പി.ജെ@80: 'അപു അച്ഛനാക്കി, ജോക്കുട്ടന്‍ മികച്ച മനുഷ്യനാക്കി'; പി.ജെ ജോസഫ് സംസാരിക്കുന്നു


എം. ​ബിലീന

6 min read
Read later
Print
Share

പി.ജെ. ജോസഫ്

അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന പി.ജെ. ജോസഫിന് ഇന്ന് എൺപതു തികയുന്നു. രാഷ്ട്രീയമാണ് കർമരംഗമെങ്കിലും മനസ്സുകൊണ്ട് ഒരു കർഷകനാണ് അദ്ദേഹം. മൃഗസ്നേഹി, ഗായകൻ, എഴുത്തുകാരൻ, നല്ല വായനക്കാരൻ എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങളാണ് അദ്ദേഹത്തിന്. പി.ജെ. എന്ന വേറിട്ട രാഷ്ട്രീയക്കാരന്റെ ജീവിതത്തിലൂടെ ഒരു യാത്ര

തൊടുപുഴയ്ക്കടുത്ത് പുറപ്പുഴയിലെ വയറ്റാട്ടിൽ പാലത്തിനാൽ വീടിന് പഴമയുടെയും പാരമ്പര്യത്തിന്റെയും പ്രൗഢിയാണ്. തൊട്ടടുത്ത് നൂറിലധികം പശുക്കളുള്ള തൊഴുത്ത്. കൂടുകളിൽ വിവിധയിനം കോഴികളും ആടുകളും. മുറ്റത്ത് തലയുയർത്തി കൂറ്റൻ മാവുകൾ, പ്ലാവുകൾ. വിശാലമായ കൃഷിയിടത്തിൽ നിറയെ കായ്കളും കനികളും. ഇവിടെയാണ് പി.ജെ. ജോസഫ് എന്ന കേരള രാഷ്ട്രീയത്തിലെ അതികായൻ താമസിക്കുന്നത്. കാർഷിക പാരമ്പര്യത്തിൽനിന്നു രാഷ്ട്രീയത്തിലേക്ക് കുടിയേറിയെങ്കിലും പി.ജെ. ഒരിക്കലും മണ്ണിനെ മറന്നില്ല. മനുഷ്യരെയും.

ആറുതവണ മന്ത്രിയായിരുന്ന ഒരാൾ. കേരള കോൺഗ്രസിന്റെ ചെയർമാൻ. പക്ഷേ, വീട്ടിലെത്തിയാൽ പി.ജെ. തനി കർഷകനാണ്. എത്ര വൈകി ഉറങ്ങിയാലും പുലർച്ചെ മൂന്നരയ്ക്ക് ഉണരും. പ്രാർഥന കഴിഞ്ഞാൽ പിന്നെ തൊഴുത്തിലേക്ക്. ഓരോ പശുവിനെയും കുഞ്ഞുങ്ങളെയും പേരു വിളിച്ച്, തൊട്ടും തലോടിയും അങ്ങനെ നടക്കും. പിന്നെ കൃഷിയിടത്തിലേക്ക്. ഓരോ തളിരിലും പൂവിലും കണ്ണോടിച്ച്, വിരിയുന്ന കായ്കനികൾക്ക് എന്തെങ്കിലും പരുവക്കേടുണ്ടോയെന്നു നോക്കി, അങ്ങനെ...

ഒരിക്കൽ തൊഴുത്തു കാണാനെത്തിയ പത്രക്കാർക്ക് അദ്ദേഹം തന്റെ പ്രിയപ്പെട്ട പശുക്കളെ പരിചയപ്പെടുത്തുകയായിരുന്നു. ഇത് ഗംഗ. ഇത് കാവേരി. അത് ലക്ഷ്മിയുടെ മകൾ, കറുത്തമ്മ... കുടുംബാംഗങ്ങളെ പരിചയപ്പെടുത്തുന്ന പോലെത്തന്നെ. എല്ലാവരുടെയും പേര് പി.ജെ.യ്ക്ക് അറിയാം.

ഇതിനിടയിൽ ലക്ഷ്മിയെന്ന പശുവിനെ കാട്ടിക്കൊണ്ട് പറഞ്ഞു: ‘‘ഇവളാണ് ഇവിടത്തെ സ്റ്റാർ. ഇവളുടെ അടര് കണ്ടോ? ഇത്ര ലക്ഷണമൊത്ത അടരുള്ള പശു വേറെയില്ല. നാല്പതു ലിറ്ററോളം പാലാണ് കറക്കുന്നത്.’’ അടര് എന്നാൽ അകിട് ആണെന്ന് മനസ്സിലാക്കാൻ പത്രക്കാർക്ക് കുറച്ചു സമയം വേണ്ടിവന്നു. അങ്ങനെ ആ തൊഴുത്തിലെ ഓരോ പശുവിന്റെയും പ്രത്യേകതകൾ പി.ജെ. പറഞ്ഞു.
ഒടുവിൽ ലക്ഷ്മിക്കായി ഒരു പാട്ടുംപാടി. ‘‘ഇവളുടെ മുന്നും പിന്നും കണ്ടു കൊതിച്ചവർ... കയറൂരി പാഞ്ഞു കന്നി പഹയത്തീ...’’

തന്റെ വീടിനടുത്തുള്ള എൽ.പി. സ്കൂളിന് സൗജന്യമായാണ് പി.ജെ.യുടെ ഫാമിൽനിന്ന് പാൽ നൽകുന്നത്. കോവിഡ് കാലത്ത് സമൂഹ അടുക്കളയിലേക്കും ഇവിടെനിന്ന് പാലെത്തി. ഇപ്പോൾ ഒരുദിവസം ആയിരം ലിറ്ററിലേറെ പാൽ കിട്ടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

നല്ല മനുഷ്യനാക്കിയ ജോക്കുട്ടൻ
പി.ജെ.യുടെ നാലാമത്തെ മകൻ ഭിന്നശേഷിക്കാരനായ കുട്ടിയായിരുന്നു, ജോക്കുട്ടൻ. അവനുമായി വല്ലാത്തൊരു ആത്മബന്ധമായിരുന്നു പി.ജെ.യ്ക്ക്.
ഒരിക്കൽ പി.ജെ. പറഞ്ഞു: ‘‘അപുവാണ് (മൂത്തമകൻ) എന്നെ അച്ഛനാക്കിയത്. എന്നാൽ, ജോക്കുട്ടനാണ് എന്നെ മികച്ച മനുഷ്യനാക്കിയത്. ഒരാൾക്ക് എന്തൊക്കെയാണ് വേണ്ടത്. കുന്നുകൂട്ടിയ സമ്പത്തല്ല. അന്നന്നത്തെ ഭക്ഷണവും കിടക്കാനൊരിടവും സ്നേഹത്തോടെ തലോടാൻ ഉറ്റവരുടെ കൈകളുമാണ്.’’ ഈ ചിന്തയിൽ നിന്നാണ് പി.ജെ. കിടപ്പുരോഗികൾക്ക് പ്രതിമാസം ആയിരംരൂപ നൽകുന്ന ഒരു ട്രസ്റ്റ് രൂപവത്‌കരിച്ചത്.
ആവശ്യത്തിലധികമുള്ള സമ്പത്ത് ദൈവം തരുന്നത് മറ്റുള്ളവർക്ക് കൊടുക്കാൻ വേണ്ടിയാണെന്ന് ട്രസ്റ്റ് ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു. ജോക്കുട്ടന് അവകാശപ്പെട്ട സ്വത്തിൽ നിന്നാണ് ട്രസ്റ്റിന് പണം കണ്ടെത്തിയത്. കഴിഞ്ഞ നവംബറിൽ ജോക്കുട്ടൻ ഓർമയായി മാറിയപ്പോൾ പി.ജെ. ഏറെ വേദനിച്ചു.

മുമ്പേ നടന്ന ഒരാൾ

വിദ്യാഭ്യാസരംഗത്ത് സമഗ്രമാറ്റങ്ങൾക്ക് വഴിതെളിച്ച ഡി.പി.ഇ.പി.യും കോളേജിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്തി പ്ലസ് ടു സമ്പ്രദായവും കൊണ്ടുവന്നത് പി.ജെ. വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പോഴാണ്. അന്ന് ഇടതുപക്ഷത്തായിരുന്നു അദ്ദേഹം. പ്ലസ് ടുവിനെതിരേ അതിരൂക്ഷമായ സമരമാണ് അന്ന് കെ.എസ്.യു. നടത്തിയത്. അടുത്ത തിരഞ്ഞെടുപ്പിൽ പി.ജെ.യ്ക്ക് തൊടുപുഴയിൽ നിന്ന് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. അത്ര വ്യാപകമായിരുന്നു അദ്ദേഹത്തിനെതിരേയുള്ള പ്രചാരണം.

‘‘എന്റെ നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. ഇന്ത്യ മുഴുവൻ നടപ്പായ പ്ലസ് ടു സമ്പ്രദായം കേരളത്തിൽ മാത്രം വേണ്ടെന്നു വെക്കാനാകില്ലല്ലോ’’ -അദ്ദേഹം പറയുന്നു.
കൃഷിയെ കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിജി സ്റ്റഡി സെന്റർ സ്ഥാപിച്ചത്. സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന കാർഷിക മേള ഒരുപാടുപേരെ കൃഷിയിലേക്ക് ആകർഷിക്കുന്നുണ്ട്. സാമ്പത്തികമായി എത്ര നഷ്ടമുണ്ടായാലും അദ്ദേഹം കാർഷികമേള നടത്തുന്നതും അതുകൊണ്ടാണ്.

ചരക്കുവാഹനങ്ങൾ തടഞ്ഞുനിർത്തി ഭീമമായ തുക നോക്കുകൂലിയായി ഈടാക്കുന്ന സംഘടിത കൊള്ളയായ അട്ടിമറിക്കൂലി അവസാനിപ്പിച്ചത് അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്ന 1978-ലാണ്. കേരളത്തിലെ റോഡുകളുടെ മുഖച്ഛായ മാറ്റിയ കെ.എസ്.ടി.പി. (കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട്‌ പ്രോജക്ട്)യും ശ്രദ്ധേയമാണ്. തൊടുപുഴയെ ആധുനിക നഗരമാക്കിയതിൽ പി.ജെ.യുടെ പങ്ക് വളരെ വലുതാണ്.

കള്ളന്റെ ഭാര്യ

1989. പി.ജെ. ജോസഫിന്റെ വീട്ടിൽ രാത്രിയിൽ കള്ളൻ കയറി. അദ്ദേഹം സ്ഥലത്തില്ലായിരുന്നു. ഡോ. ശാന്തയെ കഠാരകാട്ടി
ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ടു കള്ളന്മാരെ പോലീസ് പിടികൂടി. അവർ ജയിലിലുമായി. ഒരുദിവസം പി.ജെ.യുടെ വീടിനുമുന്നിൽ ഒരു പാവപ്പെട്ട സ്ത്രീയെത്തി. പട്ടിണിയാണെന്നു പറഞ്ഞ് സഹായം ചോദിച്ചു.

പി.ജെ. അവളോട് വീട്ടുകാര്യമൊക്കെ അന്വേഷിച്ചു. ഭർത്താവ് ജയിലിലാണെന്നും ജീവിക്കാൻ വഴിയില്ലെന്നും അവൾ പറഞ്ഞു. തന്റെ വീട്ടിൽക്കയറിയ കള്ളന്റെ ഭാര്യയാണ് അതെന്ന് ചോദിച്ചുവന്നപ്പോൾ പി.ജെ.യ്ക്ക് മനസ്സിലായി. പക്ഷേ, അദ്ദേഹം അകത്തേക്ക് പോയി കുറച്ചു പണവും രണ്ടുമൂന്ന് സാരിയും എടുത്തുകൊണ്ടുവന്ന് അവർക്കുനൽകി.

കറവക്കാരൻ ട്രംപ്

ഒരിക്കൽ പി.ജെ.യുടെ ഫാമിലെത്തിയപ്പോൾ മറ്റൊരു തമാശയുണ്ടായി. കുറച്ചകലെ പശുവിനെ കറന്നുകൊണ്ടിരുന്ന ഉയരം കുറഞ്ഞ യുവാവിനെ പി.ജെ. കൈകാട്ടി വിളിച്ചു. ഒരു ഒഡിഷക്കാരൻ. അവൻ തെല്ലു നാണത്തോടെ എഴുന്നേറ്റു വന്നു.‘‘തുമാരാ നാം ക്യാ ഹെ?’’ പി.ജെ. അവനോട് ചോദിച്ചു. ‘‘മേരാ നാം ട്രംപ്...’’ അവൻ പറഞ്ഞു. പി.ജെ. ഞങ്ങൾക്കു നേരെ തിരിഞ്ഞു: ‘‘കേട്ടില്ലേ, ഈ ലോകത്ത് ട്രംപ് പശുവിനെ കറക്കുന്നത് എന്റെ തൊഴുത്തിൽ മാത്രമാണ്.

ജീവിതരേഖ

തൊടുപുഴ താലൂക്കിലെ പുറപ്പുഴ ഗ്രാമത്തിൽ വയറ്റാട്ടിൽ പാലത്തിനാൽ പി.ഒ. ജോസഫിന്റെയും അന്നമ്മയുടെയും അഞ്ച് മക്കളിൽ മൂന്നാമനായി 1941 ജൂൺ 28-ന്‌ ജനനം.

പുറപ്പുഴ ഗവ. എൽ.പി. സ്കൂൾ, സെയ്‌ന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂൾ, കോട്ടയം എസ്.എച്ച്. മൗണ്ട് സ്കൂൾ, ചങ്ങനാശ്ശേരി എസ്.ബി. കോളേജ്, മദ്രാസ് ലയോള കോളേജ്, തേവര സേക്രഡ്‌ ഹാർട്ട് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.

ആദ്യമത്സരം 1970-ൽ. തൊടുപുഴയിൽനിന്ന് വിജയിച്ചു. ആകെ 11 തവണ തൊടുപുഴയിൽ മത്സരിച്ചു. പത്തുവട്ടവും ജയിച്ചു. തോൽവി 2001-ൽ കോൺഗ്രസിന്റെ പി.ടി. തോമസിനെതിരേ. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ പി.ടി.യെ തന്നെ തോൽപ്പിച്ച് മധുരപ്രതികാരം.

ആറ് സർക്കാരുകളുടെ മന്ത്രിസഭകളിൽ അംഗമായി. ആദ്യം ലഭിച്ചത് ആഭ്യന്തരമന്ത്രി പദം. 1978 ജനുവരി 16-നായിരുന്നു സത്യപ്രതിജ്ഞ. ആഭ്യന്തരമന്ത്രിയായിരുന്ന കെ.എം. മാണിയുടെ നിയമസഭാംഗത്വം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് പി.ജെ. മന്ത്രിയായത്. അന്ന് രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ആഭ്യന്തരമന്ത്രി. സെപ്റ്റംബറിൽ കെ.എം. മാണിയെ കുറ്റവിമുക്തനാക്കി കോടതി വിധിവന്ന അന്നുതന്നെ രാജിവെച്ചു.

തുടർന്ന് 1981-’82 റവന്യൂ-വിദ്യാഭ്യാസ-എക്സൈസ്, 1982-’87ൽ റവന്യൂ-ഭവനനിർമാണം, 1996-ൽ വിദ്യാഭ്യാസം, പൊതുമരാമത്ത്, രജിസ്ട്രേഷൻ, 2006-ൽ പൊതുമരാമത്ത്, 2011-ൽ ജലവിഭവം എന്നിങ്ങനെ മന്ത്രിസ്ഥാനങ്ങൾ കൈയാളി.

എഴുപതുകളിൽ സംസ്ഥാനത്തെ ഏറ്റവും പ്രഗല്ഭനായ യുവനേതാവായിരുന്നു. വളരെവേഗം കേരള കോൺഗ്രസിന്റെ തലപ്പത്തേക്ക് എത്തി. 1973-ൽ യൂത്ത്ഫ്രൻഡ്‌ പ്രസിഡന്റ്. 1979-ൽ കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാൻ. 1980-ൽ യു.ഡി.എഫിന്റെ സ്ഥാപക കൺവീനർ. ഇപ്പോൾ കേരള കോൺഗ്രസ് ചെയർമാൻ. ഭാര്യ: ഡോ. ശാന്ത, മക്കൾ: അപു, യമുന, ആന്റണി, പരേതനായ ജോ.

PJ
പി.ജെ.ജോസഫും ഭാര്യ ഡോ.ശാന്തയും വിവാഹവേളയില്‍

മാമ്പഴമധുരംപോലെ പ്രണയം

അന്നൊരു മാമ്പഴക്കാലമായിരുന്നു. വീട്ടുമുറ്റത്തെ മുത്തശ്ശിമാവിൽ നിറയെ മാങ്ങയുണ്ട്. അടുത്ത സ്കൂളിലെ കുട്ടികളാണ് അത് മുഴുവൻ പെറുക്കുന്നത്. അന്ന് പി.ജെ. തേവര എസ്.എച്ചിൽ എം.എ. പഠിക്കുന്നു. എറണാകുളത്തെ ഹോസ്റ്റലിൽനിന്ന് വീട്ടിലെത്തിയപ്പോഴാണ് അത് കാണുന്നത്. മാവിൻചുവട്ടിൽ മാങ്ങ പെറുക്കി കുട്ടയിലിടുകയാണ് ഒരു പെൺകുട്ടി. ഒരു പരിചയവുമില്ല. മുണ്ടും വേഷ്ടിയുമാണ് വേഷം. ജോസഫിനെ കണ്ട പെൺകുട്ടി വീടിനകത്തേക്ക് കയറിപ്പോയി. ആ മാവിൻചുവട്ടിൽവെച്ച് പി.ജെ. കാമുകനായി മാറി.

പുറപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പുതുതായി വന്ന ഡോക്ടറാണ് ആ പെൺകുട്ടിയെന്നും തന്റെ വീട്ടിലാണ് താമസമെന്നും പിന്നെ അറിഞ്ഞു. ഡോ. ശാന്തയായിരുന്നു അത്. ശാന്ത പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയായി. നാല് കുട്ടികളുടെ അമ്മയുമായി. ആ പ്രണയം ഇന്നും തുടരുന്നു.

വീടിന്റെ ഭിത്തിയിൽ തൂക്കിയിട്ട കല്യാണ ഫോട്ടോ പകർത്താൻ ഫോട്ടോഗ്രാഫർ ശ്രമിച്ചപ്പോൾ അദ്ദേഹംതന്നെ അതെടുത്തു തന്നു. അതിൽ നോക്കിയിട്ട് ‘‘ഇതിൽ ശാന്ത ചിരിക്കുന്നില്ല, ചിരിക്കുന്ന വേറെ പടമുണ്ട്’’ എന്ന് പറഞ്ഞ് വീട് മുഴുവൻ തിരഞ്ഞു. ഒടുവിൽ കുട്ടികളെപ്പോലെ ചിരിച്ചുകൊണ്ട് ഒരു ഫോട്ടോയുമായി വന്നു.

‘‘ഇതാ ശാന്ത ചിരിക്കുന്ന പടം. ഇതു മതി’’ പി.ജെ. മാവിൻ ചുവട്ടിലെ അതേ കാമുകനായി.

pj joseph

പാട്ടിന്റെ കൂട്ടുകാരൻ

നല്ല പാട്ടുകാരനാണ് പി.ജെ. ആദ്യ തിരഞ്ഞെടുപ്പ് വിജയംപോലും പാട്ടുപാടി നേടിയതാണെന്നാണ് അദ്ദേഹം പറയുന്നത്. തൊടുപുഴയ്ക്കുസമീപം കലൂരിലുള്ള ഒരു കോളനി. കേരള കോൺഗ്രസിന് ഒട്ടും വേരോട്ടമില്ലാത്ത സ്ഥലം. രാത്രിയിലാണ് പ്രചാരണത്തിന് ചെന്നത്. അവിടെ പി.ജെ. പ്രസംഗിച്ചില്ല. പകരം പാട്ടുപാടി. ‘താഴംപൂ നിറമുള്ള തണുപ്പുള്ള രാത്രിയിൽ...’ ഫലം വന്നപ്പോൾ കോളനിയിലെ 85 ശതമാനം വോട്ടും അദ്ദേഹം നേടി.

മന്ത്രിയായിരുന്നപ്പോഴും എം.എൽ.എ.സ്ഥാനം വഹിക്കുമ്പോഴും അദ്ദേഹം വേദികളിൽ പാട്ടുപാടി താരമായി. കഴിഞ്ഞതവണ കാർഷിക മേളയുടെ ഉദ്ഘാടനത്തിന് വന്ന മഞ്ജു വാരിയർ വേദിയിൽ നിന്നിറങ്ങുമ്പോൾ അദ്ദേഹം ഒരു പാട്ടുപാടി. മഞ്ജുവിന്റെ നേരെ കൈനീട്ടി ‘‘ഒരു നിമിഷം തരൂ...’’ എന്ന് പാടിയപ്പോൾ എല്ലാവരും ആർത്തുചിരിച്ചു. കാറിൽ കയറിയിട്ടും മഞ്ജു ചിരിച്ചുകൊണ്ടേയിരുന്നു.

പാട്ടിനൊപ്പം സിനിമകളും അദ്ദേഹത്തിന് ജീവനാണ്. ഈ സിനിമാപ്രേമമാണ് മൂത്തമകന് അപു എന്ന് പേരിടാൻ കാരണം. സത്യജിത് റായ്‌യുടെ അപുത്രയത്തിലെ നായകൻ.

ആവേശം എന്നും അപ്പച്ചന്‍

അപ്പച്ചന്‍ (അച്ഛന്‍), പാലത്തിനാല്‍ പി.ഒ.ജോസഫാണ് തന്റെ വഴികാട്ടിയെന്ന് പി.ജെ. എന്നും പറയും. പഠനശേഷം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ജോസഫിന് ഏറ്റവുമധികം പിന്‍തുണ നല്‍കിയത് അപ്പച്ചനായിരുന്നു.

പി.ഒ.ജോസഫ് മികച്ച കര്‍ഷകനായിരുന്നു. കൃഷിപ്പണിയുടെ ഇടവേളകളില്‍ സാമൂഹിക പ്രവര്‍ത്തനം. നാട്ടുകാരുടെ എന്ത് കാര്യത്തിനും ഓടി നടക്കും. അങ്ങനെ അദ്ദേഹം നാട്ടുകാരുടെ കുഞ്ഞേട്ടനായി. പിന്നീട് അദ്ദേഹം പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചു. അപ്പച്ചന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് മകന്‍ ജോസഫും വളര്‍ന്നത്. കൃഷിയിലും രാഷ്ട്രീയത്തിലും അപ്പച്ചനായിരുന്നു പി.ജെ.യുടെ മാതൃക.

1970-ലാണ് പി.ജെ. ആദ്യമായി മത്സരത്തിനിറങ്ങത്. തൊടുപുഴ മണ്ഡലത്തിലെ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. മത്സര പരിചയം ഒട്ടുമില്ല. അപ്പോഴും അപ്പച്ചനായിരുന്നു ബലം. പി.ജെ.ജോസഫിന്റെ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത് അദ്ദേഹമാണ്.

നാട്ടുകാരുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന കുഞ്ഞേട്ടന് തൊടുപുഴയില്‍ മിക്കയിടത്തും നല്ല സ്വാധീനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവും പി.ജെ.ജോസഫിന്റെ ചുറുചുറുക്കും കൂടി ചേര്‍ന്നപ്പോള്‍ സി.പി.എമ്മിനേയും കോണ്‍ഗ്രസിനേയും കടന്ന് കേരള കോണ്‍ഗ്രസ് വെന്നിക്കൊടി പാറിച്ചു. പി.ജെ.യുടെ പാട്ടും അപ്പച്ചനില്‍ നിന്ന് തന്നെയാണ് കിട്ടിയത്.

തുടക്കം ആഭ്യന്തരത്തില്‍

PJ

ആദ്യ നിയമസഭാ പ്രവേശനം കഴിഞ്ഞ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പി.ജെ.ജോസഫ് മന്ത്രിയാകുന്നത്. നിയമസഭയിലേക്കുള്ള രണ്ടാമൂഴമായിരുന്നു അത്.1977-ലെ ആന്റണി മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്ന കെ.എം.മാണിയുടെ നിയമസഭാംഗത്വം തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി റദ്ദാക്കി. പകരം ആര്? കേരള കോണ്‍ഗ്രസ് വിഷയം വോട്ടിനിട്ടു. പി.ജെ.യാണ് തിരഞ്ഞെടുക്കപ്പെട്ടത്.

അങ്ങനെ 1978 ജനുവരി 16-ന് പി.ജെ.ജോസഫ് ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തരമന്ത്രി അദ്ദേഹമായിരുന്നു. ശ്രദ്ധേയമായിരുന്നു ആ കാലഘട്ടം. അട്ടിമറിക്കൂലി അമര്‍ച്ച ചെയ്തു. പല കലാപങ്ങളും ഒഴിവാക്കി. സെപ്റ്റംബറില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി വിധി വന്നു. അന്ന് തന്നെ പി.ജെ.ജോസഫ് മന്ത്രിസ്ഥാനം രാജി വെച്ചു.

തുടര്‍ന്ന് അഞ്ച് മന്ത്രിസഭകളില്‍കൂടി അദ്ദേഹം അംഗമായി. വിദ്യാഭ്യാസം, പൊതുമരമാത്ത്, എക്സൈസ്, റവന്യൂ, ജലവിഭവം തുടങ്ങിയ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. ദീര്‍ഘവീക്ഷണമുള്ള പദ്ധതികളാണ് എല്ലാ വകുപ്പിലും നടപ്പാക്കിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

4 min

നേതാജിയുടെ കുടുംബത്തെ ഇന്ത്യ രഹസ്യമായി നിരീക്ഷിച്ചതെന്തിന്

Sep 26, 2015


mathrubhumi

5 min

വനിതാമതിൽ മുന്നോട്ടുവെക്കുന്നത്

Dec 31, 2018