വ്യക്തികളല്ല ആശയങ്ങളാണ് പ്രധാനം


By കനയ്യ കുമാർ /മനോജ് മേനോൻ

6 min read
Read later
Print
Share

പുരുഷകേന്ദ്രിതമായ സാമൂഹികവ്യവസ്ഥയും കുറ്റവാളികളെ സംരക്ഷിക്കുന്ന അധികാരകേന്ദ്രത്തിന്റെ നിലപാടുകളുമാണ് സ്ത്രീകൾക്കെതിരേയുള്ള അക്രമത്തിന്റെ പ്രധാന ഉത്തരവാദികൾ. സ്ത്രീസുരക്ഷ ഒരു രാഷ്ട്രീയ സംവാദവിഷയമാകണം. തിരഞ്ഞെടുപ്പ് ചർച്ചകളിലും രാജ്യത്തിന്റെ പൊതുരാഷ്ട്രീയ ചർച്ചകളിലും അതിന് വിപുലമായ ഇടം ലഭിക്കണം

കനയ്യ കുമാർ

പട്‌നയിൽനിന്ന് 150 കിലോമീറ്റർദൂരെ പഴയ വ്യവസായനഗരത്തിന്റെ പ്രതാപം അവിടവിടെ ബാക്കിയാക്കിയ ബെറൂണി. പൊട്ടിപ്പൊളിഞ്ഞ ഓടുകൾകൊണ്ട് പഴമമേഞ്ഞ സി.പി.ഐ. പാർട്ടി ഓഫീസിനുമുന്നിൽ കുറച്ചുനേരം
കാത്തിരുന്നു. കാത്തിരിപ്പ് അധികം നീളുംമുമ്പേ കനയ്യകുമാർ എത്തി. തലേദിവസത്തെ തിരഞ്ഞെടുപ്പുപ്രചാരണത്തിനുശേഷം പാർട്ടി യോഗങ്ങൾക്കായി ഓടിയെത്തിയതാണ്. പട്‌ന സർവകലാശാലാ വിദ്യാർഥിജീവിതകാലത്ത് എ.ഐ.എസ്.എഫ്. പ്രവർത്തകനായി രാഷ്ട്രീയംതുടങ്ങി സി.പി.ഐ.യുടെ ദേശീയ നിർവാഹകസമിതി അംഗമായി വളർന്ന കനയ്യരാഷ്ട്രീയവീക്ഷണങ്ങൾ പങ്കിടുന്നു
വിധിയെഴുത്തിന് ബിഹാർ ഒരുങ്ങിയിരിക്കയാണ്. ഈ തിരഞ്ഞെടുപ്പ് ഇടതുപാർട്ടികൾക്ക് എത്രത്തോളം നിർണായകമാണ്?
മഹാസഖ്യത്തിന്റെ ഭാഗമായി 29 സീറ്റിലാണ് ഇടതുപാർട്ടികൾ മത്സരിക്കുന്നത്. 2015-ൽ ഇടതുപാർട്ടികൾ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നില്ല. ഇടതുപാർട്ടികൾ വേറിട്ടാണ് മത്സരിച്ചത്. അന്ന് മഹാസഖ്യത്തിന്റെ ഭാഗമായിരുന്നത് ആർ.ജെ.ഡി, ജെ.ഡി.യു., കോൺഗ്രസ് എന്നീ പാർട്ടികളായിരുന്നു. അതിശക്തമായ നിലയിൽ വർഗീയചേരിതിരിവുണ്ടായിരുന്ന മത്സരമായിരുന്നു അത്. മഹാസഖ്യമാണ് വിജയിച്ചതെങ്കിലും ബി.ജെ.പി.വിരുദ്ധ വോട്ടുകൾ ചിതറിപ്പോയിരുന്നു. മാത്രമല്ല, മഹാസഖ്യത്തിന്റെ ഭാഗമായി വിജയിച്ച നിതീഷ് 2017-ൽ സഖ്യംവിട്ട് എൻ.ഡി.എ.യിലേക്ക് മടങ്ങിപ്പോയി. 2019-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടാക്കിയ മഹാസഖ്യത്തിലും ഇടതുപാർട്ടികൾ പങ്കെടുത്തില്ല. എന്നാൽ, 2019-ലെ മഹാസഖ്യത്തിലുണ്ടായിരുന്ന ചില പാർട്ടികൾ ഇത്തവണ സഖ്യം വിട്ടുപോയി. ഇടതുപാർട്ടികൾ മഹാസഖ്യത്തിന്റെ ഭാഗമാകുകയും ചെയ്തു. ബിഹാറിൽ ബി.ജെ.പി.യുടെ വർഗീയ അജൻഡയെ തോൽപ്പിക്കണമെങ്കിൽ സമാനരായ മതേതര ജനാധിപത്യ പുരോഗമന ശക്തികളുമായി യോജിക്കണമെന്നതാണ് സി.പി.ഐ.യുടെ നിലപാട്. ബി.ജെ.പി.യെ കീഴ്‌പ്പെടുത്തുമ്പോൾ, നമ്മൾ വെറുതേ ഒരു പാർട്ടിയെ തോൽപ്പിക്കുകയല്ല; ഒരുകൂട്ടം നയങ്ങളെയാണ് തോൽപ്പിക്കുന്നത്. വളരെ ശക്തമായ കോർപ്പറേറ്റ് കൊള്ളയടിയെയും വർഗീയരാഷ്ട്രീയത്തെയുമാണ് കീഴടക്കുന്നത്. ആ സാഹചര്യത്തിൽ ബിഹാറിൽ മഹാസഖ്യത്തിനൊപ്പം ചേരാൻ ഇടതുപാർട്ടികൾ തീരുമാനിച്ചു
ഈ തിരഞ്ഞെടുപ്പ് മോദിസർക്കാരിന്റെ ഹിതപരിശോധനകൂടിയാകുമോ? ബി.ജെ.പി. പ്രചാരണവിഷയമാക്കുന്നത് കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളാണല്ലോ?
ബിഹാർ തിരഞ്ഞെടുപ്പ് മോദിസർക്കാരിന്റെ ഹിതപരിശോധനയല്ല. നിങ്ങൾ ഇവിടത്തെ സർക്കാർവിരുദ്ധവികാരം വിലയിരുത്തിയാൽ ഒരുകാര്യം മനസ്സിലാകും. മുഴുവൻ എതിർപ്പുകളും കേന്ദ്രീകരിച്ചിരിക്കുന്നത് നിതീഷിലാണ്. എന്നാൽ, ബി.ജെ.പി.യും ബിഹാറിൽ സർക്കാരിന്റെ ഭാഗമാണ്. നിതീഷിനെതിരേ വികാരമുണ്ടെങ്കിൽ അതിന്റെ തുല്യവിഹിതം സുശീൽ കുമാർ മോദിക്കുനേരെയുമുണ്ട്. എന്നാൽ, പലരും ബി.ജെ.പി.യുടെ വീഴ്ചയെക്കുറിച്ച് സംസാരിക്കുന്നില്ല. യു.പി.എ. ഭരണകാലത്ത് ബിഹാറിൽ വികസനപ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രസംഗിച്ചത്. ഈ പത്തുവർഷവും ബിഹാറിൽ എൻ.ഡി.എ. സർക്കാരാണ് ഭരിച്ചതെന്ന കാര്യം അദ്ദേഹം മറന്നു. ബിഹാറിൽ വികസനപ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രിതന്നെ സമ്മതിക്കുന്നു! ബി.ജെ.പി. നിതീഷ് സർക്കാരിനെതിരേ വലിയ ഗൂഢാലോചന നടത്തുകയാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്. ഒരുകാര്യം വ്യക്തമാക്കാം, ഈ തിരഞ്ഞെടുപ്പ് നരേന്ദ്രമോദിയുടെ രാഷ്ട്രീയഭാവിയല്ല, നിതീഷ് കുമാറിന്റെ രാഷ്ട്രീയഭാവി നിശ്ചയിക്കും. ഇപ്പോൾ ബി.ജെ.പി. എന്താണ് ചിത്രീകരിക്കാൻ ശ്രമിക്കുന്നതെന്ന് ശ്രദ്ധിക്കൂ. നിതീഷ് കുമാർ കടുത്ത പ്രതിസന്ധിയിലാണ്. അവിടെ ദൈവത്തെപ്പോലെ മോദി വരികയും നിതീഷിനെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്ന പ്രതീതിയാണ് ബി.ജെ.പി. നിർമിക്കുന്നത്!
ഈ തിരഞ്ഞെടുപ്പ് ഒരു ആശയസമരമാണോ ?
തീർച്ചയായും. ഞങ്ങളെ സംബന്ധിച്ച് എല്ലാകാലത്തും അങ്ങനെത്തന്നെയാണ്. തിരഞ്ഞെടുപ്പിലെ പങ്കാളിത്തം അധികാരം നേടാൻ മാത്രമല്ല, അധികാരഘടനയെ ജനാധിപത്യവത്‌കരിക്കുന്നതിനുവേണ്ടി കൂടിയാണ്. തീർച്ചയായും ഇതൊരു ആശയസമരമാണ്. ഞങ്ങൾക്ക് ബിഹാറിനെ മാറ്റിത്തീർക്കണം. മണി-മസിൽ പവർ രാഷ്ട്രീയത്തെ പൊളിച്ചെഴുതണം. ഇതാണ് ഇടതുപാർട്ടികളുടെ ഫോക്കസ്. അതേസമയം, ജനങ്ങൾക്കുവേണ്ടിയുള്ള നയങ്ങൾ ആവിഷ്കരിക്കപ്പെടണം. വികസനത്തിന്റെ പേരിൽ കോർപ്പറേറ്റ് കൊള്ളയടി ഞങ്ങൾ സമ്മതിക്കില്ല. ഞങ്ങളുടെ ലക്ഷ്യം നയങ്ങളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയം രൂപപ്പെടുക എന്നതാണ്. കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കുക, അടിസ്ഥാനസൗകര്യവികസനം നടപ്പാക്കുക, വിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുത്തുക എന്നിങ്ങനെ. നിലവിൽ ലഭ്യമായ വിഭവങ്ങൾ എങ്ങനെ ഉപയോഗിക്കാം എന്നതാണ് അന്വേഷണം. ബിഹാറിൽ വിപുലമായതോതിൽ കൃഷിഭൂമിയുണ്ട്. ബിഹാറിൽത്തന്നെ കൂടുതൽ ജോലികൾ സൃഷ്ടിക്കാനുള്ള നയങ്ങൾ രൂപപ്പെടുത്തണം. എങ്കിൽമാത്രമേ തൊഴിൽതേടി ബിഹാറിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം തടയാൻ കഴിയൂ. നോക്കൂ, ബിഹാറിൽനിന്നുള്ള കുട്ടികൾ കേരളത്തിൽ പരീക്ഷയ്ക്ക് ഉന്നതവിജയം നേടുന്നു. അപ്പോൾ, മെറിറ്റിന്റെ വിഷയമല്ല എന്നത് വ്യക്തമാണ്. പ്രശ്നം അവസരങ്ങളില്ല എന്നതാണ്. ബിഹാറിനെ ഏറ്റവും മികച്ച സംസ്ഥാനങ്ങളുടെ നിരയിലെത്തിക്കുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. എന്നാൽ, ബി.ജെ.പി. ശ്രമിക്കുന്നത് മുഴുവൻ വിഷയങ്ങളെയും വഴിതിരിച്ചുവിടാനാണ്. അവർ ജനകീയ വിഷയങ്ങളെ വർഗീയ ചേരിതിരിവിലേക്കും ജാതിവേർതിരിവുകളിലേക്കും വഴിതിരിച്ചുവിടുന്നു.
യുവാക്കളുടെ തിരഞ്ഞെടുപ്പായിട്ടും കനയ്യ കുമാർ മത്സരരംഗത്തില്ലല്ലോ? എന്തുകൊണ്ട് കനയ്യ സ്ഥാനാർഥിയല്ല എന്നത് വലിയ ചർച്ചാവിഷയംകൂടിയാണ്. ഇടതുപാർട്ടികളോടും ഈ ചോദ്യം ജനങ്ങൾ ഉന്നയിക്കുന്നുണ്ട്.
ഞാൻ ഒരു പാർട്ടിയുടെ കേഡർമാത്രമാണ്. പാർട്ടിക്ക് അതിന്റേതായ ഘടനയും ക്രമവും അച്ചടക്കവും സംവിധാനവുമുണ്ട്. എല്ലാ പ്രാവശ്യവും മത്സരിക്കണമെന്ന് ഒരു വ്യക്തിക്ക് സ്വയം തീരുമാനിക്കാനാകില്ല. ഞാൻതന്നെ ലോക്‌സഭയിലും നിയമസഭയിലും പിന്നെ പഞ്ചായത്തിലും മത്സരിക്കുക എന്നുവരുന്നത് ശരിയാണോ? പാർട്ടിയിൽ മറ്റുള്ളവർക്കും മത്സരിക്കാൻ അവസരം ലഭിക്കണം. എല്ലാ തിരഞ്ഞെടുപ്പിലും ഞാൻതന്നെ മത്സരിക്കുന്നതെന്തിനാണ്? മാത്രമല്ല, പാർട്ടിയിലെ എന്റെ റോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും പ്രസംഗിക്കുകയും മാത്രമല്ല. ഞാനൊരു സാധാരണ പാർട്ടിപ്രവർത്തകനായി പ്രവർത്തിക്കണം. ഒരു നേതാവിനെപ്പോലെ എപ്പോഴും പ്രസംഗിച്ചുനടക്കുകയല്ല ചെയ്യേണ്ടത്. ഞങ്ങൾ ഒരു നരേറ്റീവ് സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. അത് ജനാധിപത്യപരമായിരിക്കണം. സമഗ്രമായിരിക്കണം. അത് നമ്മുടെ സ്വഭാവത്തിലും പ്രതിഫലിക്കണം. അത് നമ്മുടെ പാർട്ടിഘടനയിലും പ്രാവർത്തികമാകണം. എന്റെ പാർട്ടി നൽകുന്ന നിർദേശമനുസരിച്ചാണ് ഞാൻ പ്രവർത്തിക്കുന്നത്. യോഗങ്ങൾക്ക് പോകുക, പരിസരം വൃത്തിയാക്കുക, കസേരയും മേശയും നിരത്തുക, സൗണ്ട് സിസ്റ്റം ഏർപ്പെടുത്തുക എന്നിവയും പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമാണ്. അത്തരത്തിൽ ജനാധിപത്യഘടനയും സമഗ്രതയും പാർട്ടിയിലുണ്ട്. എല്ലാ പ്രാവശ്യവും ഒരാൾതന്നെ മത്സരിക്കുക, മറ്റുള്ളവർക്ക് അവസരങ്ങൾ നൽകാതിരിക്കുക. അങ്ങനെയെങ്കിൽ നമ്മൾ മറ്റുപാർട്ടികളിൽനിന്ന് എങ്ങനെ വ്യത്യസ്തമാകും? ഞങ്ങൾ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിടിക്കറ്റുകൾ വിൽക്കാറില്ല. ആരാണ് സ്ഥാനാർഥി എന്നതിന് ഞങ്ങളുടെ രാഷ്ട്രീയസംവാദത്തിൽ ഒരു പ്രസക്തിയുമില്ല. പാർട്ടിയാണ് പ്രധാനം, നയങ്ങളാണ് പ്രധാനം. മറ്റൊരു തരത്തിലുമുള്ള ചർച്ചകൾക്ക് ഞങ്ങൾക്ക് താത്‌പര്യമില്ല.
തിരഞ്ഞെടുപ്പിൽ ഇടതു പാർട്ടികൾ ഉയർത്തുന്ന മുദ്രാവാക്യങ്ങളും ഉന്നയിക്കുന്ന വിഷയങ്ങളും എന്തൊക്കെയാണ് ?
ഒരു മുദ്രാവാക്യമല്ല ഇടതുപാർട്ടികൾ ഉയർത്തുന്നത്. ഒട്ടേറെ മുദ്രാവാക്യങ്ങളാണ്. ഇവയെ എല്ലാം ഒരുമിച്ചുചേർത്താണ് ഉന്നയിക്കുന്നത്. ബിഹാർ ബദ്‌ലാവ് (ബിഹാറിൽ മാറ്റം) എന്നതാണ് ഞങ്ങൾ ഉയർത്തുന്ന പ്രധാന മുദ്രാവാക്യം. ഇതിനായി സാധാരണക്കാരുടെ പ്രശ്നങ്ങൾ പഠിച്ചാണ് സമീപനരേഖ തയ്യാറാക്കിയിരിക്കുന്നത്. ഇത് ബിഹാറിൽ മാറ്റം കൊണ്ടുവരാനുള്ള പ്രതിജ്ഞയാണ്. ഈ വാക്ക് അപനിർമിക്കുകയാണെങ്കിൽ തൊഴിലില്ലായ്മ, പട്ടിണി, കുടിയേറ്റം, വിദ്യാഭ്യാസ പ്രശ്നങ്ങൾ, അഴിമതി തുടങ്ങി ജീവിതത്തിന്റെ വിവിധ പ്രശ്നങ്ങൾ കാണാൻ കഴിയും. സംസ്ഥാനത്തിന് സ്ഥിരമായ ഘടന വേണമെന്നതാണ് നമ്മുടെ ആവശ്യം. ഈ ഘടനയിലൂടെ നമുക്ക് സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയും. വ്യക്തികൾ പ്രധാനമല്ല, നേതാവ് പ്രധാനമല്ല. നയങ്ങളെക്കുറിച്ചുള്ള ധാരണകളാണ് പ്രധാനം. ബിഹാറിൽ റവന്യൂസംവിധാനം മുഴുവൻ പാടെ തകർന്നടിഞ്ഞു. ബിഹാർ പൂർണമായും കേന്ദ്ര സർക്കാരിന്റെ പാക്കേജിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. മാത്രമല്ല, കേന്ദ്രം അനുവദിക്കുന്ന പണം ഫലപ്രദമായി ഉപയോഗിക്കാൻപോലും ബിഹാർ സർക്കാരിന് സാധിക്കുന്നില്ല. പ്രതിസന്ധിക്കിടയിൽപ്പോലും എൺപതിനായിരം കോടി രൂപ ഉപയോഗിക്കാനാവാതെ കേന്ദ്രത്തിന് തിരിച്ചുകൊടുക്കേണ്ടി വന്നു! അപ്പോൾ എന്താണ് ബിഹാറിന്റെ പ്രശ്നം? ഇത് വ്യക്തികളുടെ പ്രശ്നമല്ല. ഇത് സമീപനത്തിന്റെ പ്രശ്നമാണ്. ബിഹാറിജനത ലോകം മുഴുവൻ ഉണ്ട്. അവരെല്ലായിടത്തും ജോലിയെടുക്കുന്നു. പ്യൂൺമുതൽ സെക്രട്ടറിതലം വരെ. അത്തരത്തിൽ തൊഴിൽ വൈവിധ്യത്തിന് ബിഹാറികൾ തയ്യാറാണ്. എന്നാൽ, അവർക്ക് അവസരങ്ങൾ നൽകുകയും തൊഴിലന്തരീക്ഷം ഒരുക്കുകയും വേണം. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം.
ലാലുഭരണത്തിന്റെ 15 വർഷവും നിതീഷിന്റെ 15 വർഷവും താരതമ്യപ്പെടുത്താനാണല്ലോ എൻ.ഡി.എ. ജനങ്ങളോട് ആവശ്യപ്പെടുന്നത്. അത് വോട്ടർമാരെ സ്വാധീനിക്കില്ലേ ?
ഇത് സമൂഹത്തെ പിന്നോട്ടുവലിക്കാനുള്ള ബി.ജെ.പി.യുടെ ശ്രമമാണ്. പിറകിലേക്ക് നടക്കാൻ ഞങ്ങൾക്ക് താത്‌പര്യമില്ല. മഹാസഖ്യം സംസാരിക്കുന്നത് ഭാവിയെക്കുറിച്ചാണ്. ഞങ്ങൾക്ക് ചർച്ചചെയ്യാനുള്ളത് പ്രതീക്ഷകളെക്കുറിച്ചാണ്. യുവാക്കൾ ഭാവിയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ, നമ്മൾ എന്തിനാണ് ഭൂതകാലത്തെക്കുറിച്ച് സംസാരിക്കുന്നത്? ബിഹാറിൽ ഇടതുപാർട്ടികൾ ഉണ്ട്. ഇടതുപാർട്ടികൾക്ക് വിപുലമായ അനുഭവപരമ്പരകൾ ഉണ്ട്. പ്രത്യേകിച്ച് കേരളം പോലയുള്ള സംസ്ഥാനങ്ങളിൽനിന്ന് പ്രവർത്തനപരിചയം നേടിയിട്ടുണ്ട്. സർക്കാരിനെ മുന്നോട്ട് കൊണ്ടുപോകേണ്ടത് എങ്ങനെയാണെന്ന് ഇടതുപാർട്ടികൾക്ക് അറിയാം. കോവിഡ് കാലത്തുപോലും കേരളത്തിലെ സർക്കാരിന്റെ പ്രവർത്തനം എല്ലായിടത്തും അഭിനന്ദിക്കപ്പെടുന്നു. പകർച്ചവ്യാധികളെ നേരിടുന്നതിൽ കേരളം ഒരു മാതൃകയാണ്.
ഉത്തർപ്രദേശിലെ ഹാഥ്‌റസ് സംഭവത്തിന് സമാനമാണ് മുസഫർപുരിലെ അനാഥാലയത്തിലെ പെൺകുട്ടികൾ നേരിടേണ്ടിവന്ന ക്രൂരത. ഈ സംഭവങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്നില്ലേ ?
പുരുഷകേന്ദ്രിതമായ സാമൂഹികവ്യവസ്ഥയും കുറ്റവാളികളെ സംരക്ഷിക്കുന്ന അധികാരകേന്ദ്രത്തിന്റെ നിലപാടുകളുമാണ് സ്ത്രീകൾക്കെതിരേയുള്ള അക്രമത്തിന്റെ പ്രധാന ഉത്തരവാദികൾ. സ്ത്രീസുരക്ഷ ഒരു രാഷ്ട്രീയ സംവാദവിഷയമാകണം. തിരഞ്ഞെടുപ്പ് ചർച്ചകളിലും രാജ്യത്തിന്റെ പൊതുരാഷ്ട്രീയ ചർച്ചകളിലും അതിന് വിപുലമായ ഇടം ലഭിക്കണം. ക്രമസമാധാന പ്രശ്നങ്ങൾ ബിഹാറിലെ എക്കാലത്തെയും ഏറ്റവും വലിയ വെല്ലുവിളിയാണ്. ഇവിടത്തെ സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തരം സാമൂഹികപ്രശ്നങ്ങൾ രൂപംകൊള്ളുന്നത്. കുറ്റകൃത്യങ്ങളെ നിയന്ത്രിക്കണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ, ശക്തമായ പോലീസ് സംവിധാനം ആവശ്യമാണ്. മറ്റൊരു പ്രധാനപ്പെട്ട വിഷയം പൗരബോധമാണ്. നിയമം അനുസരിക്കുന്ന പൗരന്മാരെ നിർമിക്കലാണ് പരമപ്രധാനം. സമൂഹം കൊടിയ ഒരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുമ്പോൾ നിങ്ങൾക്ക് അത്തരത്തിൽ ഒരു പൗരബോധം പ്രതീക്ഷിക്കാനാവില്ല. നല്ല വിദ്യാഭ്യാസം നൽകുക, ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുക, പോലീസ് പരിഷ്കരണം കൊണ്ടുവരുക.
ഈ മൂന്നുനാലു ഘടകങ്ങളുടെ പിന്തുണയോടെ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാൻ കഴിയും. അതിന് വളരെ വേഗത്തിലുള്ള ശ്രമം വേണം.
മഹാസഖ്യത്തെ നയിക്കുന്ന തേജസ്വി യാദവിന് പ്രവർത്തനപരിചയമില്ലെന്നും കാര്യശേഷിയില്ലെന്നും എൻ.ഡി.എ. പ്രചരിപ്പിക്കുന്നുണ്ടല്ലോ. ഇക്കാര്യത്തിൽ ഇടതുപാർട്ടികളുടെ നിലപാട് എന്താണ് ?
ഇത്തരം പ്രചാരണങ്ങളിലൊന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല. ജനങ്ങളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. അവസരം നൽകിയാൽമാത്രമേ ഒരാൾക്ക് കഴിവ് തെളിയിക്കാൻ കഴിയൂ. അതിനപ്പുറം ഇത്തരം കാഴ്ചപ്പാടുകൾ പരത്തുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല. ഇടതുപാർട്ടികൾക്ക് അത്തരം ചർച്ചകളിൽ താത്‌പര്യമില്ല.
തലമുറകളുടെ മാറ്റം ബിഹാറിലെ രാഷ്ട്രീയപ്പാർട്ടികളിൽ സംഭവിച്ചുകൊണ്ടിരിക്കയാണ്. പാർട്ടികളുടെ നേതൃത്വം യുവാക്കളിലേക്ക് കൈമാറപ്പെടുന്നു. ബിഹാറിൽ എഴുപതുകൾക്കുശേഷം വീണ്ടും യുവാക്കളുടെ രാഷ്ട്രീയം തിരിച്ചുവരികയാണോ?
തീർച്ചയായും ഇത് യുവാക്കളുടെ തിരഞ്ഞെടുപ്പാണ്. എന്നാൽ, യുവാക്കൾ സമൂഹത്തിന്റെ ഒരുവിഭാഗംമാത്രമാണ്. സമൂഹത്തിൽ മറ്റുജനവിഭാഗങ്ങളുമുണ്ട്. അതുകൊണ്ട് ഇടതുപാർട്ടികൾ സംസാരിക്കുന്നത് എല്ലാവിഭാഗം ജനങ്ങളെയുംകുറിച്ചാണ്. യുവാക്കൾ, സ്ത്രീകൾ, പാർശ്വവത്‌കരിക്കപ്പെട്ടവർ തുടങ്ങിയവരെക്കുറിച്ച്. ഇതോടൊപ്പം ഞങ്ങൾ പഴയ തലമുറയെയും കേൾക്കും. തീർച്ചയായും യുവാക്കളാണ് ഈ തിരഞ്ഞെടുപ്പിന്റെ മുഖം. തൊഴിലില്ലായ്മ ഉൾപ്പെടെ യുവാക്കളുടെ പ്രശ്നങ്ങൾ പ്രധാന ചർച്ചാവിഷയങ്ങളാണ്.
എങ്കിലും ജനങ്ങളുടെ മൊത്തം പ്രശ്നങ്ങളാണ് രാഷ്ട്രീയചർച്ചകളുടെ കേന്ദ്രബിന്ദുവാകേണ്ടതെന്നാണ് ഞങ്ങളുടെ നിലപാട്. അവിടെ വ്യക്തിയില്ല, മതമില്ല, ജാതിയില്ല. എല്ലാവരും ഇത്തരത്തിലുള്ള പഴഞ്ചൻ സമീപനങ്ങളിൽനിന്ന് സ്വയം മാറിനിൽക്കുക എന്നതാണ് പ്രധാനം. അതേസമയം, ബി.ജെ.പി. ഈ സംവാദത്തെ പിന്നിലേക്കുവലിക്കാൻ ശ്രമിക്കുന്നു. പഴയദശകങ്ങളിലേക്ക് സമൂഹത്തെ കൊണ്ടുപോകാനാണ് അവരുടെ ശ്രമം. പക്ഷേ, ഈ മോശം ഓർമകളിൽനിന്ന് നല്ല ഓർമകളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്‌ ബിഹാറിലെ യുവജനങ്ങൾ. എന്നാൽ, 1990-കളിലെ രാഷ്ട്രീയത്തിന്റെ അവസാനമാണോ ഇക്കുറി എന്നതാണ് നിങ്ങളുടെ ചോദ്യമെങ്കിൽ, അതെ, തൊണ്ണൂറുകളുടെ രാഷ്ട്രീയം അവസാനിച്ചു കഴിഞ്ഞു എന്നാണ് ഉത്തരം.
Content Highlight: Interview with kanhaiya kumar

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram