ഐക്യകേരള ഉദ്ഘാടനത്തിന് എത്യോപ്യന്‍ ചക്രവര്‍ത്തി വന്നോ?


By മലയന്‍കീഴ് ഗോപാലകൃഷ്ണന്‍ malayankilgk@yahoo.com

2 min read
Read later
Print
Share

നഗരപ്പഴമ

1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാന രൂപവത്കരണത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ഹാളിലും അതിനുശേഷം സെന്‍ട്രല്‍ സ്റ്റേഡിയത്തിലും നടന്ന ചടങ്ങുകളില്‍ എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സെലാസി പങ്കെടുക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് എത്താന്‍ കഴിഞ്ഞിരുന്നില്ല. എത്യോപ്യന്‍ ചക്രവര്‍ത്തി പങ്കെടുത്തതായി ഇപ്പോഴും ചില പത്രറിപ്പോര്‍ട്ടുകള്‍ വരുന്നത് ശരിയല്ല. ഈ തെറ്റിദ്ധാരണയ്ക്കുകാരണം ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഔദ്യോഗിക നോട്ടീസാണ്. മലബാറും തിരു-കൊച്ചിയുമായി വേര്‍തിരിഞ്ഞുകിടന്ന മലയാളക്കരയെ ഒന്നാക്കിയ ആ ഔദ്യോഗിക നോട്ടീസ് പുതിയ തലമുറയ്ക്ക് കൗതുകമായിരിക്കും. അത് ഇങ്ങനെയാണ്:

'കേരള സംസ്ഥാന ഗവര്‍ണര്‍, ചീഫ്ജസ്റ്റിസ്, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവരുടെ സത്യപ്രതിജ്ഞ 1956 നവംബര്‍ ഒന്നിന് കാലത്ത് എട്ടരമണിക്ക് സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ദര്‍ബാര്‍ ഹാളില്‍വച്ചു നടത്തുന്നതാണ്. ദര്‍ബാര്‍ഹാളിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുള്ളവര്‍ 8.10-ന് മുമ്പായി അവരുടെ സ്ഥാനങ്ങളില്‍ ഉപവിഷ്ടരാകണം. 8.40-ന് മുമ്പ് എന്നു പ്രസിദ്ധപ്പെടുത്തിയതില്‍നിന്നു വ്യത്യസ്തമായാണ് ഇപ്പോള്‍ സമയം ക്ലിപ്തപ്പെടുത്തിയിരിക്കുന്നത്. ഒന്‍പതുമണിവരെ ചടങ്ങുകള്‍ നീണ്ടുനില്‍ക്കും. എത്യോപ്യന്‍ ചക്രവര്‍ത്തി തിരുമനസ്സുകൊണ്ടും ഈ ചടങ്ങില്‍ സംബന്ധിക്കുന്നതാണ്. ഗവര്‍ണറും ചക്രവര്‍ത്തി തിരുമനസ്സുകൊണ്ടും ദര്‍ബാര്‍ഹാളിനു മുന്‍വശത്തുള്ള മണ്ഡപത്തില്‍ പ്രവേശിക്കുന്നതോടുകൂടി, കോഴിക്കോട്ടുനിന്നു പുറപ്പെട്ട ദീപശിഖ വഹിച്ചുകൊണ്ടു വരുന്ന ഓട്ടക്കാരന്‍ അവിടെ എത്തുന്നതും ഗവര്‍ണര്‍ അതേറ്റുവാങ്ങി മേയറെ ഏല്‍പ്പിക്കുന്നതുമാണ്. തുടര്‍ന്ന് മഹാകവി വള്ളത്തോളിനെ ഗവര്‍ണര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതും ഈ സന്ദര്‍ഭത്തിലേക്കായി പ്രത്യേകം തയ്യാറാക്കിയ ഒരു പദ്യം വായിക്കുന്നതുമാണ്. ഗവര്‍ണറുടെ ചെറിയ പ്രസംഗത്തോടുകൂടി പരിപാടികള്‍ അവസാനിക്കും. പൊതുജനങ്ങള്‍ക്ക് പാസുകള്‍ കൂടാതെ സെക്രട്ടേറിയറ്റ് വളപ്പില്‍ പ്രവേശിച്ച് ഗാലറിയില്‍ ഇരുന്ന് ഈ ചടങ്ങുകള്‍ കാണാവുന്നതാണ്. ഗാലറികളിലേക്ക് പൊതുജനങ്ങള്‍ക്ക് സ്ഥലമുള്ളിടത്തോളം പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. എട്ടുമണിക്കുമുമ്പ് ഗാലറികളില്‍ ഉപവിഷ്ടരാകേണ്ടതാണ്. വൈകുന്നേരം ഏഴുമണിയോടുകൂടി കനകക്കുന്ന് കൊട്ടാരത്തില്‍വച്ചു കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും.'

ചക്രവര്‍ത്തി ഹെയ്ലി െസലാസി പങ്കെടുക്കാത്തതൊഴികെ മറ്റെല്ലാ കാര്യങ്ങളും ഔദ്യോഗിക അറിയിപ്പുപ്രകാരം നടന്നു. ചക്രവര്‍ത്തിക്ക് കേരള ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെപ്പറ്റി പത്രങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഔദ്യോഗിക നോട്ടീസ് മാത്രം കണ്ടിട്ടുള്ളവര്‍ അദ്ദേഹം പങ്കെടുത്തായി കരുതുക സ്വാഭാവികമാണ്. കന്യാകുമാരിയിലെവിടെയോ സന്ദര്‍ശിച്ച കാരണം സമയം തെറ്റിയതാണ് ചക്രവര്‍ത്തിക്ക് എത്താന്‍ കഴിയാത്തതെന്ന് പറയുന്നു.

പക്ഷേ, അന്നുതന്നെ ഹെയ്ലി സെലാസി തിരുവനന്തപുരത്ത് എത്തി, ക്രൈസ്റ്റ് ചര്‍ച്ച് (പബ്ലിക് ലൈബ്രറിക്ക് എതിര്‍വശത്ത്) ശതാബ്ദി ഹാളിന് തറക്കല്ലിട്ടു. പിന്നീട് കൊച്ചിയിലെത്തിയ അദ്ദേഹം ചില പരിപാടികളിലും പങ്കെടുത്തു.

ഹെയ്ലി സെലാസി ഇല്ലെങ്കിലും ഐക്യകേരളത്തോടനുബന്ധിച്ച സത്യപ്രതിജ്ഞ ചടങ്ങുകളും ഉദ്ഘാടനസമ്മേളവും ഭംഗിയായി നടന്നു. രാവിലെ കൃത്യസമയത്തുതന്നെ ആക്ടിങ് ഗവര്‍ണര്‍ ദര്‍ബാര്‍ഹാളിലെത്തി. സിറ്റി മേയര്‍ പൊന്നറ ശ്രീധര്‍, ചീഫ് സെക്രട്ടറി എന്‍.ഇ.എസ്. രാഘാവാചാരി, മദ്രാസ് ധനമന്ത്രി സി.സുബ്രഹ്മണ്യം, പൗരമുഖ്യന്മാര്‍, നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പിന്നീട് നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് കെ.ടി.കോശി ആക്ടിങ് ഗവര്‍ണര്‍ക്ക് സത്യപ്രതിജ്ഞ ചെല്ലിക്കൊടുത്തു. അപ്പോള്‍ 18 ആചാരവെടികള്‍ ഉയര്‍ന്നു. അതിനുശേഷം കേരളത്തിന്റെ ആദ്യ ചീഫ് ജസ്റ്റിസായി കെ.ടി.കോശിക്ക് ആക്ടിങ് ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെല്ലിക്കൊടുത്തു. ഹൈക്കോടതി ജഡ്ജിമാരായ കെ.ശങ്കരന്‍, ജി.കുമാരപിള്ള, എം.എസ്.മോനോന്‍, ടി.കെ.ജോസഫ്, എന്‍.വരദരാജ അയ്യര്‍ എന്നിവര്‍ പിന്നാലെ സത്യപ്രതിജ്ഞ ചെയ്തു. ഇതിനുശേഷമായിരുന്നു പിന്നിലെ സ്റ്റേഡിയത്തില്‍ ഐക്യകേരളത്തിന്റെ പൊതുസമ്മേളനവും ഉദ്ഘാടനവും നടന്നത്.

മരിനി ഇറ്റലി സ്വദേശി

തിരുവിതാംകൂറിലെ റെയില്‍വേ ഉപദേശകനും എന്‍ജിനീയറുമായിരുന്ന ജി.മെരണി(മരിനി-G.Marini)യെപ്പറ്റി കഴിഞ്ഞ 'നഗരപ്പഴമ'യില്‍ എഴുതിയിരുന്നതിനെ സംബന്ധിച്ച് ഒട്ടേറെപ്പേര്‍ ആന്വേഷിക്കുന്നുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ അവസാനകാലത്തെയും മരണത്തെയും കുറിച്ചൊന്നും ഇപ്പോഴും വ്യക്തതയില്ല. അദ്ദേഹം ജര്‍മന്‍കാരന്‍ എന്ന് എഴുതിയിരുന്നത് ശരിയല്ല, ഇറ്റിലിക്കാരനാണ്. 1940 കാലത്ത് അഹമ്മദ്നഗറില്‍ ബ്രീട്ടിഷ് സര്‍ക്കാരിന്റെ യുദ്ധത്തടവുകാരനായി കഴിഞ്ഞ അദ്ദേഹം തന്റെ കുടുംബസഹായധനം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിനെഴുതിയ കത്ത് ന്യൂഡല്‍ഹിയിലെ 'ഇന്‍സ്റ്റിറ്റ്യൂട്ട് ഫാര്‍ ഡിഫന്‍സ് സ്റ്റഡീസി'ല്‍ ഉണ്ട്. കുടുംബത്തെ സംബന്ധിച്ച മറ്റൊരു രേഖയും ഉണ്ടെങ്കിലും വിശദവിവരങ്ങളില്ല.

contnt highlights: ethiopian king haile selassie's kerala visit

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram