ഫയൽ ഫോട്ടോ| കേരള ഗവർണറായി ചുമതലയേറ്റ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി സ്വീകരിക്കുന്നു
ഭരണത്തില്‍ ഇടപെടരുതെന്ന് കണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ തിട്ടൂരം. മറുവശത്ത് സര്‍വകലാശാലകളില്‍ പാര്‍ട്ടി ഇടപെടല്‍ അസഹനീയമാണെന്ന് ഗവര്‍ണര്‍. എന്ത് ചെയ്യരുതെന്ന് പറയുന്നോ കൃത്യമായി അതുതന്നെ ചെയ്‌തെന്ന പരാതിയാണ് ഉയര്‍ന്നത്. രണ്ട് പേരും പറയുന്നത് ഒന്ന് തന്നെ. പക്ഷേ പ്രതി ആര്?. എവിടെയോ എന്തോ തകരാര്‍ പോലെ.
ഭിന്നതാത്പര്യം എന്നത് വലിയ പൊല്ലാപ്പാണ്. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന കാര്‍ഡ് സര്‍ക്കാരിനും സി.പി.എമ്മിനും ഇറക്കാവുന്നതാണ്. വൈരുധ്യാധിഷ്ഠിത ഭൗതികവാദം പോലെ വെറും താത്വിക വിശദീകരണം പോരാ. ഇടപെടരുതെന്ന് മുഖ്യമന്ത്രിയും ഇടപെടല്‍ പരിധി വിടുന്നുവെന്ന് ഗവര്‍ണറും പറഞ്ഞാല്‍ ആര്, എവിടെയൊക്കെ, എങ്ങനെ ഇടപെട്ടു എന്ന ചോദ്യമാണ് ജനം അന്വേഷിക്കുക. ഗവര്‍ണറുടെ ഉന്നം കൃത്യമായതിനാല്‍ അത് വെളിവാകാന്‍ ഇത് നിമിത്തമാകും.
ഗവര്‍ണര്‍ സര്‍ക്കാരിനെ അകപ്പെടുത്തിയ പ്രതിസന്ധിയുടെ ആഴം അത്ര ചെറുതല്ല. സമ്മേളനകാലത്താണ് ഈ വെടിപൊട്ടിച്ചിരിക്കുന്നത്. ലീഗുകാര്‍ക്ക് കണക്കിന് കൊടുത്തപോലെ ഗവര്‍ണര്‍ക്ക് കൊടുക്കാന്‍ മുഖ്യമന്ത്രിക്ക് തയ്യാറാകുമോ? പോര്‍മുഖം 'വിനയ'ത്തിന്റെ ഭാഷയിലാണ് ഗവര്‍ണര്‍ തുറന്നിരിക്കുന്നത്. ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ചാല്‍ എവിടെയെത്തും? ആര് സ്‌കോര്‍ ചെയ്യും? കത്തെഴുതിയ ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ കേന്ദ്രത്തിന് കത്തെഴുത്തുണ്ടാകുമോ?
കണ്ണൂരില്‍ മനസ്സാക്ഷിക്ക് വിരുദ്ധമായി തെറ്റിന് കൂട്ടുനിന്നു. തെറ്റ് ചെയ്തുവെന്ന് ചാന്‍സലര്‍ തന്നെ പറയുന്നു. അതിന് എന്ത് ന്യായം. അത് കാലടിയിലും ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്നും പറയുമ്പോള്‍ ആരോപണത്തിന്റെ ഗൗരവം ഏറുകയാണ്. പാര്‍ട്ടി താത്പര്യങ്ങള്‍ എന്തായിരുന്നു എന്ന ഫയല്‍ ആകും ഇനി തുറക്കപ്പെടുക. പൊതുജനം കൂടുതല്‍ കാര്യങ്ങള്‍ അറിയും. വി.സിയായി നിയമിക്കാന്‍ മൂന്നുപേരുടെ പേര് നിര്‍ദേശിക്കണം എന്നാണ് ചട്ടം. അതാണ് കീഴ്വഴക്കം. അപ്പോ അതില്‍ മെറിറ്റ് നോക്കി ഗവര്‍ണര്‍ തീരുമാനിക്കും. അല്ലെങ്കില്‍ സ്വന്തം താത്പര്യത്തിന് നറുക്ക് വീഴും.

ഗവര്‍ണര്‍ നിശ്ചയിക്കുന്ന മെറിറ്റാണ് പ്രശ്‌നം. വഴങ്ങുന്ന ഗവര്‍ണറാണെങ്കില്‍ ആ മൂന്നില്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്ന നോമിനിക്ക് തന്നെ നറുക്ക് വീഴും. അല്ലെങ്കില്‍ അത് നടക്കില്ല. സമീപകാലത്ത് സര്‍ക്കാര്‍ നല്‍കിയ പല പട്ടികയിലും മെറിറ്റ് നോക്കി ഗവര്‍ണര്‍ നീങ്ങിയപ്പോള്‍ ചില പദവികളില്‍ ഉദ്ദേശിച്ചവരല്ല വന്നത് എന്നാണ് കേള്‍വി. മൂന്നു പേരിന് പകരം ഒറ്റ പേര് മാത്രം നല്‍കിയാല്‍ ഗവര്‍ണര്‍ക്ക് വേറെ ഓപ്ഷനില്ല. അതാണ് കാലടിയില്‍ പരീക്ഷിച്ചത്.
കൈ കെട്ടിയിടാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് കണ്ണൂരില്‍ വഴങ്ങിയെങ്കില്‍ അത് ഒരു ശീലമാക്കേണ്ടെന്ന് വ്യക്തമാക്കുകയാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയതിലൂടെ ഗവര്‍ണര്‍. ഒറ്റ പേരിന് ഗവര്‍ണര്‍ ഓ.കെ പറഞ്ഞോളും എന്ന കണക്കുകൂട്ടലാണ് പൊളിഞ്ഞത്. ഇങ്ങനെയാണ് പോക്കെങ്കില്‍ എന്റെ പേരില്‍ വേണ്ട നിങ്ങള്‍ തന്നെ നേരിട്ട് ആയിക്കോളൂ എന്ന് പറയുമ്പോള്‍ ഒരു ഗവര്‍ണര്‍ക്ക് ഇതിലും മികച്ച രീതിയില്‍ രാഷ്ട്രീയമായി നീങ്ങാനാകില്ല എന്ന് പറയേണ്ടിവരും.
ഫയല്‍ മടക്കുക, ഒപ്പിടാന്‍ വിസമ്മതിക്കുക തുടങ്ങിയ കലാപരിപാടികളാണ് റബര്‍ സ്റ്റാമ്പ് അല്ലാതെ ഗവര്‍ണര്‍ കസേരയില്‍ ഇരുന്നവര്‍ പരമാവധി ചെയ്തിട്ടുള്ളത്. ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറായി നിയോഗിച്ചത് ബി.ജെ.പി. ഒന്നും കാണാതെയല്ല. പക്ഷേ ആ റോള്‍ ഇന്നലെകളില്‍ നിര്‍വഹിച്ചോ? അതോ ഇപ്പോ നിര്‍വഹിക്കുകയാണോ? നയപ്രഖ്യാപനം വായിച്ചും സര്‍ക്കാരിനെ വാഴ്ത്തിയും മധുവിധുകാലം അങ്ങനെ കടന്നുപോയി.
പൗരത്വ നിയമഭേദഗതിയില്‍ ഗവര്‍ണറും സര്‍ക്കാരും ഒന്നിടഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സുമായി ചെന്നപ്പോള്‍ ഒപ്പിടില്ലെന്ന് തീര്‍ത്ത് പറഞ്ഞു. വേണേൽ നിയമസഭ കൂടി നിയമം കൊണ്ടുവരാന്‍ പറഞ്ഞപ്പോള്‍ സര്‍ക്കാരിന് വേറെ വഴിയില്ലാതായി. ചാന്‍സലര്‍ കസേര മുഖ്യമന്ത്രിക്ക് തീറെഴുതുന്ന ഓര്‍ഡിനന്‍സുമായി വന്നാല്‍ ഒപ്പിട്ടേക്കാം എന്നും പറഞ്ഞ സ്ഥിതിക്ക്. അത് അറ്റകൈ പ്രയോഗമാണ്. വൈദ്യന്‍ ഇച്ഛിച്ചതും രോഗി കല്‍പിച്ചതും ഒന്ന് എന്നപോലെ ഇതൊരു അവസരമായി സര്‍ക്കാരിന് പരീക്ഷിച്ച് നോക്കാവുന്നതാണ്. മാനക്കേടും തിരിച്ചടിയും ഒന്നും ചിന്തിക്കാതെ ചാന്‍സ് ഉപയോഗിക്കാന്‍ ഇതിലും നല്ല അവസരമില്ല.
രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷം നേരിടുന്ന ആദ്യ വെല്ലുവിളിയാണിത്. ഭരണഘടനാപരമായി നോക്കിയാല്‍ ഭരണത്തലവന്‍ തന്നെ സര്‍ക്കാരിന്റെ കുറ്റപത്രം വായിക്കുന്നതിന് സമമായി കാര്യങ്ങള്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കം തന്നെ ഇ.പി. ജയരാജന്റെ രാജിയോടെയായിരുന്നു. ബന്ധുനിയമനം പകല്‍പോലെ വ്യക്തമായപ്പോ രാജി ചോദിച്ച് വാങ്ങിയ അതേ പിണറായി തന്നെയാണ് ഇപ്പോഴും ഭരിക്കുന്നത്. 'അഗ്നിശുദ്ധി' വരുത്തി ജയരാജന്‍ തിരികെ മന്ത്രിയായി. പ്രളയവും കോവിഡും വന്നു. എന്നും എപ്പോഴും ധാര്‍മ്മിതകയില്‍ ആശ്രയിക്കാനാകില്ലല്ലോ. ബന്ധുനിയമനത്തില്‍ തുടങ്ങി സ്ഥിരപ്പെടുത്തല്‍ മാമാങ്കത്തിലാണ് ഒന്നാം ടേം അവസാനിപ്പിച്ചത്. രണ്ടാം ടേമില്‍ അത് കുറച്ചുകൂടി ഊര്‍ജസ്വലമായി തുടരുന്നു. ഭരണത്തുടര്‍ച്ചയല്ലേ. ഇതേ കാലടി സര്‍വകലാശാലയില്‍ ഇപ്പോഴത്തെ സ്പീക്കര്‍ എം.ബി. രാജേഷിന്റെ ഭാര്യയുടെ നിയമനം ഉണ്ടാക്കിയ വിവാദം അന്തരീക്ഷത്തിലുള്ളപ്പോഴാണ് അതേ സ്ഥലത്ത് ഇഷ്ടക്കാരനെ വി.സിയാക്കാനുള്ള കളി ഗവര്‍ണര്‍ മുടക്കിയിരിക്കുന്നത്.
ഇതിനിടയില്‍ ഷിജു ഖാന് ചട്ടം മറികടന്ന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് നല്‍കി കണ്ണൂര്‍ സര്‍വകലാശാലയില്‍ കുടിയിരുത്താന്‍ നോക്കുന്നുവെന്ന് പറഞ്ഞ് മറ്റൊരു വിവാദം തലപൊക്കി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാഗേഷിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിക്കാന്‍ അണിയറനീക്കം നടക്കുന്നുവെന്ന് പറഞ്ഞ് പ്രതിപക്ഷം പ്രതിഷേധത്തിനിറങ്ങിയത് ഏതാനും ദിവസം മുമ്പാണ്. ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിച്ചത് ഹൈക്കോടതി തടഞ്ഞിട്ട് അധികകാലമായിട്ടില്ല. കാലിക്കറ്റിലും വി.സി നിയമനം വൈകിപ്പിച്ച് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത കെ.എം സീതിയുടെ നിയമനം ഗവര്‍ണര്‍ തടഞ്ഞതും അധികകാലം മുമ്പല്ല
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള മധുവിധു കാലം ഏതായാലും കഴിഞ്ഞിരിക്കുന്നു, ഇപ്പോഴത്തെ കത്തോടെ. ഇനി മുഖ്യമന്ത്രിയുടെ മറുപടിയാണ് നിര്‍ണായകം. കത്ത് കിട്ടിയ പാടെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ചിട്ടും ഗവര്‍ണര്‍ വഴങ്ങിയില്ല. തെറ്റിദ്ധാരണ മാറ്റാന്‍ ചെന്ന ധനമന്ത്രി ബാലഗോപാലും വെറും കയ്യോടെ മടങ്ങി. കാലടിയില്‍ കീഴടങ്ങി സര്‍ക്കാര്‍ വഴങ്ങുമോ? അതോ ഗവര്‍ണര്‍ മെരുങ്ങുമോ? രാഷ്ട്രീയ കണിയാന്മാര്‍ക്ക് സുവര്‍ണാവസരം വരികയാണ്.
Content Highlights: Governor Arif muhammad khan, pinarayi government