-
മോദി-ട്രംപ് സംയുക്ത പത്രസമ്മേളനം കഴിഞ്ഞ് മിനിറ്റുകൾക്കകം ട്രംപിന്റെ സന്ദർശനവാക്കുകൾ മാധ്യമങ്ങളിൽനിന്ന് അപ്രത്യക്ഷമാക്കുന്നതരത്തിൽ ഡൽഹിയിലെ പ്രക്ഷോഭങ്ങൾ ആളിക്കത്തിയെന്നതായിരുന്നു ട്രംപ് സന്ദർശനത്തിന്റെ അപരകോടിയായി ഭവിച്ചത്. ഡൽഹിയിലെ സംഘർഷവും രക്തച്ചൊരിച്ചിലും ട്രംപിന്റെ സന്ദർശനനേട്ടങ്ങൾക്ക് മങ്ങലേൽപ്പിച്ചു. അതുതന്നെയായിരുന്നു സമരക്കാരുടെ ഉദ്ദേശ്യവും.
ജനശ്രദ്ധ ട്രംപിന്റെ സന്ദർശനത്തിൽനിന്ന് മാറിപ്പോയെങ്കിലും ആ സന്ദർശനത്തിന്റെ പ്രാധാന്യവും ഇരുരാജ്യവും തമ്മിലുണ്ടായ പുതിയ സൗഹൃദത്തിന്റെ സന്ദേശവും ലോകരാജ്യങ്ങൾ അംഗീകരിക്കുമെന്നുള്ളതാണ് സത്യം.
പ്രതിരോധ സഹകരണവും വ്യാപാരക്കരാറും
പ്രതീക്ഷിച്ചതുപോലെത്തന്നെ ഈ പങ്കാളിത്തത്തിന്റെ പ്രധാന ഘടകം പ്രതിരോധകാര്യങ്ങളാണ്. 1916-ൽ തീരുമാനിച്ച ‘അടുത്ത പ്രതിരോധപങ്കാളിത്തത്തിന് ട്രംപ് വന്നതിനുശേഷം മങ്ങലുണ്ടായിരുന്നു. എന്നാൽ, പ്രതിരോധസഹകരണത്തിന് ഏറ്റവും വലിയ പ്രാധാന്യം നൽകാനാണ് ഇരുരാജ്യവും ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ വാങ്ങുന്ന ഹെലികോപ്‌റ്റർ കൂടാതെ പ്രതിരോധസഹകരണത്തിന് ആവശ്യമായ കരാറുകൾ പ്രാബല്യത്തിൽ കൊണ്ടുവരുകയും അതുവഴി ഏറ്റവും വികസിതമായ ആയുധങ്ങൾ ഇന്ത്യക്ക് വാങ്ങാനുള്ള അവസരം നൽകുകയുംചെയ്യുമെന്ന് രണ്ടുനേതാക്കളും പ്രഖ്യാപിച്ചു. രണ്ടുസൈന്യത്തിനും ഒന്നിച്ചുപ്രവർത്തിക്കാനുള്ള അവസരവും പുതിയ കരാറുകൾകൊണ്ടുണ്ടാകും.
വ്യാപാരക്കരാറിന്റെ കാര്യത്തിലും പുരോഗതിയുണ്ടായിട്ടുണ്ടെന്നും ഇതുവരെയുണ്ടായ ധാരണകൾ ഒരു കരാറിന്റെ രൂപത്തിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അടുത്തകാലത്തുതന്നെ സമഗ്രമായ വ്യാപാരക്കരാർ ഉണ്ടാകുമെന്നും സംയുക്ത സമ്മേളനത്തിൽ വ്യക്തമായി. വ്യാപാരത്തിലുണ്ടായ വർധന രണ്ടുനേതാക്കളും ചൂണ്ടിക്കാട്ടി. വ്യാപാരം വർധിപ്പിക്കുന്നത് ഊർജകാര്യങ്ങളിലാണെന്നും ഈ മാറ്റം അമേരിക്കയിൽനിന്നുള്ള ഇറക്കുമതി ഇനിയും വർധിപ്പിക്കുകയും ചെയ്യും. ഇവയെല്ലാം സൂചിപ്പിക്കുന്നത് വ്യാപാരക്കരാറിന് വലിയ സാധ്യതകളുണ്ടെന്നതാണ്.
ഭീകരവാദവും കുടിയേറ്റവും
ഭീകരവാദത്തിന്റെ കാര്യത്തിൽ യോജിച്ചുപ്രവർത്തിക്കാനുള്ള തീരുമാനം രണ്ടുനേതാക്കളും ആവർത്തിച്ചു. ഇതിൽക്കൂടുതലായി പാകിസ്താന്റെ കാര്യത്തിൽ പ്രസ്താവനകൾ ഉണ്ടാകാത്തത് ആശ്വാസമായി.
അമേരിക്കയിലെ ഇന്ത്യക്കാരെപ്പറ്റിയുള്ള ട്രംപിന്റെ പരാമർശങ്ങൾ, ഇന്ത്യൻ കുടിയേറ്റത്തിന്റെ കാര്യത്തിൽ നിയന്ത്രണമുണ്ടാകുകയില്ല എന്നായിരുന്നു. ഇന്ത്യൻ കുടിയേറ്റക്കാർ അമേരിക്കയ്ക്കുനൽകിയ സംഭാവനകൾ വളരെ വിലയേറിയതാണെന്ന് അദ്ദേഹം പറഞ്ഞു.
എച്ച്1 ബി വിസയുടെ കാര്യത്തിൽ ഇന്ത്യക്ക് പ്രയാസമുണ്ടാകുന്ന തരത്തിൽ ഒന്നും ചെയ്യില്ലെന്നും ഇന്ത്യക്കാരുടെ സംഭാവനകൾ അമൂല്യമാണെന്നും അദ്ദേഹം ആവർത്തിച്ചിട്ടുണ്ട്.
ട്രംപിന്റെ ഇന്ത്യസന്ദർശനം അദ്ദേഹത്തിനെ വരുന്ന തിരഞ്ഞെടുപ്പിൽ സഹായിക്കുമെങ്കിലും അമേരിക്കയിൽ വോട്ടവകാശമുള്ള ഇന്ത്യക്കാർ ഒരു ശതമാനംമാത്രമാണ്. അവരിൽ 56 ശതമാനം പേരും ട്രംപിന് വോട്ടുചെയ്യുന്നവരാണ്. അതിനാൽ അദ്ദേഹത്തിന്റെ ഇന്ത്യസന്ദർശനം തിരഞ്ഞെടുപ്പിൽ വ്യത്യാസംവരുത്തുമെന്ന് പറയാനാകില്ല.
പൗരത്വവിഷയം മിണ്ടാതെ
കശ്മീരിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ ട്രംപ് പക്ഷേ, പൗരത്വ നിയമത്തെപ്പറ്റി പരസ്യമായി സംസാരിച്ചില്ല. ഡൽഹിയിലെ പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭങ്ങളെപ്പറ്റിയുള്ള ചോദ്യത്തിന് ട്രംപ് മറുപടി നൽകിയില്ല. മോദി മതസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ചർച്ചകളിലുണ്ടായ നേട്ടങ്ങൾ സ്വീകരണത്തിന്റെ ഊഷ്മളതയെപ്പോലെത്തന്നെ ഇരുരാജ്യത്തിനും പ്രയോജനകരമാണെന്നുതന്നെയാണ്. ഇന്ത്യ-അമേരിക്കൻ ബന്ധം ഇതുവരെയുണ്ടായിരുന്നതിനെക്കാൾ രണ്ടുമടങ്ങിൽ എത്തിയിരിക്കുന്നുവെന്നാണ് രണ്ടുനേതാക്കളുടെയും വിലയിരുത്തൽ. പ്രതിരോധവ്യാപാരംമുതൽ ആരോഗ്യവും സാങ്കേതികവിദ്യയും ഉന്നതവിദ്യാഭ്യാസംവരെയുള്ള എല്ലാ മേഖലയിലും സഹകരണം വർധിക്കുമെന്ന് തീർച്ചയാണ്. ട്രംപിന്റെ ഇനിയുള്ള എട്ടുമാസത്തെ കാലാവധിയിലും ഒരുപക്ഷേ അതിനുശേഷമുള്ള നാലുവർഷവും ഇന്ത്യ-അമേരിക്ക ബന്ധങ്ങൾ ഇരുരാജ്യത്തിനും ലോകസമാധാനത്തിനും സഹായകമായിരിക്കുമെന്ന സൂചനകളാണ് ട്രംപിന്റെ സന്ദർശനവും അദ്ദേഹത്തിന് നൽകിയ സ്വീകരണവും നൽകുന്നത്.
(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ വിദേശകാര്യ പ്രതിനിധിയായിരുന്നു ലേഖകൻ)
Content Highlights: Donald Trump India visit