കുടലിലുമുണ്ട് മരുന്നിനെ തോൽപ്പിക്കുന്ന ബാക്ടീരിയ


ഷിനില മാത്തോട്ടത്തിൽ

2 min read
Read later
Print
Share

നമ്മുടെ ശരീരത്തിലെത്തുന്ന രോഗാണുക്കളെ നശിപ്പിക്കാൻ മറ്റൊരു മരുന്നും ഫലിക്കാതെ

-

ന്റിബയോട്ടിക്കുകളിൽ അവസാനവാക്കാണ് കൊളിസ്റ്റിൻ. ആ കൊളിസ്റ്റിനെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള ബാക്ടീരിയകൾ നമ്മുടെ കുടലിനകത്തുവരെ ജീവിക്കുന്നുണ്ടെന്നതിനു തെളിവുമായെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഇന്ത്യൻ ഡോക്ടർമാർ. ഭക്ഷണത്തിലൂടെയാണിവ വയറ്റിലെത്തുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലെ അണുരോഗ വിദഗ്ധൻ ഡോ. അബ്ദുൾ ഗഫൂറിന്റെ നേതൃത്തിൽ മദ്രാസ് സർവകലാശാലയുടെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. പഠനവിധേയമാക്കിയവരിൽ 51 ശതമാനം പേരുടെ കുടലിലും കൊളിസ്റ്റിനെ പ്രതിരോധിക്കുന്ന ബാക്ടീരിയയെ കണ്ടെത്തി. കൊളിസ്റ്റിൻ അടങ്ങിയ ഭക്ഷണം തീറ്റയായി നൽകുന്നതിലൂടെ കോഴികളിലും ഫാമിലെ മൃഗങ്ങളിലുമാണ് ഇത്തരം ബാക്ടീരിയ ആദ്യം വളരുക. ഇറച്ചി കഴിക്കുന്നതിലൂടെ പിന്നീട് നമ്മളിലേക്കും. ഈ ബാക്ടീരിയ നമ്മുടെ ശരീരത്തിലെത്തിയാൽ എന്താണു സംഭവിക്കുക? ഒരു മാരക അണുബാധ വന്നാൽ ഒരു മരുന്നും ഫലിക്കാതെ വരും. ഏറ്റവുമൊടുവിൽ മാത്രം ഉപയോഗിക്കേണ്ട വീര്യമേറിയ മരുന്നാണല്ലോ കൊളിസ്റ്റിൻ. അതിനെവരെ ചെറുത്തുനിൽക്കുന്ന ബാക്ടീരിയയെ മറ്റൊരു മരുന്നുപയോഗിച്ചും നശിപ്പിക്കാമെന്ന പ്രതീക്ഷ വേണ്ടെന്നർഥം.

പ്രതിരോധശേഷി ‘പകർത്തും’
കൊളിസ്റ്റിനെ പ്രതിരോധിക്കാൻ ശേഷിയുള്ള അപകടകാരിയായ ബാക്ടീരിയ കുടലിലെത്തുമ്പോൾ ഇവയിലടങ്ങിയ കൊളിസ്റ്റിൻ റസിസ്റ്റൻസ് ഉണ്ടാക്കുന്ന ജനിതകഘടകങ്ങൾ കുടലിനകത്തുള്ള മറ്റ് ബാക്ടീരിയയിലേക്കും പടരാൻ സാധ്യതയുണ്ട്.

ആഗോളതലത്തിൽ
പല രാജ്യങ്ങളിലും കുടലിലെ ബാക്ടീരിയസാന്നിധ്യം തിരിച്ചറിയാൻ പഠനങ്ങൾ നടന്നിട്ടുണ്ട്. ഭൂരിഭാഗമിടങ്ങളിലും എടുത്ത സാമ്പിളുകളിൽ ഒന്നുമുതൽ 30 ശതമാനം വരെ പേരിലാണ് കൊളിസ്റ്റിനെ പ്രതിരോധിക്കുന്ന ബാക്ടീരിയയെ കണ്ടെത്തിയത്. വിയറ്റ്നാമിൽ ഇത് 70 ശതമാനമായിരുന്നു.

കൊളിസ്റ്റിനെ വെല്ലുന്ന ബാക്ടീരിയ രണ്ടുതരം
കുടലിൽ കൊളിസ്റ്റിനെ പ്രതിരോധിക്കുന്ന രണ്ടുതരം ബാക്ടീരിയയുണ്ട്. ഭക്ഷണത്തിലൂടെ എത്തുന്നവയും ആശുപത്രികളിൽനിന്നു പകരുന്നവയും. ആശുപത്രിയിൽ നിന്നുണ്ടാകുന്ന ഉഗ്രശേഷിയുള്ള അണുബാധകൾ ഒട്ടേറെപ്പേരുടെ ജീവനെടുക്കുന്നുണ്ട്. എന്നാൽ, ഭക്ഷണത്തിലൂടെയെത്തുന്ന ബാക്ടീരിയയാണ് ഇതിലുമേറെയെന്ന് (പഠനം നടത്തിയതിൽ 75 ശതമാനവും) പുതിയ പഠനത്തിൽ കണ്ടെത്തി. നമ്മൾ കൊളിസ്റ്റിൻ ഉപയോഗിച്ചില്ലെങ്കിൽപ്പോലും അവയെ പ്രതിരോധിക്കുന്ന അണുക്കൾ നമ്മളിലെത്തുമെന്നർഥം.

കൊളിസ്റ്റിൻ നിരോധനം ഉറപ്പാക്കണം
ഫാമുകളിൽ സർക്കാർ കൊളിസ്റ്റിൻ നിരോധിക്കുന്നതിനു മുമ്പുനടത്തിയ പഠനമാണിത്. അതുകൊണ്ടുതന്നെ നിരോധനം ഉറപ്പുവരുത്തുകയാണ് മുമ്പിലുള്ള വഴി.

പഠനമിങ്ങനെ

2017-നും 2018-നുമിടയിൽ 35 സ്ത്രീകളും 30 പുരുഷന്മാരുമടക്കം 65 പേരെയാണ് പഠനവിധേയരാക്കിയത്. മലപരിശോധനയിലൂടെ രോഗികളുടെ കുടലിൽ കൊളിസ്റ്റിനെ പ്രതിരോധിക്കുന്ന
എന്ററോ ബാക്ടീരിയേസിയേ (Enterobacteriaceae-ഇ-കൊളി, ക്ലെബ്സിയെല്ല) സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

കണ്ടെത്തലുകൾ

65-ൽ 33 (51 ശതമാനം) പേരിലും കൊളിസ്റ്റിൻ റസിസ്റ്റൻസുള്ള ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്
ആശുപത്രികളിൽനിന്ന് പകരുന്ന ബാക്ടീരിയയെക്കാൾ കൂടുതലും ഭക്ഷണത്തിലൂടെ എത്തുന്നവയാണ് (75 ശതമാനം).

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram