To advertise here, Contact Us



ജനം പകരം ചോദിക്കും


2 min read
Read later
Print
Share

ജനവിധിക്ക്‌ മുന്പേ ഒച്ചയും അനക്കവുമില്ലാത്ത പ്രചാരണത്തിലാണ്‌ സംസ്ഥാനം. ജനമനസ്സ്‌ സ്വന്തമാക്കാൻ അവസാനശ്രമത്തിനുള്ള മണിക്കൂറുകൾ. കേരളം എങ്ങോട്ടു ചായുമെന്നും യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും വിജയസാധ്യതകളും പ്രതീക്ഷകളും എന്തെന്നും വ്യക്തമാക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റോഡ് ഷോകൾക്കും അവസാനവട്ട ഓട്ടപ്രദക്ഷിണത്തിനുമിടെ ചെന്നിത്തലയുമായി മാതൃഭൂമി പ്രതിനിധി എം.കെ. സുരേഷ്‌ സംസാരിച്ചപ്പോൾ

സംശയമില്ല, കേരളത്തിൽ യു.ഡി.എഫിനും കോൺഗ്രസിനും വലിയമുന്നേറ്റമായിരിക്കും ഈ തിരഞ്ഞെടുപ്പിൽ. അതിനു പലകാരണങ്ങളുണ്ട്. കേന്ദ്ര-കേരള സർക്കാരുകൾക്കെതിരേയുള്ള ജനവികാരമാണ് ഒന്ന്. അഞ്ചുവർഷം ഇന്ത്യ ഭരിച്ച നരേന്ദ്രമോദി സർക്കാരാകട്ടെ, അടിസ്ഥാനവർഗത്തെ കണ്ടതേയില്ല. നോട്ടുനിരോധനം നടപ്പാക്കിയും ജി.എസ്.ടി.യിലൂടെയും ജീവിതദുരിതം കൂട്ടി. ജനങ്ങളെ അവഗണിച്ചു. ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്തവിധം തൊഴിലില്ലായ്മ കൂടി. ഇങ്ങനെ എല്ലാതരത്തിലും ജനങ്ങളെ കഷ്ടപ്പെടുത്തി ബി.ജെ.പി. സർക്കാർ. അത് ജനം തിരിച്ചറിയും, പകരം ചോദിക്കും.

To advertise here, Contact Us

അഞ്ചുവർഷത്തെ ഭരണത്തിലൂടെ നാശത്തിലേക്കും അസ്വസ്ഥതയിലേക്കും ദാരിദ്ര്യത്തിലേക്കും കൂപ്പുകുത്തിയ രാജ്യത്തെ വീണ്ടെടുക്കാനും കെടുകാര്യസ്ഥതയും മുഷ്‌ക്കും ചോരക്കൊതിയും അവിവേകവുംമാത്രം കൈമുതലാക്കി കേരളത്തെ തകർക്കുന്ന പിണറായി സർക്കാരിന് താക്കീത് നൽകാനും കിട്ടുന്ന സുവർണാവസരമാണ് തിരഞ്ഞെടുപ്പ്.

കേരളത്തിൽ രാഹുൽ തരംഗമുണ്ട്. അതുകൊണ്ടുതന്നെ എല്ലാ സീറ്റിലും ജയം ഉറപ്പ്. കോൺഗ്രസിന്റെ പ്രകടനപത്രികയിലുള്ള ന്യായ് പദ്ധതിയടക്കമുള്ളവ ജനം അംഗീകരിച്ചു കഴിഞ്ഞു. പ്രകടനപത്രികയിലുള്ളത് ജനങ്ങളുടെ താത്പര്യംമാത്രമാണ്. അതിനാൽ യു.ഡി.എഫിന് വലിയ ജയമുണ്ടാകും ഇത്തവണ.

വർഗീയചേരിതിരിവിന് ശ്രമിച്ചു

ഭരണനേട്ടം പറയാനൊന്നും മോദിയും ബി.ജെ.പി. അധ്യക്ഷൻ അമിത്ഷായും മിനക്കെടുന്നില്ല. പകരം അവർ കേരളത്തിലടക്കം വർഗീയത പ്രചരിപ്പിച്ച് ചേരിതിരിവിന് ശ്രമിക്കുകയാണ്. ഇതോടെ മതന്യൂനപക്ഷങ്ങൾക്ക് ആശങ്കയേറി.ഹിന്ദുത്വത്തിന്റെപേരിൽ ജനത്തെ കബളിപ്പിച്ച് വോട്ടുതട്ടാനുള്ള ശ്രമമാണ് ബി.ജെ.പി. നടത്തിയത്. മതനിരപേക്ഷതയെ ദുർബലപ്പെടുത്തി, ജനങ്ങളെ പല തട്ടിലാക്കി. വർഗീയ വികാരം വളർത്താനുള്ള ശ്രമത്തെ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. കേരളത്തിലാകട്ടെ മൂന്നുവർഷമായി ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിന് ഒന്നും ചെയ്യാനായില്ല. ഓഖിയിലായാലും പ്രളയാനന്തര പുനർനിർമാണത്തിലായാലും സർക്കാർ പരാജയമായിരുന്നു. ജനങ്ങളെ മുഖ്യമന്ത്രി കബളിപ്പിച്ചു.

രാഷ്ട്രീയകൊലപാതകങ്ങളിൽ യുവാക്കളായ മൂന്നു കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടു. കൊലപാതകക്കേസുകളിലെ യഥാർഥ പ്രതികളെ രക്ഷിക്കാനാണ് സി.ബി.ഐ. അന്വേഷണത്തിന് സർക്കാർ തയ്യാറാകാത്തത്. ചുരുക്കത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാനാണ് താത്പര്യം. ഇടതുമുന്നണിക്ക് വോട്ടു ചെയ്തിട്ട് കാര്യമെന്തെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. ശരിയാണ്, ഈ തിരഞ്ഞടുപ്പിൽ അവർക്കെന്താണ് റോൾ? അവരുടെ പ്രധാനമന്ത്രി ആരാണ്? തിരഞ്ഞടുപ്പിൽ അവർ മുന്നോട്ടുവയ്ക്കുന്ന പരിപാടിയെന്താണ്?

മോദിയെ പുറത്താക്കുക ലക്ഷ്യം

മോദിഭരണം അവസാനിപ്പിക്കുകയെന്നതാണ് കോൺഗ്രസിന്റെയും മതേതര ജനാധിപത്യ വിശ്വാസികളുടെയും ലക്ഷ്യം. അതിന്‌ സഹായകരമായ നിലപാടല്ല കേരളത്തിൽ ഇടതുമുന്നണിക്ക്. കോൺഗ്രസ് അല്ലാതെ മോദിയുടെ രണ്ടാംവരവിനെ ആരു തടയും? കേന്ദ്രത്തിൽ മോദിയെ പുറത്താക്കാൻ രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനേ കഴിയൂ. പക്ഷേ, വയനാട്ടിൽ രാഹുൽ മത്സരിക്കുന്നതിനെ എതിർക്കുന്നത് ഇടതുമുന്നണിയും ബി.ജെ.പി.യുമാണ്. ഇരുവർക്കും ഒരേ സ്വരം. വയനാട്ടിൽ ഇടതുമുന്നണിയുടെ സ്ഥാനാർഥിയെ പിൻവലിക്കുകയാണ് വേണ്ടിയിരുന്നത്. അതുചെയ്യാതെ എന്തിനാണവർ രാഹുലിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നതെന്നറിയില്ല. രാഹുലിന്റെ വരവ് കേരളരാഷ്ട്രീയത്തിൽ ഗുണകരമായ മാറ്റം ഉണ്ടാക്കും.

ശബരിമലയുടെ പേരിൽ മുതലക്കണ്ണീർ

മുസ്‍ലിം ലീഗ് വർഗീയപ്പാർട്ടിയാണെന്ന പ്രചാരണം വർഗീയ ചേരിതിരിവ് ഉദ്ദേശിച്ചാണ് എന്നതിൽ സംശയമില്ല. ലീഗ് മതേതര പാർട്ടിയാണ്. ബാബറി മസ്ജിദ് തകർക്കപ്പട്ടപ്പോൾ നാട്ടിൽ സമാധാനത്തിനുള്ള നിലപാടാണ് അവരെടുത്തത്.

ശബരിമലയുടെപേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായും ഒഴുക്കുന്നത് മുതലക്കണ്ണീരാണ്. അധികാരത്തിലിരുന്നപ്പോൾ ഒന്നും ചെയ്യാതെ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിശ്വാസസംരക്ഷണവുമായി രംഗത്തിറങ്ങിയത് നാടകമാണ്. കേരളത്തിൽ വർഗീയധ്രുവീകരണത്തിനാണ് ബി.ജെ.പി. ശ്രമിച്ചത്. മർക്കടമുഷ്ടിയും ധിക്കാരവുംകൊണ്ട് മുഖ്യമന്ത്രി അതിന്റെ ആഴംകൂട്ടുകയും ചെയ്തു.

Content Highlights: loksabha election 2019, interview with ramesh chennithala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us