-
രണ്ടുവർഷംമുമ്പ് നോമ്പിന്റെ തുടക്കത്തിൽ ഞാനവനോട് പറഞ്ഞു, ‘‘ഇർഫാൻ, എന്റെ നോമ്പ് നിനക്കുവേണ്ടിയാണ്. ഞാൻ പ്രാർഥിക്കുന്നുണ്ട്...’’ അവന്റെ രോഗം മാറാനായിരുന്നു എന്റെ പ്രാർഥന. പക്ഷേ, ഇത്തവണ നോമ്പ് തുടങ്ങിയതും ആരെയും കാത്തുനിൽക്കാതെ അവൻ പോയി. ഒരു സലാംപോലും പറയാനായില്ല.
ഒരുമിച്ചുനടന്നതാണ് ഇക്കാലമത്രയും. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആ ചെറിയ മുറിയിൽവെച്ച് ആദ്യംകണ്ടത് ഓർമവരുന്നു. 1992-ലാണ്. അന്ന് ഫസ്റ്റ് ഇയറിലെ എന്റെ ഡിപ്ലോമ ഫിലിമിൽ അഭിനയിക്കാൻ വന്നതാണ് ഇർഫാൻ. പഠിച്ചിറങ്ങി, ആദ്യമായി വർക്ക് ചെയ്തതും ഞങ്ങളൊന്നിച്ചുതന്നെ. പിന്നീട് ആസിഫ് കപാഡിയയുടെ ‘ദ വാരിയർ’ എന്ന ചിത്രത്തിലാണ് ഞാൻ ഇർഫാനെ കാണുന്നത്. അപ്പോഴേക്കും ഞങ്ങൾ പിരിയാത്ത കൂട്ടുകാരായിക്കഴിഞ്ഞിരുന്നു. എന്നിട്ടും എപ്പോഴും ഒപ്പമുണ്ടായിരുന്നില്ല. പല വഴിക്കായിരുന്നു നടത്തം. ഒറ്റയ്ക്കും കൂടിച്ചേർന്നും, കണ്ടും കാണാതെയും...
‘സ്ലംഡോഗ് മില്യനയറി’ന്റെ സമയത്താണ് വീണ്ടും ശരിക്കൊന്ന് കൂടിച്ചേരുന്നത്. അന്നവൻ എന്നെ ശരിക്കും അദ്‌ഭുതപ്പെടുത്തി. അതുവരെകണ്ട ഇർഫാനല്ലായിരുന്നു അത്. ഒരു സീൻ ഓർമവരുന്നു: നായകനെ ചോദ്യംചെയ്തുകഴിഞ്ഞ് ഇർഫാൻ വേഷമിട്ട പോലീസുകാരൻ സ്വയം സംസാരിക്കുകയാണ്. മുംബൈ പോലുള്ള സ്ഥലത്ത്, ഒരു കൊച്ചുസ്റ്റേഷനിൽ, അതുവരെ കണ്ട ജീവിതവും കാഴ്ചകളും കനപ്പെടുത്തിയ മുഖവുമായി ആ മോണോലോഗ്. ആ സീൻ സിനിമയിലില്ല. പക്ഷേ, അന്ന് അവന്റെ മുഖത്തുനിന്ന് ഞാൻ ഒന്നുമനസ്സിലാക്കി; ഇർഫാൻ ഒരു അസാധ്യനടനായി മാറിക്കഴിഞ്ഞിരിക്കുന്നു.
പിന്നെപ്പിന്നെ അവന്റെ ഡയലോഗുകൾ അവൻ പറയാതെത്തന്നെ എന്റെ മനസ്സ് പിടിച്ചെടുക്കാൻ തുടങ്ങി. അല്ലെങ്കിലും അവൻ അധികം പറയില്ലല്ലോ. അവന്റെ കണ്ണുകളിൽ വാക്കുകളുണ്ടായിരുന്നു. ആ ഹൃദയമിടിപ്പിന്റെ ശബ്ദംപോലും എനിക്ക് കിട്ടുമായിരുന്നു. സൂക്ഷ്മമായ അവന്റെ ചലനങ്ങൾ പറയാവുന്നതിലേറെ പറയുന്നുണ്ടായിരുന്നു. എന്നിട്ടും ഇടയ്ക്ക് ഞങ്ങൾ വഴക്കടിച്ചു. ‘നിന്റെ ശബ്ദം ഞാൻ കേട്ടാൽ മതിയോ, പ്രേക്ഷകർ കേൾക്കണ്ടേ? ഇങ്ങനെ പിറുപിറുത്താലെങ്ങനെയാ?’ എന്ന് ഞാൻ ചോദിക്കും. ‘നിന്റെ കൈയിൽ ആ പുതിയതരം മൈക്കൊന്നുമില്ലേ? ആ പെൻസിൽപോലുള്ള മൈക്ക്?’ അവൻ തിരിച്ചുചോദിക്കും. ഞങ്ങളുടെ ഈ വഴക്ക് ‘സ്ലംഡോഗി’െന്റ സംവിധായകൻ ഡാനി ബോയലിന് ഒരു കൗതുകമായിരുന്നു. ഇത് പ്രൊഫഷണലിസമല്ലല്ലോ എന്നദ്ദേഹം ഓർത്തുകാണും. പക്ഷേ, അതിനുമപ്പുറമുള്ള മറ്റെന്തോ ഒന്ന് ഞങ്ങൾക്കിടയിലുണ്ടെന്ന് അദ്ദേഹവും മനസ്സിലാക്കി.
ഹോളിവുഡ് ചിത്രം ‘ഇൻഫെർണോ’യുടെ ഷൂട്ട്. ഒരു വശത്ത് ടോം ഹാങ്ക്‌സ്, മറുവശത്ത് ഇർഫാൻ. രണ്ടുപേരും ഭാവംകൊണ്ടേ സംസാരിക്കൂ; വാതുറക്കില്ല. ഒരു സൗണ്ട് റെക്കോഡിസ്റ്റിന് ഇതിൽപ്പരം ഒരു പേടിസ്വപ്നമുണ്ടോ! എന്നാൽ, ഇർഫാൻ ശ്വാസംകൊണ്ട് മിണ്ടുന്നത് അന്നും ഞാൻ കണ്ടു. ആ വിലപിടിച്ച നിശ്ശബ്ദതയാണ് ഞാൻ ഒപ്പിയെടുക്കേണ്ടത്. ചുറ്റുമുള്ള ശബ്ദങ്ങൾക്കിടയിൽ അതൊരു വല്ലാത്ത വെല്ലുവിളിയാണ്. എന്നിട്ടും കാണികൾക്ക് അത് കിട്ടുമായിരുന്നു. അവർ, അവന്റെ അഭിനയം മറന്നുള്ള അഭിനയത്തിൽ ആസക്തരായിരുന്നു.
ഓസ്കർ തേടിവന്നപ്പോഴും ഇർഫാനായിരുന്നു എന്റെ കൂടെ. ലോസ് ആഞ്ജലിസിൽനിന്ന് മടങ്ങിയെത്തിയപ്പോൾ വിമാനത്താവളത്തിൽ വൻ ജനക്കൂട്ടം. പോലീസ് വാനിൽ കയറ്റി രക്ഷിക്കേണ്ടിവന്നു ഞങ്ങളെ! വാനിലിരിക്കുമ്പോൾ അവൻ അടുത്തുവന്നു പറഞ്ഞു, ‘‘കൈയിലിരിക്കുന്ന ഓസ്കർ പ്രതിമയൊക്കെയാണ്; പക്ഷേ, യാത്ര പോലീസ്‌വാനിലും.’’ പോലീസ് നേരെ വിട്ടത് സ്റ്റേഷനിലേക്കാണ്. അവിടെയും അവൻ വെറുതേയിരുന്നില്ല. സിഗരറ്റ് ചുരുട്ടിവലിക്കുന്ന സ്വഭാവമുണ്ട് ആൾക്ക്. അന്നുപക്ഷേ, ലൈറ്റർ കൈയിലില്ല. അവൻ ലോക്കപ്പിനുനേരെ നടന്നു, അകത്തുകിടക്കുന്ന ഒരാളോട് ചോദിച്ചു, ‘‘തീപ്പെട്ടിയുണ്ടോ എടുക്കാൻ?’’
ഓസ്കർ കിട്ടിയശേഷം ഇർഫാൻ കളിയാക്കി, ‘‘ഇനി നിനക്ക് അവിടെയും ഇവിടെയും വർക്ക് കിട്ടില്ല.’’ ഞാൻ മിഴിച്ചുനോക്കിയപ്പോൾ അവൻ പറഞ്ഞു, ‘‘എന്റെ അനുഭവമാണ്. ഹോളിവുഡിൽ അഭിനയിച്ചതുകൊണ്ട് ഇവിടെയുള്ളവർക്ക് നമ്മളെ സമീപിക്കാമോ എന്നു സംശയം. സ്വന്തംനാട്ടിൽ തിരക്കായിരിക്കുമെന്ന് കരുതി ഹോളിവുഡിൽനിന്നും ആരും വിളിക്കില്ല.’’ പക്ഷേ, അവന്റെ സൗത്ത് ഈസ്റ്റ് ഏഷ്യൻ മുഖം എല്ലാവർക്കും സ്വീകാര്യമായിരുന്നു. നല്ല ആക്ടർ വേണമെങ്കിൽ ഇർഫാൻതന്നെ വേണമെന്ന് പലരും പതുക്കെ തിരിച്ചറിഞ്ഞു.
രോഗം അവനെ പേടിപ്പിച്ചിരുന്നില്ല. ലണ്ടനിൽ ചികിത്സയ്ക്കിടെ കണ്ടപ്പോൾ പറഞ്ഞു, ‘‘ഞാൻ എന്റെ ശരീരത്തിൽനിന്ന് എന്നെ മാറ്റിനിർത്തി. ഓരോ അവയവത്തിനെയും മനസ്സുകൊണ്ട് പുറത്തെടുത്തുെവച്ചു, ദൂരെനിന്ന് അവയെ കണ്ടു. എനിക്കിപ്പോൾ രോഗവുമായി പൊരുത്തപ്പെടാനാവുന്നുണ്ട്.’’ അന്ന് ഞങ്ങൾ ഒരുമിച്ച് ഡിന്നറിനുപോയി. അവൻ ഒരു ആഗ്രഹം പറഞ്ഞു: ‘‘സ്റ്റാൻലി കുബ്രിക്കിന്റെ ലണ്ടനിലുള്ള സ്മാരകം കാണണമെന്നുണ്ട്.’’ സ്റ്റാൻലി കുബ്രിക് എന്നും അവന്റെ പ്രിയപ്പെട്ട സംവിധായകനായിരുന്നു. എന്റെ സുഹൃത്ത് രാജീവ് അവനെ കൊണ്ടുപോയി. അവിടെനിന്ന് അവൻ ഒരു ഫോട്ടോ അയച്ചുതന്നു.
അധികം അകലെയല്ലായിരുന്നു ഞങ്ങളുടെ വീടുകൾ. ഇർഫാൻ, മനോജ് ബാജ്‌പേയ്, സൗരവ് ശുക്ല, സീമ ബിശ്വാസ്... ഞങ്ങളൊക്കെ കുടുംബംപോലെ കൂട്ടായിരുന്നു. ഒന്നിച്ച് ക്രിക്കറ്റ് കളിക്കാൻപോവുന്ന കൂട്ടുകാർ. കഴിഞ്ഞമാസം സുതപ (ഇർഫാന്റെ ഭാര്യ) വിളിച്ചപ്പോൾ പറഞ്ഞു, ‘‘ഇർഫാൻ റസൂലിനെ അന്വേഷിക്കുന്നുണ്ട്...’’ ഞാനന്ന് വിദേശയാത്രകൾ കഴിഞ്ഞ് എത്തിയതേ ഉണ്ടായിരുന്നുള്ളൂ. പലയിടത്തും നടന്നതാണ്. അവന് പ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന ഈ സമയത്ത് പോയി കണ്ടിട്ട് അണുബാധവല്ലതും ഉണ്ടായാലോ എന്ന് പേടിതോന്നി. പോയില്ല. അവനെക്കരുതിയാണ് പോവാതിരുന്നത്. അതുകഴിഞ്ഞതും ലോക്ഡൗൺ എന്നെ പിടിച്ചുവെച്ചു. ഇന്ന്, അധികം ദൂരെയല്ലാതെ, കുട്ടികളുടെ സ്കൂളിനടുത്തുള്ള ഖബറിസ്ഥാനിലേക്ക് അവൻ പോയിക്കഴിഞ്ഞു. യാത്രപറയാൻപോലുമാവാതെ ദൂരെ ഞാനിരിക്കുന്നു.
തയ്യാറാക്കിയത്: രജി ആർ. നായർ
Content Highlights: rasool pookutty writes about actor irrfan khan