-
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനങ്ങൾ പലതും വെള്ളിത്തിരയിൽ പാടി അഭിനയിച്ച താരം. മുഹമ്മദ് റഫിയും കിഷോർ കുമാറും ഉൾപ്പെടെ ഇതിഹാസതുല്യരായ ഗായകരുടെ പാട്ടുകൾക്കൊത്ത് ചുണ്ടനക്കിയ നായകൻ. പക്ഷേ, ഹൃദയത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന പാട്ട് ഏതെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ ഋഷി കപൂർ എടുത്തുപറഞ്ഞത് ഇവരാരുടെയും പാട്ടുകളല്ല. അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെപോയ ഒരു ദുഃഖഗാനമാണ്: ‘പ്രേംരോഗ്’ (1982) എന്ന ചിത്രത്തിൽ സുരേഷ് വാഡ്കറും ലതാ മങ്കേഷ്‌കറും പാടിയ ‘മേരി കിസ്മത് മേ തു നഹി ശായദ്...’
കാരണമുണ്ട്. മൈസൂരുവിൽ ഒരു അർധരാത്രി സംവിധായകൻ രാജ് കപൂർ ആ ഗാനം സെറ്റിട്ട് ചിത്രീകരിച്ചു കൊണ്ടിരുന്നപ്പോഴാണ് ഭാര്യ നീതു സിങ് ഗർഭിണിയാണെന്ന് മുംബൈയിൽനിന്ന് ഋഷിക്ക് ഫോൺവന്നത്. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ മുഹൂർത്തങ്ങളിലൊന്ന്. ആ ആഹ്ളാദവാർത്തയിലെ ‘നായകൻ’ പിൽക്കാലത്ത് ഹിന്ദിസിനിമയിലെ സ്വപ്നനായകനായ രൺബീർ കപൂറായി വളർന്നതിന് ചരിത്രം സാക്ഷി. ‘‘പ്രേംരോഗിലെ ആ പാട്ട് ലോകത്തിന്റെ ഏതുകോണിലിരുന്ന് കേട്ടാലും നീതുവിന്റെയും രൺബീറിന്റെയും മുഖങ്ങളാണ് എന്റെ മനസ്സിൽ തെളിയുക’’ -ഋഷിയുടെ വാക്കുകൾ.
സംഗീതമാണ് ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ തനിക്ക് തണലും തുണയുമായി മാറിയതെന്ന് പറഞ്ഞിട്ടുണ്ട് ഋഷി. ആത്മകഥയ്ക്ക് ‘ഖുല്ലം ഖുല്ല’ എന്ന് പേരിട്ടതും അതുകൊണ്ടുതന്നെ. ഋഷിയും നീതുവും മുഖ്യറോളിൽ അഭിനയിച്ച ‘ഖേൽ ഖേൽ മേ’ എന്ന ചിത്രത്തിലെ ‘ഖുല്ലം ഖുല്ല പ്യാർ കരേംഗേ ഹം ദോനോ’ എന്ന പ്രണയഗാനത്തിൽനിന്ന് കടംകൊണ്ടതാണ് ആ രസികൻ പേര്. ‘‘ആ ഗാനത്തിന്റെ വരികളിൽ ഞാനുണ്ട്. നിങ്ങൾ സ്നേഹിക്കുന്ന എന്നിലെ കാമുകനുണ്ട്’’ -ഋഷി പറഞ്ഞു. പാട്ടിൽ തന്റെ ഭാഗം ശൈലേന്ദ്രസിങ് പാടണമെന്നായിരുന്നു ഋഷിയുടെ ആഗ്രഹം. ‘ബോബി’യിൽ ഋഷിക്കുവേണ്ടി ശൈലേന്ദ്ര പാടിയ ഗാനങ്ങൾ അത്രകണ്ട് ജനകീയമായിരുന്നല്ലോ. പക്ഷേ, സംഗീതസംവിധായകൻ ആർ.ഡി. ബർമൻ വഴങ്ങിയില്ല. ‘‘ശൈലേന്ദ്രയല്ല, മറ്റേതുഗായകൻ പാടിയാലും ഇതൊരു ഹിറ്റ് ഗാനമാകും. പക്ഷേ, കിഷോർദാ പാടുമ്പോൾ അത് കേവലമൊരു പാട്ടിനപ്പുറത്തേക്ക് വളരുന്ന മാജിക് നിനക്ക് കാണാം’’ -ആർ.ഡി. പറഞ്ഞു. ആ മാജിക്കാണ് ചോക്ളേറ്റ് ഹീറോ പ്രതിച്ഛായയിൽനിന്ന് രായ്ക്കുരാമാനം ഒരു സൂപ്പർതാരമാക്കി തന്നെ വളർത്തിയതെന്ന് എന്നും വിശ്വസിച്ചു ഋഷി.
ഏതുഗായകന്റെ ശബ്ദത്തോടും ആലാപനശൈലിയോടും അനായാസം ഇണങ്ങിച്ചേർന്നുനിന്നു ഗാനരംഗങ്ങളിലെ ഋഷിയുടെ സാന്നിധ്യം. മുഹമ്മദ് റഫി (പർദാ ഹേ പർദാ, ഹേ അഗർ ദുശ്മൻ, ചാന്ദ് മേരാ ദിൽ, ദർദ് എ ദിൽ, ബേദർദ് മൊഹബ്ബത് കി, ദഫ്‌ലീ വാലേ ദഫ്‌ലി ബജാ), കിഷോർ കുമാർ (ഓം ശാന്തി ഓം, ബച് നാ ഏ ഹസീനോ, ഏക് മേ ഔർ ഏക് തു, സാഗർ കിനാരെ, ഓ ഹൻസിനീ, തെരെ ചെഹ്‌രേ സേ നസർ നഹി ),
ജോളി മുഖർജി (ചാന്ദ്‌നി ഓ മേരി ചാന്ദ്‌നി), സുരേഷ് വാഡ്കർ (മൊഹബ്ബത് ഹേ ക്യാ ചീസ്) മുതലിങ്ങോട്ട് കുമാർ സാനു (സോചേംഗേ തുമേ പ്യാർ) വരെ ഉദാഹരണങ്ങൾ ഒട്ടേറെ.
അമർ അക്ബർ ആന്റണിയിലെ ‘പർദാ ഹേ പർദാ’ എന്ന ഖവാലി ഗാനം മെഹബൂബ് സ്റ്റുഡിയോയിൽ റഫി സാഹിബ് പാടി പരിശീലിക്കുന്നത് ഒളിഞ്ഞുനോക്കിനിന്ന നിമിഷങ്ങൾ ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഓർത്തെടുത്തു കേട്ടിട്ടുണ്ട് ഋഷി. ‘‘ഇടയ്ക്കൊരിക്കൽ അദ്ദേഹം യാദൃച്ഛികമായി ഞാൻനിന്ന സ്ഥലത്തേക്ക് നോക്കിയപ്പോൾ ശരിക്കും ചൂളിപ്പോയി. ജാള്യം അടക്കാനാവാതെ ഞാൻ നിന്നപ്പോൾ സ്നേഹപൂർവം അടുത്തേക്കുവിളിച്ച് അദ്ദേഹം പറഞ്ഞു ''ഒളിഞ്ഞുനോക്കുന്നതെന്തിന്? നിന്റെ അമ്മാവൻ ഷമ്മി കപൂർ എന്റെ എല്ലാ റെക്കോഡിങ്ങുകൾക്കും പതിവായി വരുമായിരുന്നു; എന്റെ ആലാപനത്തിലെ സൂക്ഷ്മാംശങ്ങൾപോലും അഭിനയത്തിൽ പകർത്താൻ. ആ പ്രതിഭയുടെ ഒരംശം നിന്നിലും ഞാൻ കാണുന്നു...’’ ഇന്ത്യൻ സിനിമാചരിത്രത്തിലെ എക്കാലത്തെയും മികച്ച ഖവാലികളിൽ ഒന്നായി ‘പർദാ ഹേ പർദാ’ മാറിയതിൽ റഫിയുടെ ശബ്ദത്തിലെ ഇന്ദ്രജാലത്തിനെന്നപോലെ ഋഷിയുടെ അഭിനയത്തിലെ ഊർജത്തിനുമുണ്ട് നല്ലൊരു പങ്ക്. ഗായകനും നടനും തമ്മിലുള്ള അതേ രസതന്ത്രമാണ് ‘ഹം സി സേ കം നഹി’യിലെ ശീർഷകഗാനത്തെയും ഒരിക്കലും മടുക്കാത്ത ശ്രവ്യാനുഭവമാക്കി മാറ്റിയതും.
കർസിലെ ‘ഓം ശാന്തി ഓം’ എന്ന ഗാനം കിഷോർ പാടി റെക്കോഡ്‌ചെയ്ത് കേട്ടപ്പോൾ ആദ്യം നിരാശയാണ് തോന്നിയതെന്ന് പറഞ്ഞിട്ടുണ്ട് ഋഷി. ‘‘പഞ്ച്ഗനിയിൽ പടം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സംവിധായകൻ സുഭാഷ് ഘായിയും ബോണി കപൂറും ചേർന്ന് ആ പാട്ട് ചൂടോടെ എന്നെ കേൾപ്പിച്ചത്. ഇതെന്തൊരു ബോറൻ പാട്ട് എന്നായിരുന്നു എന്റെ ആദ്യ പ്രതികരണം. കേട്ടുനിന്ന ലക്ഷ്‌മീകാന്തും പ്യാരേലാലും ആകെ തകർന്നുപോയിരിക്കണം. ‘സർഗ’ത്തിലെ ദഫ്‌ലീ വാലേ എന്ന പാട്ട് ആദ്യം കേട്ടപ്പോഴും ഒരു പ്രത്യേകതയും തോന്നിയില്ല എനിക്ക്. അപ്പോഴേ ഞാനത് തുറന്നുപറയുകയും ചെയ്തു. പക്ഷേ, ആ ഗാനങ്ങളെല്ലാം എത്ര വലിയ ഹിറ്റുകളായി എന്ന് ഓർത്തുനോക്കൂ. റെക്കോഡ്‌ചെയ്ത പാട്ടിനെക്കുറിച്ച് അഭിപ്രായം പറയാൻ പിന്നീടൊരിക്കലും ഞാൻ മെനക്കെട്ടിട്ടില്ല’’ -ഋഷിയുടെ വാക്കുകൾ. ‘‘അത്രേയുള്ളൂ എന്റെ സംഗീത ബോധം.’’
പക്ഷേ, ആ സംഗീതബോധവും താളബോധവും ധാരാളമായിരുന്നു; ഏതുസാധാരണപാട്ടിനെയും അസാധാരണമായ ദൃശ്യ-ശ്രവ്യാനുഭവമാക്കി മാറ്റാൻ. ഋഷിയെക്കുറിച്ച് ഓർക്കുമ്പോൾ അറിയാതെ ആ പാട്ടുകൾ കാതിലും മനസ്സിലും വന്നുനിറയുന്നതും അതുകൊണ്ടുതന്നെ.
Content Highlights: ravi menon writes about rishi kapoor