി. രജനിയുടെ ഈ വരവ്‌ മറ്റു രാഷ്ട്രീയ കക്ഷികളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.

ദ്രാവിഡസംസ്കാരത്തെ മുറിവേൽപ്പിക്കാതെ

ദേശീയരാഷ്ട്രീയത്തിലേക്ക് കണ്ണുംനട്ടുള്ള യാത്രയല്ല രജനിയുടേത്. മധുരവായലിലെ വേദിയിലേക്കുള്ള രജനിയുടെ വരവ് ആസൂത്രിതമായിരുന്നുഎന്നുറപ്പാണ്. എന്തു പറയണമെന്നും എന്തൊക്കെ ഒളിച്ചു വെക്കണമെന്നും മനസ്സിൽ മുൻകൂട്ടി തീരുമാനിച്ചുള്ള വരവായിരുന്നു അത്. തമിഴ്‌നാട്ടുകാരനല്ലാത്ത താൻ ദ്രാവിഡ സംസ്കാരത്തെ തൊട്ടു കളിച്ചാൽ തീക്കളിയാകുമെന്ന് രജനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ സൂക്ഷിച്ചായിരുന്നു ഓരോ പദപ്രയോഗവും. ദ്രാവിഡസംസ്കാരത്തെ വാനോളം പുകഴ്ത്തി. ദ്രാവിഡപാർട്ടി നേതാക്കളെ വെറുപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. എം.ജി.ആറിനെയും കരുണാനിധിയെും ജയലളിതയെും പ്രശംസിച്ചായിരുന്നു സംസാരം. എ.ഐ.എ.ഡി.എം.കെ.യെയോ ഡി.എം.കെ.യോ മുറിവേൽപ്പിക്കാൻ ശ്രമിച്ചില്ല.

രാഷ്ട്രീയ ഗുരു ഡി.എം.കെ. പ്രസിഡന്റ് എം. കരുണാനിധിയാണെന്നും അതേസമയം, സംസ്ഥാനത്ത് എം.ജി.ആർ. ഭരണം തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ജയലളിതയോടുണ്ടായിരുന്ന വിയോജിപ്പുകൾ രജനി മറന്നു. പകരം അവരെ മികച്ച ഭരണാധികാരിയായി ചിത്രീകരിച്ചു. തികഞ്ഞ നയതന്ത്രജ്ഞതയോടെയുള്ള നീക്കം. താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെ പരിഹസിച്ചവർക്കുള്ള ഉത്തരവും അദ്ദേഹം നൽകി. ഇതിനായി സിനിമയിൽ നിന്നെത്തിയ എം.ജി.ആറിന്റെയും ജയലളിതയുടെയും രാഷ്ട്രീയഭരണ തലങ്ങളിലെ വിജയമാണ് അദ്ദേഹം ഉദാഹരിച്ചത്. ‘‘നിങ്ങൾ നിങ്ങളുടെ പണി നന്നായി ചെയ്യാത്തതിനാലാണ് എന്നെപ്പോലുള്ളവർക്ക് രാഷ്ട്രീയത്തിൽ വരേണ്ടി വരുന്നതെന്ന്’’ പറഞ്ഞ്‌ രാഷ്ട്രീയനേതാക്കൾക്കു നേരേ ഒളിയമ്പെയ്യാനും മറന്നില്ല.

എം.ജി.ആറിന്റെയും ജയലളിതയുടെയും വിയോഗവും കരുണാനിധിയുടെ സജീവരാഷ്ട്രീയത്തിൽ നിന്നുള്ള പിൻമടക്കവും താൻ നികത്തുമെന്നും അറിയിച്ചു. രാഷ്ട്രീയം കല്ലുംമുള്ളും നിറഞ്ഞ പാതയാണെന്ന തിരിച്ചറിവ് തനിക്കുണ്ടെന്നും ജനങ്ങൾക്ക്‌ നല്ലതു ചെയ്യാനാണ് ഇറങ്ങിത്തിരിക്കുന്നതെന്നും രജനി പറയുന്നു. പൊതുയോഗത്തിൽ പങ്കെടുത്തവരെ ഉദ്ദേശിച്ചു മാത്രമായിരുന്നില്ല രജനിയുടെ പ്രസംഗം. ടെലിവിഷൻ ചാനലുകൾക്കു മുന്നിലിരിക്കുന്ന ലക്ഷക്കണക്കിന് തമിഴ്‌മക്കളെയും ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു.

ലക്ഷ്യം മുഖ്യമന്ത്രി പദവി

മുഖ്യമന്ത്രിപദവിയാണ് രജനീകാന്തിന്റെ ആത്യന്തികലക്ഷ്യം. അതിനുള്ള കരുനീക്കമാണ് നടത്തുന്നതും. തമിഴ്‌നാട്ടിൽ എം.ജി.ആർ. ഭരണം തിരിച്ചുകൊണ്ടുവരും എന്ന വാക്കുകളിൽ, മുഖ്യമന്ത്രിയാവാനുള്ള അദ്ദേഹത്തിന്റെ മോഹം വ്യക്തമാണ്. രാഷ്ട്രീയനേതാക്കളെ പേരെടുത്തു കുറ്റപ്പെടുത്തുന്നില്ലെങ്കിലും നിലവിലെ ഭരണ പിടിപ്പുകേടുകളെപ്പറ്റി അദ്ദേഹം വാചാലനാകുന്നുണ്ട്. പാർട്ടി രൂപവത്കരിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും സ്ഥാനാർഥിയെ നിർത്തുമെന്ന് നേരത്തേ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാര്യം മിണ്ടിയിട്ടില്ല. പാർട്ടിയുണ്ടാക്കിയാൽ മുന്നോട്ടു നീങ്ങുന്നതെങ്ങനെയെന്ന കാര്യം നിലവിൽ വ്യക്തമല്ല. ആത്മീയ രാഷ്ട്രീയമാണ് ലക്ഷ്യമിടുന്നതെന്ന് രജനി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ബി.ജെ.പി.യുമായി സഹകരിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്. എം.ജി.ആറിനെയും ജയലളിത​െയയും വാഴ്ത്തുന്നുണ്ടെങ്കിലും എ.ഐ.എ.ഡി.എം.കെ.യിലെ നിലവിലെ നേതൃത്വത്തോട് രജനിക്ക് ഒട്ടും മമതയില്ല. രാഷ്ട്രീയ ഗുരുവായി കരുണാനിധിയെ കാണുന്നുണ്ടെങ്കിലും ഡി.എം.കെ.യോടു പൊരുത്തപ്പെടാൻ പ്രയാസമായിരിക്കും.

കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതിമയ്യം രജനിക്കൊപ്പം കൂടുമോ എന്ന് കണ്ടറിയണം. രജനിയുടെയും കമലിന്റെയും ആശയങ്ങളിലും ചിന്താഗതികളിലും പ്രകടമായ വൈരുധ്യങ്ങൾ ഉള്ളതിനാൽ ഇതത്ര എളുപ്പമാകില്ല.
കമൽഹാസൻ ഫെബ്രുവരി 21-നാണ് പാർട്ടി പ്രഖ്യാപിച്ചത്. എന്നാൽ, വേണ്ടത്ര ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഈ അവസ്ഥയിൽ അദ്ദേഹം രജനിയെ സമീപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ, തത്‌കാലം രജനി ഇതിലൊന്നുമായിരിക്കില്ല ശ്രദ്ധിക്കുക. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യിൽ നിന്നുള്ള പ്രവർത്തകരെ തനിക്കൊപ്പം എത്തിക്കുന്നതിനായിരിക്കും രജനി ശ്രമം നടത്തുക. നേതൃത്വം നഷ്ടപ്പെട്ട എ.ഐ.എ. ഡി.എം.കെ.യിലെ അണികളെ എളുപ്പത്തിൽ അടർത്തിയെടുക്കാനാവുമെന്നാണ് രജനിയുടെ പ്രതീക്ഷ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

3 min

വേട്ടയാടപ്പെടുന്ന സിംഹങ്ങൾ

Nov 22, 2018


mathrubhumi

2 min

ഭിത്തർവാറിലെ യുദ്ധം

Nov 22, 2018


mathrubhumi

2 min

തോമാർഘറിലെ വിശേഷങ്ങൾ

Nov 22, 2018