വിശ്വസുന്ദരി പ്രഖ്യാപനമാണ് വേദി. അമേരിക്കയിലെ ലാസ് വേഗാസില്‍ ഡിസംബര്‍ 20ന് നടന്ന മത്സരം കണ്ണീരിലും വിവാദത്തിലും കുതിര്‍ന്നു. കൊളംബിയക്കാരി അരീഞ്ഞ ഗുറ്റിരീസിനെയാണ് ആദ്യം വിശ്വസുന്ദരിയായി പ്രഖ്യാപിച്ചത്. കിരീടം തലയില്‍വെച്ച് അരീഞ്ഞ സന്തോഷക്കണ്ണീര്‍ പൊഴിക്കവെയാണ് തനിക്ക് തെറ്റുപറ്റിയതായി അവതാരകന്‍ സ്റ്റീവ് ഹാര്‍വെ പറയുന്നത്. ഫിലിപ്പീന്‍സുകാരി പിയ അലന്‍സോയായിരുന്നു യഥാര്‍ഥ വിശ്വസുന്ദരി. തുടര്‍ന്ന് അരീഞ്ഞ അണിഞ്ഞ കിരീടം തിരിച്ചുവാങ്ങി അലന്‍സോയ്ക്ക് നല്‍കി.
ചീഫ് സെക്രട്ടറി നിയമനത്തെച്ചൊല്ലി ഡല്‍ഹി ലഫ്.ഗവര്‍ണര്‍ നജീബ് ജങ്ങും ആംആദ്മി സര്‍ക്കാറും തമ്മിലുള്ള തര്‍ക്കമാണ് ദേശീയതലത്തില്‍ വര്‍ഷാദ്യത്തില്‍ ഉയര്‍ന്ന പ്രധാനവിവാദം. സംസ്ഥാനസര്‍ക്കാറിന്റെ ഉദ്യോഗസ്ഥ നിയമനങ്ങളെല്ലാം റദ്ദാക്കിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഗവര്‍ണര്‍ കത്തയച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്.
മാഗി നൂഡില്‍സ് നിരോധനമാണ് മറ്റൊന്ന്. അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ഈയത്തിന്റെ അളവ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മാഗി നിരോധിച്ചത്. ഇന്ത്യ തിരച്ചില്‍ നോട്ടീസ് ഇറക്കിയ ഐ.പി.എല്‍. വിവാദ നായകന്‍ ലളിത് മോദിക്ക് ബ്രിട്ടീഷ് വിസ ലഭിക്കാന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ശ്രമിച്ചെന്ന ആരോപണവും ഉണ്ടാക്കിയ ബഹളങ്ങള്‍ ചില്ലറയല്ല.
കന്നഡ എഴുത്തുകാരന്‍ എം.എം. കല്‍ബുര്‍ഗി, സി.പി.ഐ. നേതാവ് ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകം വന്‍ പ്രതിഷേധത്തിനിടയാക്കി. പിന്നില്‍ സംഘപരിവാര്‍ ശക്തികളാണെന്നായിരുന്നു ആരോപണം. പാകിസ്താന്‍ മുന്‍മന്ത്രി ഖുര്‍ഷിദ് മഹമൂദ് കസൂരിയുടെ പുസ്തക പ്രകാശനച്ചടങ്ങിനിടെ ബി.ജെ.പി.യുടെ മുന്‍ ഉപദേഷ്ടാവും ചിന്തകനുമായ സുധീന്ദ്ര കുല്‍ക്കര്‍ണിക്കുനേരേ മുംബൈയില്‍ ശിവസേന പ്രവര്‍ത്തകര്‍ കരിയോയിലൊഴിച്ചു. പാക് ഗായകന്‍ ഗുലാം അലിയെ മുംബൈയില്‍ സംഗീതപരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ശിവസേന ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് പരിപാടിതന്നെ ഉപേക്ഷിക്കേണ്ടിവന്നു.
2ദാദ്രിയില്‍ വീട്ടില്‍ ഗോമാംസം പാചകംചെയ്ത് കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലഖ് എന്നയാളെ വധിച്ചതും വന്‍ കോളിളക്കം സൃഷ്ടിച്ചു. സംഭവത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധമുണ്ടായി. ഇതിനിടെ ബീഫ് നിരോധനം േവണമെന്ന ആവശ്യം എരിതീയില്‍ എണ്ണയൊഴിച്ചു. കശ്മീരില്‍ ബീഫ് പാര്‍ട്ടി നടത്തിയ ജമ്മുകശ്മീര്‍ എം.എല്‍.എ. റഷീദ് എന്‍ജിനീയറെ നിയമസഭയ്ക്കകത്തിട്ട് ബി.ജെ.പി. അംഗങ്ങള്‍ മര്‍ദിച്ചു. ഡല്‍ഹിയില്‍വെച്ച് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിനുമേല്‍ കരിമഷി ഒഴിക്കുകയും ചെയ്തു. അസഹിഷ്ണുതയുടെ അന്തരീക്ഷം വളര്‍ന്നുവരുന്നതിനെതിരെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പലവട്ടം മുന്നറിയിപ്പ് നല്‍കേണ്ടിവന്നു.
2കേരളത്തിലേക്കുവന്നാല്‍, ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടായിരുന്നു ആദ്യവിവാദങ്ങള്‍. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ലാലിസം എന്ന പരിപാടിയിലെ പിഴവുമുതല്‍ പലതരം പ്രശ്‌നങ്ങള്‍. ചീഫ്‌സെക്രട്ടറിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മിലുള്ള അസ്വാരസ്യം വരെയെത്തി സംഗതികള്‍. പ്രധാനമന്ത്രിയായശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ കേരളസന്ദര്‍ശനവും വിവാദത്തില്‍നിന്ന് ഒഴിവായില്ല. കൊല്ലത്ത് ആര്‍. ശങ്കര്‍ പ്രതിമ അനാവരണച്ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചശേഷം ഒഴിവാക്കിയതാണ് വിവാദത്തിനിടയാക്കിയത്.