ബർലിൻ കുഞ്ഞനന്തൻ നായർ അനുഭവങ്ങളുടെ കടൽ


രാധാകൃഷ്ണൻ പട്ടാന്നൂർ

2 min read
Read later
Print
Share

ബർലിൻ കുഞ്ഞനന്തൻ നായർ |Photo:mathrubhumi

അനുഭവങ്ങളായിരുന്നു ബർലിൻ കുഞ്ഞനന്തൻ നായർ എന്ന പത്രപ്രവർത്തകന്റെയും കമ്യൂണിസ്റ്റുകാരന്റെയും ഏറ്റവും വലിയ മൂലധനം. ചരിത്രത്തോട്‌ മുഖാമുഖം നോക്കിനിൽക്കുന്ന അനുഭവങ്ങൾ

ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സോഷ്യലിസ്റ്റ് ലോകത്തിന്റെയും ഇടനാഴികളിലൂടെ കുഞ്ഞനന്തൻ നായരെപ്പോലെ സഞ്ചരിച്ച മറ്റൊരാൾ ഇന്ത്യയിലുണ്ടായിരുന്നില്ല. 1962 ജനുവരി മുതൽ 1992 വരെ, മൂന്നുപതിറ്റാണ്ട്‌ കറഞ്ചിയയുടെ പത്രാധിപത്യത്തിലുള്ള ബ്ലിറ്റ്‌സ് വാരികയുടെയും ദേശാഭിമാനി ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് പത്രങ്ങളുടെയും യൂറോപ്യൻ ലേഖകനായി ജർമൻ തലസ്ഥാനമായ ബർലിൻ കേന്ദ്രീകരിച്ച് അദ്ദേഹം പ്രവർത്തിച്ചു.
ലോക സോഷ്യലിസ്റ്റ് നേതാക്കളുമായി അടുത്ത സമ്പർക്കംപുലർത്താനും സോവിയറ്റ് യൂണിയനിലെയും തുടർന്ന് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ ജയാപചയങ്ങൾ നേരിട്ടുകാണാനും സാധിച്ച വ്യക്തി.

ജർമനിയിലേക്ക്‌
ബർലിൻ മതിലാണ് കുഞ്ഞനന്തൻനായരെ ജർമനിയിൽ എത്തിച്ചത്. ബർലിൻ നഗരത്തെ നെടുകെ വിഭജിച്ചുകൊണ്ട് ഇരു ജർമനിയെയും വേർതിരിക്കുന്നതിന് 1961 ഓഗസ്റ്റ് 13-ന് അർധരാത്രിയാണ് പതിനായിരക്കണക്കിന് ജനങ്ങൾ ചേർന്ന് ഈ കൂറ്റൻമതിൽ കെട്ടിപ്പൊക്കിയത്. ഒരു രാജ്യത്തിന്റെ ഭാഗമായി ജീവിച്ച ജനതയെ വൻമതിൽകൊണ്ട് വേർതിരിച്ചതിനെതിരേ പടിഞ്ഞാറൻ മാധ്യമങ്ങൾ വൻ പ്രചാരവേലയാരംഭിച്ചു. ഇതിന് മറുപടി പറയാനും ഇക്കാര്യത്തിൽ സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ നിലപാട് പ്രചരിപ്പിക്കാനും ഇന്ത്യയിൽനിന്ന് ഒരാളെ ജർമനിയിലേക്ക് അയക്കണമെന്ന കിഴക്കൻ ജർമൻ സോഷ്യലിസ്റ്റ് ഭരണത്തലവൻ വാൾട്ടർ ഉൾബ്രിറ്റിന്റെ നിർദേശമനുസരിച്ച് ഇന്ത്യൻ കമ്യൂണിസ്റ്റുപാർട്ടി ജനറൽ സെക്രട്ടറി അജയഘോഷിന്റെ ആവശ്യപ്രകാരമാണ് കുഞ്ഞനന്തൻ നായർ ബർലിനിലെത്തുന്നത്. അങ്ങനെയാണ് പി.കെ. കുഞ്ഞനന്തൻ നായർ ബർലിൻ കുഞ്ഞനന്തൻ നായരാവുന്നത്.
പതിമ്മൂന്നാം വയസ്സുമുതൽ ബാലസംഘത്തിലും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെ രഹസ്യസംഘടനയിലും, പാർട്ടിയെ നിയമവിധേയമാക്കിയശേഷം കേന്ദ്രകമ്മിറ്റി ഓഫീസിലും പ്രവർത്തിച്ചുവരികയായിരുന്നു കുഞ്ഞനന്തൻ നായർ. 1957-ൽ ഇ.എം.എസ്. മുഖ്യമന്ത്രിയായ സമയത്ത് അദ്ദേഹത്തിന്റെ പാർട്ടിതലസെക്രട്ടറിയായും 1961-ലെ അമരാവതി സത്യാഗ്രഹകാലത്ത് എ.കെ.ജി.യുടെ സെക്രട്ടറിയായും പ്രവർത്തിച്ചു.

സ്റ്റാലിനയച്ച മുങ്ങിക്കപ്പൽ
2000-’01ൽ മുതിർന്ന പത്രപ്രവർത്തകരുടെ അനുഭവങ്ങൾ ചേർത്ത് ‘എഡിറ്റേഴ്‌സ് ഡെസ്ക്’ എന്ന പുസ്തകം തയ്യാറാക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ചില അനുഭവങ്ങൾ പങ്കുവെച്ചത്.
ഇതിലൊന്നാണ് 1950 ഡിസംബറിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നാല്‌ ദേശീയനേതാക്കളെ (അജയഘോഷ്, എസ്.എ. ഡാങ്കെ, സി. രാജേശ്വരറാവു, എം. ബസവ പുന്നയ്യ) കൊൽക്കത്ത തുറമുഖത്തുനിന്ന്, സ്റ്റാലിൻ അയച്ച മുങ്ങിക്കപ്പലിൽ അതിരഹസ്യമായി സോവിയറ്റ് യൂണിയനിലേക്ക് കൊണ്ടുപോയ സംഭവം. 1948-ലെ കൊൽക്കത്ത തീസീസ് പരാജയപ്പെടുകയും തെലങ്കാന സായുധകലാപം ഇന്ത്യൻ സൈന്യം അടിച്ചമർത്തുകയും ചെയ്തശേഷം ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് പുതിയ പരിപാടി തയ്യാറാക്കുന്നതിന് സോവിയറ്റ് നേതാവ് സ്റ്റാലിനുമായി ചർച്ചനടത്തുന്നതിനായിരുന്നു ഈ നേതാക്കളെ കൊണ്ടുപോയത്. സോവിയറ്റ് യൂണിയന് ഇന്ത്യാസർക്കാരുമായുള്ള സൗഹൃദത്തിന് മങ്ങലേൽക്കാതിരിക്കാനാണ് സ്റ്റാലിൻ ഇത്തരമൊരു മാർഗം സ്വീകരിച്ചത്. നേതാക്കളെ സോവിയറ്റ് മുങ്ങിക്കപ്പലിൽ യാത്രയയക്കാൻപോയ രണ്ടുപേരിൽ ഒരാളായിരുന്നു കുഞ്ഞനന്തൻ നായർ. മറ്റൊരാൾ മറ്റൊരു പ്രമുഖ പത്രപ്രവർത്തകൻ നിഖിൽ ചക്രവർത്തി. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും നിഗൂഢമായ രഹസ്യങ്ങളിലൊന്നാണ് ഈ സംഭവം. ഒരിക്കൽ ഇക്കാര്യം തുറന്നെഴുതാൻ അനുമതി തേടിയെങ്കിലും കുഞ്ഞനന്തൻനായരെ ഇ.എം.എസ്. വിലക്കുകയായിരുന്നു. പിന്നീട് പൊളിച്ചെഴുത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram