വാക്സിനായി കാത്തിരിക്കാനാവില്ല സഖ്യത്തിൽ അണിചേരുക


By വർഷ ഗണ്ഡിക്കോട്ട | അന്ന കെയ്‌സ്റ്റോർ അരെൻഡാർ

3 min read
Read later
Print
Share

​ലോകത്ത്‌ എല്ലാവർക്കും വാക്‌സിൻ എന്ന ലക്ഷ്യം നിറവേറ്റാനായി കേരളത്തിൽ നിന്നടക്കം

പ്രതീകാത്മ ചിത്രം

2021 ഫെബ്രുവരിയിലാണ് ഇംഗ്ലണ്ടിലെ കോൺവാളിൽ ജി-7 സമ്മേളനം നടന്നത്. കോവിഡിൽനിന്ന് കരകയറുന്നതിനും വാക്സിൻ വിതരണത്തിലും രാജ്യങ്ങൾ തമ്മിൽ പരസ്പരസഹകരണം ഉറപ്പാക്കുക എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രധാനലക്ഷ്യം. ഈ സമ്മേളനത്തിനുശേഷവും ദശലക്ഷത്തിലധികം മനുഷ്യരാണ് മരിച്ചത്. നിലവിലുള്ള വാക്സിനുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ജനിതകമാറ്റം സംഭവിച്ച വൈറസുകൾ പുതിയ തരംഗങ്ങൾക്ക് കാരണമാകുമെന്നുമുള്ള മുന്നറിയിപ്പുകളും മുന്നിലുണ്ട്.

മെല്ലെപ്പോക്ക് രാഷ്ട്രീയം
ഈ മാരകമായ അടിയന്തരാവസ്ഥയിലും ലോകത്തിന് ​മൊത്തം വാക്സിൻ നൽകാനുള്ള ഒരു പദ്ധതിയും കോൺവാളിൽ രൂപവത്‌കരിക്കപ്പെട്ടില്ല. ലോകത്തിന് ആവശ്യം 1100 കോടി ഡോസുകളായിരുന്നിട്ടും വെറും 100 കോടി ഡോസ്, അതും ഒന്നരവർഷത്തിനുള്ളിൽ സംഭാവനചെയ്യുമെന്നാണ്‌ രാജ്യങ്ങൾ പ്രതിജ്ഞചെയ്തത്‌. എന്നാൽ, ചർച്ചകൾ അവസാനിക്കുമ്പോഴേക്കും അത് 87 കോടിയായി ചുരുങ്ങി. ഫലത്തിൽ 61.3 കോടി ഡോസുകൾ മാത്രമാണ് തീർത്തും പുതിയ വാഗ്ദാനം.

ജി-7 നേതാക്കൾ അവർ സ്വയം നിർമിച്ച ആഗോള ആരോഗ്യ സംവിധാനത്തെ വെല്ലുവിളിക്കുമെന്ന് പ്രതീക്ഷിക്കാൻ നമുക്കാവില്ല. പുതിയ വാഗ്ദാനങ്ങൾക്കായി കാത്തിരിക്കാനും കഴിയില്ല. ഫോട്ടോയെടുപ്പിനായി ജി-7 നേതാക്കൾ ബീച്ചിൽ അണിനിരക്കുമ്പോൾ, പുതിയ വകഭേദങ്ങൾ വൈറസിന്റെ ആക്രമണത്തിന് ശക്തിയേകുകയായിരുന്നു: യു.കെ.യിലെ ആൽഫ വകഭേദം, ദക്ഷിണാഫ്രിക്കയിലെ ബീറ്റ, ബ്രസീലിലെ ഗാമ, ഇന്ത്യയിലെ ഡെൽറ്റ.

വാക്സിൻ വ്യാപനത്തിനായി സഖ്യം
ആഗോള ജനസംഖ്യയുടെ 13 ശതമാനമാണ് ജി-7 രാജ്യങ്ങളിലുള്ളത്. എന്നാൽ, ലഭ്യമായ വാക്സിൻ ഡോസുകളുടെ മൂന്നിലൊന്നാണ് ഈ രാജ്യങ്ങൾ വാങ്ങിക്കൂട്ടിയത്. അതേസമയം, 134 കോടി ജനങ്ങളുള്ള ആഫ്രിക്കയിൽ ജനസംഖ്യയുടെ 1.8 ശതമാനത്തിനു മാത്രമേ വാക്സിൻ ലഭിച്ചിട്ടുള്ളൂ. അതായത്, നിലവിലെ നിരക്കിൽ, കുറഞ്ഞവരുമാനമുള്ള രാജ്യങ്ങളിൽ നൂറു ശതമാനം വാക്സിനേഷനായി 57 വർഷം കാത്തിരിക്കണം. അതുകൊണ്ടാണ് പ്രോഗ്രസീവ് ഇന്റർനാഷണൽ വാക്സിൻ ഇന്റർനാഷണലിസത്തിനായുള്ള അടിയന്തര ഉച്ചകോടിക്കായി മന്ത്രിമാർ, രാഷ്ട്രീയനേതാക്കൾ, വാക്സിൻ നിർമാതാക്കൾ എന്നിവരുടെ ഒരു പുതിയസഖ്യം സംഘടിപ്പിക്കുന്നത്.

ലോകത്തിലെ പരീക്ഷണശാലകളിലെയും നിർമാണശാലകളിലെയും ശാസ്ത്രജ്ഞരും ആരോഗ്യപ്രവർത്തകരും എല്ലായിടത്തും എല്ലാവർക്കുമായി കൂടുതൽ വാക്സിനുകൾ നിർമിക്കാനും വിതരണംചെയ്യാനുമായി പ്രവർത്തിക്കുകയും പ്രയത്നിക്കുകയുമായിരുന്നു വേണ്ടത്. എന്നാൽ, സംഭവിച്ചത് മറിച്ചാണ്. ഉയർന്നതും ഇടത്തരം വരുമാനവുമുള്ള രാജ്യങ്ങൾ ലോകത്തെ വാക്സിൻ വിതരണത്തിന്റെ 85 ശതമാനത്തിലധികം ഉപയോഗിച്ചുതീർത്തു. വാക്സിനുകളുടെ പേറ്റന്റ് കുത്തക ഒഴിവാക്കാനോ വാക്സിൻ സാങ്കേതികവിദ്യ ലോകത്തിന് കൈമാറാനോ മിക്കവാറും രാജ്യങ്ങളും ഒന്നുംതന്നെ ചെയ്തിട്ടില്ല.

ലാഭക്കൊതിയുടെ ഇഞ്ചക്‌ഷൻ

ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും ഏതെങ്കിലും വാക്സിൻ ലഭ്യമാക്കാൻ പരക്കംപായുമ്പോൾ അമേരിക്കയും മറ്റ് സമ്പന്നരാജ്യങ്ങളും മിച്ചംവന്ന വാക്സിൻ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുന്നതാണ് ഇനി കാണാനിരിക്കുന്നത്.
അതായത്, വാക്സിൻ വിതരണത്തിലെ അപാകം മഹാമാരിയെ പിടിച്ചുകെട്ടുന്നത് വൈകിക്കുകയാണ്. അമേരിക്ക ആസ്ഥാനമായി ഉപഭോക്തൃ അവകാശസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ പബ്ലിക് സിറ്റിസൺ പറയുന്നതനുസരിച്ച് ഒരു വർഷത്തിനുള്ളിൽ ആവശ്യത്തിനുള്ള വാക്സിനുകൾ നിർമിച്ച് കോവിഡിനെ പിടിച്ചുകെട്ടാനാകും. പക്ഷേ, വാക്സിൻ നിർമാണത്തിൽ സഹകരിക്കാതെയും സാങ്കേതികവിദ്യ പങ്കിടാൻ വിസമ്മതിച്ചും ശക്തരായ മരുന്നുനിർ‌മാണ കമ്പനികൾ കോവിഡിനെ നീട്ടിക്കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. 2025-ഓടെ കോവിഡ് വാക്സിനുകൾക്കായി 15,700 കോടി ഡോളർ ലോകമെമ്പാടും ചെലവിടുമെന്ന് ബൂസ്റ്റർ ഷോട്ടുകളുടെ വിപണിയെക്കുറിച്ചുള്ള ഐ.ക്യു.വി.എ. റിപ്പോർട്ട് പറയുന്നു. സർക്കാരുകൾ ഇതിനകംതന്നെ ഭീമമായ സംഖ്യകൾ പൊതുഖജനാവുകളിൽനിന്നും സ്വകാര്യ പോക്കറ്റുകളിലേക്ക് മാറ്റി, ഒമ്പത് പുതിയ ശതകോടീശ്വരന്മാരെ സൃഷ്ടിച്ചുകഴിഞ്ഞു. മരുന്നു കമ്പനികളുടെ എക്സിക്യുട്ടീവുകൾ കോവിഡ് വാക്സിനുകളുടെ കുത്തകയിൽനിന്ന് മികച്ച ലാഭം നേടി. താഴ്ന്നവരുമാനമുള്ള രാജ്യങ്ങളിലെ 78 കോടി ജനങ്ങൾക്ക് പൂർണമായി പ്രതിരോധകുത്തിവെപ്പ്‌ നൽകാൻ ഇവരുടെ സംയോജിതസ്വത്തുമാത്രം മതി.

ഇതിനി തുടരാനാവില്ല
വാക്സിൻ ഇന്റർനാഷണലിസത്തിന്റെ മാതൃകകൾ പ്രദർശിപ്പിക്കാൻ ക്യൂബ, ബൊളീവിയ, അർജന്റീന, മെക്സിക്കോ, കെനിയ, കേരളം എന്നിവടയടങ്ങുന്ന ഗ്ലോബൽ സൗത്ത് പ്രതിനിധികൾ ഒത്തുചേരുകയാണ്. അവരുടെ മുദ്രാവാക്യങ്ങൾ ഏറ്റുപറഞ്ഞുകൊണ്ട് യു.കെ., കാനഡ, ന്യൂസീലൻഡ്‌ എന്നിവിടങ്ങളിൽനിന്നടക്കമുള്ള ഗ്ലോബൽ നോർത്തിൽനിന്നുള്ള സഖ്യകക്ഷികളുമുണ്ട്. ആഗോളതലത്തിൽ ആരോഗ്യമേഖലയിലെ വൻകിട മരുന്നു നിർമാണകമ്പനികളുടെ സ്വാധീനം നിയന്ത്രിക്കാൻ അവരുടെ സർക്കാരുകളുടെ മേൽ സമ്മർദം ചെലുത്തുകയാണ് അവരുടെ ലക്ഷ്യം. വിർചോവ്, ബയോലൈസ്, ഫിയോക്രൂസ് തുടങ്ങിയ വാക്സിൻ നിർമാതാക്കൾ തങ്ങളുടെ പങ്ക് നിർവഹിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചുകഴിഞ്ഞു. ഈ സഖ്യത്തിന്റെ ലക്ഷ്യം ലളിതമാണ്: എല്ലാ രാജ്യങ്ങൾക്കും വാക്സിൻ നിർമിക്കാനാകുക, അവ എല്ലാവർക്കുമായി വിതരണംചെയ്യുക.

ആഗോളതലത്തിൽ പുരോഗമനത്തിന്റെ ഒരു പുതിയ കാഹളമാണ് ഈ കൂട്ടായ്മയിലൂടെ മുഴങ്ങുന്നത്. നമ്മുടെ ജീവിതവും സ്വാതന്ത്ര്യവും പരമാധികാരവും അപകടത്തിലായ ഈ അവസരത്തിൽ പുരോഗമനശക്തികൾ ഒത്തുചേർന്ന് ഒരു പുതിയ രാഷ്ട്രീയത്തിന് കളമൊരുക്കുകയാണ്.
എല്ലാവർക്കും വാക്സിൻ എന്ന ലക്ഷ്യത്തിനായി പ്രോഗ്രസ്സീവ് ഇന്റർനാഷണൽ ഒരു ആഗോള സഖ്യത്തിന് തുടക്കംകുറിക്കുകയാണ്. ഞങ്ങൾക്കൊപ്പം ചേരുക.

(ആഗോള കൂട്ടായ്മയായ പ്രോഗ്രസ്സീവ്‌ ഇൻറർനാഷണലിന്റെ അന്താരാഷ്ട്ര ഉച്ചകോടിയുടെ സംഘാടകരാണ് ലേഖകർ)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram