മതതീവ്രവാദികളും മാവോവാദികളും ബംഗാളില്‍ മഹാസഖ്യമുണ്ടാക്കി, ഇപ്പോള്‍ കേരളത്തിലുമായി: പി. മോഹനന്‍


2 min read
Read later
Print
Share

മുസ്‌ലിംതീവ്രവാദസംഘടനകൾ വിത്തും വളവും നൽകി മാവോവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി സി.പി.എം. കോഴിക്കോട്‌ ജില്ലാ സെക്രട്ടറി പി. മോഹനൻ. മുസ്‌ലിം തീവ്രവാദസംഘടനകൾ എന്നതുകൊണ്ട് എൻ.ഡി.എഫ്., പോപ്പുലർഫ്രണ്ട് എന്നിവരെയാണ് ഉദ്ദേശിച്ചത്. പാർട്ടിയിൽ ഇതേച്ചൊല്ലിരണ്ടഭിപ്രായമുണ്ടെന്ന മാധ്യമങ്ങളുടെ നിരീക്ഷണം ശരിയല്ല. ഒരുതുറന്ന നിലപാടിലേക്ക് നീങ്ങാനിടയായ സാഹചര്യം പി. മോഹനൻ മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസുമായി പങ്കുവെക്കുന്നു

മാവോവാദികൾക്ക് ഇസ്‌ലാംതീവ്രവാദസംഘടനകൾ സഹായം നൽകുന്നുവെന്ന പരാമർശത്തിന് എന്താണ് ആധാരം.

മാവോവാദി നേതാവ് ഗണപതി ബി.ബി.സി.ക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം തുറന്നുസമ്മതിക്കുന്നുണ്ട്. ഇസ്‌ലാമിക വിപ്ലവത്തിലാണ് ഇന്ത്യയിൽ ഇനി പ്രതീക്ഷയർപ്പിക്കുന്നത്. മുസ്‌ലിംതീവ്രവാദികൾ സാമ്രാജ്യത്വവിരുദ്ധരാണെന്നതുകൊണ്ടാണ് ഈ സഹകരണത്തെ ഗണപതി ന്യായീകരിക്കുന്നത്. ഭരണകൂടഭീകരതയ്ക്കെതിരേ എന്ന പേരിൽ നടക്കുന്ന പലപരിപാടികളിലും ഇത്തരം സംഘടനകൾ സഹകരിച്ചുപ്രവർത്തിക്കുന്നത് കാണാം. ഇത്തരം ബാനറുകളിൽ മാവോവാദികളും മുസ്‌ലിംതീവ്രവാദികളും ഒന്നിക്കുന്നുണ്ട്.
സി.പി.എം. കേന്ദ്രനേതൃത്വത്തിന് ഈ വിഷയത്തിൽ വ്യത്യസ്തനിലപാടാണല്ലോ ഉള്ളത്.
കേന്ദ്രനിലപാടുമായി ഒരുവിധത്തിലുമുള്ള വൈരുധ്യമില്ല. കോഴിക്കോട്ടുനിന്നുള്ള പ്രത്യേകമായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഞാൻ അഭിപ്രായപ്പെട്ടത്. ഇത് പാർട്ടിയുടെ പൊതുവായ കാഴ്ചപ്പാട് തന്നെയാണ്. ഇത്തരം ഒരു ഗൗരവമായ പ്രശ്നം പൊതുസമൂഹത്തിനുമുന്നിൽ കൊണ്ടുവരുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിച്ചത്. ദേശീയമായ സാഹചര്യത്തിലാണ് കേന്ദ്രനേതൃത്വം നിലപാട് പറയുന്നത്. അതുകൊണ്ട് ഇതിൽ ഒരു ഭിന്നതയുമില്ല.
മാവോവാദികളും മതതീവ്രവാദികളും കൈകോർക്കുന്നതിന് എന്തെങ്കിലും നേരിട്ടുള്ള തെളിവ് ലഭിച്ചിട്ടുണ്ടോ.
പഴയ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ചിലരെങ്കിലും തീവ്രവാദസംഘടനകളുടെ നേതൃസ്ഥാനത്തുണ്ട്. തീവ്രവാദവുമായി ബന്ധപ്പെട്ടുനിൽക്കുന്ന ട്രേഡ് യൂണിയന്റെ നേതാവാണ് ഗ്രോവാസു. കേരളത്തിന്റെ പലഭാഗത്തും പഴയ നക്സൽ ബന്ധമുള്ളവർ തീവ്രവാദസംഘടനകളുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
താങ്കളുടെ നിലപാടിനെതിരേ മുസ്‌ലിംലീഗ് ശക്തമായി രംഗത്തുവരുകയും ബി.ജെ.പി. സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ടല്ലോ.
മുസ്‌ലിം തീവ്രവാദസംഘടനകൾ എന്നതുകൊണ്ട് സി.പി.എം. ഉദ്ദേശിച്ചത് പോപ്പുലർഫ്രണ്ട്, എൻ.ഡി.എഫ്. എന്നിവരെയാണ്. മഹാഭൂരിപക്ഷം വരുന്ന മുസ്‌ലിം വിശ്വാസികൾ വർഗീയതയ്ക്കും തീവ്രവാദത്തിനും എതിരാണ്. ചെറിയൊരുവിഭാഗം മാത്രമേ തീവ്രവാദപ്രവർത്തനത്തിൽ ഏർപ്പെടുന്നുള്ളൂ. ഇവരെ കുറ്റം പറയുമ്പോൾ എന്തിനാണ് മുസ്‌ലിംലീഗ് വിറളികൊള്ളുന്നത്. യഥാർഥത്തിൽ മുസ്‌ലിംലീഗ് ഇത്തരംസംഘടനകളെ സംരക്ഷിക്കുന്ന നിലപാടാണ് എടുക്കുന്നത്. പോപ്പുലർഫ്രണ്ട്, എൻ.ഡി.എഫ്. സംഘടനകളോടുള്ള ലീഗിന്റെ നിലപാട് എന്താണെന്ന് അവർ ആദ്യം വ്യക്തമാക്കണം. ഹിന്ദുതീവ്രവാദത്തെ ഏറ്റവും ശക്തമായി എതിർക്കുന്നത് ഇടതുപക്ഷമാണ്. അതുകൊണ്ട് ബി.ജെ.പി. ഇക്കാര്യത്തിൽ പിന്തുണയ്ക്കുന്നതിനെ ഗൗരവമായി കാണുന്നില്ല.
മുസ്‌ലിം ജനവിഭാഗത്തിലുള്ള അരക്ഷിതാവസ്ഥ കൊണ്ടാണോ ചിലർ തീവ്രവാദസംഘടനകളുടെ വഴിയിൽ പോവുന്നത്.
മതന്യൂനപക്ഷത്തിന്റെ അവകാശം സംരക്ഷിക്കാൻ മതനിരപേക്ഷപ്രസ്ഥാനത്തിന്റെ ഭാഗമായിനിന്ന് പ്രവർത്തിക്കുകയാണ് വേണ്ടത്. അരക്ഷിതാവസ്ഥയ്ക്കുപരിഹാരം തീവ്രവാദസംഘടനകളല്ല എന്നവർ തിരിച്ചറിയണം.
മതതീവ്രവാദികളും മാവോവാദികളും ഒന്നിക്കുന്നതിനുപിന്നിലെ ലക്ഷ്യം എന്താണ്.
ബംഗാളിൽ ഇവർ മഹാസഖ്യം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ ഇവർ കേരളത്തിലാണ് പ്രവർത്തനം കേന്ദ്രീകരിക്കുന്നത്. ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുകയെന്നതാണ് ഇവരുടെ ലക്ഷ്യം.
അലനും താഹയ്ക്കും മതതീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് കരുതുന്നുണ്ടോ.
രണ്ട് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തത് മാവോവാദി ബന്ധം ആരോപിച്ചാണ്. ഇവർക്ക് മുസ്‌ലിംതീവ്രവാദസംഘടനകളുമായി എന്തെങ്കിലും ബന്ധമുള്ളതായി കരുതുന്നില്ല.
യുവാക്കൾക്കെതിരേ പാർട്ടിതല നടപടി കൈക്കൊണ്ടിട്ടുണ്ടോ.
പാർട്ടിനയസമീപനത്തിന് നിരക്കാത്ത ഏതെങ്കിലും പ്രസ്ഥാനവുമായി ഇവർ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ഇരുവരും ഇപ്പോൾ ജയിലിലാണ്. ഇവരുടെ ഭാഗം കൂടി കേൾക്കേണ്ടതുണ്ട്. സാവകാശമായും അവധാനതയോടും കൂടി മാത്രമേ ഇക്കാര്യത്തിൽ നടപടി ഉണ്ടാവുകയുള്ളൂ.
മാവോവാദികൾക്ക് മുസ്‌ലിംതീവ്രവാദികൾ സഹായം നൽകുന്നകാര്യത്തെക്കുറിച്ച് അറിവില്ലെന്നാണല്ലോ സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനംരാജേന്ദ്രൻ പറഞ്ഞത്.
കേരളത്തിലെ ഇടതുപക്ഷത്തിന്റെ മുതിർന്ന നേതാവാണ് കാനം. അദ്ദേഹം എന്റെ നിലപാടിന് എതിരായി ഒന്നും പറഞ്ഞിട്ടില്ല. ഇതേക്കുറിച്ച് ആവശ്യമെങ്കിൽ ആശയവിനിമയം നടത്തി വ്യക്തത വരുത്തും.
Content Highlights: exclusive interview with cpm kozhikode district secretary p mohanan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram