കുതിപ്പ് തുടങ്ങുന്നു മെട്രോ


14 min read
Read later
Print
Share

സ്വപനത്തില്‍നിന്ന് യാഥാര്‍ഥ്യത്തിലേക്കുള്ള ദൂരം കുറഞ്ഞിരിക്കുന്നു. ആശങ്കകളും വിവാദങ്ങളും മറക്കാം. ശനിയാഴ്ച മുട്ടം യാര്‍ഡിലെ പ്രത്യേക ട്രാക്കില്‍ പരീക്ഷണകുതിപ്പ്. പിന്നെ ഒരു മാസത്തിനകം പാളത്തിലേക്ക്... കൊച്ചിയുടെ സ്വന്തം മെട്രോ ഇരമ്പിയെത്തുകയാണ്.

കൊച്ചിയുടെ ട്രാക്കില്‍ കുതിപ്പിനൊരുങ്ങുകയാണ് മെട്രോ. ടെസ്റ്റ് റണ്ണെന്ന ആദ്യ കടമ്പയില്‍ നിന്ന് മെട്രോ സര്‍വീസ് എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഇനി യാത്ര. ശനിയാഴ്ച രാവിലെ മുട്ടം യാര്‍ഡിലെ പ്രത്യേക ട്രാക്കില്‍ കൊച്ചിയുടെ സ്വന്തം മെട്രോ കുതിപ്പ് തുടങ്ങുമ്പോള്‍ കേരളത്തിന് മുഴുവനത് അഭിമാന നിമിഷമാകും. ഒരു ചെറിയ പാലം പൂര്‍ത്തിയാക്കാന്‍ പോലും വര്‍ഷങ്ങളെണ്ണി കാത്തിരിക്കേണ്ടിവരുന്ന നാടിന് മെട്രോ ഒരു അത്ഭുതം തന്നെയാണ്. മൂന്ന് വര്‍ഷമെന്ന ഉറപ്പിന്റെ ബലത്തില്‍ 2013 ജൂണ്‍ ഏഴിനായിരുന്നു നിര്‍മാണ തുടക്കം. വിവാദങ്ങളും ആശങ്കകളുമെല്ലാം കാറ്റില്‍പ്പറത്തി അന്ന് കേരളം ഒരു മനസ്സോടെ അണിചേര്‍ന്നു. കൊച്ചിയുടെ സ്വപ്ന പദ്ധതിക്ക് പൈല്‍ ഉറപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. 'കൊച്ചി മെട്രോയിലേക്ക് ഇനി 1095 ദിനങ്ങളെന്ന്.' ഇ. ശ്രീധരന്‍ എന്ന മെട്രോമാന്റെ പിന്‍ബലമുള്ള വാക്കുകള്‍ കേരളം നെഞ്ചേറ്റി. കേരളം മെട്രോയിലേക്കുള്ള നാളുകള്‍ എണ്ണിത്തുടങ്ങി. മൂന്നാം വര്‍ഷത്തിലേക്ക് ഇനി ശേഷിക്കുന്നത് 137 ദിനങ്ങളുടെ അകലം മാത്രം. തടസ്സങ്ങള്‍ ഏറെ ഇനിയും ശേഷിക്കുന്നുണ്ട്. പ്രഖ്യാപനത്തില്‍ നിന്ന് വ്യത്യസ്തമായി മെട്രോയുടെ അഴകളവുകള്‍ ചുരുങ്ങി. ആലുവ പേട്ടയെന്ന 25.612 കിലോമീറ്റര്‍ ഇപ്പോഴും സ്വപ്നമായി ശേഷിക്കുകയാണ്. ആലുവയില്‍ നിന്ന് പാലാരിവട്ടത്തേക്കാണ് മെട്രോ ആദ്യം ഓടിയെത്തുക. പിന്നെ മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്ന രണ്ടാം ലക്ഷ്യത്തിലേക്ക്. പേട്ടയും തൃപ്പൂണിത്തുറയും വിദൂര ലക്ഷ്യങ്ങളല്ലെന്നാണ് കൊച്ചിയുെട സ്വന്തം മെട്രോ റെയില്‍ സ്ഥാപനമായ കെ.എം.ആര്‍.എല്ലിന്റെ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജിന്റെ ഉറപ്പ്. തടസ്സങ്ങളെല്ലാം മറികടന്ന് കൊച്ചി മെട്രോയിലേക്ക് ട്രാക്ക് മാറ്റുമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. കലൂരില്‍ നിന്ന് കാക്കനാട്ടേക്കും ചിറക് വിരിക്കാനൊരുങ്ങുകയാണ് മെട്രോ. സംസ്ഥാന സര്‍ക്കാറിന്റെ ഭരണാനുമതി എന്ന കടമ്പ കാക്കനാട് പിന്നിട്ടു കഴിഞ്ഞു. ഇനി ശേഷിക്കുന്നത് കേന്ദ്ര അനുമതി മാത്രം. കാക്കനാട് ഉള്‍പ്പെടെയുള്ള രണ്ടാം ഘട്ടത്തിന് ചുക്കാന്‍ പിടിക്കുക കെ.എം.ആര്‍.എല്ലായിരിക്കും. മെട്രോ വിഭാവനം ചെയ്ത ലക്ഷ്യങ്ങളിേലക്കെത്താന്‍ വഴികള്‍ ഇനിയും ഏറെ ശേഷിക്കുന്നുണ്ട്. ഗതാഗത കുരുക്കിന് പരിഹാരം, വിദേശ നഗരങ്ങളോട് കിടപിടിക്കുന്ന അനുബന്ധ ഗതാഗത സംവിധാനം, സൈക്കിള്‍ ട്രാക്കും നടപ്പാതകളും പോലുള്ള പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങള്‍, നോക്കുകുത്തിയായി ശേഷിക്കുന്ന ജലപാതകളുടെ കാര്യക്ഷമമായ ഉപയോഗം മെട്രോക്കൊപ്പം ഇവയെല്ലാം കൊച്ചിയുമായി കൂട്ടുകൂടാനെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.

ശനിയാഴ്ച രാവിലെ 10 ന് മുട്ടത്തെ യാര്‍ഡില്‍ പ്രത്യേകമായൊരുക്കിയ ട്രാക്കിലാണ് ടെസ്റ്റ് റണ്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മെട്രോയ്ക്ക് പച്ചക്കൊടി വീശുന്നത്. നിരത്തിന് മുകളിലെ പാളത്തിലൂടെയുള്ള ട്രയല്‍ റണ്ണാണ് അടുത്ത കടമ്പ. ഒരു മാസത്തിനകം കൊച്ചി പാളത്തിന് മുകളിലേറുമെന്നാണ് അധികൃതരുടെ വാക്കുകള്‍. കാത്തിരിക്കാം കൊച്ചിയുടെ സ്വന്തം മെട്രോയുടെ കുതിപ്പിനായി...

നിര്‍മാണ പുരോഗതിയില്‍ പൂര്‍ണ തൃപ്തിയില്ല:
ഇ. ശ്രീധരന്‍

കൊച്ചിയുടെ സ്വപ്നപദ്ധതിയുടെ പിന്‍ബലം മെട്രോമാനാണ്. നിരത്തിന് മുകളിലൂടെ മെട്രോ പായുമെന്ന് മലയാളി വിശ്വസിച്ചത് ഡോ. ഇ. ശ്രീധരന്റെ വാക്കുകളുടെ പിന്‍ബലത്തിലാണ്. 'കൊച്ചിക്ക് അത്യാവശ്യമാണ് മെട്രോ.' 2011 ഡിസംബറില്‍ ഡി.എം.ആര്‍.സി. മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് വിരമിക്കുന്നതിന് മുന്‍പായിരുന്നു ശ്രീധരന്റെ ഈ വാക്കുകള്‍. മെട്രോമാന്റെ വാക്കുകള്‍ കേരളം നെഞ്ചേറ്റിയപ്പോള്‍ കൊച്ചി മെട്രോയ്ക്ക് സ്വപ്ന സമാനമായ തുടക്കമായി.

ശനിയാഴ്ചത്തെ ടെസ്റ്റ് റണ്ണിന് മുന്നോടിയായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെയും കൊച്ചി മെട്രോയുടെയും മുഖ്യ ഉപദേഷ്ടാവായ ഇ. ശ്രീധരന്റെ വാക്കുകള്‍:

കൊച്ചി മെട്രോയുടെ നിര്‍മാണ പുരോഗതിയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യത്തില്‍ നിശ്ചയിച്ച സമയത്ത് നിര്‍മാണം പൂര്‍ത്തിയാക്കാനാകില്ല. നിര്‍മാണം വൈകുന്നതിന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ (ഡി.എം.ആര്‍.സി.) പഴിചാരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍മാണത്തിന്റെ തുടക്കം മുതല്‍ അഭിമുഖീകരിക്കേണ്ടി വന്നത് ഒട്ടേറെ തടസ്സങ്ങളാണ്. സമയത്തിന് സ്ഥലം ഏറ്റെടുത്ത് നല്‍കുന്നത് ഉള്‍പ്പെടെയായിരുന്നു തടസ്സം.
25.612 കിലോമീറ്ററിലായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ ആലുവ മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള 18 കിലോമീറ്ററില്‍ മാത്രമാണ് നിര്‍മാണം തുടങ്ങാനായത്. മഹാരാജാസ് കോളേജ് മുതല്‍ വൈറ്റില വരെയുള്ള ഭാഗത്ത് നിര്‍മാണം തുടങ്ങിയത് എസ്.എ. റോഡില്‍ മാത്രം. ഈ ഭാഗത്ത് സ്ഥലമേറ്റെടുപ്പ് ആവശ്യമില്ലെന്നതായിരുന്നു ഇതിന് കാരണം.

ജല അതോറിട്ടിയുടെ പൈപ്പുകള്‍ മാറ്റുന്നതിലുള്‍പ്പെടെ വന്ന കാലതാമസം നിര്‍മാണത്തെ ബാധിച്ചു. സ്ഥലം ലഭ്യമാകാത്തതു മൂലം വൈറ്റിലപേട്ട റോഡില്‍ നിര്‍മാണം തുടങ്ങാനായില്ല.
നാല് വര്‍ഷം കൊണ്ട് പദ്ധതി യാഥാര്‍ഥ്യമാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇത് സാധ്യമാകില്ല. ഡി.എം.ആര്‍.സി.യുടെ ഭാഗത്തു നിന്ന് നിര്‍മാണത്തില്‍ വീഴ്ചയൊന്നുമുണ്ടായിട്ടില്ല.
ആലുവ മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള ഭാഗത്ത് ഈ വര്‍ഷം ജൂണില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഒഴികെയാണിത്. ജല അതോറിട്ടി പൈപ്പ് ലൈനുകളും കാനകളും മാറ്റല്‍, വൈദ്യുതി കേബിളുകള്‍ മാറ്റി സ്ഥാപിക്കല്‍ എന്നിവയെല്ലാം കലൂര്‍ സ്റ്റേഡിയം ഭാഗത്ത് ശേഷിക്കുന്നുണ്ട്.

സ്ഥലം ലഭിക്കുന്നതിലും ഇവിടെ കാലതാമസം നേരിട്ടു. അപ്രതീക്ഷിതമായി നേരിട്ട ബുദ്ധിമുട്ടുകളാണ് ഇവ. അതിനാല്‍ തന്നെ ഈ വര്‍ഷം ജൂണിനകം കലൂര്‍ സ്റ്റേഡിയം ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്ന് കരുതുന്നില്ല. എങ്കിലും ഡി.എം.ആര്‍.സി. കഠിനാധ്വാനം തുടരുകയാണ്.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 14 കിലോമീറ്ററിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏപ്രില്‍ അവസാനത്തോടെ ആലുവപാലാരിവട്ടം നിര്‍മാണം പൂര്‍ത്തിയാക്കി ട്രയല്‍ റണ്‍ തുടങ്ങും. ജൂണില്‍ ഈ റൂട്ടില്‍ യാത്രാ സര്‍വീസും ലക്ഷ്യമിടുന്നു.
ഇതിനും വെല്ലുവിളികള്‍ ഏറെയുണ്ട്. കമ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാനം (സി.ബി.ടി.സി.) എന്ന പുതിയ സംവിധാനത്തിലാണ് കൊച്ചി മെട്രോ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമാണിത്. അതിനാല്‍ തന്നെ സുരക്ഷാ പരിശോധനകളിലും അനുമതിയിലുമെല്ലാം കാലതാമസം നേരിടാന്‍ സാധ്യതയുണ്ട്.

മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണറുടെ സുരക്ഷാ അനുമതി എളുപ്പം ലഭിക്കുമെന്ന് ഉറപ്പിക്കാനാകില്ല. തടസ്സങ്ങളെല്ലാം അതിജീവിച്ച് വേഗത്തില്‍ തന്നെയാണ് കൊച്ചി മെട്രോയുടെ നിര്‍മാണം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളപ്പിറവി സമ്മാനമായി മെട്രോ സര്‍വീസ് ഏലിയാസ് ജോര്‍ജ്
മെട്രോയുടെ ടെസ്റ്റ് റണ്ണിന് മുന്നോടിയായുള്ള തിരക്കുകളിലാണ് ഏലിയാസ് ജോര്‍ജ്. ട്രയല്‍ റണ്‍, യാത്രാ സര്‍വീസ്... ഇങ്ങനെ മുന്നോട്ടുള്ള കുതിപ്പിന് കര്‍മപദ്ധതികള്‍ ഏറെയുണ്ട്. സ്വപ്നങ്ങളെയും മുന്നിലുള്ള വെല്ലുവിളികളെയും കുറിച്ച് വിശദീകരിക്കുകയാണ് കൊച്ചി മെട്രോയുടെ അമരക്കാരന്‍ ഏലിയാസ് ജോര്‍ജ്.

കേരളപ്പിറവി സമ്മാനമായി മെട്രോയുടെ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ആലുവ മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള റൂട്ടിലാണ് ആദ്യഘട്ടത്തില്‍ യാത്രാ സര്‍വീസ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും മികച്ച മെട്രോയാണ് കൊച്ചിക്കായി ഒരുങ്ങുന്നതെന്നും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (െക.എം.ആര്‍.എല്‍.) മാനേജിങ് ഡയറക്ടര്‍ കൂടിയായ ഏലിയാസ് ജോര്‍ജ് പറഞ്ഞു.

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി.) മാനേജിങ് ഡയറക്ടറുമായി നടന്ന യോഗത്തില്‍ നവംബറില്‍ സര്‍വീസ് ആരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. നിര്‍മാണം നിലവിലെ രീതിയില്‍ മുന്നോട്ടു പോയാല്‍ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷ.
മെട്രോ സര്‍വീസിലേക്കെത്താന്‍ മൂന്ന് ഘട്ടങ്ങളാണുള്ളത്. ടെസ്റ്റ് റണ്‍, ട്രയല്‍ റണ്‍, യാത്രാ സര്‍വീസ്. ഇതില്‍ ടെസ്റ്റ് റണ്‍ എന്ന ആദ്യ കടമ്പ പിന്നിടാനൊരുങ്ങുകയാണ് കൊച്ചി. ഒരു മാസം കൊണ്ട് റോഡിന് മുകളിലെ പാളത്തിലൂടെയുള്ള ട്രയല്‍ റണ്‍ തുടങ്ങാനാകും.
യാത്രാ സര്‍വീസ് തുടങ്ങുന്നതിന് രണ്ട് ഏജന്‍സികളില്‍ നിന്നുള്ള അംഗീകാരം ആവശ്യമാണ്. റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍.ഡി.എസ്.ഒ.), കമ്മീഷണര്‍ ഓഫ് മെട്രോ റെയില്‍ സേഫ്റ്റി (സി.എം.ആര്‍.എസ്.) എന്നിവയാണിവ. സുരക്ഷയുള്‍പ്പെടെയുള്ളവ വിലയിരുത്തിയാണ് ഇവര്‍ അനുമതി നല്‍കുക.

മാസങ്ങള്‍ നീളുന്ന ട്രയല്‍ റണ്ണിന് ശേഷമാണ് പലപ്പോഴും ഈ ഏജന്‍സികള്‍ യാത്രാ സര്‍വീസിന് അനുമതി നല്‍കുക. കൊച്ചിക്ക് അധികം കാലതാമസം അഭിമുഖീകരിക്കേണ്ടി വരില്ലെന്നാണ് കണക്കുകൂട്ടല്‍.
മഹാരാജാസിന് അപ്പുറത്തേക്കുള്ള മെട്രോ റൂട്ടിലും കാലതാമസം ഒഴിവാക്കും. കെ.എം.ആര്‍.എല്ലിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ റോഡ് വീതികൂട്ടല്‍ ഉള്‍പ്പെടെയുള്ളവ നടക്കുന്നത്. ശേഷിക്കുന്ന നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഈ റൂട്ടിലേക്കും മെട്രോ വേഗത്തില്‍ ഓടിയെത്തും.
പേട്ട റൂട്ടിന് മുന്നോടിയായി ചമ്പക്കര പാലത്തിന്റെ പുനര്‍നിര്‍മാണം ഉള്‍പ്പെടെ പൂര്‍ത്തിയാക്കണം. തൃപ്പൂണിത്തുറയും കാലതാമസമില്ലാതെ യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യം. പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതാണ് മെട്രോയുടെ കാക്കനാട് റൂട്ട്. കൊച്ചിയുടെ ഐ.ടി. വാണിജ്യ തലസ്ഥാനമാണ് കാക്കനാട്. അതിനാല്‍ തന്നെ കാക്കനാട്ടേക്കുള്ള മെട്രോയുടെ സാന്നിധ്യം ഗുണകരമാകും.

കൊച്ചിയുടെ മുഖം മാറ്റുന്ന പദ്ധതിയാണ് മെട്രോ റെയില്‍. നഗരത്തിന്റെ സാമൂഹിക ജീവിതത്തില്‍ മാറ്റം വരും. വികസനത്തിന്റെ ഗുണം സമീപപ്രദേശങ്ങള്‍ക്ക് കൂടി ലഭിക്കും.
ഒട്ടേറെ പുതുമകളും കൊച്ചി മെട്രോയ്ക്ക് അവകാശപ്പെടാനുണ്ട്. കമ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാനം (സി.ബി.ടി.സി.) ഉള്‍പ്പെടെയാണിത്. മെട്രോയ്ക്ക് അനുബന്ധമായി ആസൂത്രണം ചെയ്യുന്ന ജലഗതാഗത പദ്ധതിയും തികച്ചും വ്യത്യസ്തമായ ഒന്നാണ്. കാക്കനാട്ടെ മെട്രോ സിറ്റി കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ വികസനത്തില്‍ ഒരു പുതിയ അധ്യായം തുറക്കാന്‍ െമട്രോയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

മെട്രോയുടെ പ്രധാന സ്റ്റേഷനുകളിലൂടെ:

സഹ്യാദ്രിയുടെ സ്വന്തം ആലുവ
കൊച്ചി െമട്രോയുടെ ആദ്യ സ്റ്റേഷനാണിത്. കവികള്‍ ഏറെ പാടിപ്പുകഴ്ത്തിയ പെരിയാറിന്റെ സാന്നിധ്യം തന്നെയാണ് ആലുവയുടെ പ്രത്യേകതകളിലൊന്ന്. പെരിയാറിനൊപ്പം പശ്ചിമഘട്ടം കൂടി ഇവിടെ സ്റ്റേഷന്‍ രൂപകല്‍പ്പനയില്‍ പ്രധാന വിഷയമാകുന്നുണ്ട്.
നമ്മുടെ ജൈവ വൈവിധ്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഇതുവഴി വ്യക്തമാക്കുന്നു. പ്രവേശനകവാടവും പുറത്തേക്കുള്ള വഴിയും തുടങ്ങി സ്റ്റേഷനിലെ ഓരോ ഭാഗവും ജൈവ വൈവിധ്യത്തിന്റെ നേര്‍ക്കാഴ്ചകളാകും. ടിക്കറ്റ് കൗണ്ടര്‍, ലോബി, സ്റ്റേഷനിലേക്കുള്ള നടപ്പാത എന്നിവയെല്ലാം സൗന്ദര്യവത്കരിക്കും.

മഴത്തണുപ്പില്‍ കളമശ്ശേരി
നമുക്ക് മാത്രം സ്വന്തമായ മഴക്കാലത്തിന്റെ നനുത്ത ഓര്‍മയാകും കളമശ്ശേരി സ്റ്റേഷന്‍. മഴ െപയ്തിറങ്ങുന്നതിനെ അനുസ്മരിപ്പിച്ചാണ് സ്റ്റേഷന് അകത്തേക്കും പുറത്തേക്കുമുള്ള ചുവരുകള്‍ ഒരുക്കുക. വെള്ളം ഒഴുകിയിറങ്ങുന്നതിന്റെ ദൃശ്യഭംഗിയാകും കോണിപ്പടികളെയും ലോബിയെയും വ്യത്യസ്തമാക്കുക. കാടിന്റെ ആകാശത്തുനിന്നുള്ള ദൃശ്യമാണ് ടിക്കറ്റ് കൗണ്ടറിന്റെ ചുവര്‍ക്കാഴ്ച. ലിഫ്റ്റിന് സമീപത്തെ ചുവരില്‍ വേഴാമ്പലിന്റെ വലിയൊരു ഗ്രാഫിക്‌സുണ്ടാകും. കൊച്ചിയുടെ മുഖമുദ്രയായ കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ കൊണ്ട് വേഴാമ്പലിനെ അലങ്കരിക്കും.

നാവികന്‍ ഈ കുസാറ്റ്
കേരളത്തിന്റെ നാവിക ചരിത്രമാണ് കുസാറ്റ് (കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല) സ്റ്റേഷനെ വ്യത്യസ്തമാക്കുക. കേരളത്തിന്റെ തനത് ഉരുവില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇതിന്റെ രൂപകല്‍പ്പന. ഉരുവിനെ മനോഹരമാക്കാന്‍ മരത്തില്‍ കൊത്തു പണികള്‍ ചെയ്യുന്ന രീതി നിലവിലുണ്ട്. ഇതേ മാതൃകയിലുള്ള കരകൗശലമാതൃകകള്‍ മെട്രോ സ്റ്റേഷനുകളിലുണ്ടാകും.

വാണിജ്യവ്യാപാര ആവശ്യങ്ങള്‍ക്ക് കടല്‍മാര്‍ഗം കേരളത്തിലെത്തിയവര്‍, നമ്മുടെ വ്യാപാര റൂട്ടുകള്‍ തുടങ്ങിയ വിവരങ്ങള്‍ ടിക്കറ്റ് കൗണ്ടറിന്റെയും ലോബിയുടെയും ചുവരുകളെ അലങ്കരിക്കും. ഒരു കപ്പലിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഭൂപടത്തിന്റെ മാതൃകയിലാണ് ഇവ ഒരുക്കുക. ആകാശത്തിന്റെയും കടലിന്റെയും നീലിമയുടെ പശ്ചാത്തലത്തിലായിരിക്കുമിത്. ആഴക്കടലില്‍ നിന്നുള്ള ആകാശത്തിന്റെ രാത്രി ദൃശ്യമാകും സ്റ്റേഷന്റെ ചാരുത കൂട്ടുന്ന മറ്റൊന്ന്.

സുഗന്ധപൂരിതം ഇടപ്പള്ളി
മെട്രോയുടെ സ്റ്റേഷനുകളില്‍ സുഗന്ധം പരത്തുന്ന സ്റ്റേഷനാകും ഇടപ്പള്ളി. കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളാണ് ഇടപ്പള്ളി സ്റ്റേഷന്‍ സൗന്ദര്യവത്കരണത്തിന്റെ അടിസ്ഥാന ആശയം. നാളികേരത്തിന്റെ നാടെന്ന ഉപമയും ദൃശ്യങ്ങളിലൂടെ ആവിഷ്!കരിക്കും.
കേരളത്തിന്റെ സുഗന്ധ വ്യഞ്ജനപ്പെരുമ. നമ്മുടെ തനത് വിളകള്‍. ഇവ തേടി പല കാലഘട്ടങ്ങളിലായി കേരളത്തിലേക്ക് എത്തിയവര്‍. ഇങ്ങനെ ഇടപ്പള്ളി കേരളത്തിന്റെ സുഗന്ധ ചരിത്രത്തിലേക്കുള്ള കണ്ണാടിയാകും

ചങ്ങമ്പുഴയിലൂടെ
ചങ്ങമ്പുഴ പാര്‍ക്ക് സ്റ്റേഷനിലെ ഹീറോ ചങ്ങമ്പുഴ തന്നെയാണ്. സാഹിത്യം, കല, സംസ്!കാരം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന രീതിയിലാണ് ഈ സ്റ്റേഷന്റെ രൂപകല്‍പ്പന. യാത്രക്കാരെ കാത്ത് ഏറ്റവും വലിയ അത്ഭുതം ഒളിച്ചിരിക്കുന്നത് സ്റ്റേഷനിലേക്ക് കടക്കുന്ന പാലത്തിന്റെ ഭാഗത്താണ്. കവിതകള്‍ കൊണ്ടാണ് പാലം അലങ്കരിച്ചിരിക്കുന്നത്. മേല്‍ക്കൂരയുടെ മുകളില്‍ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന വിധത്തിലാണ് ചങ്ങമ്പുഴയുടെ കവിതാശകലങ്ങള്‍. മലയാളത്തില്‍ തന്നെയാണ് ഇവ അവതരിപ്പിക്കുക. ഒപ്പം ഭിത്തിയില്‍ കവിയുടെ മനോഹരദൃശ്യവും. കഥകളി, ഓട്ടന്‍തുള്ളല്‍, തെയ്യം തുടങ്ങിയ കലാരൂപങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ സ്റ്റേഷന്റെ രൂപകല്‍പ്പന. നാലുകെട്ടിനോട് സാമ്യമുള്ള രീതിയിലാണ് സ്റ്റേഷന്റെ പുറംകാഴ്ച. ടിക്കറ്റ് കൗണ്ടറിന്റെ ചുവരുകളെ സുന്ദരമാക്കാന്‍ ഭീമനൊരു ചുവര്‍ചിത്രമുണ്ടാകും. വിവിധ കലാരൂപങ്ങളുടെ സ്‌കെച്ചുകള്‍ കൊണ്ട് അലങ്കരിച്ച രീതിയിലായിരിക്കും കോണിപ്പടികളുടെ മതില്‍. ലിഫ്റ്റിന്റെ ലോബിയുടെ ചുവരുകള്‍ അലങ്കരിക്കുന്നത് മുദ്രകളായിരിക്കും. മറ്റ് സ്റ്റേഷനുകളില്‍ നിന്ന് വ്യത്യസ്തമായൊരു എക്‌സിബിഷന്‍ പവലിയനും ചങ്ങമ്പുഴ പാര്‍ക്ക് സ്റ്റേഷനില്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

സ്‌പോര്‍ട്‌സ് സ്റ്റേഷന്‍
അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ സാന്നിധ്യം തന്നെയാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷന്റെ പ്രത്യേകത. ഫുട്‌ബോള്‍, ക്രിക്കറ്റ്, അത്!ലറ്റിക്‌സ് തുടങ്ങി വിവിധ കായിക മേഖലകളില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ വിളിച്ചോതുന്നതായിരിക്കും ഈ സ്റ്റേഷന്‍.
നമ്മുടെ സ്വന്തം കളരിപ്പയറ്റിന്റെ പ്രചോദനവും സ്റ്റേഷന്‍ രൂപകല്‍പ്പനയിലുണ്ടാകും.

ചരിത്രമാകും എം.ജി.റോഡ്
നഗരത്തിന്റെ ചരിത്രമായിരിക്കും എം.ജി.റോഡ് സ്റ്റേഷന്റെ മുഖമുദ്ര. വിവിധ മേഖലകളില്‍ നഗരത്തെ എങ്ങനെ അടയാളപ്പെടുത്തുന്നുവെന്നതിന്റെ നേര്‍ക്കാഴ്ചയാകും ഈ സ്റ്റേഷന്‍. നഗരത്തിന്റെ വാണിജ്യസിരാകേന്ദ്രമെന്ന പ്രത്യേകതയും എം.ജി.റോഡിനുണ്ട്. ഇതുകൂടി കണക്കിലെടുത്താകും സ്റ്റേഷന്റെ രൂപകല്‍പ്പന.

മിനിമം ചാര്‍ജ് പത്ത്
കൊച്ചി മെട്രോയില്‍ യാത്രയ്ക്ക് പത്ത് രൂപയായിരിക്കും കുറഞ്ഞ ടിക്കറ്റ് നിരക്ക്. കൂടിയ നിരക്ക് 40 രൂപയും. ബാംഗ്ലൂര്‍ ഐ.ഐ.എം. പഠനം നടത്തി സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഈ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് നിര്‍ദേശമുള്ളത്. എന്നാല്‍ നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് കൊച്ചി െമട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) അധികൃതര്‍ പറഞ്ഞു. രണ്ട് മാസത്തിനകം ഇത് സംബന്ധിച്ച് അന്തിമ പ്രഖ്യാപനമുണ്ടാകും. വിവിധ ഗതാഗത സംവിധാനങ്ങളില്‍ ഒരു കിലോമീറ്റര്‍ യാത്രയ്ക്ക് കൊച്ചിയിലെ നിലവിലെ നിരക്ക്, ഇന്ത്യയിലെ മറ്റ് മെട്രോകളുടെ നിരക്ക് എന്നിവയെല്ലാം കണക്കിെലടുത്താണ് ഈ തീരുമാനം.. 2011 ല്‍ തയ്യാറാക്കിയ മെട്രോയുടെ വിശദമായ പദ്ധതി രൂപരേഖയിലും ചുരുങ്ങിയ നിരക്ക് പത്ത് രൂപ തന്നെയാണ് നിര്‍ദേശിച്ചിരിക്കുന്നത്.

സംതൃപ്തിയോടെ അയല്‍സംസ്ഥാന തൊഴിലാളികള്‍
കൊച്ചി: ഒന്നും രണ്ടുമല്ല അവര്‍. മൂവായിരത്തിലധികമുണ്ട്. കൊച്ചിയുടെ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നാടും വീടും ആഘോഷങ്ങളും ആചാരങ്ങളും മറന്ന് രാപകലില്ലാതെ അദ്ധ്വാനിക്കുന്നവര്‍. മെട്രോ ചിറകു വിരിച്ച് പറക്കാന്‍ ഒരുങ്ങുമ്പോള്‍ മനം നിറഞ്ഞ് ആഹ്ലാദിക്കുന്നവരാണവര്‍. 'എപ്പോഴും ജോലിക്കായിരുന്നു മുന്‍ഗണന. എല്ലാ സുരക്ഷാ സംവിധാനവും ഉള്ളതുകൊണ്ട് പേടി കൂടാതെ ജോലി ചെയ്യാമായിരുന്നു. പിന്നെ മികച്ച കൂലിയും ലഭിക്കും. നാട്ടിലെ കുടുംബാംഗങ്ങളും സന്തോഷത്തിലാണ്. കുട്ടികള്‍ അവിടെ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. അവര്‍ക്ക് ആവശ്യത്തിന് പണം അയച്ചുകൊടുക്കാന്‍ സാധിക്കുന്നുണ്ട്.' ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന ബിഹാറില്‍ നിന്നുള്ള തൊഴിലാളി അജയകാന്ത് പറഞ്ഞു.

ഇതാണ് മെട്രോ ജോലിക്കായി കേരളത്തിലേക്ക് വന്ന മിക്ക തൊഴിലാളികളുടെയും സ്ഥിതി. അന്നോളം കൃഷി മാത്രം പരമ്പരാഗത ജീവിതരീതിയായി കൊണ്ടുനടന്ന തൊഴിലാളികളാണ് ഇവരില്‍ ഭൂരിഭാഗവും. മറ്റ് കൃഷിസ്ഥലങ്ങളില്‍ ജോലി തേടി നടന്നവരാണ് ഇന്ന് കൂടുതല്‍ നല്ല ജീവിത നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുന്നത്. താമസസൗകര്യവും തൊഴിലിടത്തിലേക്കുള്ള യാത്രാ സൗകര്യങ്ങളും കരാറുകാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം സ്വന്തമായി പാകം ചെയ്യുന്നു. കൊച്ചിയിലെ ഉയര്‍ന്ന ജീവിത ചെലവില്‍ സ്വയം പാകം ചെയ്ത് കഴിക്കാനേ സാമ്പത്തിക സ്ഥിതി അനുവദിക്കൂവെന്ന് ബിഹാറിലെ ബെഗുസരയില്‍ നിന്നുള്ള പ്രബ്‌ജോദ് പറഞ്ഞു. കുറച്ചുകാലം പാറ്റ്‌നയില്‍ ജോലി ചെയ്തിട്ടുള്ള ഇദ്ദേഹവും മൂന്ന് വര്‍ഷമായി കൊച്ചിയിലുണ്ട്.

തുടക്കം മുതല്‍ മെട്രോ ജോലികളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരാണ് ആന്ധ്രയിലെ കുര്‍ണൂലില്‍ നിന്നുള്ള തൊഴിലാളികള്‍. മെട്രോയുടെ ആകെ നിര്‍മാണത്തില്‍ പല ഭാഗത്തും തങ്ങളുടെ നാട്ടുകാര്‍ ഉള്ളതായി ഗണേശ് എന്ന തൊഴിലാളി പറഞ്ഞു. കുറച്ചു പേര്‍ തിരികെ നാട്ടിലേക്ക് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'മുന്‍പ് സ്വകാര്യ ഫ്‌ലാറ്റ് കെട്ടിടങ്ങളുടെ നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ അന്നുണ്ടായിരുന്നതിനേക്കാള്‍ സന്തോഷമാണ് കൊച്ചിയിലെ മെട്രോ ജോലിയിലൂടെ ലഭിച്ചത്.' ജോലി സമയം കൃത്യമാണ്. ആവശ്യത്തിന് വിശ്രമവും ലഭിക്കും. അപകടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. തൊഴിലില്ലാതെ ഇരുന്നത് ചുരുക്കം ദിവസങ്ങളില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടുകാര്‍ സന്തോഷത്തിലാണ്, കൃഷി വരുത്തിയ സാമ്പത്തിക ബാദ്ധ്യത തീര്‍ന്ന സന്തോഷവും അദ്ദേഹം മറച്ചുവെച്ചില്ല. എം.ജി റോഡില്‍ രാത്രിയില്‍ മിക്കപ്പോഴും ബൈക്ക് യാത്രികരോട് തര്‍ക്കിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ആന്ധ്ര സ്വദേശി നാഗപ്പ പറഞ്ഞത്. നടപ്പാതയില്‍ കൂടി കയറിവരുന്ന ബൈക്ക് യാത്രികര്‍ അപകട സാധ്യത വകവയ്ക്കാതെയാണ് പോകാറുള്ളതെന്നും ഇദ്ദേഹം പറയുന്നു. മെട്രോ ഒന്നാം ഘട്ടം ജോലികള്‍ തീര്‍ന്നാല്‍ നീട്ടിലേക്ക് തിരികെ പോകാനാണ് 48 വയസ്സുള്ള നാഗപ്പയുടെ ആഗ്രഹം. കൃഷി ചെയ്ത് ഇനി നാട്ടില്‍ തന്നെ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. നാഗപ്പയുടെ മകന്‍ രംഗനാഥ എം.ജി. റോഡില്‍ തന്നെ മറ്റൊരിടത്ത് ജോലി ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ മറ്റു മെട്രോകളുടെ വിശേഷങ്ങള്‍

ഡല്‍ഹി മെട്രോ
1995 മാര്‍ച്ച് 5 ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ രൂപവത്കരിച്ചു. നിര്‍മാണം തുടങ്ങിയത് 1998 ഒക്ടോബര്‍ 1 ന്. 2002 ഡിസംബര്‍ 24 ന് ഒന്നാംഘട്ടം പ്രവര്‍ത്തനം ആരംഭിച്ചു. 213 കിലോമീറ്ററിലായി 160 സ്റ്റേഷനുകളുണ്ട്. പത്തു ലക്ഷത്തോളം പേര്‍ ദിവസവും യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 8 രൂപയാണ് മിനിമം ടിക്കറ്റ്. 42 രൂപയാണ് ഉയര്‍ന്ന ടിക്കറ്റ്.

ചെന്നൈ മെട്രോ
2009 മേയ് മാസത്തിലാണ് ചെന്നൈ മെട്രോയുടെ നിര്‍മാണം ആരംഭിച്ചത്. രണ്ടു ഘട്ടങ്ങളിലായി 45 കി.മീ. ദൈര്‍ഘ്യം വരുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി 2015 ല്‍ സര്‍വീസ് ആരംഭിച്ചു. ആദ്യഘട്ടത്തിലെ 12 സ്റ്റേഷനുകളുള്‍പ്പെടെ ആകെ 32 സ്റ്റേഷനുകളാണുള്ളത്. 10 രൂപ മുതല്‍ 40 രൂപ വരെയാണ് യാത്രാനിരക്ക്

ബംഗലൂരു നമ്മ മെട്രോ
2006 ജൂണ്‍ 24 നാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 2007 ഏപ്രിലില്‍ ബെംഗലൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നിര്‍മാണം ആരംഭിച്ചു. 2011 ഒക്ടോബര്‍ 20 ന് മെട്രോ ഓടിത്തുടങ്ങി. ഒന്നാം ഘട്ടത്തില്‍ രണ്ടു റീച്ചുകളിലായി 42.30 കിലോമീറ്ററാണ് ദൈര്‍ഘ്യം. 6 റീച്ചുകളിലായി 72 കിലോമീറ്റര്‍ നീളത്തിലാണ് രണ്ടാം ഘട്ടം. പ്രതിദിനം രണ്ടുലക്ഷത്തിലേറെ പേര്‍ മെട്രോ ഉപയോഗപ്പെടുത്തുന്നുണ്ട്.

കൊല്‍ക്കത്ത മെട്രോ
ഇന്ത്യയിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ സര്‍വീസാണ് കൊല്‍ക്കത്ത മെട്രോ. 1972 ഡിസംബര്‍ 12 നായിരുന്നു തറക്കല്ലിടല്‍. 73 ല്‍ നിര്‍മാണം തുടങ്ങി. 1984 ഒക്ടോബര്‍ 24 ന് മെട്രോ ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ 14.67 കിലോമീറ്റര്‍ നീളത്തില്‍ പാതയും 12 സ്റ്റേഷനുകളുമുണ്ട്.

മുംബൈ മെട്രോ
2006 ജൂണ്‍ 21 ന് തറക്കല്ലിട്ടു. 2008 ല്‍ ഒന്നാംഘട്ടം നിര്‍മാണം ആരംഭിച്ചു. 2015 ല്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കി മെട്രോ സര്‍വീസുകള്‍ ആരംഭിച്ചു. 11.4 കിലോമീറ്ററാണ് ദൈര്‍ഘ്യം. 12 സ്റ്റേഷനുകളുണ്ട്. 10 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

സംഭവം തന്നെ... നമ്മുെട മെട്രോ സ്റ്റേഷനുകള്‍

തികച്ചും അത്യാധുനികമായിരിക്കും നമ്മുടെ ഓരോ മെട്രോ സ്റ്റേഷനുകളും. ഇതുവരെ ശീലിച്ചതില്‍ നിന്ന് വ്യത്യസ്തമായൊരു യാത്രാനുഭൂതി നല്‍കുന്നവ.വിദേശ മെട്രോകളോട് കിടപിടിക്കുന്ന രീതിയിലാണ് ഓരോ സ്റ്റേഷനും വിഭാവനം ചെയ്യുന്നത്. ഇതില്‍ തന്നെ പ്രധാന സ്ഥലങ്ങളിലെ ചില സ്റ്റേഷനുകള്‍ തീം സ്റ്റേഷനുകളായിരിക്കും.
ആലുവ മുതല്‍ പേട്ട വരെയുള്ള 22 സ്റ്റേഷനുകളും ഒന്നിനൊന്ന് വ്യത്യസ്തമായ രീതിയിലാണ് ആസൂത്രണം ചെയ്യുന്നത്. പശ്ചിമഘട്ടവും കേരളത്തിന്റെ സവിശേഷതകളുമാണ് സ്റ്റേഷന്‍ സൗന്ദര്യവത്കരണത്തിന്റെ പ്രധാന ആശയം. ഇതിനുപുറമേയാണ് തിരഞ്ഞെടുത്ത ഏതാനും സ്റ്റേഷനുകള്‍ തീം സ്റ്റേഷനായി ആസൂത്രണം ചെയ്തിരിക്കുന്നത്.

കേരളീയ മാതൃകകള്‍ ഉപയോഗപ്പെടുത്തിയാണ് സ്റ്റേഷനുകളുടെ മനോഹാരിത കൂട്ടുക. കേരളത്തിന് പുറത്തുനിന്നെത്തുന്ന ഒരാള്‍ക്ക് കേരളത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ സഹായകമാകുന്ന തരത്തിലായിരിക്കുമിത്. കേരളീയര്‍ക്ക് സ്വന്തം നാടിനെക്കുറിച്ച് അഭിമാനിക്കാന്‍ വകനല്‍കുന്ന വിധത്തിലും.

കേരളത്തിന്റെ അഭിമാന പദ്ധതിയാണ് കൊച്ചി മെട്രോ. ഇതുകൂടി കണക്കിലെടുത്താണ് കേരളത്തിന്റെ ചരിത്രവും സംസ്!കാരവും കലകളുമെല്ലാം മെട്രോയ്‌ക്കൊപ്പം സന്നിവേശിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.
22 സ്റ്റേഷനുകളില്‍ ഏഴെണ്ണമാണ് തീം സ്റ്റേഷനായി ആസൂത്രണം ചെയ്തിരിക്കുന്നത്. ആലുവ, കളമശ്ശേരി, കുസാറ്റ്, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, എം.ജി.റോഡ് എന്നിവയാണിത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍.) നിര്‍േദശങ്ങള്‍ക്കനുസരിച്ച് ടാറ്റ എലെക്‌സിയാണ് സ്റ്റേഷനുകളുടെ മാതൃക തയ്യാറാക്കുന്നത്.

മെട്രോ നാള്‍വഴികള്‍

2001 ജൂണ്‍ 21 കൊച്ചിക്ക് അനുയോജ്യമായ ഗതാഗത സംവിധാനം മെട്രോ റെയിലാണെന്ന് ഡോ. ഇ. ശ്രീധരന്‍.
2004 ഡിസംബര്‍ 22 കൊച്ചിയില്‍ മെട്രോ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം.
2004 ഡിസംബര്‍ 24 പഠനത്തിനും പരിശോധനയ്ക്കുമായി ഡി.എം.ആര്‍.സി.യെ ഏല്പിക്കുന്നു.
2005 ജൂലായ് 23 ഡി.എം.ആര്‍.സി. വിശദമായ പദ്ധതി രൂപരേഖ സര്‍ക്കാറിന് സമര്‍പ്പിച്ചു.
2005 ഒക്ടോബര്‍ 19 കൊച്ചി മെട്രോയുടെ കണ്‍സള്‍ട്ടന്റായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ സര്‍ക്കാര്‍ നിയമിച്ചു.
2006 ജനവരി 15 നിര്‍മാണത്തിന് അന്തര്‍ദേശീയ ടെന്‍ഡര്‍ ക്ഷണിച്ചു.
2011 ആഗസ്ത് 2 മെട്രോ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) രൂപവത്കരിച്ചു.
2012 ജൂലായ് 3 കൊച്ചി മെട്രോ റെയിലിന് കേന്ദ്രാനുമതി.
2012 സപ്തംബര്‍ 13 മെട്രോയുടെ കല്ലിടല്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നിര്‍വഹിച്ചു.
2012 ഒക്ടോബര്‍ 17 നിര്‍മാണം ഡി.എം.ആര്‍.സി.യെ ഏല്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.
2013 ജൂണ്‍ 7 കൊച്ചി മെട്രോയുടെ നിര്‍മാണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളിയിലായിരുന്നു ആദ്യ പൈലിങ്.
2014 ഫിബ്രവരി 8 ഫ്രഞ്ച് വികസന ഏജന്‍സിയുമായി വായ്പാകരാര്‍ ഒപ്പിട്ടു.
2015 മാര്‍ച്ച് 21 മെട്രോ കോച്ചുകളുടെ നിര്‍മാണം ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലുള്ള അല്‍സ്റ്റോമിന്റെ ഫാക്ടറിയില്‍ തുടങ്ങി.
2015 മേയ് 20 കാക്കനാട് റൂട്ടിന് മന്ത്രിസഭയുടെ അനുമതി.
2015 സപ്തംബര്‍ 3 ലോഗോ പ്രകാശനം.
2016 ജനവരി 8 കൊച്ചി മെട്രോയ്ക്ക് അനുബന്ധമായുള്ള ജലഗതാഗത വികസന പദ്ധതിക്ക് കേന്ദ്രാനുമതി.
2016 ജനവരി 9 ആദ്യ കോച്ചുകള്‍ പരീക്ഷണ ഓട്ടത്തിനായി കൊച്ചിയിലെത്തിച്ചു.

സമയം ഇങ്ങനെ
രാവിലെ ആറ് മുതല്‍ രാത്രി 11 മണി വരെയാണ് മെട്രോ സര്‍വീസ് ആസൂത്രണം ചെയ്യുന്നത്. രാവിലെയും വൈകീട്ടുമെല്ലാം തിരക്കേറിയ സമയങ്ങളില്‍ അഞ്ച് മിനിട്ടിന്റെ ഇടവേളയില്‍ ട്രെയിനുണ്ടാകും. എന്നാല്‍ യാത്രക്കാര്‍ കുറവുള്ള സമയത്ത് ട്രെയിനുകള്‍ക്കിടയിലെ ദൈര്‍ഘ്യം പത്ത് മുതല്‍ 15 മിനിറ്റ് വരെയാകും.സര്‍വീസ് തുടങ്ങുന്നതിന് ഒരു മാസം മുന്‍പ് യാത്രാസമയം സംബന്ധിച്ച് അന്തിമ ഷെഡ്യൂള്‍ പ്രസിദ്ധീകരിക്കും. ആലുവയില്‍ നിന്ന് പേട്ട വരെയുള്ള യാത്രയ്ക്ക് 42 മിനിട്ട് വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. 22 മിനിട്ട് കൊണ്ട് ആലുവയില്‍ നിന്ന് പാലാരിവട്ടം വരെ എത്താനാകും. ആലുവയില്‍ നിന്ന് സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്കെത്താന്‍ 32 മിനിട്ട്. സൗത്തില്‍ നിന്ന് പേട്ടയിലേക്കെത്താന്‍ 10 മിനിട്ട് മതിയാകും.

ചെലവ് 5182 കോടി
കൊച്ചി മെട്രോയ്ക്ക് 5182 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ വിഹിതവും സ്വകാര്യ ഏജന്‍സികളുടെ വായ്പയും ഉള്‍പ്പെടെയാണിത്. പദ്ധതിച്ചെലവില്‍ 35.85 ശതമാനം സംസ്ഥാന സര്‍ക്കാറിന്റെ വിഹിതമാണ്. ഭൂമി ഏറ്റെടുക്കലിനുള്ള തുക ഉള്‍പ്പെടെയാണിത്. കേന്ദ്രവിഹിതം 20.27 ശതമാനമാണ്. സ്വകാര്യ വിഹിതം 43.88 ശതമാനം വരും.

നിര്‍മാണത്തിനുള്ള വായ്പ നല്‍കുന്നത് ഫ്രഞ്ച് വികസന ഏജന്‍സിയും കനറാ ബാങ്കുമാണ്. 180 ദശലക്ഷം യൂറോയാണ് ഫ്രഞ്ച് വികസന ഏജന്‍സിയില്‍ നിന്നുള്ള വായ്പ. 1170 കോടി രൂപ കനറാ ബാങ്കും വായ്പ നല്‍കുന്നു. കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ടത്തിന് ഫ്രഞ്ച് വികസന ഏജന്‍സി വായ്പ നല്‍കാമെന്നേറ്റിട്ടുണ്ട്. മെട്രോയുടെ ഭാഗമായി വൈറ്റിലപേട്ട റോഡിന്റെ വീതികൂട്ടുന്നതിന് ജില്ലാ കോഓപ്പറേറ്റീവ് ബാങ്കില്‍ നിന്നാണ് വായ്പയെടുക്കുന്നത്. മെട്രോയ്ക്ക് അനുബന്ധമായുള്ള ജല ഗതാഗത വികസനത്തിന് ജര്‍മന്‍ ബാങ്കായ കെ.എഫ്.ഡബ്ല്യു.വും വായ്പ നല്‍കും.

മെട്രോ തൂണുകളില്‍ പൂ വിരിയും
മെട്രോ തൂണുകള്‍ സുന്ദരമാക്കാന്‍ പൂന്തോട്ടവും. ആലുവ മുതലുള്ള റൂട്ടിലെ തൂണുകളിലാണ് പൂന്തോട്ടം ഒരുക്കുന്നത്. ഒന്നിടവിട്ടെന്ന കണക്കില്‍ തൂണുകളില്‍ ചെടികള്‍ നടും. മറ്റ് തൂണുകള്‍ പരസ്യങ്ങള്‍ക്കായി വിട്ടു നല്‍കും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍.) നേതൃത്വത്തിലാണ് ഇതിനായി പദ്ധതി തയ്യാറാക്കുന്നത്. വെര്‍ട്ടിക്കല്‍ ഗാര്‍ഡനാണ് ഉദ്ദേശിക്കുന്നത്. മെട്രോ റൂട്ട് പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ഈ പൂന്തോട്ടങ്ങള്‍.

നമ്മുടെ മെട്രോ വ്യത്യസ്തം
ഇന്ത്യയിലെ മറ്റ് മെട്രോകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് കൊച്ചി മെട്രോ. നെറ്റിപ്പട്ടം കെട്ടിയ ആനയുടെ മസ്തകത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് മെട്രോയുടെ മുന്‍വശം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആനക്കൊമ്പിന്റെ മാതൃകയിലാണ് മുന്‍വശത്തെ ഹെഡ്‌ലൈറ്റുകള്‍.
വിദേശ മെട്രോകളോട് കിടപിടിക്കുന്ന സംവിധാനങ്ങളാണ് മെട്രോയിലുള്ളത്. തുടക്കത്തില്‍ മെട്രോ നിയന്ത്രിക്കാന്‍ ഡ്രൈവര്‍മാരുണ്ടാകും. എന്നാല്‍ ഭാവിയില്‍ ഡ്രൈവറില്ലാതെയും ട്രെയിന്‍ സര്‍വീസ് സാധ്യമാകും. ഭിന്നശേഷിയുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേകം സീറ്റുകള്‍ മെട്രോയിലുണ്ടാകും. നിറത്തിന്റെ അടിസ്ഥാനത്തിലാണ് സീറ്റുകളുടെ വേര്‍തിരിവ്. ഡ്രൈവറുമായി സംസാരിക്കാന്‍ എമര്‍ജന്‍സി ഇന്റര്‍കോം. ഓട്ടോമാറ്റിക് വാതില്‍. വാര്‍ത്തകള്‍ക്കും വിനോദത്തിനുമുള്ള സംവിധാനം. മൊബൈല്‍ ഉള്‍പ്പെടെ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനം... തുടങ്ങിയവയെല്ലാം മെട്രോയുടെ പ്രത്യേകതകളാണ്.

വേഗമില്ലാതെ തൃപ്പൂണിത്തുറ
മെട്രോയുടെ നിര്‍മാണത്തുടക്കം മുതല്‍ പ്രഖ്യാപിക്കപ്പെട്ടതാണ് തൃപ്പൂണിത്തുറ റൂട്ട്. പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ഒന്നര കിലോമീറ്റര്‍ മാത്രമാണ് നിര്‍മാണം ആവശ്യം. അലയന്‍സ് ജംഗ്ഷനിലും എസ്.എന്‍. ജംഗ്ഷനിലുമായി രണ്ട് സ്റ്റേഷനുകള്‍ വരും. ഇതിനായി സ്ഥലം ഏറ്റെടുക്കണം. ഇതിന്റെ നടപടിക്രമങ്ങള്‍ ശേഷിക്കുകയാണ്.

ചമ്പക്കരയിലേക്ക് പുതിയ പാലം
മെട്രോയുടെ പേട്ട റൂട്ടിന്റെ ഭാഗമായി ചമ്പക്കരയില്‍ നിലവിലുള്ള പാലം പൊളിച്ചുപണിയാന്‍ പദ്ധതിയുണ്ട്. നോര്‍ത്ത് റെയില്‍വേ മേല്‍പ്പാലം നിര്‍മിച്ച മാതൃകയിലാണ് ഇതിന്റെ പുനര്‍നിര്‍മാണം ഉദ്ദേശിക്കുന്നത്. പരിസരവാസികളില്‍ നിന്നുള്‍പ്പെടെ ഇതിനെക്കുറിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. താമസിയാതെ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കുന്നു.

എങ്ങുമെത്താതെ ഉംട്ട
കൊച്ചിയിലെ നഗരഗതാഗതം ഏകോപിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ള ഏകീകൃത മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി (ഉംട്ട) സര്‍ക്കാരിന്റെ അനുമതി കാത്ത് ഫയലിലാണ്. നിയമപരമായ അംഗീകാരമാണ് ഇനി ആവശ്യമുള്ളത്. ഇതിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോറെയില്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. നിലവിലെ യാത്രാ സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമായി അടിമുടി പരിഷ്!കരിക്കേണ്ടിവരും. ഓട്ടോ, ടാക്‌സി, ബസ് സര്‍വീസുകളുമായി ഉള്‍പ്പെടെ കൊച്ചി മെട്രോയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

ഇഴയുന്നു സ്ഥലമെടുപ്പ്
വൈറ്റിലപേട്ട റോഡിലെ സ്ഥലമെടുപ്പാണ് മെട്രോയെ വിഷമത്തിലാക്കുന്നത്. 50 ശതമാനം സ്ഥലമെടുപ്പ് മാത്രമാണ് ഈ മേഖലയില്‍ പൂര്‍ത്തിയായിരിക്കുന്നത്. അടിയന്തര പ്രാധാന്യത്തോടെ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.

കാക്കനാട് ഇനി വേണ്ടത് കേന്ദ്ര അനുമതി
മെട്രോയുടെ കാക്കനാട് റൂട്ടിന് ഇനി വേണ്ടത് കേന്ദ്ര അനുമതിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നേരത്തെ കിട്ടിയതാണ്. സ്ഥലമേറ്റെടുക്കലിനും റോഡ് വീതികൂട്ടലിനുമായി സംസ്ഥാന സര്‍ക്കാര്‍ 189 കോടി രൂപ കഴിഞ്ഞദിവസം അനുവദിച്ചു.
കേന്ദ്ര അനുമതി ലഭിച്ചാല്‍ നിര്‍മാണം തുടങ്ങാനാകും. നിര്‍മാണത്തിനാവശ്യമായ വായ്പ ഫ്രഞ്ച് വികസന ഏജന്‍സി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ജലഗതാഗതം: അംഗീകാരം അടുത്തമാസം
കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി ആസൂത്രണം ചെയ്യുന്ന ജലഗതാഗത വികസന പദ്ധതിക്ക് അടുത്തമാസം ജര്‍മന്‍ബാങ്കിന്റെ അംഗീകാരം ലഭിക്കും. ഫിബ്രവരിയില്‍ ചേരുന്ന കെ.എഫ്.ഡബ്ല്യു.ബോര്‍ഡ് യോഗം പദ്ധതി പരിഗണിക്കുന്നുണ്ട്.
കൊച്ചിയിലെ ജലഗതാഗതം അടിമുടി പരിഷ്!കരിക്കുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്രസര്‍ക്കാര്‍ വഴിയാണ് പദ്ധതി കെ.എഫ്.ഡബ്ല്യു.ബോര്‍ഡിന് മുന്നിലേക്കെത്തുന്നത്. ബോട്ടുജെട്ടികളുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ തുടങ്ങാനാകുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) വ്യക്തമാക്കുന്നു.

അങ്കമാലി, ഫോര്‍ട്ടുകൊച്ചി
കാക്കനാട് റൂട്ടിനുശേഷം അടുത്തഘട്ടമെന്ന നിലയിലാണ് അങ്കമാലി, ഫോര്‍ട്ടുകൊച്ചി റൂട്ടുകള്‍ പരിഗണിക്കുന്നത്. ഇവയുടെ സാധ്യതാപഠനം ഉള്‍പ്പെടെ പൂര്‍ത്തിയാകാനുണ്ട്. വിമാനത്താവളത്തിന്റെ സാന്നിധ്യം കാരണം മൂന്നാംഘട്ടത്തില്‍ ആദ്യസാധ്യത കല്‍പ്പിക്കപ്പെടുന്നത് അങ്കമാലിക്കാണ്. മാത്രമല്ല ആലുവയിലെ ആദ്യ മെട്രോ സ്റ്റേഷന്റെ സാന്നിധ്യവും ഈ സാധ്യത വര്‍ധിപ്പിക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
image

3 min

മാനവികതയുടെ റസൂൽ

Oct 18, 2021


nabidhinam

3 min

തിരുനബി: മാനവിക മാതൃക

Oct 28, 2020


mathrubhumi

3 min

ട്രസ്റ്റിഷിപ്പ് എന്ന ഗാന്ധിയൻ ദർശനം

Oct 3, 2018