ഉച്ചകോടിയുടെ ഭാവി


മുരളീധരന്‍ നായര്‍ കടുങ്ങല്ലൂര്‍

3 min read
Read later
Print
Share

2009-ൽ അധികാരത്തിൽ വന്ന ബരാക്‌ ഒബാമയ്ക്ക്‌ നൊബേൽ സമാധാന പുരസ്കാരം നൽകിയത്‌ അദ്ദേഹം ഭാവിയിൽ നൽകിയേക്കാവുന്ന സംഭാവനകൾക്കാണ്‌! ആ നിലയ്ക്ക്‌ ട്രംപ്‌-കിം ഉച്ചകോടി വിജയമായിരുന്നാലും ഇല്ലെങ്കിലും അവർ അതിനു കാട്ടിയ ആത്മാർഥതയ്ക്ക്‌ അവരോടൊപ്പം ദക്ഷിണ കൊറിയൻ പ്രസിഡന്റ്‌ മുൻ ജേ ഇന്നും ഇത്തവണ നോർവീജിയൻ നോബേൽ കമ്മിറ്റിയുടെ പരിഗണനാ പട്ടികയിൽ ഇടംപിടിക്കുമെന്നു കരുതാം

ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഡൊണാൾഡ്‌ ട്രംപ്‌-കിം ജോങ്‌ ഉൻ ഉച്ചകോടി ഇന്നലെ സിങ്കപ്പൂരിലെ സെൻടോസ ദ്വീപിൽ നടന്നത്‌ നിരവധി നാടകീയ മുഹൂർത്തങ്ങൾക്ക്‌ പരിസമാപ്തി കുറിച്ചുകൊണ്ടാണ്‌. ആറുമാസം മുൻപുവരെ യുദ്ധവക്കിൽ കഴിഞ്ഞിരുന്ന കൊറിയൻ ഉപഭൂഖണ്ഡത്തിലെ പ്രവാസികൾ മറ്റു രാജ്യങ്ങളിലേക്ക്‌ മാറിത്താമസിക്കാനുള്ള ആലോചനയിലായിരുന്നു എന്നോർക്കുക. രാഷ്ട്രത്തലവന്മാർക്കു യോജിക്കാത്ത ഭാഷ ഉപയോഗിച്ച്‌ പരസ്പരം ചെളിവാരിയെറിഞ്ഞുകൊണ്ടിരുന്ന രണ്ടുനേതാക്കൾ ബഹുമാനത്തോടെ ഹസ്തദാനം ചെയ്യുന്നതും രാഷ്ട്രഹിതത്തിനായി ചർച്ചകളിലേർപ്പെടുന്നതും അവിശ്വസനീയ രംഗങ്ങളാണ്‌ കാഴ്ചവെച്ചത്‌.
ചർച്ചകൾക്കൊടുവിൽ ഡൊണാൾഡ്‌ ട്രംപും കിം ജോങ്‌ ഉന്നും ഒപ്പുവെച്ച രേഖയുടെ പൂർണരൂപം ഔദ്യോഗികമായി പുറത്തുവിടുന്നതിനുമുൻപ്‌ സമർഥനായ ഒരു ജേണലിസ്റ്റിന്റെ ഡിജിറ്റൽ ക്യാമറ പിടിച്ചെടുത്ത്‌ പുറത്തുവിട്ടപ്പോൾ ദക്ഷിണകൊറിയയിലടക്കം നിരാശയുടെ നിഴൽ പരന്നു. കാരണം കാര്യമായ ഉറപ്പുകളൊന്നും അതിൽ ഉണ്ടായിരുന്നില്ല. ഉത്തര കൊറിയ ആണവശേഷി ത്യജിക്കാനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും ഉത്തരകൊറിയയിൽ ഭരണമാറ്റത്തിന്‌ അമേരിക്ക ശ്രമിക്കില്ലെന്ന്‌ ഉറപ്പുനൽകുകയും ഉത്തരകൊറിയയുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ ജീവൻ നഷ്ടപ്പെട്ട വിദേശ സൈനികരുടെ ഭൗതികാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക്‌ തിരിച്ചുനൽകാനുള്ള പ്രക്രിയ ഉടൻ ആരംഭിക്കുമെന്നും മാത്രമായിരുന്നു അതിൽ പറഞ്ഞിരുന്ന എടുത്തുപറയാവുന്ന കാര്യങ്ങൾ. ഇതിന്റെയെല്ലാം ഏകദേശരൂപങ്ങൾ പ്രസിഡന്റ്‌ ബിൽ ക്ലിന്റന്റെയും ജോർജ്‌ ബുഷിന്റെയും കാലത്തു നടന്ന ചർച്ചകളുടെ രേഖകളിൽ ഉണ്ടായിരുന്നെന്നും ഡൊണാൾഡ്‌ ട്രംപ്‌ ഉത്തരകൊറിയക്ക്‌ ഏറെ ഇളവുകൾ നൽകിയെന്നുമുള്ള ശക്തമായ വിമർശനം ഉയരുകയും ചെയ്തു. പക്ഷേ, പിന്നീട്‌ ട്രംപ്‌ നടത്തിയ വിശദമായ പത്രസമ്മേളനത്തിൽ കാര്യങ്ങൾക്ക്‌ കൂടുതൽ വ്യക്തത വന്നു.

ആണവ നിർമാർജനവും പ്രായോഗികതയും

ട്രംപ്‌ പറഞ്ഞതനുസരിച്ച്‌ ഉത്തരകൊറിയ ആണവശേഷി നിർമാർജന പ്രക്രിയ സംബന്ധിച്ച ചർച്ചകൾ അടുത്തയാഴ്ച തന്നെ ഉദ്യോഗസ്ഥതലത്തിൽ ആരംഭിക്കും. ആണവനിർമാർജനം എന്നതുകൊണ്ട്‌ ഉത്തരകൊറിയ എന്താണ്‌ ഉദ്ദേശിക്കുന്നത്‌ എന്ന്‌ ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. എങ്കിലും ഈ പ്രക്രിയ ശരിയായ നിലയിലാണോ നടക്കുന്നതെന്ന്‌ പരിശോധിക്കാൻ അമേരിക്കൻ വിദഗ്‌ധരെ ഉത്തരകൊറിയ അനുവദിക്കുമെന്ന്‌ ട്രംപ്‌ കൂട്ടിച്ചേർത്തു. ഇത്‌ ഉത്തരകൊറിയ ആത്മാർഥമായി നടപ്പാക്കിയാൽത്തന്നെ അത്‌ പൂർണമാകാൻ വർഷങ്ങളോ ദശകങ്ങളോ വേണ്ടിവന്നേക്കാമെന്നത്‌ മറ്റൊരുകാര്യം. ഇൗ കാര്യത്തിൽ ഇനിയുമൊരു സംശയം അവശേഷിക്കുന്നു. വർഷങ്ങളായി നടത്തിയ ത്യാഗങ്ങളുടെ ഫലമായി സ്വായത്തമാക്കിയ ആണവശേഷി-പ്രത്യേകിച്ചും ആണവായുധശക്തിയാണ്‌ തങ്ങളുടെ അസ്തിത്വത്തിന്റെ അടിസ്ഥാനമെന്ന്‌ ഉത്തരകൊറിയൻ ഭരണകൂടം വിശ്വസിക്കുമ്പോൾ- ട്രംപ്‌ നൽകുന്ന ഒരു സുരക്ഷാ ഉറപ്പിന്റെ പേരിൽ ത്യജിക്കാൻ കിം ജോങ്‌ ഉൻ തയ്യാറാകുമോ?
കിം ജോങ്‌ ഉൻ ഇപ്പോൾ ആണവശക്തി ഉപേക്ഷിക്കാനും ഇതുസംബന്ധിച്ച്‌ അമേരിക്കൻ പ്രസിഡന്റുമായി നേരിട്ട്‌ ചർച്ചകൾക്ക്‌ തയ്യാറാവാനുമുള്ള പ്രധാനകാരണം ഐക്യരാഷ്ട്രസഭയും യു.എസും ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഉത്തരകൊറിയൻ സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കാൻ തുടങ്ങിയതാണ്‌. എന്നാൽ ആണവശക്തിയുടെ നിർമാർജനപ്രക്രിയ പരിശോധിച്ച്‌ ഉറപ്പുവരുത്തിയശേഷമേ ഉപരോധങ്ങൾ പിൻവലിക്കൂ എന്നാണ്‌ ഉച്ചകോടിക്ക്‌ തൊട്ടുമുൻപുവരെ ട്രംപും സ്റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപ്യോൻ പറഞ്ഞിരുന്നതെങ്കിലും ഇന്നലെ പത്രസമ്മേളനത്തിൽ ട്രംപു പറഞ്ഞതു ശ്രദ്ധിക്കുക. ആണവശക്തി ഒരു കൃത്യ അളവുവരെ ഉപേക്ഷിച്ചാൽ അതു പുനരാർജിക്കാൻ പ്രയാസമാകുമത്രേ. ആ നിലയിലേക്ക്‌ ഉത്തരകൊറിയ കാര്യങ്ങൾ നീക്കിയാൽ ഉപരോധങ്ങൾ പിൻവലിക്കാമെന്നാണ്‌ ട്രംപ്‌ ഇപ്പോൾ പറയുന്നത്‌. ഇതിന്റെ പ്രായോഗികത കണ്ടുതന്നെ അറിയണം.

സൈനികബലപരീക്ഷണം അവസാനിപ്പിക്കുമോ

ട്രംപിന്റെ മറ്റൊരു സുപ്രധാനമായ വിശദീകരണം യു.എസും ദക്ഷിണകൊറിയയും ചേർന്ന്‌ അടിക്കടി നടത്താറുള്ള സൈനികാഭ്യാസങ്ങളെക്കുറിച്ചാണ്‌. കൂടുതൽ വിശദീകരണങ്ങൾ നൽകിയില്ലെങ്കിലും ഉത്തരകൊറിയയെ ഏറെ പ്രകോപിപ്പിക്കാറുള്ള ഇത്തരം സൈനിക ഡ്രില്ലുകൾ അവസാനിപ്പിക്കുമെന്ന്‌ ട്രംപ്‌ പറഞ്ഞു. അതേപോലെ ദക്ഷിണ കൊറിയയിൽ വിന്യസിച്ചിട്ടുള്ള ഇരുപത്തെണ്ണായിരത്തിലധികം വരുന്ന അമേരിക്കൻ സൈനികരെ നാട്ടിലേക്ക്‌ തിരിച്ചുകൊണ്ടുവരുമെന്ന്‌ അദ്ദേഹം സൂചിപ്പിച്ചു. സഖ്യകക്ഷികളുടെ സുരക്ഷയുടെ ഉത്തരവാദിത്വം അവരുടേതായതിനാൽ അതിനുണ്ടാകുന്ന ചെലവുകൾ ആ രാജ്യങ്ങൾതന്നെ വഹിക്കണമെന്നുള്ള നയം ആവർത്തിക്കുകയും ചെയ്തു. ഇതെല്ലാം ശരിയാണെങ്കിൽ ദക്ഷിണകൊറിയയ്ക്കും ജപ്പാനും അമേരിക്ക ഉറപ്പുകൊടുത്തിട്ടുള്ള ആണവാക്രമണത്തിനെതിരേ അടക്കമുള്ള സൈനികസുരക്ഷാ ഗാരൻഡിക്ക്‌ എന്തു സംഭവിക്കുമെന്ന്‌ ആ നാടുകളിലെ നിരീക്ഷകർ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു.

ചൈനയുടെ വേഷം

ഉത്തരകൊറിയയ്ക്കെതിരേയുള്ള ഉപരോധങ്ങൾ ട്രംപിന്റെ ശക്തമായ സമ്മർദത്താൽ ചൈന കൃത്യതയോടെ നടപ്പാക്കിയതോടെയാണ്‌ കിം ജോങ്‌ ഉൻ ട്രംപുമായുള്ള ചർച്ചയ്ക്ക്‌ തയ്യാറായത്‌. മേഖലയിൽ, പ്രത്യേകിച്ചും ഉത്തരകൊറിയയിൽ ചൈനയ്ക്കുള്ള താത്‌പര്യങ്ങൾ വലുതാണ്‌. ഉപരോധങ്ങൾ പിൻവലിക്കുന്നതോടെ ആണവശേഷി നിർമാർജനത്തിനുള്ള പാരിതോഷികമായി ഉത്തരകൊറിയയിലേക്ക്‌ വൻനിക്ഷേപങ്ങൾ വരാനുള്ള സാധ്യത നിലനിൽക്കുന്നു. ആറുലക്ഷം കോടി അമേരിക്കൻ ഡോളറിലധികം വിലമതിക്കപ്പെടുന്ന ധാതുസമ്പത്ത്‌ ഉത്തരകൊറിയയിലുണ്ട്‌. അടിസ്ഥാനസൗകര്യ വികസനം, കാർഷികം, ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ നിർമാണം തുടങ്ങിയ മേഖലകളിൽ വിദേശനിക്ഷേപത്തിന്‌ വൻസാധ്യതകളുണ്ട്‌.

പുനരേകീകരണസ്വപ്നം ഫലിക്കുമോ

കൊറിയകളുടെ പുനരേകീകരണം ചർച്ച ചെയ്യപ്പെട്ടില്ല എന്നാണ്‌ മനസ്സിലാക്കുന്നത്‌. രണ്ടു കൊറിയകളുടെയും ദീർഘകാല സ്വപ്നമാണിത്‌. അമേരിക്കയുടെ നേതൃത്വത്തിൽ മുതലാളിത്തത്തിന്റെയും ജനാധിപത്യത്തിന്റെയും സ്വഭാവമുള്ള ഒരു ഏകീകൃത കൊറിയയെ ചൈന ആഗ്രഹിക്കുന്നില്ല. ഉപരോധങ്ങളാണ്‌ ഉത്തര കൊറിയൻ സമ്പദ്‌വ്യവസ്ഥയെ തളർത്താനുള്ള പ്രധാന കാരണങ്ങളിലൊന്ന്‌ എന്ന്‌ ഏവർക്കും അറിയാമെങ്കിലും അവർ അനുവർത്തിച്ചുവരുന്ന സാമ്പത്തിക-രാഷ്ട്രീയ മോഡൽ ദക്ഷിണ കൊറിയയ്ക്കും സ്വീകാര്യമല്ല. ആ നിലയ്ക്ക്‌ കൊറിയകളുടെ പുനരേകീകരണം സമീപ ഭാവിയിലൊന്നും സാക്ഷാത്‌കരിക്കപ്പെടാൻ സാധ്യതയില്ല. 1950-53-ലെ കൊറിയൻ യുദ്ധത്തിനുശേഷമുണ്ടായ ഉടമ്പടിയിലൂടെ വെടിനിർത്തൽ സാധിച്ചെങ്കിലും ഇനിയും ഒരു സമാധാനസന്ധി ഇരു രാജ്യങ്ങളുടെയും ഇടയിൽ ഇല്ലാത്തതിനാൽ അവർ സാങ്കേതികമായി ഇന്നും യുദ്ധത്തിലാണ്‌. ഇത്തരമൊരു സംവിധാനം സമീപഭാവിയിൽ ഉണ്ടാകാമെങ്കിലും അതിന്‌ യു.എസിനും ഉത്തരകൊറിയക്കും പുറമേ ഐക്യരാഷ്ട്രസഭയുടെയും ദക്ഷിണ കൊറിയയുടെയും ചൈനയുടെയും സഹകരണം ആവശ്യമാണ്‌.
കിം ജോങ്‌ ഉൻ നാട്ടിലേക്ക്‌ മടങ്ങിയത്‌ വിജയശ്രീലാളിതനായിട്ടാണ്‌. ഭരിച്ചുകൊണ്ടിരിക്കുന്ന ഒരു അമേരിക്കൻ പ്രസിഡന്റുമായി തുല്യതയോടെ ചർച്ചയിലേർപ്പെട്ട ആദ്യത്തെ ഉത്തരകൊറിയൻ ഭരണാധികാരി, രാജ്യത്തെ ഒരു ആണവശക്തിയായി അംഗീകരിപ്പിച്ചെടുത്ത നേതാവ്‌, ഉത്തര കൊറിയയുടെ സാമ്പത്തിക പുരോഗതിക്ക്‌ വഴിയൊരുക്കിയ നേതാവ്‌ എന്നിങ്ങനെയെല്ലാമായിരിക്കും ഉത്തരകൊറിയൻ ചരിത്രം കിമ്മിനെ വിലയിരുത്തുക.

(പൂർവേഷ്യൻ മേഖലയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ലേഖകൻ കൊച്ചി സി.പി.പി.ആറിൽ സീനിയർ ഫെലോ ആണ്‌)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

4 min

നേതാജിയുടെ കുടുംബത്തെ ഇന്ത്യ രഹസ്യമായി നിരീക്ഷിച്ചതെന്തിന്

Sep 26, 2015


mathrubhumi

5 min

വനിതാമതിൽ മുന്നോട്ടുവെക്കുന്നത്

Dec 31, 2018