-
2019 ഡിസംബർ അവസാനം ചൈനയിൽ പ്രത്യക്ഷപ്പെട്ട കോവിഡ്-19 ലോകമെമ്പാടും വ്യാപിച്ച് ലക്ഷക്കണക്കിനാളുകളുടെ ജീവനപഹരിച്ച് തുടങ്ങിയിട്ട് ഇപ്പോൾ ഏതാണ്ട് ആറുമാസമാകുന്നു. എല്ലാവരുടെയും നാവിൻ തുമ്പിൽ ഇപ്പോൾ ഒരു ചോദ്യമാണുള്ളത്. കോവിഡ് എന്നെങ്കിലും അവസാനിക്കുമോ? എങ്കിൽ എപ്പോൾ? എങ്ങനെ?
വാക്സിൻ കണ്ടെത്തി രോഗത്തെ നിയന്ത്രിച്ച് നിർത്തുക, ചികിത്സയ്ക്ക് പറ്റിയ ആന്റി വൈറസുകൾ കണ്ടെത്തുക എന്നിവയാണ് രോഗവ്യാപനം തടയുന്നതിനുള്ള മാർഗങ്ങൾ. എന്നാൽ, മഹാമാരി (പാൻഡമിക്), പ്രാദേശിക രോഗമായി (എൻഡമിക്) മാറാനും സാധ്യതയുണ്ട്. ഇതിനുമുമ്പ് മനുഷ്യരാശിയുടെ അന്ത്യം കുറിക്കുമെന്ന് പ്രവചിക്കപ്പെട്ട മഹാമാരികളിൽ പലതും പൂർണമായും നിർമാർജനം ചെയ്യപ്പെടുകയോ മറ്റു ചിലവ ഭാഗികമായിട്ടെങ്കിലും പിൻവാങ്ങുകയോ ചെയ്തിട്ടുള്ളത് ഈ മാർഗങ്ങളിലൂടെയാണ്.
വാക്സിൻ ഗവേഷണം
വാക്സിൻ നൽകുന്നതുവഴി കൃത്രിമമായി മനുഷ്യശരീരത്തിൽ വൈറസിനെതിരേ പ്രതിവസ്തുക്കൾ (ആന്റി ബോഡീസ്) സൃഷ്ടിച്ച് പ്രതിരോധശേഷി വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്. കോവിഡിന് കാരണമായ സാർസ് കൊറോണ വൈറസ്-2 ഒരു ആർ.എൻ.എ. വൈറസാണ്. ആർ.എൻ.എ. വൈറസുകൾ നിരന്തരം ജനിതകവ്യതിയാനത്തിന് (മ്യൂട്ടേഷൻ) വിധേയമാകുന്നതിനാൽ വാക്സിൻ നിർമാണം ബുദ്ധിമുട്ടുണ്ടാക്കും. എല്ലാതരം ജനിതകഘടനകൾക്കും യോജിച്ച വാക്സിൻ നിർമിക്കുക എളുപ്പമല്ല. സാർസ് കൊറോണ വൈറസ്-2ന്റെ ജനിതകഘടന വിവിധ രാജ്യങ്ങളിലായി രേഖപ്പെടുത്തി വരുന്നുണ്ട്. 9000-ത്തോളം വൈറസ് ഘടനകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ കാര്യമായ വ്യത്യാസം കാണുന്നില്ല എന്നത് ആശ്വാസകരമാണ്. അതുകൊണ്ട് വാക്സിൻ നിർമാണം വേഗത്തിലാവാൻ സാധ്യതയുണ്ട്. ഇതിനകം പലരാജ്യങ്ങളിലായി വാക്സിൻ ഗവേഷണ സംരംഭങ്ങൾ നടന്നുവരുന്നു. വൈറസിലുള്ള ആർ.എൻ.എ.തന്തു, പ്രോട്ടീൻ കവചം എന്നിവയുടെ അടിസ്ഥാനത്തിലോ ജനിതക സാങ്കേതിക വിദ്യ പ്രയോഗിച്ചോ വാക്സിനുകൾ നിർമിക്കാം. വാക്സിൻ മാതൃക കണ്ടെത്തൽ, മൃഗപരീക്ഷണം, മൂന്നു ഘട്ടങ്ങളായുള്ള മനുഷ്യപരീക്ഷണം, മനുഷ്യപരീക്ഷണത്തിന് ശേഷമുള്ള നിരീക്ഷണസ്ഥാപനങ്ങളുടെ ഗുണപരിശോധന എന്നിവയെല്ലാം കഴിഞ്ഞു മാത്രമേ വാക്സിൻ മാർക്കറ്റ് ചെയ്യാനാവൂ.
മനുഷ്യരിൽ പരീക്ഷണം നടത്തേണ്ട ക്ലിനിക്കൽ പരീക്ഷണഘട്ടത്തിൽ പത്തു വാക്സിനുകൾ എത്തിയിട്ടുണ്ട്. 126 വാക്സിനുകൾ അതിനുമുമ്പുള്ള ഘട്ടത്തിലാണ്. ഇന്ത്യയിൽ മൂന്ന് സംരംഭങ്ങളാണ് നടന്നുവരുന്നത്. പുണെയിൽനിന്നുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ടും ഒാക്സ്‌ഫഡ് സർവകലാശാലയും ആസ്‌ട്ര സെനെക്ക കമ്പനിയും സംയുക്തമായി നടത്തുന്ന വാക്സിൻ പരീക്ഷണം ക്ലിനിക്കൽ ഘട്ടത്തിലെത്തിയിട്ടുണ്ട്. ഐ.സി.എം.ആർ. ഹൈദരാബാദിലെ ഭാരത് ബയോടെക് കമ്പനിയുമായി ചേർന്ന് നടത്തുന്ന പരീക്ഷണവും ഹൈദരാബാദിലെ ഇന്ത്യൻ ഇമ്യൂണോളോജിക്കൽ ലിമിറ്റഡിന്റെ പരീക്ഷണവും ക്ലിനിക്കൽ പൂർവ ഘട്ടത്തിലാണ്. മനുഷ്യരിൽ നടത്തുന്ന ക്ലിനിക്കൽ പരിശോധന ഓരോ ഘട്ടവും പൂർത്തിയാക്കാൻ മാസങ്ങളോ ചിലപ്പോൾ വർഷങ്ങൾ തന്നെയോ വേണ്ടിവന്നേക്കാം. ഇതിനിടെ വൈറസ് കൂടുതൽ ജനിതക മാറ്റങ്ങൾക്ക് വിധേയമായാൽ അതും പ്രശ്നമായി വരാം. ഏതായാലും ഇതുവരെ ലഭിച്ച വിവരങ്ങൾ അനുസരിച്ച് കോവിഡ് വാക്സിൻ 2021-ൽ പ്രതീക്ഷിച്ചാൽ മതിയാവും. ഭാഗ്യമുണ്ടെങ്കിൽ 2021 ഏപ്രിൽ മാസത്തോടെ എന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.
കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾ
കോവിഡിന് ഫലപ്രദമായ മരുന്ന് കണ്ടെത്തുക എന്നതാണ് മറ്റൊരു മാർഗം. ലോകാരോഗ്യസംഘടന ഏതാനും മരുന്നുകൾ സോളിഡാരിറ്റി ട്രയൽ എന്ന പേരിൽ പരീക്ഷിച്ചുനോക്കിവരുകയാണ്. കേരളവും ഈ പരീക്ഷണത്തിൽ പങ്ക് ചേരാനുള്ള താത്‌പര്യം അറിയിച്ചിട്ടുണ്ട്. ജിലിയാഡ് എന്ന അമേരിക്കൻ കമ്പനി കണ്ടെത്തിയ റെംഡെസിവീർ എന്ന മരുന്നും എയ്‌ഡ്‌സിനായി ഉപയോഗിച്ചുവരുന്ന ലോപിനാവിർ, റിറ്റോനാവിർ എന്നീ മരുന്നുകളും ഇപ്പോൾത്തന്നെ കേരളത്തിലടക്കം പരീക്ഷണാർഥം ഉപയോഗിച്ചുവരുന്ന ഹൈഡ്രോക്സി ക്ലോറോക്വിനും പ്രതിരോധശേഷി വർധിപ്പിക്കും എന്ന് കരുതുന്ന ഇന്റർഫേറോൺ ബീറ്റ എന്ന മരുന്നുമാണ് സോളിഡാരിറ്റി ട്രയലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സോളിഡിരിറ്റി ട്രയൽ വിജയിച്ചാൽപ്പോലും മറ്റൊരു പ്രശ്നം ഉയർന്നുവരും. എയ്‌ഡസ് രോഗത്തിന്റെ കാര്യത്തിലത് സംഭവിച്ചതാണ്. എയ്‌ഡ്‌സ് സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവരിൽ പടർന്നുപിടിച്ചിരുന്ന കാലത്താണ് എയ്‌ഡ്‌സിനുള്ള മരുന്നുകൾ വൻകിട കമ്പനികൾ വലിയ വിലയ്ക്ക് മാർക്കറ്റ് ചെയ്തുതുടങ്ങിയത്. എന്നാൽ, മരുന്ന് ഏറ്റവും അടിയന്തരമായി ആവശ്യമുള്ള ദരിദ്രർക്ക് അതിന്റെ പ്രയോജനം കിട്ടിയില്ല. അക്കാലത്ത് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന പേറ്റന്റ് വ്യവസ്ഥയനുസരിച്ച് ഇന്ത്യൻ കമ്പനികൾ കുറഞ്ഞ വിലയ്ക്ക് എയ്‌ഡ്‌സിനുള്ള ജനറിക് മരുന്ന് ഉത്‌പാദിപ്പിച്ച് മാർക്കറ്റ് ചെയ്തതോടെയാണ് മരുന്ന് പാവപ്പെട്ടവർക്ക് ലഭ്യമായതും എയ്‌ഡ്‌സ് നിയന്ത്രണ വിധേയമായതും. അങ്ങനെയാണ് ഇന്ത്യൻ ഔഷധമേഖല പാവപ്പെട്ടവരുടെ ഫാർമസി എന്നറിയപ്പെട്ടത്.
ഇപ്പോൾ സാഹചര്യം മാറിയിരിക്കുന്നു. ട്രിപ്സ് നിബന്ധനപ്രകാരം പേറ്റന്റ് നിയമം മാറ്റിയതോടെ പേറ്റന്റ് മരുന്നുകളുടെ ജനറിക് പതിപ്പുകൾ ഉത്‌പാദിപ്പിക്കാൻ ഇന്ത്യക്കോ മറ്റ് രാജ്യങ്ങൾക്കോ കഴിയില്ല. ഇപ്പോൾ പരീക്ഷണത്തിലുള്ള മരുന്നുകളിൽ ക്ലോറോക്വിൻ മാത്രമാണ് പേറ്റന്റ് കാലാവധി കഴിഞ്ഞ മരുന്ന്. അതുകൊണ്ട് സോളിഡാരിറ്റി ട്രയൽ വിജയിച്ചാൽത്തന്നെ കോവിഡ് മരുന്നുകൾ സാധാരണക്കാർക്ക് ലഭ്യമാവണമെന്നില്ല. ഇപ്പോൾത്തന്നെ ജിലിയാഡ് കമ്പനി തത്‌കാലത്തേക്ക് റോയൽറ്റി കുറച്ചു നൽകിയാൻ മതിയെന്ന് സമ്മതിച്ചതുകൊണ്ടുമാത്രമാണ് ഇന്ത്യയിലെ റെഡ്ഡീസ് ലബോറട്ടറിയും മറ്റും റെംഡെസിവീർ ഉത്‌പാദിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
വാക്സിൻ വഴിയല്ലാതെ മറ്റൊരു രീതിയിലും പ്രതിരോധശേഷി വളർത്തിയെടുക്കാനാവും. സാമൂഹിക പ്രതിരോധം (ഹേർഡ് ഇമ്യൂണിറ്റി) എന്നാണ് ഇതിനെ വിളിക്കുക.
മഹാമാരി പ്രാദേശിക രോഗമായി മാറുമോ?
പരിണാമപ്രക്രിയയിലൂടെ കോവിഡ് മഹാമാരിയിൽ (പാൻഡമിക്) നിന്ന് പ്രാദേശിക രോഗമായി മാറുക (എൻഡമിക്) എന്നതാണ് അടുത്ത സാധ്യത. കോവിഡിന് കാരണമായ സാർസ് കൊറോണ വൈറസ്-2 മിക്കവാറും വവ്വാലിന്റെ ശരീരത്തിൽനിന്ന് ഈനാംപേച്ചിയിലൂടെ മനുഷ്യരിലെത്തി രോഗകാരണമായെന്നാണ് കരുതപ്പെടുന്നത്. വവ്വാലിന്റെ ശരീരത്തിൽ അവയുടെ പ്രതിരോധ സംവിധാനങ്ങളുമായി ഇണങ്ങി രോഗമുണ്ടാക്കാതെ കഴിഞ്ഞുവന്നിരുന്ന രോഗാണുക്കളാണിവ. എന്നാൽ, സ്വന്തം പ്രകൃതിദത്ത ആവാസവ്യവസ്ഥയ്ക്ക് ഹാനി സംഭവിച്ചതുകൊണ്ടാണ് വൈറസ് മറ്റൊരു ജീവിയിലേക്ക് കടന്നത്. മനുഷ്യർക്കും വൈറസിന്റെ പ്രകൃത്യാലുള്ള ആതിഥേയ ജീവിക്കുമിടയിലുള്ള മധ്യവർത്തി ജീവിയുടെ (ഇന്റർമീഡിയേറ്റ് ഹോസ്റ്റ്) ശരീരത്തിൽ വെച്ച് വൈറസിന്റെ തീവ്രത വർധിക്കുകയും (ആംപ്ലിഫിക്കേഷൻ) അവ മനുഷ്യരിലെത്തി രോഗകാരണമായി മാറുകയും മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.
വൈറസിന് ഏത് ജീവിയിലെത്തുമ്പോഴും രണ്ട് ലക്ഷ്യങ്ങൾ മാത്രമാണുള്ളത്. അവയുടെ കോശങ്ങൾക്കുള്ളിലെ ജൈവ ഘടകങ്ങൾ പ്രയോജനപ്പെടുത്തി വിഭജിച്ച് പെരുക, മറ്റ് ജീവികളിലേക്ക് വ്യാപിക്കുക (റിപ്ലിക്കേഷൻ ആൻഡ് ട്രാൻസ്‌മിഷൻ). ഇവ രണ്ടും മാത്രമാണ് വൈറസിന്റെ ലക്ഷ്യം. തങ്ങൾ വസിക്കുന്ന ആതിഥേയ ജീവികളെ കൊല്ലുക എന്നത് അവയുടെ ലക്ഷ്യമല്ല. അങ്ങനെ സംഭവിച്ചാൽ അവയുടെ മന്നോട്ടുള്ള പോക്കിന്റെ ഗതി മുട്ടും.
വൈറസ് ശരീരത്തിൽ കടന്നുകഴിയുമ്പോൾ മനുഷ്യശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുടെ വൈറസിനെതിരായ അമിതമായ പ്രതികരണത്തിന്റെ ഫലമായുണ്ടാവുന്ന സൈറ്റോക്കൈൻ സ്റ്റോം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസമാണ് ശ്വാസകോശങ്ങൾ, വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങൾക്ക് ഹാനികരമാവുന്നതും രോഗം ബാധിച്ചയാളിന്റെ മരണത്തിന് കാരണമാവുന്നതും. യുദ്ധത്തിൽ ലക്ഷ്യമില്ലാതെയും ബോധപൂർവമല്ലാതെയും സംഭവിക്കുന്ന നാശനഷ്ടങ്ങളോട് (Collateral Damage) താരതമ്യം ചെയ്യാവുന്ന സ്ഥിതിവിശേഷമായി ഇതിനെ കാണാവുന്നതാണ്.
മനുഷ്യരിലെത്തുന്ന വൈറസുകളുടെ ആദ്യഘട്ടത്തിലെ തീവ്രതയും വ്യാപനനിരക്കും വളരെക്കൂടുതലായിരിക്കും. ഈ ഘട്ടത്തിൽ ആതിഥേയരായ മനുഷ്യരുടെ മരണനിരക്കും സ്വാഭാവികമായും കൂടുതലായിരിക്കും. മനുഷ്യർ രോഗവ്യാപനം തടയുന്നതിനും മറ്റുമുള്ള നടപടികളും ഈ അവസരത്തിൽ സ്വീകരിക്കും. ഇതെല്ലാം വൈറസിന്റെ വ്യാപനസാധ്യത കുറയ്ക്കും. ഈ സാഹചര്യം വൈറസിന്റെ തീവ്രത കുറയുന്നതിലേക്ക് നയിക്കും. അതിന് സഹായകരമായ ജനിതകമാറ്റത്തിന് അവ വിധേയരാകും. തീവ്രത കൂടിയവയും വൈറസിന്റെ അതിജീവനത്തിന് സഹായകരമല്ലാത്തവയുമായ വൈറസ് ജനിതകമാറ്റങ്ങൾ പ്രകൃതിനിർധാരണ പ്രകാരം തിരസ്കരിക്കപ്പെടും. തീവ്രത കുറഞ്ഞവ മനുഷ്യശരീരവുമായി സമരസപ്പെട്ട് വ്യാപനനിരക്ക് കുറച്ചും മനുഷ്യർക്ക് ഹാനികരമാവാതെയും നിലനിൽക്കും. മനുഷ്യരുമായി ഒരുതരം പാരിസ്ഥിതിക സന്തുലാവസ്ഥ കൈവരിക്കും. പാൻഡമിക് അങ്ങനെ എൻഡമിക്കായി മാറും. ഇങ്ങനെയൊരു സ്ഥിതിവിശേഷം സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഒട്ടേറെ ജന്തുജന്യ മഹാമാരികൾ ഇങ്ങനെയാണ് അവസാനിച്ചിട്ടുള്ളതെന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്.