പാസ്വാൻ പ്രായോഗിക രാഷ്ട്രീയത്തിന്റെ മേൽവിലാസം


മനോജ് മേനോൻ

4 min read
Read later
Print
Share

ശ്രദ്ധാഞ്ജലി

രാംവിലാസ് പസ്വാൻ | Photo: PTI

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം തീപാറിനിൽക്കുന്ന സമയം. ബിഹാറിലെ ഹാജിപ്പുരിൽ മണ്ണിട്ടാൽ താഴെ വീഴാത്തത്ര തിങ്ങിനിറഞ്ഞ ആൾക്കൂട്ടം. വേദിയിൽ കൊണ്ടും കൊടുത്തും ലാലുപ്രസാദ് യാദവ് കത്തിക്കയറുകയാണ്. പറയുന്നതത്രയും പഴയ സുഹൃത്തും പുതിയ ശത്രുവുമായ രാം വിലാസ് പാസ്വാനെക്കുറിച്ച്. ‘‘രാം വിലാസ് ജൈസാ ആദ്മി, ഐസാ മൗസംവൈജ്ഞാനിക്, ദുനിയാ മേ നഹി മിലാ....’’(രാം വിലാസ് എങ്ങനെയുള്ള ആളാണ്? ഇതുപോലെ കാലാവസ്ഥാപണ്ഡിതനായ ഒരാളെ ഞാൻ ഈ ലോകത്ത് വേറെ കണ്ടിട്ടില്ല). ലാലു പറഞ്ഞുനിർത്തിയതും ജനക്കൂട്ടം തലയറഞ്ഞ് ചിരിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ ഏതുമുന്നണി ജയിക്കുമെന്ന് മുൻകൂട്ടി അറിയാൻശേഷിയുള്ള ഒരാളെ പാസ്വാനെപ്പോലെ വേറെ കണ്ടിട്ടില്ലെന്ന് ലാലു വിശദീകരിക്കുമ്പോൾ ആരാധകരുടെ ചിരി പൊട്ടിച്ചിരിയായി വീണുചിതറി. കാലങ്ങളായി പാസ്വാന്റെ തട്ടകമായ ഹാജിപ്പുർ മണ്ഡലത്തിലാണ് ലാലു ഇതുപറയുന്നത്. തന്നെക്കുറിച്ച് ഇതുപറയാൻ ലാലുവിന് അല്ലാതെ മറ്റൊരാൾക്കും യോഗ്യതയില്ലെന്ന് പാസ്വാനുമറിയാം. കാരണം ലാലുവിനുള്ള മറുപടി 1998-ൽത്തന്നെ പാസ്വാൻ നൽകിക്കഴിഞ്ഞിരുന്നു. ലാലുവിനെപ്പോലെ ഒരു സൂത്രക്കാരനെ നിങ്ങൾക്ക് ഈ ലോകത്ത് വേറെ കാണാനാകില്ലെന്നായിരുന്നു. പാസ്വാൻ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പരാമർശിച്ചത് !

രാഷ്ട്രീയത്തിൽ നിത്യ ശത്രുക്കളോ നിത്യ മിത്രങ്ങളോ ഇല്ലെന്ന പതിവ് ചൊല്ലിന്റെ പ്രയോക്താവായിരുന്നു രാം വിലാസ് പാസ്വാൻ. തൊണ്ണൂറുകൾക്കുശേഷം അധികാരത്തിൽവന്ന മുന്നണികൾക്കും സർക്കാരുകൾക്കുമൊപ്പം രാഷ്ട്രീയമതിലുകൾ തടസ്സമാകാതെ നിലയുറപ്പിക്കാനുള്ള മാന്ത്രികവിദ്യ രാം വിലാസ് പാസ്വാനുണ്ടായിരുന്നു. എട്ടുവട്ടം എം.പിയായി. രണ്ടുവട്ടം നേടിയ ഭൂരിപക്ഷം ലോക റെക്കോഡ്‌. 1996 മുതൽ 2020 വരെ കേന്ദ്രത്തിൽ രൂപം കൊണ്ട എല്ലാ മന്ത്രിസഭയിലും അംഗമായിരുന്നു. അഞ്ച്‌ പ്രധാനമന്ത്രിമാർക്കൊപ്പം മന്ത്രിയായി. എല്ലാ ഭരണമുന്നണികളിലും പ്രധാനമുഖം. ഇത്തരത്തിൽ ഒരു ജീവചരിത്രം ഒരു പക്ഷേ, രാം വിലാസ് പാസ്വാനുമാത്രം അവകാശപ്പെട്ടതായിരിക്കും. ഈ സാമർഥ്യം ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞതും പാസ്വാൻ തന്നെയായിരുന്നു. ‘‘എക്രോസ് പാർട്ടി ലൈൻ രാം വിലാസ് പാസ്വാൻ രാജ്‌നീതി കാ പില്ലർ ഹെ. ജിസ്‌കോ കോയ് ഗിരാ നഹീ സക്താ...’’(രാഷ്ട്രീയഭേദമില്ലാതെ രാഷ്ട്രീയത്തിന്റെ തൂണാണ് രാം വിലാസ് പാസ്വാൻ. അത് തകർക്കാൻ ആർക്കും കഴിയില്ല). തന്നെ തകർക്കാൻ ശ്രമിക്കുന്നവർ സ്വയം തകരുമെന്ന് പാസ്വാൻ പലവട്ടം അവകാശപ്പെട്ടത് ഈ ശക്തി സ്വയം അറിഞ്ഞതുകൊണ്ടാണ്.

സോഷ്യലിസ്റ്റ് പാതയിലൂടെ വരവ്

പ്രായോഗിക രാഷ്ട്രീയത്തിന്റെ ചതുരുപായങ്ങളും പയറ്റുന്ന നേതാവായി തൊണ്ണൂറുകൾക്കുശേഷമുള്ള ദേശീയ രാഷ്ട്രീയം രാം വിലാസ് പാസ്വാനെന്ന നേതാവിനെ വിലയിരുത്തുമെങ്കിലും ബിഹാറിലെ തലപ്പൊക്കമുള്ള നേതാക്കൾക്ക് സമാനമായി സോഷ്യലിസ്റ്റ് പാതയിലൂടെയാണ് പാസ്വാന്റെയും വരവ്. ബിഹാറിലെ ജാതിരാഷ്ട്രീയത്തിൽ ദളിതനായ ഒരാൾക്ക് കയറി വരുന്നതിനുള്ള കഠിനപാതകൾ അസാമാന്യമായ ഇച്ഛാശക്തികളിലൂടെ തരണം ചെയ്തതിന്റെ ഭൂതകാലം പാസ്വാനുണ്ട്. അറുപതുകളിലും എഴുപതുകളിലും രാജ്യത്ത് വീശിയടിച്ച സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാറ്റിന്റെ കൈകളിൽ പിടിച്ചാണ് പാസ്വാൻ പൊതുരാഷ്ട്രീയത്തിലേക്ക് വന്നത്.

കോളേജ് വിദ്യാഭ്യാസ കാലത്താണ് രാഷ്ട്രീയം പാസ്വാന് പഥ്യമുള്ള വിഷയമായത്. പിന്നീട് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് പാസ്വാന്റെ രാഷ്ട്രീയ രംഗപ്രവേശം. പാർട്ടി ജില്ലാ സെക്രട്ടറിയായിരിക്കെ 1969-ൽ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് എം.എൽ.എ. ആയതോടെ പാസ്വാൻ എന്ന രാഷ്ട്രീയനേതാവിന്റെ യാത്ര ആരംഭിച്ചു. തൊട്ടുപിന്നാലെ രാജ്യവ്യാപകമായി വീശിയടിച്ച സോഷ്യലിസ്റ്റ് കൊടുങ്കാറ്റിനിടയിൽ ജയപ്രകാശ് നാരായണിന്റെ കണ്ണിൽപ്പെട്ടതോടെയാണ് ദേശീയ തലത്തിൽ പാസ്വാൻ എന്ന ദളിത് യുവനേതാവ് പരിചിതനായത്. ‘‘യുവ എം.എൽ.എ.യായ എന്നെ ജയപ്രകാശ് നാരായൺജിക്ക് ഇഷ്ടമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഞാൻ ജയിലിലായി. തിരിച്ചുവരുമ്പോൾ ജെ.പി എന്നെ വിളിപ്പിച്ചു. 1977-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹാജിപ്പുരിൽനിന്ന് ജനതാപാർട്ടി സ്ഥാനാർഥിയായി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ഞാൻ അനുസരിച്ചു.’’ -പഴയകാലം പങ്കുെവച്ചപ്പോൾ പാസ്വാൻ പറഞ്ഞു.

നേരത്തേ പ്രഖ്യാപിച്ച ജനതാപാർട്ടി സ്ഥാനാർഥിയായ രാം സുന്ദർദാസിനെ മാറ്റിയാണ് പാസ്വാനെ ജയപ്രകാശ് നാരായൺ സ്ഥാനാർഥിയാക്കിയത്. രാം ദാസിനെ പ്രഖ്യാപിച്ചുപോയല്ലോ എന്ന് ചൂണ്ടിക്കാട്ടിയ പാർട്ടി നേതൃത്വത്തോട്, രാം വിലാസ് പാസ്വാനാണ് തന്റെ സ്ഥാനാർഥിയെന്നായിരുന്നു ജെ.പി.യുടെ മറുപടി. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ബലേശ്വർ റാമിനെ 4,24,545 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പാസ്വാൻ തോൽപ്പിച്ചത്. ഭൂരിപക്ഷത്തിൽ ലോക റെക്കോഡ്‌. ജെ.പി.യുടെ പിന്തുണയും അടിയന്തരാവസ്ഥയ്ക്കെതിരേയുള്ള ജനവികാരവും ഒരു ദളിത് യുവാവിനോടുള്ള ഇഷ്ടവുമായിരുന്നു റെക്കോഡ്‌ ഭൂരിപക്ഷത്തിന് കാരണമെന്ന് പാസ്വാൻ പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞു. ലോകം ശ്രദ്ധിച്ച തുടക്കമായിരുന്നു ഇത് പാസ്വാന് നൽകിയത്. 1989-ൽ ഹാജിപ്പൂർ മണ്ഡലത്തിൽ പാസ്വാൻ തന്നെയാണ് തന്റെ പഴയ റെക്കോഡ്‌ തിരുത്തിയതെന്നതും ശ്രദ്ധേയം.

മുന്നണി മാറിമാറി

ദളിത് രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് രാം വിലാസ് പാസ്വാൻ ദേശീയ രാഷ്ട്രീയത്തിലേക്ക് നടന്നത്. തുടർന്ന് വിജയങ്ങളുടെയും പ്രായോഗികചലനങ്ങളുടെയും തന്ത്രപരമായ നീക്കങ്ങളുടെയും ഭൗതിക നേട്ടങ്ങളുടെയും കാലമാണ് ദേശീയ, സംസ്ഥാന രാഷ്ട്രീയങ്ങളിൽ പാസ്വാനെ കാത്തിരുന്നത്. ഏഴുവട്ടം ഹാജിപുരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ രാഷ്ട്രീയ മുഖ്യധാരയുടെ മുഖങ്ങളിലൊന്നായി രാം വിലാസ് പാസ്വാന്റെ വിലാസം വികസിച്ചതിന്റെ ചരിത്രം കൂടിയാണ് ഇക്കാലങ്ങൾ. അധികാരത്തിന്റെ തുടർച്ചകൾക്കായി പാർട്ടിയും മുന്നണിയും മാറിമാറി വരിക്കാൻ മടിക്കാത്ത പാസ്വാനെയാണ് പിന്നീട് ദേശീയരാഷ്ട്രീയം കണ്ടത്.

1989-ൽ രൂപപ്പെട്ട കോൺഗ്രസ്‌വിരുദ്ധ രാഷ്ട്രീയത്തിന്റെ രണ്ടാംഘട്ടത്തിൽ വി.പി.സിങ്‌ മന്ത്രിസഭയിൽ അംഗമായാണ് പാസ്വാന്റെ മന്ത്രിപദവികളുടെ ചരിത്രം തുടങ്ങുന്നത്. ജനതാദൾ പ്രതിനിധിയായി വി.പി. സിങ്‌ സർക്കാരിൽ തൊഴിൽ മന്ത്രിയായി. പിന്നീട് ദേവഗൗഡ, ഐ.കെ. ഗുജ്‌റാൾ സർക്കാരുകളിൽ റെയിൽവേ മന്ത്രി. 1999-ൽ സോഷ്യലിസ്റ്റ് പാത വിട്ട് എൻ.ഡി.എ.യിൽ ചേർന്ന പാസ്വാൻ വാജ്‌പേയി സർക്കാരിൽ കാബിനറ്റ് മന്ത്രിയായി. ഇതിനിടയിൽ ജനതാദൾ പലതായി പിരിഞ്ഞു. പാസ്വാൻ ലോക്ജനശക്തി പാർട്ടിക്ക് രൂപം കൊടുത്തു.

2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.സഖ്യം പരാജയപ്പെട്ടു. പാസ്വാൻ കാത്തുനിന്നില്ല. അധികാരം പിടിച്ച യു.പി.എ. മുന്നണിയുടെ പ്രധാന നേതാവായി പാസ്വാൻ ചേരിമാറി. പത്ത് വർഷം യു.പി.എ. മന്ത്രിസഭകളിൽ രാസവളം മന്ത്രിയായി. 2014-ൽ കാറ്റ് മാറി വീശുന്നത് തിരിച്ചറിഞ്ഞ പാസ്വാൻ യു.പി.എ. മുന്നണി ദളിത് വിഷയങ്ങൾ കാര്യമായി പരിഗണിക്കുന്നില്ല എന്ന് ആരോപിച്ച് എൻ.ഡി.എ. മുന്നണിയിലേക്ക് കൂടുമാറി. മോദി സർക്കാരിൽ കഴിഞ്ഞ ആറ് വർഷമായി ഭക്ഷ്യമന്ത്രിയാണ് പാസ്വാൻ.

2019-ൽ പാസ്വാൻ ലോക്‌സഭയിലേക്ക് മത്സരിച്ചില്ല. ആരോഗ്യപ്രശ്നങ്ങൾ അലട്ടിത്തുടങ്ങിയതായിരുന്നു വിട്ടു നിൽപ്പിന് കാരണം. പാർട്ടിയും മത്സരവും മകന് വിട്ടുകൊടുത്ത് രാജ്യസഭയിലൂടെ മന്ത്രിപദം നിലനിർത്തി. രണ്ടാംവട്ടമാണ് പാസ്വാൻ രാജ്യസഭാംഗമായത്. 2009-ലെ തിരഞ്ഞെടുപ്പിൽ ഹാജിപ്പൂരിൽ കാലിടറിയ പാസ്വാൻ രാജ്യസഭ വഴിയാണ് മന്ത്രിപദത്തിൽ തുടർന്നത്. 1977-ൽ തനിക്കുവേണ്ടി പണ്ട് മാറിനിൽക്കേണ്ടി വന്ന പഴയ രാം സുന്ദർ ദാസ് ജെ.ഡി.യു. സ്ഥാനാർഥിയായി വന്ന് അന്ന് പസ്വാനെ വീഴ്ത്തുകയായിരന്നു. തിരഞ്ഞെടുപ്പ് ജീവിതത്തിൽ പാസ്വാൻ നേരിട്ട ഏക തോൽവിയും അതായിരുന്നു.

സംസ്ഥാന രാഷ്ട്രീയത്തിലും

ദളിത് രാഷ്ട്രീയം കേന്ദ്രീകരിച്ച് ദേശീയരാഷ്ട്രീയത്തിൽ മാത്രമല്ല, ബിഹാർ രാഷ്ട്രീയത്തിലും രാംവിലാസ് പാസ്വാൻ പലവട്ടം നിർണായകമായിട്ടുണ്ട്. അവിടെയും പ്രായോഗികതയ്ക്കായിരുന്നു ഊന്നൽ. ദേശീയതലത്തിൽ ഒരു മുന്നണി, സംസ്ഥാനരാഷ്ട്രീയത്തിൽ മറ്റൊരു മുന്നണി എന്ന പ്രായോഗിക തന്ത്രവും പാസ്വാൻ പലവട്ടം പയറ്റി. ലാലുവുമായും നിതീഷ്‌കുമാറുമായും ഇണങ്ങിയും പിണങ്ങിയും ഭരണത്തിന്റെ ഭാഗമായി. ‘‘മൈലാഞ്ചി ഇലകൾ പോലെയാണ് ഞാൻ. കൈകളിലിട്ട് ഞെരടിയാൽ ചുവപ്പ് നിറം വരും. ഇവർക്കൊന്നും വിപ്ലവമെന്താണെന്നറിയില്ല. ജയിലിലേക്ക് കൊണ്ടുപോയാൽ കരഞ്ഞുവിളിക്കുന്നവരാണ് ഈ കപട വിപ്ലവകാരികൾ.’’ എന്നായിരുന്നു പഴയ കാല സോഷ്യലിസ്റ്റ് സുഹൃത്തായ ലാലു പ്രസാദ് യാദവ് തനിക്കെതിരേ ഉയർത്തിയ ആക്ഷേപങ്ങൾക്ക് പാസ്വാൻ ഒരിക്കൽ മറുപടി നൽകിയത്.

ഒടുവിൽ സീറ്റ് കലഹത്തിൽ ജെ.ഡി.യു.വിനോട് പിണങ്ങി എൽ.ജെ.പി. ബിഹാറിലെ എൻ.ഡി.എ. മുന്നണി വിട്ടതിന് തൊട്ടുതലേദിവസമാണ് പസ്വാൻ ആശുപത്രിയിലായത്. എന്നാൽ, ദേശീയ തലത്തിൽ എൻ.ഡി.എ.യിൽത്തന്നെ തുടരണമെന്ന പ്രായോഗികത മകന് ഉപദേശിച്ചിട്ടാണ് പാസ്വാൻ ആശുപത്രിയിലേക്ക് പോയത് എന്നത് ദേശീയരാഷ്ട്രീയം മറക്കാനിടയില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram