-
അഞ്ചുപതിറ്റാണ്ടോളം എനിക്കൊപ്പം സൗഹൃദം പങ്കിട്ട എന്റെ കൂട്ടുകാരൻ വിടവാങ്ങിയിരിക്കുന്നു. ചിന്റു എന്ന് വാത്സല്യത്തോടെ വിളിച്ചിരുന്ന കൂട്ടുകാരൻ. ഞങ്ങളിരുവരുടെയും ജന്മവർഷം 1952 ആണ്. പക്ഷേ, എട്ടു മാസം എനിക്കാണ് മൂപ്പ്. ഞങ്ങൾ തമ്മിൽ വലിയ സഹവർത്തിത്വമുണ്ടായിരുന്നു. ഋഷി ന്യൂയോർക്കിൽ 67-ാം പിറന്നാൾ ആഘോഷിക്കുന്നവേളയിലാണ് ഞാൻ അവസാനമായി വാട്സാപ്പിൽ സന്ദേശമയക്കുന്നത്. ആശംസയറിയിച്ച് മിനിറ്റുകൾക്കുള്ളിൽ ചിന്റുവിന്റെ മറുപടി സന്ദേശമെത്തി. ‘നന്ദി ജ്യോതി, 11 മാസവും ആറുദിവസവുമായി ഇന്നത്തേക്ക് ന്യൂയോർക്കിൽ, ഉടൻ തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷ’
ഒരിക്കൽ പി.വി.ആർ. ജുഹുവിൽ സംവിധായകന്റെ ക്ഷണപ്രകാരം ഞാനൊരു ബംഗാളിസിനിമ കാണാൻപോയി. ഒരു ഹോളിവുഡ് സിനിമ കാണാനായി ചിന്റുവും വന്നിരുന്നു. ഭക്ഷണം കഴിക്കുകയായിരുന്നു അവൻ. ഞാൻ അടുത്തേക്കു ചെന്നു. പണം വാങ്ങാൻ മടിച്ചുനിന്ന ചിന്റു ഫുഡ് ആൻഡ് ബിവറേജസിലെ ജീവനക്കാരനെ വിളിച്ചുവരുത്തി വാങ്ങിയ സാധനങ്ങളുടെ പണം കൊടുത്ത് എന്നെനോക്കി കണ്ണിറുക്കി പറഞ്ഞു. ‘‘എനിക്ക് സൗജന്യങ്ങൾ കിട്ടാറില്ല, വാങ്ങിയ സാധനങ്ങൾക്ക് പണം കൊടുക്കണമെന്നും താരസ്വാധീനം ഉപയോഗിക്കരുതെന്നും എനിക്ക് നിർബന്ധവുമുണ്ട്’’.
ഒരിക്കൽ പിതാവ് രാജ് കപൂർ ഒരു വിദേശ ഈണം അപഹരിച്ച് 'അവാര'യിൽ അത് സ്വന്തമെന്ന നിലയിൽ ഉപയോഗിച്ചെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടെന്ന് ഞാനദ്ദേഹത്തിന് വാട്‌സാപ്പിൽ സന്ദേശമയച്ചത് ഓർക്കുന്നു. വിദേശസിനിമകളെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് മെച്ചപ്പെടുത്തണമെന്നായിരുന്നു മറുപടി. അച്ഛൻ അവാര സിനിമ സംവിധാനം ചെയ്തശേഷമുള്ളതാണ് ആ വിദേശ സിനിമയെന്നും അദ്ദേഹമെന്നെ ഓർമിപ്പിച്ചു.
പ്രണയിനി നീതുവിനെ വിവാഹം ചെയ്യാൻ തീരുമാനിച്ചുറപ്പിച്ച സമയം. നിത്യഹരിത-അവിവാഹിത പ്രതിച്ഛായ നഷ്ടമാകുന്നതിൽ പശ്ചാത്താപമുണ്ടോയെന്നൊരു ചോദ്യം ഞാൻ ചോദിച്ചു. ചോദ്യം പൂർത്തിയാക്കുന്നതിനുമുമ്പ് മറുപടിയെത്തി: തന്റെ പിതാവിനോ ദിലീപ് കുമാറിനോ അശോക് കുമാറിനോ വിവാഹം ചെയ്തതുകാരണം വല്ല പ്രതിച്ഛായ നഷ്ടവുമുണ്ടായോ. നാലു മക്കളുള്ള തന്റെ പിതാവിനെ 50-കളിലും 60-കളിലും യുവതികൾ നെഞ്ചേറ്റിയതിനെക്കുറിച്ചും കണ്ണിറുക്കിക്കൊണ്ട് അദ്ദേഹം വിശദീകരിച്ചു.
വിവാഹശേഷം പിതാവ് ജീവിതത്തിൽ നല്ലപങ്കും ചെലവിട്ട ചെമ്പൂരിലെ കോട്ടേജിൽ താമസിക്കാനായിരുന്നു ഋഷിക്ക് താത്പര്യം. ഋഷിയുടെ കുട്ടിക്കാലവും അവിടെയായിരുന്നു. കപൂർ കുടുംബത്തിന്റെ സമ്പ്രദായങ്ങളെയും രീതികളെയും നീതുവിനെ ശീലിപ്പിക്കുന്നതിനും പൊരുത്തപ്പെടുന്നതിനും വേണ്ടിയായിരുന്നു അത്. വിവാഹശേഷം ഭാര്യ സിനിമയിൽ അഭിനയിക്കുന്നതിൽ തനിക്ക് താത്പര്യമില്ലെന്ന് ഋഷി തുറന്നു പറഞ്ഞു. ചിന്റുവും ഞാനും അദ്ദേഹത്തിന്റെ ബംഗ്ലാവിലിരുന്ന് സല്ലപിച്ച സായാഹ്നങ്ങൾ ഞാൻ ഓർത്തു പോകുകയാണ്. ബ്ലാക്ക്‌ലേബലിന്റെ മൂഡിൽ കഥകളിൽനിന്ന് കഥകളിലേക്കു നീളുന്ന യാമങ്ങൾ. കണ്ണിറുക്കിയുള്ള ചിരി. തുറന്നടിച്ചുള്ള അഭിപ്രായങ്ങൾ. എല്ലാം ഓർമയാവുകയാണ്. പ്രിയ സുഹൃത്തേ വിട.
Content Highlights: jyothi venkitesh writes about rishi kapoor