കേരളം തുവാമുൽ രാംപുരിന് നൽകിയത്


കെ.പി. പ്രവിത

3 min read
Read later
Print
Share

പുരുൺ മാജി: ഒഡിഷയിലെ തുവാമുൽ രാംപുർ സ്വദേശി. കേരളത്തിലെ ഒരു ഹോട്ടലിൽ പാചകക്കാരനാണ്. മാസം ശമ്പളം 20,000 രൂപ. ഇതിൽ നിന്നു മിച്ചംപിടിച്ച് 2017-ൽ ഒരു ഓട്ടോ വാങ്ങി. നാട്ടിൽ ഒരാൾക്കിത് വാടകയ്ക്ക് നൽകിയിരിക്കുകയാണ്.

നരേന്ദ്ര നായിക്: കേരളത്തിൽ പാചകക്കാരനായി 2015 വരെ ജോലിചെയ്തു. സമ്പാദ്യം കൊണ്ട് നാട്ടിൽ ഒരു വണ്ടി വാങ്ങി. അതിപ്പോൾ തുവാമുലിൽ ടാക്സിയായി ഓടുന്നു. ജീവിക്കാൻ ഈ വരുമാനം മതിയെന്ന് നായിക് പറയുന്നു. ഇനി നാടുവിട്ട് മറ്റെങ്ങോട്ടുമില്ലെന്നും.

രാമ മാജി: കേരളത്തിൽ പെട്രോൾ പമ്പ് ജീവനക്കാരൻ. മാസശമ്പളം 12,000 രൂപ. ശമ്പളത്തിൽനിന്ന്‌ മിച്ചംപിടിച്ച് ഗ്രാമത്തിൽ
ഒരു പലചരക്കുകട തുടങ്ങി. ഭാര്യ കട നടത്തുന്നു.

സാക്ഷരതയും ജീവിതനിലവാരവും മികച്ചുനിൽക്കുന്ന കേരളംപോലൊരു സംസ്ഥാനത്തിന് വളരെ സാധാരണമെന്ന് തോന്നും ഈ മൂന്ന് ജീവിതരേഖകളും. എന്നാൽ, തുവാമുൽ രാംപുരിൽ തികച്ചും അസാധാരണമാണ് ഈ നേട്ടങ്ങൾ.

ഏറ്റവും പിന്നാക്ക മേഖലകളിലൊന്നായാണ് രാജ്യം തുവാമുലിനെ അടയാളപ്പെടുത്തുന്നത്. ഒഡിഷയിലെ കാലാഹണ്ഡി ജില്ലയുടെ ഹൃദയഭൂമി. മണ്ണിനോടിണങ്ങിക്കഴിയുന്ന ആദിവാസിവിഭാഗങ്ങളുടെ മണ്ണ്. ഭുവനേശ്വറിൽനിന്ന് 450 കിലോമീറ്റർ ദൂരമുണ്ട്. 24 പഞ്ചായത്തുകൾ ഉൾപ്പെടുന്ന തുവാമുൽ രാംപുർ ബ്ലോക്കിൽ ജനസംഖ്യ ഒരു ലക്ഷത്തിനുമേൽ. മൊത്തം 22,000 കുടുംബങ്ങൾ. ഇതിൽ 5000 വീടുകളിൽ ഭർത്താവോ മക്കളോ ഇല്ല. 95 ശതമാനം പേരും കേരളത്തിലാണ്.

2011-ലെ കണക്കനുസരിച്ച് ഒഡിഷയിലെ ദാരിദ്ര്യനിരക്ക് 32.6 ശതമാനമാണ്. രാജ്യത്തെ തന്നെ ഏറ്റവും പിന്നാക്ക ജില്ലകളായ കാലാഹണ്ഡിയും ബൊളാങ്കിറും കോരാപുട്ടുമെല്ലാം ഒഡിഷയിൽനിന്ന് കേരളത്തിലേക്കുള്ള കുടിയേറ്റത്തിന്റെ നിരക്ക് കൂട്ടുന്നു. ഏറ്റവും കൂടുതൽ കുടിയേറ്റം കാലാഹണ്ഡിയിലെ തുവാമുൽ രാംപുരിൽ നിന്നാണ്. ഗൾഫിൽപ്പോയി വന്നവർ കേരളത്തിലുണ്ടാക്കിയ മാറ്റംപോലെയൊന്ന്‌ പതിയെ കടന്നുവരുന്നുണ്ട് തുവാമുലിലും. കൃഷിയിടവും വണ്ടിയും വീടുപണിയും കല്യാണവുമെല്ലാമായി ഈ മാറ്റം പ്രകടമാണ്.

ജീവനോപാധി തേടിയുള്ള പലായനം മാത്രമല്ല ഇവിടെ വാർത്തയാകുന്നത്. പിന്നിൽ ഉപേക്ഷിക്കപ്പെടുന്നവരുടെ പോരാട്ടം കൂടിയാണ്. ഒഡിഷയിലെ ഗ്രാമീണവികസന ഏജൻ‌സിയായ ഗ്രാമവികാസും കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലുസീവ് ഡെവലപ്പ്‌മെന്റും ചേർന്ന് തേടിയത് ഈ പോരാട്ടത്തിന്റെ കഥകളാണ്. സാമ്പത്തികവളർച്ചയുടെ പ്രധാനഘടകമായി മാറുമ്പോഴും കുടിയേറ്റം പലതരത്തിലുള്ള വെല്ലുവിളികളും മുന്നോട്ടുെവക്കുന്നുണ്ട്. ജോലിതേടി നാടിനു വെളിയിൽ പോകുന്നവർക്കും അവർ പിന്നിലുപേക്ഷിക്കുന്ന കുടുംബങ്ങൾക്കും.

പ്രിയം കേരളം
തൊഴിൽലഭ്യതയും നല്ല ശമ്പളവും സമാധാനാന്തരീക്ഷവുമെല്ലാമാണ് മറുനാടൻ തൊഴിലാളികളെ കേരളത്തിലേക്ക് ആകർഷിക്കുന്നത്. തുവാമുലിൽ ദിവസം 100 രൂപ കിട്ടുന്ന ഒരു അവിദഗ്ധ തൊഴിലാളിക്ക് കേരളത്തിൽ 600 രൂപ കിട്ടും. ഹോട്ടലുകളിലും നിർമാണമേഖലയിലും പെട്രോൾ പമ്പിലുമെല്ലാം തുവാമുൽ സാന്നിധ്യം കേരളത്തിലുണ്ട്. എറണാകുളത്തും തൃശ്ശൂരിലുമാണ് തുവാമുൽ സ്വദേശികൾ ഏറെ. ഗുരുവായൂരും ചാലക്കുടിയും അങ്കമാലിയും കൊച്ചിയുമാണ് ഇവരുടെ കേന്ദ്രങ്ങൾ.

ഓട്ടോയും മോട്ടോർസൈക്കിളും
കുടിയേറ്റം തുവാമുലിന് പലതരത്തിൽ ഗുണം ചെയ്തിട്ടുണ്ടെന്ന് ഗ്രാമ വികാസിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ ലിബി ജോൺസൺ പറഞ്ഞു. തുവാമുൽ രാംപുർ ബ്ലോക്കിലേക്ക് ഈ തൊഴിലാളികളിലൂടെ ഒരു വർഷം എത്തുന്നത് 30 മുതൽ 40 കോടി രൂപ വരെയാണ്. വികസനം പലതരത്തിലും പ്രകടമാണ്.

മറുനാട്ടിൽ ജോലിചെയ്യുന്നവരുള്ള കുടുംബങ്ങളിൽ പലരും ഓട്ടോറിക്ഷകൾ വാങ്ങി. രാവിലെയും വൈകീട്ടും ഒരു ബസ് മാത്രം ഓടുന്ന ഗ്രാമത്തിനിത് ഗുണമായി. ഏതാനും വീടുകളിൽ മോട്ടോർസൈക്കിളുണ്ട്. മറ്റു ചിലർ കൂലിക്ക്‌ ആളെ നിർത്തി കൃഷിയിറക്കുന്നു. കടങ്ങൾ വീട്ടി വീടുകൾ പുതുക്കിപ്പണിയുന്നു. കുടുംബത്തിൽ കല്യാണങ്ങളും നടക്കുന്നു. മറുനാട്ടിൽ ജോലി ചെയ്യുന്നവരുള്ള കുടുംബങ്ങൾക്ക് കടം നൽകാൻ പലിശക്കാരും മത്സരിക്കുന്നു.

ഹലോ പോയന്റ്
തുവാമുൽ രാംപുരിൽ മൂന്നിടത്ത് മാത്രമാണ് മൊബൈൽ ടവറുള്ളത്. കുന്നും താഴ്വരയുമെല്ലാം നിറഞ്ഞ ഗ്രാമത്തിൽ മൊബൈലിന് റേഞ്ചുള്ള ഇടങ്ങൾ അപൂർവം. ചിലപ്പോൾ കിലോമീറ്ററുകളോളം സഞ്ചരിക്കണം, റേഞ്ചിലെത്താൻ. റേഞ്ചിടങ്ങൾക്ക് ഗ്രാമവാസികൾ നൽകിയിരിക്കുന്ന പേര് ഹലോ പോയന്റെന്നാണ്.

വെല്ലുവിളികളേറെ
ഭാര്യയെയും പ്രായമായ മാതാപിതാക്കളെയും നാട്ടിൽവിട്ടാണ് പലരും ജോലിതേടിപ്പോകുന്നത്. ഭർത്താവിന്റെ അസാന്നിധ്യത്തിൽ ഭാര്യ വീടിന് പുറത്തിറങ്ങാൻ മടിക്കും. എഴുത്തും വായനയും അറിയാത്തതിനാൽ കത്തെഴുതാനും ബാങ്കിൽ പോകാനുമെല്ലാം സ്ത്രീകൾക്ക് മറ്റുള്ളവരുടെ സഹായം വേണം. സുരക്ഷയാണ് മറ്റൊരു പ്രശ്നം. മദ്യപിച്ചെത്തുന്ന സമൂഹവിരുദ്ധർ രാത്രിയിൽ വീടുകളിൽ അതിക്രമിച്ചു കയറും. ഭർത്താക്കന്മാരുടെ അവിഹിത ബന്ധങ്ങൾ
മറ്റൊരു വെല്ലുവിളി. ഫോണിന് റേഞ്ചില്ലാത്തതിനാൽ ഭർത്താവുമായി സംസാരിക്കാനാകില്ല. മടങ്ങിവരുമോയെന്നു പോലുമറിയാതെ അവർ ഭർത്താവിനായി കാത്തിരിക്കും. ഇങ്ങ് കേരളത്തിൽ ഈ തൊഴിലാളികളും വെല്ലുവിളികൾ നേരിടുന്നുണ്ട്. ശമ്പളംകിട്ടാത്ത അവസ്ഥയും ചൂഷണവുമുണ്ട്. ആരോഗ്യപരിരക്ഷയാണ് മറ്റൊരു പ്രശ്നം. തൊഴിലിടത്തിലെ ചൂഷണം തടയാനുള്ള സംവിധാനങ്ങളും മെഡിക്കൽ ഇൻഷുറൻ‌സുമെല്ലാം ഇവരുടെ ആവശ്യങ്ങളിലുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram