To advertise here, Contact Us



മരണവും ജീവാന്ത്യ ശുശ്രൂഷയും ഇന്ന്‌, നാളെ... വേണം, സുഖസുഗമയാത്ര...


ഡോ. എം.ആർ. രാജഗോപാൽ

4 min read
Read later
Print
Share

മരണം ആധുനികലോകത്തിൽ ഒരു അപരിചിതകാര്യമായി മാറിക്കഴിഞ്ഞു. വൈദ്യശാസ്ത്രത്തിന്റെ അതിരുവിട്ട ഇടപെടൽ ഒഴിവാക്കി അതിനെ ഇന്റൻസീവ് കെയർ യൂണിറ്റുകളിൽനിന്ന് തിരിച്ച്‌ സമൂഹമധ്യത്തിലേക്ക് കൊണ്ടുവരണം. മരിക്കുന്നവരോട്

-

ഏറ്റെടുക്കേണ്ട യാത്ര ദുർഘടമെങ്കിൽ തയ്യാറെടുപ്പും ഏറെ വേണം. അത് നമുക്കറിയാം. പക്ഷേ, ജീവിതയാത്രയിൽ ഏറ്റവുംസങ്കീർണത നിറഞ്ഞ ചില യാത്രകളിലേക്ക് ഒരു കരുതലുമില്ലാതെ എടുത്തുചാടേണ്ടിവരുെന്നന്നത് നമ്മുടെ നൂതനലോകത്തിലെ ഒരു ദുരന്തമാണ്.
രോഗമില്ലാതെ ആദ്യന്തം കഴിയാനാവുന്ന ഏതെങ്കിലും ജീവിതം ഉണ്ടാവുമോ? നമ്മിൽ ഓരോരുത്തർക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും എന്നെങ്കിലുമൊക്കെ ആ യാത്ര വേണ്ടിവരും. വന്നേ തീരൂ. എന്നെങ്കിലും ഒരിക്കൽ സ്നേഹിക്കുന്നവരുടെ മരണവും നമുക്ക് നേരിടേണ്ടിവരും. പിന്നെ നമ്മുടെ തന്നെയും.

To advertise here, Contact Us

ഇതൊന്നും എടുത്തുപറയേണ്ട ആവശ്യമില്ലാത്ത ഒരുകാലമുണ്ടായിരുന്നു. അത്ര വിദൂരഭൂതകാലത്തിലൊന്നുമല്ല. വെറുംരണ്ടുതലമുറ മുമ്പ്. കൂട്ടുകുടുംബങ്ങളായിരുന്നു അധികവും അന്ന്. രോഗവും മരണവും എല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന് ആരും പറഞ്ഞോർമിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല അന്ന്. അതൊക്കെ ധാരാളംകണ്ട് എന്റെ തലമുറയിലെ കുട്ടികൾ വളർന്നു. രോഗമാണെങ്കിൽ വൈദ്യൻ വീട്ടിലെത്തും. പറ്റുന്ന ചികിത്സ ചെയ്യും.

രോഗാവസ്ഥ മൂർച്ഛിക്കുകയാണെങ്കിൽ മുതിർന്ന തലമുറക്കാർക്ക് നല്ല പരിചയമുണ്ടായിരിക്കും. അവർ പറയും, ‘കൈയും കാലും തണുത്തുതുടങ്ങി; അറിയിക്കേണ്ടവരെ അറിയിച്ചോളൂ’ എന്ന്. ദീപം തെളിയിച്ചുവെച്ച് വിശുദ്ധപുസ്തകങ്ങൾ വായിക്കും. എല്ലാവരും ഒരുമിച്ചുപ്രാർഥിക്കും, കരയും, പരസ്പരം സമാശ്വസിപ്പിക്കും. ഏതുരാത്രിയിലാണെങ്കിലും പരിസരത്തെ ചെറുപ്പക്കാർ ചൂട്ടുകത്തിച്ചു പുറപ്പെടും, ബന്ധുവീടുകളിൽ വിവരമെത്തിക്കാൻ.

‘ഊർധ്വൻ വലിച്ചുതുടങ്ങി ഇനി അധികം സമയമില്ല’ എന്ന് പരിചയസമ്പന്നർ പറയുമ്പോൾ ദുഃഖിക്കുന്നവർ ഉറക്കെ നിലവിളിച്ചെന്നുവരും. അപ്പോഴും കുട്ടികളെ ഓടിച്ചുവിടുകയൊന്നുമില്ല. അവരും ഇതൊക്കെ കണ്ടും കേട്ടും തന്നെയാണ് വളരുക. മരണം കഴിഞ്ഞാലും കുറേദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളുണ്ടാവും. ഓരോന്നും മനസ്സിലെ മുറിവുണക്കാൻ സഹായിക്കും.
ഒക്കെമാറി. അണുകുടുംബങ്ങളിൽ അംഗസംഖ്യ കുറവ്. കേരളത്തിൽ ദമ്പതിമാർക്കുണ്ടാവുന്ന കുഞ്ഞുങ്ങളുടെ സംഖ്യ ശരാശരി 1.6. രോഗവും മരണവുമെല്ലാം അപരിചിതമായ അനുഭവങ്ങളായി അവർ വളരുന്നു. ഒരൊറ്റ തലമുറയ്ക്കുള്ളിൽ ഈമാറ്റം സംഭവിച്ചുകഴിഞ്ഞു.

ഈ അടുത്തിടെയാണ്, ഒരമ്മയും കൗമാരപ്രായക്കാരായ രണ്ടുമക്കളും മാത്രം കഴിയുന്ന ഒരു അപ്പാർട്ട്‌മെന്റിൽ രാത്രിയിൽ അമ്മയ്ക്ക് കഠിനമായ നെഞ്ചുവേദനയും വിയർപ്പും. അച്ഛൻ ഗൾഫിലാണ്. കുട്ടികൾ അച്ഛനെ വിളിച്ചു. നാട്ടിലുള്ള അമ്മായിയെ വിളിച്ചു. രാത്രിയിൽ ആരെ കിട്ടാൻ! ആരും ഫോണെടുക്കുന്നില്ല. കുട്ടികൾ ‘108’ ആംബുലൻസ് വിളിച്ച്‌ അടുത്ത ആശുപത്രിയിലെത്തിച്ചു. രാവിലെയെത്തിയ അമ്മായി കുട്ടികളെ നിർത്താതെ ശകാരിച്ചു; നല്ല ആശുപത്രിയിൽ കൊണ്ടുപോകാത്തതിന്. ശകാരത്തിനിടെ അമ്മ മരിച്ചു. കുട്ടികളിൽ ഒരാൾ പഠിത്തം നിർത്തി, ഇപ്പോൾ മാനസികരോഗത്തിന് ചികിത്സയിലാണ്. ഇത് നമ്മുടെ നാട്ടിൽമാത്രമുള്ളൊരു പ്രതിഭാസം ഒന്നുമല്ലല്ലോ. ആഗോളീകരണത്തിന്റെ പരിണതഫലമല്ലേ ഇത്?

മരണത്തിന്റെ മൂല്യം

‘മരണത്തിന്റെ മൂല്യം’ എന്ന വിഷയം ചർച്ചചെയ്ത്‌ ശുപാർശകൾ നൽകാൻ 2018 മുതൽ പ്രവർത്തിക്കുന്ന ഒരു ലാൻസെറ്റ് കമ്മിഷൻ, 2022 ഫെബ്രുവരി ഒന്നിന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഈമാറ്റം വിശദമായി ചർച്ചചെയ്യുന്നു.(ലാൻസെറ്റ് കമ്മിഷനുകളെപ്പറ്റി രണ്ടുവാക്ക്. ലോകത്തിലെ ഏറ്റവുംപ്രസിദ്ധമായ മൂന്നു മെഡിക്കൽ ജേണലുകളിൽ ഒന്നാണ് ‘ലാൻസെറ്റ്’. പൊതുജനാരോഗ്യസംബന്ധമായ ആഗോളപ്രശ്നങ്ങൾ വിശകലനംചെയ്ത് പരിഹാരമാർഗങ്ങൾ നിർദേശിക്കലാണ് ലാൻസെറ്റ് കമ്മിഷനുകളുടെ ദൗത്യം).

റിപ്പോർട്ടിൽ പറയുന്ന പ്രധാന കാര്യങ്ങൾ

ഒന്ന്, മരണം ആധുനികലോകത്തിൽ ഒരു അപരിചിതകാര്യമായി മാറിക്കഴിഞ്ഞു. വൈദ്യശാസ്ത്രത്തിന്റെ അതിരുവിട്ട ഇടപെടൽ ഒഴിവാക്കി അതിനെ ഇന്റൻസീവ് കെയർ യൂണിറ്റുകളിൽനിന്ന് തിരിച്ച്‌ സമൂഹമധ്യത്തിലേക്ക് കൊണ്ടുവരണം. മരിക്കുന്നവരോട് ഇന്ന് നിലവിലുള്ള അനീതിയില്ലാതാകണമെങ്കിൽ ലോകാരോഗ്യസംഘടന ആവശ്യപ്പെടുന്നതുപോലെ ആരോഗ്യപരിപാലനരംഗത്താകെ പാലിയേറ്റീവ് കെയർ കൂട്ടിച്ചേർക്കണം. അതായത്, എല്ലാ ചികിത്സകരും രോഗത്തെ മാത്രമല്ല, രോഗസംബന്ധമായ ദുരിതവും (അത് വേദനപോലെ ശാരീരികാസ്വാസ്ഥ്യമായാലും മാനസിക-സാമൂഹിക ആത്മീയതലങ്ങളിലുള്ളവയാലും) ചികിത്സിക്കണം. മാത്രമല്ല, കുടുംബത്തിന്റെയും സമൂഹത്തിന്റെയും പങ്കാളിത്തം ജീവിതാന്ത്യശുശ്രൂഷയിൽ ഉണ്ടാവണം.

രണ്ട്, സമൂഹത്തിൽ ഈ വിഷയത്തിൽ ചർച്ചകൾ നടന്നാൽമാത്രമേ ഇപ്പോഴത്തെ സ്ഥിതിയിൽനിന്ന് പുരോഗതി നേടാനാകൂ. മരണം ഒരു ശത്രുവല്ല എന്നും സമൂഹത്തിന്റെ നിലനിൽപ്പിനുതന്നെ ഒഴിവാക്കാനാകാത്ത കാര്യമാണെന്നുമുള്ള അവബോധം സമൂഹത്തിൽ ഉണ്ടാവണം. മരണത്തോടടുത്ത മാസങ്ങളോ ആഴ്ചകളോ ദിനങ്ങളോ രോഗിക്കും ബന്ധുക്കൾക്കും വളരെ വിലപ്പെട്ട സമയമാകാം. വർഷങ്ങളായി ശിഥിലമായിപ്പോയ ബന്ധങ്ങൾ വീണ്ടും വിളക്കിച്ചേർക്കാനും സ്നേഹം പങ്കുവെക്കാനുമുള്ള അവസരമാകാം അത്‌. ആ ദിനങ്ങൾ ആശുപത്രി വരാന്തകളിൽമാത്രം ചെലവഴിക്കേണ്ടിവരാതെ, രോഗി ഇഷ്ടപ്പെടുന്ന അന്തരീക്ഷത്തിലും രീതിയിലും ചെലവഴിക്കുക എന്നത്‌ പ്രധാനമാണ്‌.

വേണം, ഇഴചേർന്ന അടുപ്പം

ഇന്ന്‌ ലോകമാകെ നോക്കിയാൽ ഏറ്റവും നന്നായി സമൂഹത്തിന്റെ പങ്കാളിത്തം നടക്കുന്നത്‌ കേരളത്തിലാണ്‌. സമൂഹത്തിലധിഷ്ഠിതമായ നൂറുകണക്കിന്‌ സംഘടനകളും പതിനായിരക്കണക്കിന്‌ സന്നദ്ധപ്രവർത്തകരും വഴി കേരളത്തിലെ പാലിയേറ്റീവ്‌ കെയർ പ്രസ്ഥാനം അതതു സ്ഥലത്ത്‌ ശുശ്രൂഷ ഉറപ്പുവരുന്നു. കേരളമോഡൽ പിന്തുടർന്ന്‌ യു.കെ. ഉൾപ്പെടെ പലരാജ്യങ്ങളിലും ഇപ്പോൾ ‘കംപാഷനേറ്റ്‌ കമ്യൂണിറ്റീസ്‌’ പ്രസ്ഥാനങ്ങൾ തുടങ്ങിയിട്ടുണ്ട്‌. പക്ഷേ, ഇത്‌ കൂടുതൽ സ്ഥലങ്ങളിലേക്ക്‌ വ്യാപിക്കണമെങ്കിൽ അത്യാവശ്യമായും മരണം എന്ന പ്രക്രിയ വീണ്ടും സമൂഹത്തിന്‌ പരിചിതമാകണം.

ലാൻസെറ്റ്‌ കമ്മിഷൻ കേരളത്തെപ്പറ്റി പറഞ്ഞതിൽ കേരളീയർക്ക്‌ അഭിമാനിക്കാൻ ഏറെയുണ്ട്‌. എങ്കിലും സ്വകാര്യമായിപ്പോലും അഹങ്കരിക്കാൻ വകയില്ല എന്നും തിരിച്ചറിയണം. വേദനമാറ്റാനുള്ള ചികിത്സ ആവശ്യമുള്ളതിന്റെ നൂറിലൊന്നുപോലും കേരളത്തിൽ ലഭ്യമാകുന്നില്ല എന്നാണ്‌ കണക്കുകൾ കാണിക്കുന്നത്‌. കുറവുകൾ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ എങ്ങനെ നമുക്ക്‌ മുന്നോട്ടു നീങ്ങാനാകും?

കമ്മിഷൻ ശുപാർശ ചെയ്ത പല കാര്യങ്ങളും നമുക്ക്‌ ഉടനെ നടപ്പിൽവരുത്തേണ്ടതുണ്ട്‌. ഒന്ന്‌, ജീവിതാന്ത്യ ശുശ്രൂഷയെപ്പറ്റി സമൂഹത്തിന്‌ അവബോധം സൃഷ്ടിക്കാൻ പഞ്ചായത്ത്‌ തലത്തിൽ നമുക്ക്‌ ചർച്ചകൾ നടത്താനാകും. ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ പ്രസക്തി വളരെ വലുതാണ്‌.
പക്ഷേ, ഇക്കാര്യത്തിൽ സമൂഹവും വൈദ്യശാസ്ത്രവും ഒന്നിച്ചുനിന്നേ തീരൂ. 2019 മുതൽ ജീവിതാന്ത്യ ശുശ്രൂഷ എം.ബി.ബി.എസ്‌. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. അത്‌ പ്രവൃത്തിയിൽ വരുത്തണമെങ്കിൽ ആദ്യം മെഡിക്കൽ അധ്യാപകർ അത്‌ പഠിക്കേണ്ടേ? അത്‌ നടപ്പിൽവരുത്താനുള്ള നടപടികൾ ഇനി വേണം ഉണ്ടാവാൻ. വലിയ ആശുപത്രികളിലെ ഡോക്ടർമാർ ശരിയായ ജീവിതാന്ത്യ ശുശ്രൂഷ ചെയ്തുശീലിച്ചാലേ പുതിയ തലമുറയിലെ ഡോക്ടർമാർ അത്‌ ചെയ്യാനിടയുള്ളൂ.

ഒരു ഉദാഹരണം പറയാം. ഭാരതത്തിലെ 240-ലേറെ കാൻസർ സെന്ററുകളുടെ കൂട്ടായ്മയാണ്‌ നാഷണൽ കാൻസർ ഗ്രിഡ്‌. ശാസ്ത്രവും മനുഷ്യത്വവും കൂട്ടിച്ചേർക്കാൻ എപ്പോഴും ശ്രമിക്കുന്ന കാൻസർ വിദഗ്‌ധൻ ഡോ. സി.എസ്‌. പ്രമേഷാണ്‌ അതിന്റെ സാരഥി. നാഷണൽ കാൻസർ ഗ്രിഡ്‌ എഴുതിവെച്ച മാർഗരേഖയിൽ എടുത്തുപറഞ്ഞിട്ടുണ്ട്‚, ചികിത്സിച്ചുമാറ്റാൻ സാധ്യമല്ലാത്ത മൂർച്ഛിച്ച അവസ്ഥയിലുള്ള കാൻസർ രോഗിയെ ചികിത്സിക്കേണ്ട സ്ഥലം ഇന്റൻസീവ്‌ കെയർ യൂണിറ്റല്ല എന്ന്‌. ഇതും സാധാരണ നടക്കുന്ന കാര്യവും തമ്മിലുള്ള അന്തരം വ്യക്തമാണല്ലോ.

മാറണം, പാലിയേറ്റീവ്‌ നയം

ലാൻസെറ്റ്‌ കമ്മിഷന്റെ പല ശുപാർശകളും നടപ്പിൽവരുത്താനുള്ള അന്തരീക്ഷം കേരളത്തിൽ സംജാതമായിട്ടുണ്ട്‌. 2008-ലാണ്‌ കേരളത്തിന്റെ പാലിയേറ്റീവ്‌ കെയർ നയം ആദ്യമായി പ്രഖ്യാപിക്കുന്നത്‌. അത്‌ പുനരവലോകനം ചെയ്യാൻ സമയമായി എന്ന്‌ 2019-ൽ പാലിയം ഇന്ത്യ നിവേദനം നൽകിയപ്പോൾ കേരള ആരോഗ്യവകുപ്പ്‌ ഉടനെ നടപടി സ്വീകരിച്ചു. മുൻ ചീഫ്‌ സെക്രട്ടറി എസ്‌.എം. വിജയാനന്ദ്‌ അധ്യക്ഷനായുള്ള സമിതി സമർപ്പിച്ച റിപ്പോർട്ടിന്മേൽ അതേ വർഷത്തിൽത്തന്നെ പുതുക്കിയ നയം പ്രഖ്യാപിച്ചു. അത്‌ നടപ്പിൽവന്നിരുന്നെങ്കിൽത്തന്നെ ഇപ്പോഴേക്ക്‌ സ്ഥിതിയിൽ കുറേയധികം വ്യത്യാസം ഉണ്ടായിക്കഴിഞ്ഞേനെ. പക്ഷേ, കോവിഡ്‌ എല്ലാ പരിപാടിയെയും തകിടംമറിച്ചു.

പുതുക്കിയ നയം നടപ്പാക്കുമ്പോൾ എല്ലാ മെഡിക്കൽ കോളേജിലും ഫലപ്രദമായ പാലിയേറ്റീവ്‌ കെയർ വിഭാഗം ഉണ്ടാവും. പുതുക്കിയ പാഠ്യപദ്ധതിയനുസരിച്ചുള്ള പാലിയേറ്റീവ്‌ കെയർ അധ്യയനം ക്ളാസ്‌ മുറിയിൽ പഠിക്കുക മാത്രമല്ല, ആശുപത്രിയിൽ ചെയ്യുന്നത്‌ കണ്ടും മെഡിക്കൽവിദ്യാർഥികൾ പഠിക്കും.

മാത്രമല്ല, പുതുക്കിയ നയം അനുസരിച്ച്‌ എല്ലാ തലത്തിലും സർക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും പ്രവർത്തനം ഏകോപിപ്പിക്കുമ്പോൾ രോഗിയുടെ ശുശ്രൂഷ എത്രയോ മെച്ചപ്പെടും.
ഇതൊക്കെ വേഗം നടക്കുമെന്ന്‌ നമുക്കാശിക്കാം. ഫെബ്രുവരി ഒന്നിന്റെ ലാൻസെറ്റ്‌ കമ്മിഷൻ റിപ്പോർട്ടുകണ്ട്‌ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ളവർ കേരളത്തിലേക്ക്‌ വരാൻ പോകുകയാണ്‌, നമ്മുടെ ജീവിതാന്ത്യ ശുശ്രൂഷ കണ്ടുപഠിക്കാൻ. അപ്പോഴേക്ക്‌ സാമാന്യം കരുണയോടും അന്തസ്സോടുംകൂടിയ ഒരു ശുശ്രൂഷാസമ്പ്രദായം കാണിച്ചുകൊടുക്കാൻ നമുക്ക്‌ സാധിക്കുമെന്ന്‌ ആശിക്കാം.

(പാലിയം ഇന്ത്യയുടെ ചെയർമാനും ലോകാരോഗ്യസംഘടനയുടെ കോളാബറേറ്റിങ്‌ സെന്ററിന്റെ ഡയറക്ടറും പ്രസ്തുത ലാൻസെറ്റ്‌ കമ്മിഷന്റെ കമ്മിഷണറുമാണ്‌ ലേഖകൻ)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us